by Midhun HP News | Jun 16, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍. പുനഃപരീക്ഷ ഒരുമാസം കൂടി നീട്ടണമെന്നാണ് ആവശ്യം. പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 1467 വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍ടിഎ)യ്ക്ക് നിവേദനം നല്‍കി.
അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്. പരീക്ഷയുടെ തയ്യാറെടുപ്പിന് ആവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു. പുനഃപരീക്ഷാ തീയതി ഒരുമാസം കൂടി നീട്ടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജൂണ്‍ 21 ന് പുനഃപരീക്ഷ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ഇതിനിടെ നീറ്റിന്റെ ആദ്യ പരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പുനഃപരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡോ. മംഗള കോഹ് ലിയാണ് ഹര്‍ജി നല്‍കിയത്. മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണ്. നീറ്റ് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയാണ്. രാജ്യത്തെ ഏതാനും സെന്ററുകളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുള്ളത്.
ആ സെന്ററുകളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടേത് മാത്രം റദ്ദാക്കിയാല്‍ മതി. അല്ലാതെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും പരീക്ഷ റദ്ദാക്കിയത് നീതിയുക്തമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നീറ്റിന്റെ ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും, പുനഃപരീക്ഷ നടത്താനുള്ള നോട്ടിഫിക്കേഷനും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിച്ചേക്കും.

by Midhun HP News | Jun 16, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,100 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,875 രൂപയായി.
ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്. അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jun 16, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് വഴി തെളിക്കുന്ന കരടു കരാര്‍ അമേരിക്കയും ഇറാനും അംഗീകരിച്ചു. കരാറില്‍ വെര്‍ച്വലായി ഒപ്പിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ലോകത്തെ ഇന്ധപ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട, 107 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിനാണ് അവസാനമാകുന്നത്.
ജനീവയിൽ പ്രധാന മധ്യസ്ഥരായ പാകിസ്ഥാന്റെ ആതിഥേയത്വത്തിൽ വെള്ളിയാഴ്ച കരാറിൽ ഔദ്യോഗിക ഒപ്പിടൽച്ചടങ്ങ് നടക്കും. ഏപ്രിൽ എട്ടിന് പ്രാബല്യത്തിലായ താത്കാലിക വെടിനിർത്തൽ 60 ദിവസത്തേക്കുകൂടി നീട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ. ഇറാൻ മുന്നോട്ടുവെച്ച പ്രധാനവ്യവസ്ഥയായ ലെബനനിലെ വെടിനിർത്തലും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആഗോളചരക്കുനീക്കത്തിലെ തന്ത്രപ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്നും പാത ടോൾരഹിതമാകുമെന്നും ട്രംപ് അറിയിച്ചു. യുദ്ധത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചിരുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള വാണിജ്യക്കപ്പലുകളുടെ ഗതാഗതം തടയുന്നതിനായി ഹോർമുസിൽ ഏപ്രിൽ 13 മുതൽ യു എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് കരാർ വിവരം ആദ്യം പ്രഖ്യാപിച്ചത്. ലെബനനുൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലുമുള്ള സൈനികനടപടികൾ ഉടനടി നിർത്തിവെക്കാൻ ഇറാനും യു എസും സമ്മതിച്ചതായി ഷഹബാസ് പറഞ്ഞു. വെടിനിർത്തൽ കാലയളവിൽ ഇറാന്റെ ആണവായുധമോഹം തടയാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടക്കും. 60 ദിവസത്തിനകം അന്തിമ കരാർ ഉണ്ടായില്ലെങ്കിൽ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

by Midhun HP News | Jun 15, 2026 | Latest News, കേരളം
നടനും പ്രിയ സുഹൃത്തുമായ സലിം കുമാറിന്റെ ഓര്‍മകളില്‍ വിങ്ങി മുഖ്യമന്ത്രി വിഡി സതീശന്‍. തനിക്ക് നഷ്ടമായത് കൂടെപ്പിറപ്പിനെയാണെന്നാണ് വിഡി സതീശന്‍ പറയുന്നത്. പറവൂരില്‍ സലിം കുമാര്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 ല്‍ മന്ത്രിയാകാന്‍ സാധിക്കാതെ വന്നപ്പോള്‍ സലിം കുമാര്‍ കുറേ കരഞ്ഞുവെന്നാണ് സതീശന്‍ പറയുന്നത്.
