by Midhun HP News | Nov 26, 2024 | Latest News, കേരളം
ന്യൂഡല്ഹി: പ്ലസ് ടു കോഴക്കേസില് മുസ്ലിം ലീഗ് നേതാവും മുന് എംഎല്എയുമായ കെ എം ഷാജിക്കെതിരായ സര്ക്കാരിന്റെ അപ്പീല് സുപ്രീംകോടതി തള്ളി. ഷാജിക്കെതിരായ വിജിലന്സ് കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്ക്കാര് സുപ്രീംകോടതിയില് അപ്പീല് നല്കിയത്. കേസില് ഇഡി നല്കിയ ഹര്ജിയും സുപ്രീംകോടതി തള്ളിയിട്ടുണ്ട്.
ഹൈക്കോടതി വിധിയില് ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് അപ്പീല് തള്ളിക്കൊണ്ട് വ്യക്തമാക്കി. വാക്കാലുള്ള പരാമര്ശങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. 2014 ല് അഴീക്കോട് സ്കൂളില് പ്ലസ് ടു ബാച്ച് അനുവദിക്കാനായി കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് വിജിലന്സ് കേസ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും, തനിക്കെതിരെ തെളിവില്ലെന്നുമായിരുന്നു ഷാജിയുടെ വാദം.
എന്നാല് രാഷ്ട്രീയപ്രേരിതമായ കേസ് അല്ലെന്നും ഷാജിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നുമാണ് സര്ക്കാര് വാദിച്ചത്. വിജിലന്സ് അന്വേഷണം പൂര്ത്തീകരിക്കുന്നതിന് മുമ്പാണ് ഹൈക്കോടതിയുടെ ഇടപെടലെന്നും സര്ക്കാര് അഭിഭാഷകന് പറഞ്ഞു. ജൂൺ 19നാണ് കെ എം ഷാജിക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉൾപ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.
by Midhun HP News | Nov 26, 2024 | Latest News, കേരളം
തൃശൂര് തൃപയാറില് നടന്ന അപകടത്തില് കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്. വണ്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കുമെന്നും ഡ്രൈവറുടെ ലൈസന്സും റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവര് അല്ല, ക്ലീനര് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ക്ലീനര്ക്ക് ഡ്രൈവിങ്ങ് ലൈസന്സ് ഇല്ല. അലക്സ്, ജോസ് എന്നിങ്ങനെ കണ്ണൂര് സ്വദേശികളായ രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ട് പേരും ഇപ്പൊഴും മദ്യ ലഹരിയിലാണ്. രണ്ടുപേരും വാഹനമോടിച്ച സമയം മുഴുവന് മദ്യപിക്കുകയായിരുന്നു.
ദൗര്ഭാഗ്യകരമായ സംഭവമെന്നും ഗണേഷ് കുമാര് പ്രതികരിച്ചു. അപകടത്തില്പ്പെട്ട മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാന്സ്പോര്ട്ട് കമ്മീഷണര് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്ട്ട് സമര്പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരുതിക്കൂട്ടിയുള്ള നരഹത്യ എന്ന് തന്നെ പറയാന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡ് ബ്ലോക്ക് ചെയ്ത ബാരിക്കേഡ് തകര്ത്തുകൊണ്ടാണ് മദ്യപിച്ചയാള് വണ്ടിയോടിച്ചു കയറുന്നത്. രണ്ട് പിഞ്ചു കുഞ്ഞുങ്ങളടക്കം, ഉറങ്ങിക്കിടന്നവരുടെ മുകളില്ക്കൂടിയാണ് വണ്ടി കയറിപ്പോയത് – ഗണേഷ് കുമാര് പറഞ്ഞു. വണ്ടി നിര്ത്താതെ വിട്ടുപോകാനായിരുന്നു ശ്രമമെന്നും നാട്ടുകാരാണ് പിടിച്ചു നിര്ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
റോഡ് സൈഡില് കിടന്നുറങ്ങരുതെന്നും ഇങ്ങനെ കിടക്കുന്നവരുണ്ടെങ്കില് മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവരോട് പൊലീസ് മാറാന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരമെന്നും മന്ത്രി പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിംഗാണ്. വിഷയത്തില് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. അപകടത്തില്പ്പെട്ടവര്ക്കായി ചെയ്യാന് പറ്റുന്ന സഹായം മുഖ്യമന്ത്രിയുമായി ആലോചിക്കും. തുടക്കത്തില് തന്നെ മദ്യപിച്ച് വണ്ടി ഓടിച്ചത്. മുഴുവന് ക്യാമറകളും പരിശോധിക്കും – ഗണേഷ് കുമാര് വ്യക്തമാക്കി.
തൃശൂര് – പാലക്കാട് ഭാഗങ്ങളിലുള്ള ട്രാഫിക്ക് ലംഘനങ്ങളും മദ്യപിച്ചുള്ള വാഹനമോടിക്കല് പോലുള്ളവയും പരിശോധിക്കാന് രാത്രികാലങ്ങളില് പരിശോധന നടത്താനുള്ള തീരുമാനം ട്രാന്പോര്ട്ട് കമ്മീഷണര് എടുത്തിരുന്നു. അത് അടുത്തയാഴ്ചയോടെ വ്യാപകമായി നിലവില് വരും.
by Midhun HP News | Nov 26, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അംഗനവാടിയിലെ ജനലില് നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില് അംഗനവാടിയിലെ ടീച്ചര്ക്കും ഹെല്പ്പര്ക്കുമെതിരെ പൊലീസ് കേസെടുത്തു. മാറനല്ലൂരിര് അംഗനവാടിയിലെ ടീച്ചർ ശുഭലക്ഷ്മി, ഹെല്പ്പര് ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് മാറനല്ലൂർ പൊലീ്സ് കേസ് എടുത്തത്. ഇരുവരെയും വനിത ശിശു വികസന ഓഫീസർ വകുപ്പ്തല നടപടിയുടെ ഭാഗമായി കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
മാറനല്ലൂർ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണ് ഗുരുതര പരിക്കേറ്റത്. കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ അങ്കണവാടി ജീനക്കാര് തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. നിലവിൽ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുഞ്ഞിന് സ്പൈനൽ കോഡിനും ഗുരുതര പരിക്കുണ്ടെന്നും തലയിൽ ആന്തരിക രക്തസ്രാവവുമുണ്ടായെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

