വരുന്നു പാന്‍ കാര്‍ഡിലും ക്യൂആര്‍ കോഡ്; പഴയ പാന്‍ മാറ്റേണ്ടി വരുമോ?

വരുന്നു പാന്‍ കാര്‍ഡിലും ക്യൂആര്‍ കോഡ്; പഴയ പാന്‍ മാറ്റേണ്ടി വരുമോ?

ഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പാന്‍ കാര്‍ഡും ‘സ്മാര്‍ട്ടാക്കാന്‍’ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സാങ്കേതികവിദ്യ പരിഷ്‌കരിച്ച് പുതുക്കി അവതരിപ്പിക്കുന്ന പുതിയ പാന്‍ കാര്‍ഡ് വൈകാതെ തന്നെ ആദായ നികുതിദായകര്‍ക്ക് ലഭിക്കും. ക്യൂആര്‍ കോഡ് ഫീച്ചറോടുകൂടിയാണ് പുതിയ പാന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നികുതിദായകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാന്‍ 2.0 പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി.

1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് ആദായനികുതി വകുപ്പിന് അനുമതി നല്‍കിയത്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഉടനീളം, ഒരു ഏകീകൃത പാന്‍ അധിഷ്ഠിത സംവിധാനം സ്ഥാപിക്കുന്നതാണ് പാന്‍ 2.0 പദ്ധതി.പാന്‍ 2.0 എന്നത് നിലവിലെ പാന്‍/ടാന്‍ 1.0 ഇക്കോ സിസ്റ്റത്തിന്റെ അപ്‌ഡേഷന്‍ ആയിരിക്കും. നികുതിദായകര്‍ക്ക് മെച്ചപ്പെട്ട ഡിജിറ്റല്‍ അനുഭവം ലഭിക്കുന്നതിനായി പാന്‍/ടാന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാ അധിഷ്ഠിത പരിഷ്‌കാരം ഇത് ഉറപ്പാക്കും. ഇതിനുപുറമെ വിവരങ്ങളുടെ (ഡേറ്റ) സ്ഥിരത ഉറപ്പാക്കല്‍, ചെലവ് ചുരക്കല്‍, കൂടുതല്‍ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവിലുള്ള പാന്‍/ടാന്‍ 1.0 പദ്ധതിയുടെ തുടര്‍ച്ചയാണ് പാന്‍ 2.0.

പുതിയ പാന്‍ കാര്‍ഡിനായി നിലവിലെ പാന്‍ നമ്പര്‍ മാറ്റേണ്ടി വരില്ലെന്ന് കേന്ദ്ര ഐടിമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ക്യൂആര്‍ കോഡ് ഫീച്ചറോടുകൂടിയ പുതിയ പാന്‍ കാര്‍ഡ് ആണ് ലഭിക്കുക. യാതൊരുവിധ ചെലവും ഈടാക്കാതെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്ത പാന്‍ ജനങ്ങളില്‍ എത്തിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാം ഗോപാല്‍ വര്‍മ ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ്

രാം ഗോപാല്‍ വര്‍മ ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ്

ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതില്‍ അന്വേഷണത്തിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ ആന്ധ്രാപൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ പോയ രാം ഗോപാല്‍ വര്‍മക്കായി ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെയും കുടുംബാംഗങ്ങളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് നവംബര്‍ 11ന് മദ്ദിപ്പാട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് മുന്നില്‍ ഹാജരാകാന്‍ രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും രാം ഗോപാല്‍ വര്‍മ ഹാജരായില്ല. വീട്ടിലും ഹൈദരാബാദിലെ ഫിലിം നഗറിലും പൊലീസ് നിലയുറപ്പിച്ചിരിക്കുകയാണ്. ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒളിവില്‍ പോയ രാംഗോപാല്‍ വര്‍മ ഡിജിറ്റലായി ഹാജരാകാമെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത പ്രകാരം നിയമത്തില്‍ ഇത്തരം വ്യവസ്ഥകളുണ്ടെന്നും രാംഗോപാല്‍ വര്‍മയുടെ അഭിഭാഷകന്‍ പറഞ്ഞു.

സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കുകള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ രാംഗോപാല്‍ വര്‍മ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം 25 ാം തിയതി വരെയാണ് പൊലീസ് സമയം നീട്ടി നല്‍കിയത്. പറഞ്ഞ സമയത്ത് ഹാജരാകാത്തതിനാല്‍ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്ന് പൊലീസ് വ്യക്തമാക്കി. മഡിപ്പാട് സ്വദേശി രാമലിംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വര്‍മക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. വര്‍മയുടെ പോസ്റ്റുകള്‍ മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും സമൂഹത്തിലുള്ള നിലയെ തകര്‍ക്കുന്നുവെന്നും അവരുടെ വ്യക്തിത്വത്തെ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് രാമലിംഗം കേസ് ഫയല്‍ ചെയ്തത്.

50 ചെരാതുകളില്‍ സുവര്‍ണജൂബിലി ദീപം; ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം

50 ചെരാതുകളില്‍ സുവര്‍ണജൂബിലി ദീപം; ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം

തൃശൂര്‍: ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് വൈകീട്ട് തിരിതെളിയും. സംഗീതോത്സവമാരംഭിച്ചിട്ട് അമ്പതാമത്തെ വര്‍ഷമാണിത്. അതിന്റെ പ്രതീകമായി 50 ചെരാതുകളില്‍ ദീപം തെളിയിക്കും.

ചെമ്പൈ സംഗീത മണ്ഡപം ഇക്കുറി ക്ഷേത്ര ശില്‍പ്പമാതൃകയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ചെമ്പൈയുടെ ചിത്രവും പാലക്കാട് ചെമ്പൈ ഗ്രാമത്തില്‍ നിന്ന് കൊണ്ടുവന്ന തംബുരുവും വേദിയില്‍ വയ്ക്കും. വൈകീട്ട് ആറിന് മന്ത്രി ആര്‍ ബിന്ദു സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ സ്മാരക പുരസ്‌കാരം വയലിന്‍ വിദുഷി എ കന്യാകുമാരിക്ക് മന്ത്രി സമ്മാനിക്കും.

ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ നിന്ന് തന്ത്രി ദീപം കൊളുത്തി സംഗീതമണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരും. തുടര്‍ന്ന് സംഗീതാര്‍ച്ചനകള്‍ക്ക് തുടക്കമാകും. ദിവസവും രാവിലെ ആറിന് തുടങ്ങി രാത്രി 12 വരെ നീണ്ടുനില്‍ക്കും. സ്‌പെഷ്യല്‍ കച്ചേരികള്‍ രാത്രി ആറുമുതല്‍ ഒന്‍പത് വരെയുണ്ടാകും. ആകാശവാണി റിലേ കച്ചേരികള്‍ ഡിസംബര്‍ ഏഴിന് തുടങ്ങും. രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 7.35 മുതല്‍ 8.30 വരെയുമാണ് റിലേ. ഡിസംബര്‍ പത്തിനാണ് പഞ്ചരത്‌നകീര്‍ത്തനാലാപനം. ഏകാദശിദിനമായ 11ന് രാത്രി മംഗളകീര്‍ത്തനാലാപനത്തോടെ സംഗീത്സോവം കൊടിയിറങ്ങും.

തംബുരു വിളംബര ഘോഷയാത്ര

ചെമ്പൈ സംഗീതോല്‍സവത്തിന് മുന്നോടിയായുള്ള തംബുരു വിളംബര ഘോഷയാത്ര ചൊവ്വാഴ്ച രാവിലെ തുടങ്ങും. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം ചെമ്പൈ സ്വാമികളുടെ പാലക്കാട് കോട്ടായിലെ ഭവനത്തില്‍ നടന്നു. ചെമ്പൈ സ്വാമികള്‍ ഉപയോഗിച്ചിരുന്ന തംബുരു ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഏറ്റുവാങ്ങി. ചെമ്പൈയുടെ കുടുംബാംഗം ചെമ്പൈ സുരേഷില്‍ നിന്നാണ് തംബുരു ഏറ്റുവാങ്ങിയത്.

ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിക്ക് തംബുരു വിളംബര ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഗുരുവായൂരിലേക്ക് തിരിക്കും. പാലക്കാട് കോട്ടായി ജംഗ്ഷനില്‍ ആണ് സംഗീത ആസ്വാദകരുടെ ആദ്യ സ്വീകരണം. തുടര്‍ന്ന് ചെമ്പൈ സംഗീത കോളേജില്‍ എത്തുന്ന വിളംബര ഘോഷയാത്രയെ പ്രൊഫസര്‍ മനോജിന്റെ നേതൃത്വത്തില്‍ അധ്യാപകരും സംഗീത വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് സംഗീതകച്ചേരി അരങ്ങേറും. ഉച്ചയ്ക്ക് 12 മണിയോടെ തംബുരു വിളംബര ഘോഷയാത്ര ചെമ്പൈ സ്വാമികള്‍ അവസാന കച്ചേരി നടത്തിയ ഒളപ്പമണ്ണ മന വക പൂഴിക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങും.

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്നുപോയി; റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീ മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്നുപോയി; റോഡിലേക്ക് തെറിച്ചു വീണ് സ്ത്രീ മരിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. ഏലപ്പാറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. കട്ടപ്പന കുട്ടിക്കാനം ചിന്നാര്‍ നാലാംമൈലിന് സമീപമായിരുന്നു അപകടം. ബസ് വളവു തിരിയുമ്പോള്‍ ഡോര്‍ തുറന്നു പോകുകയും ബസിലുണ്ടായിരുന്ന സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വര്‍ണമ്മയെ നാട്ടുകാരും യാത്രക്കാരും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ വഴിമധ്യേ മരിച്ചു.

ഭര്‍ത്താവിനെതിരെ വീണ്ടും പരാതിയുമായി ‘പന്തീരാങ്കാവ്’ യുവതി; മദ്യപിച്ച് ബഹളമുണ്ടാക്കിയ രാഹുല്‍ അറസ്റ്റില്‍

ഭര്‍ത്താവിനെതിരെ വീണ്ടും പരാതിയുമായി ‘പന്തീരാങ്കാവ്’ യുവതി; മദ്യപിച്ച് ബഹളമുണ്ടാക്കിയ രാഹുല്‍ അറസ്റ്റില്‍

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ട യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും വകുപ്പുകള്‍ ചുമത്തുകയെന്ന് പൊലീസ് അറിയിച്ചു.

മര്‍ദ്ദനമേറ്റ ഗുരുതര പരിക്കുകളോടെ ഇന്നലെ രാത്രിയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും രാഹുല്‍ മര്‍ദിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റെന്നും യുവതി പറഞ്ഞു. ഇന്നലെ പരാതി ഇല്ലെന്നു എഴുതി നല്‍കിയെങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു.

മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം. ഒന്നരമാസം മുമ്പാണ് ആദ്യ കേസ് ഹൈക്കോടതി റദ്ദാക്കിയത്. തുടര്‍ന്ന് ഇരുവരും കോഴിക്കോട്ട് പന്തീരങ്കാവിലെ രാഹുലിന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. എറണാകുളത്തുനിന്നു മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്കു തിരിച്ചുപോകാൻ സൗകര്യം നൽകണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുവതി നൽകിയ ആദ്യ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ഭർത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഈ വര്‍ഷം മെയ് അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും ഗുരുവായൂരില്‍ വെച്ച് വിവാഹിതരായത്. അതേമാസം 12ന് യുവതിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവതിയെ പരിക്കേറ്റ നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്നു നല്‍കിയ പരാതിയിലാണ് ഗാര്‍ഹിക പീഡനത്തിനു കേസെടുത്തത്. ഒരുമിച്ചു ജീവിക്കാൻ ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജിയിൽ അടുത്തിടെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.