കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം.

മേല്‍പ്പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ, അടിഭാഗത്ത് സ്ഥാപിച്ചിരുന്ന കമ്പികള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് നാലു തൊഴിലാളികള്‍ പാലത്തിലുണ്ടായിരുന്നു. അവര്‍ പാലത്തില്‍ നിന്നും ചാടിയതിനാലാണ് രക്ഷപ്പെട്ടത്. നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും പറയുന്നു. കൊല്ലം ബൈപ്പാസുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തില്‍ ഗുരുതരമായ ഉദാസീനതയാണ് ഉണ്ടായത്. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എന്‍എച്ച് അധികൃതര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കൂടാതെ ഐടിഐ പ്രവൃത്തി ദിവസമായ ശനിയാഴ്കള്‍ അവധിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവര്‍ക്ക് നൈപുണ്യത്തിനായി ഷിഫ്റ്റ് പുനഃക്രമീകരിക്കും. ചാല ഗവണ്‍മെന്റ് ഐടിഐയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ആദ്യഷിഫ്റ്റ് രാവിലെ ഏഴര മുതല്‍ വൈകീട്ട് മൂന്ന് മണിവരെയായിരിക്കും. രണ്ടാം ഷിഫ്റ്റ് രാവിലെ പത്തുമണി മുതല്‍ വൈകീട്ട 5.30വരെയുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പ് പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എസ് എൻ പി യോഗം മേലറ്റിങ്ങൾ ശാഖ ഗുരു മന്ദിരത്തിൻ്റെ 13- മത് പ്രതിഷ്ഠാ വാർഷികം നടന്നു

എസ് എൻ പി യോഗം മേലറ്റിങ്ങൾ ശാഖ ഗുരു മന്ദിരത്തിൻ്റെ 13- മത് പ്രതിഷ്ഠാ വാർഷികം നടന്നു

എസ് എൻ പി യോഗം ആറ്റിങ്ങൽ യൂണിയൻ 1098- ാം നമ്പർ മേലറ്റിങ്ങൾ ശാഖ ഗുരു മന്ദിരത്തിൻ്റെ 13- മത് പ്രതിഷ്ഠാ വാർഷികം യൂണിയൻ സെക്രട്ടറി ഇൻ ചാർജ് ദഞ്ചുദാസ് ചെറുവള്ളിമുക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് എൻ മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.

ശാഖ സെക്രട്ടറി എൻ.സി അനിൽ കുമാർ സ്വാഗതം ആശംസിച്ചു. പ്രൊഫ ദേവകുമാർ, മുഖ്യപ്രഭാഷണം നടത്തി. ശാഖയിലെ മുതിർന്ന ശാഖാംഗങ്ങളായ അംബുജാക്ഷൻ, വസുന്ധരൻ, സുശീല രാജൻ, തങ്കപ്പൻ എന്നിവരെ ശാഖ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിയൻ യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി അയ്യപ്പദാസ് ചന്ദ്രൻ, യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് സുശീല രാജൻ, ശാഖ വൈസ് പ്രസിഡൻ്റ് വസുന്ധരൻ, സതീഷ് ചന്ദ്രൻ, എന്നിവർ സംസാരിച്ചു. ശാഖ വനിതാ സംഘം സെക്രട്ടറി സുനിത ശ്രീകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

ജില്ലാ കലോത്‌സവത്തിൽ കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്‌ഥാനം നേടി ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി

ജില്ലാ കലോത്‌സവത്തിൽ കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്‌ഥാനം നേടി ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനി

ജില്ലാ കലോത്‌സവത്തിൽ കന്നഡ പദ്യം ചൊല്ലലിൽ ഒന്നാം സ്‌ഥാനം നേടി ജി ജി എച്ച് എസ് ആറ്റിങ്ങലിലെ വിദ്യാർത്ഥിനി കൃഷ്ണവേണി. രണ്ടാം തവണയാണ് ഫസ്റ്റ് നേടുന്നത്. ആറ്റിങ്ങൽ കുന്നുവാരം വാരണക്കോട്ട് മഠത്തിൽ ബിനുവിന്റെയും രഞ്ജിനി ശർമ്മയുടെയും മകൾ ആണ് കൃഷ്ണവേണി.

എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മാർച്ച് സംഘടിപ്പിക്കുന്നു

എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മാർച്ച് സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ നഗരത്തിലൂടെ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കാൻ അടിയന്തരമായി നടപടികൾ കൈക്കൊള്ളണമെന്ന് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സ്കൂൾ സമയങ്ങളിൽ പോലും യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് സ്വകാര്യ ബസുകൾ നിരത്തുകളിലൂടെ ഓടുന്നത്. സമയത്തു മറ്റ് ബസ്സുകൾക്ക്‌ മുന്നേ ഓടിയെത്തുന്നതിന് വേണ്ടി യാതൊരുവിധ ട്രാഫിക് നിയമങ്ങളും പാലിക്കാതെയാണ് നിരത്തുകളിലൂടെ സ്വകാര്യ ബസ്സുകൾ ഓടിക്കുന്നത്.

ഇതുപോലെയുള്ള മത്സര ഓട്ടത്തിനിടയിലാണ് ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ബസ് തട്ടി ഗുരുതരമായ പരിക്കേറ്റത്. ഈ വിദ്യാർത്ഥികളെ വാഹനം നിർത്തി ആശുപത്രിയിൽ എത്തിക്കാനുള്ള സാമാന്യ മര്യാദ പോലും ജീവനക്കാർ കാണിച്ചില്ല എന്ന പരാതിയും ഉണ്ട്. ഇത്തരത്തിൽ നിരത്തുകളിൽ വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയായി മത്സര ഓട്ടം നടത്തുന്ന വാഹനങ്ങളെ പിടിച്ചെടുക്കുവാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണമെന്നും, മത്സര ഓട്ടം അവസാനിപ്പിക്കണമെന്നും ആവശ്യപെട്ടു കൊണ്ട് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 4 മണിക്ക് വിദ്യാർഥികൾ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു.
മുഴുവൻ വിദ്യാർത്ഥികളും സമരത്തിൽ അണിനിരക്കണമെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിജയ് വിമലും പ്രസിഡന്റ് അർജുനും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.