by Midhun HP News | Nov 26, 2024 | Latest News, കേരളം
ഒന്നെണീക്ക് കുഞ്ഞേ ആ അമ്മ പലകുറി ഉരുവിട്ടിരിക്കാം… തുമ്പിക്കൈ കൊണ്ട് പലവട്ടം തട്ടിനോക്കി. പലവട്ടം കാലുകൊണ്ട് ഉയര്ത്താന് നോക്കി. നിരാശയായിരുന്നു ഫലം. തന്റെ കുഞ്ഞിന്റെ മരണവുമായി പൊരുത്തപ്പെടാനാവാതെ അതിനെ എഴുന്നേല്പ്പിക്കാന് ശ്രമിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള് സോഷ്യല്മീഡിയയില് വൈറലാകുന്നത്.
ഇന്ത്യന് ഫോറസ്റ്റ് സര്വീസ് ഉദ്യോഗസ്ഥന് പര്വീണ് കസ്വാനാണ് വിഡിയോ എക്സില് പങ്കുവെച്ചത്. മണിക്കൂറുകളല്ല, ദിവസങ്ങളോളമാണ് അമ്മയാന കുഞ്ഞിന്റെ അരികില് നിന്നത്. അമ്മയാന വലിച്ചിഴച്ചും കാലുകൊണ്ടുയര്ത്തിമാറ്റിയും കുഞ്ഞിനെ ജീവിപ്പിക്കാന് ശ്രമിച്ചതായും പര്വീണ് കസ്വാന് എക്സില് കുറിച്ചു.

by Midhun HP News | Nov 26, 2024 | Latest News, ദേശീയ വാർത്ത
ദുബായ്: ഡോളറിനെതിരെ ഇന്ത്യന് രൂപയുടെ ഇടിവ് തുടരുന്നതിനിടെ, ഒരു യുഎഇ ദിര്ഹത്തിന് മൂല്യം 23 രൂപ വരെയായി. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള കണക്കാണിത്. ഇതേത്തുടര്ന്ന് വന്തോതിലാണ് വിവിധ ഗള്ഫ് രാജ്യങ്ങളില്നിന്ന് പ്രവാസികള് നാട്ടിലേക്ക് പണമയക്കുന്നത്.
യുഎഇയില് ഓണ്ലൈന് എക്സ്ചേഞ്ച് സേവനങ്ങള് നല്കുന്ന ബോട്ടിം ആപ്പില് വിനിമയനിരക്ക് ഒരു ദിര്ഹത്തിന് 24 രൂപവരെയെത്തി. കഴിഞ്ഞ ഏഴാം തീയതിക്കുശേഷമുള്ള ഏറ്റവും ഉയര്ന്ന നിരക്കാണിത്. അമേരിക്കന് ഡോളറിനെതിരേ 84.40 എന്നനിലയില് ഇന്ത്യന് രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതോടെ ഗള്ഫ് രാജ്യങ്ങളില് ജോലിചെയ്യുന്ന പ്രവാസികള്ക്ക് കോളടിച്ചിരിക്കുകയാണ്. ഈ വിനിമയനിരക്ക് പ്രയോജനപ്പെടുത്തി പ്രവാസികള് നാട്ടിലേക്ക് പണമയച്ചതോടെ ഇന്ത്യയിലേക്ക് കോടികളാണെത്തിയത്.
യുഎഇ ദിര്ഹം കൂടാതെ മറ്റ് ഗള്ഫ് കറന്സികള്ക്കെതിരെയും രൂപയുടെ മൂല്യത്തില് ഇടിവ് വന്നിട്ടുണ്ട്. സൗദി റിയാല് 22.45 രൂപ, ഖത്തര് റിയാല് 23.10 രൂപ, ഒമാന് റിയാല് 218.89 രൂപ, ബഹ്റൈന് ദിനാര് 223.55 രൂപ, കുവൈത്ത് ദിനാര് 273.79 രൂപ എന്നിങ്ങനെയാണ് മറ്റ് ഗള്ഫ് രാജ്യങ്ങളിലെ കറന്സികളുടെ വിനിമയനിരക്ക്. ഇതില് 10 മുതല് 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നല്കുന്നത്.

Recent Comments