പിന്നീട് താന്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ സലിം കുമാര്‍ എത്തിയതും അദ്ദേഹം ഓര്‍ത്തു. താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ജീവിതലക്ഷ്യം പൂര്‍ത്തിയായെന്ന് വികാരനിര്‍ഭരനായി സലിം കുമാര്‍ പറഞ്ഞുവെന്നാണ് വിഡി സതീശന്‍ പറയുന്നത്.
”രോഗബാധിതനായിരുന്നു എങ്കിലും അവിശ്വസനീയമായ ഒരു വേര്‍പാടാണ് പെട്ടെന്നുണ്ടായത്. സത്യത്തില്‍ നമ്മുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ പോയ ഒരു അനുഭവമാണ് എല്ലാവര്‍ക്കും. അടുപ്പമുള്ളവര്‍ക്കെല്ലാം അദ്ദേഹം കുടുംബത്തില്‍ അംഗമായിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരാളായിരുന്നു” വിഡി സതീശന്‍ പറയുന്നു.
സഹോദരനെ, കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. കാണാതിരുന്നാലും ഫോണ്‍ ചെയ്യാതിരുന്നാലും കുറെ ദിവസങ്ങള്‍ കൂടി നമ്മള്‍ കൂട്ടിമുട്ടിയാലും സ്‌നേഹവും ആ ഹൃദയബന്ധവും എത്ര വലുതാണ് എന്ന് എനിക്ക് ബോധ്യമാക്കി തന്ന ഒരാള്‍ കൂടിയാണ് സലിം കുമാറെന്നും അദ്ദേഹം പറയുന്നു.
പറവൂരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സലിംകുമാറിനെ കുറിച്ച് ചിന്തിക്കും. സലിംകുമാറിന്റെ സാന്നിധ്യം എല്ലാ സ്ഥലത്തും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം വെള്ളപ്പൊക്കം വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ സലിംകുമാറിന്റെ സാന്നിധ്യം നമ്മുടെ തൊട്ടരികില്‍ ഉണ്ടാകും.അതുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം, അദ്ദേഹത്തിന്റെ ലോകത്തേക്ക് യാത്രയാകുമെന്നും വിഡി സതീശന്‍ പറയുന്നു.
സലിം കുമാറിനെ അവസാനമായി കണ്ടപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ”ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നല്‍കിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം എനിക്ക് ഈ പറവൂരില്‍ നല്‍കിയ പൗരസ്വീകരണമാണ്. അന്ന് എന്നോട് എന്റെ അടുത്ത് ചേര്‍ന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, ‘എനിക്ക് എല്ലാം പൂര്‍ത്തിയായതുപോലെയാണ്’ എന്ന്; അറം പറ്റിയ വാക്കുകള്‍ പോലെയാണ് ഇപ്പോള്‍ എനിക്ക് അത് തോന്നുന്നത്.” എന്നാണ് വിഡി സതീശന്‍ പറയുന്നത്.
‘ 2011ല്‍ മന്ത്രിയാകാതെ വന്നപ്പോള്‍ താന്‍ വീട്ടില്‍ ഇരുന്ന് ഒരുപാട് കരഞ്ഞുവെന്ന് സലിം പറഞ്ഞു. ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍, ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തില്‍ പങ്കെടുക്കുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തില്‍ എല്ലാം പൂര്‍ത്തിയായതുപോലെ’ എന്നും സലിം കുമാര്‍ പറഞ്ഞുവെന്നാണ് സതീശന്‍ പറയുന്നത്. ‘ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്’ എന്നുപറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാന്‍ ആശ്വസിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അന്ന് സലിം കുമാര്‍ തന്നോട് യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് മരണവിവരം കേട്ടപ്പോള്‍ മനസ്സിലായി. അത്ര വികാരനിര്‍ഭരമായിട്ടാണ് തന്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞതെന്നും വിഡി സതീശന്‍ പറയുന്നു ആരു വിചാരിച്ചാലും നമ്മുടെ ഹൃദയത്തില്‍ നിന്ന് സലിം കുമാറിനെ അടര്‍ത്തി മാറ്റാന്‍ പറ്റില്ല. നമ്മുടെ ഹൃദയത്തില്‍ ഒരു സ്ഥാനം… നമ്മുടെ കുടുംബാംഗങ്ങള്‍ക്ക്, ഇഷ്ടപ്പെട്ടവര്‍ക്ക്, നമ്മള്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നവര്‍ക്ക് ഹൃദയത്തില്‍ ഒരു ഇടം കൊടുത്ത സ്ഥലത്ത്, സലിംകുമാര്‍ അങ്ങ് തീര്‍ച്ചയായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Jun 15, 2026 | Latest News, കേരളം
കണ്ണൂർ: ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന മലബാറിലെ പ്രവാസികൾക്ക് ആശ്വാസം പകർന്നു കൊണ്ട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രമുഖ കമ്പനികൾ പുനരാരംഭിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് താൽക്കാലികമായി റദ്ദാക്കേണ്ടി വന്ന സർവീസുകളാണ് വരും ദിവസങ്ങളിൽ ഘട്ടംഘട്ടമായി സാധാരണ നിലയിലാകുന്നത്.
പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് ( ജൂൺ 23 മുതൽ കണ്ണൂരിൽ നിന്നുള്ള പ്രതിദിന അബുദാബി സർവീസ് പുനരാരംഭിക്കും. ഇൻഡിഗോ കമ്പനിയുടെ പ്രതിദിന അബുദാബി സർവീസുകളും ഏറെ ജനപ്രിയമായ കണ്ണൂർ-ഫുജൈറ സർവീസും ജൂൺ 25 മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും. ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്കും മികച്ച വാർത്തയാണുള്ളത്. ഇൻഡിഗോ ജൂലൈ 8 മുതൽ ദോഹ സർവീസുകളുടെ സമയക്രമത്തിൽ പരിഷ്കാരം വരുത്തി കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കും.
വരും ആഴ്ചകളിൽ വിമാനങ്ങളുടെ സമയക്രമം കൂടുതൽ സുസ്ഥിരമാകുമെന്നും ഗൾഫ് മേഖലയിലേക്കുള്ള ബാക്കി നേരിട്ടുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് മാസത്തോടെ പൂർണ്ണമായി ആരംഭിക്കാൻ സാധിക്കുമെന്നും കണ്ണൂർ വിമാനത്താവളത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പുനരാരംഭിക്കുന്ന ഈ സർവീസുകൾ വടക്കൻ കേരളത്തിലെ യാത്രക്കാർക്ക് വലിയ തോതിൽ പ്രയോജനം ചെയ്യും.
അന്താരാഷ്ട്ര സർവീസുകൾക്ക് പുറമെ രാജ്യത്തിനകത്തുള്ള ആഭ്യന്തര കണക്റ്റിവിറ്റിയും വിമാനക്കമ്പനികൾ ശക്തമാക്കുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസം ബംഗളൂരുവിലേക്ക് പ്രത്യേക സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇൻഡിഗോ കമ്പനി ജൂലൈ 5 മുതൽ ഹൈദരാബാദിലേക്കും പുതിയ സർവീസ് ആരംഭിക്കും. അത്യാധുനിക എയർബസ് എ320 നിയോ വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുക.
പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങൾ ഒന്നൊന്നായി തിരിച്ചെത്തുന്നതോടെ, 2026 ജൂലൈ മാസത്തോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണ നിലയുടെ 80 ശതമാനത്തോളം കൈവരിക്കുമെന്നാണ് വിമാനത്താവള അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതോടെ ടിക്കറ്റ് നിരക്കിലെ വർദ്ധനവിന് ഒരു പരിധി വരെ ശമനമുണ്ടാകുമെന്നാണ് കർഷകരും പ്രവാസി സംഘടനകളും വിലയിരുത്തുന്നത്.
Recent Comments