കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കുടവൂർക്കോണം ഗവഃ ഹൈസ്കൂളിൽ ഫയർ ആൻ്റ് റെസ്‌ക്യൂ ടീമിൻ്റെ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സുരക്ഷ, സ്വയം രക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്‌ക്യൂ ടീം കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ആറ്റിങ്ങൽ ഫയർ ആൻ്റ് റെസ്‌ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജയദേവൻ, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വിഷ്ണു.എം.സി, മനീഷ്, ബൈജു എന്നിവർ ക്ലാസ് നയിച്ചു.

അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന മാർഗ്ഗങ്ങൾ, ജലസുരക്ഷാ മാർഗ്ഗങ്ങൾ, ഫസ്റ്റ് എയ്ഡ് എന്നിവയെക്കുറിച്ച് ക്ലാസ് നൽകി. വിവിധ സുരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി. സ്കൂൾ പ്രഥമാധ്യാപകൻ സജികുമാർ.എസ് സ്വാഗതവും കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്നീന നന്ദിയും പറഞ്ഞു.

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ ‘സമനില തെറ്റാതെ’ കരകയറി

80ാം മിനിറ്റിൽ അരാഹോ ​ഗോൾ; സൗദിക്കെതിരെ തോൽവി മുന്നിൽ കണ്ട് ഉറു​ഗ്വെ; ഒടുവിൽ ‘സമനില തെറ്റാതെ’ കരകയറി

മയാമി: മുൻ ലോക ചാംപ്യൻമാരും ലാറ്റിനമേരിക്കൻ കരുത്തരുമായ ഉറു​ഗ്വെയെ സമനിലയിൽ തളച്ച് ഏഷ്യൻ കരുത്തരായ സൗദി അറേബ്യ. ​ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ​ഗോൾ നേടിയാണ് ഒപ്പത്തിനൊപ്പം നിന്നത്. ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം കളിയുടെ അവസാന ഘട്ടത്തിലാണ് ഉറു​ഗ്വെ സമനില പിടിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ ഉറു​ഗ്വെ കടുത്ത ആക്രമണമാണ് നടത്തിയത്. എന്നാൽ സൗദി ആലസ്യത്തിലായിരുന്നു. പതിയെയാണ് അവർ മത്സരത്തിന്റെ താളത്തിലേക്ക് കടന്നത്. ഫെഡറിക്കോ വിനാസും മാക്സി അരാഹോയുമടക്കമുള്ള ഉറു​ഗ്വെ താരങ്ങൾ മികച്ച മുന്നേറ്റമാണ് തുടക്കത്തിൽ തന്നെ നടത്തിയത്. 5ാം മിനിറ്റിൽ അരാഹോ ​ഗോളിനടുത്തെത്തിയിരുന്നു. സൗ​​ദി ​ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് ആ ശ്രമം തടുത്തു. തുടക്കത്തിലെ ആലസ്യം വിട്ടുണർന്ന് സൗദി കിട്ടിയ അവസരങ്ങളിലെല്ലാം ​ഗോളടിക്കാൻ ശ്രമം തുടങ്ങിയതോടെ മത്സരം ആവേശത്തിലേക്ക് കടന്നു. 18ാം മിനിറ്റിൽ സൗദി താരം സലിം അൽദൗസരി ​ഗോളിനടുത്തെത്തിയെങ്കിലും മുതലാക്കാൻ ആയില്ല. താരത്തിന്റെ ലോങ് ഷോട്ട് പുറത്തേക്ക് പോയി.

30ാം മിനിറ്റിൽ ഉറു​ഗ്വെ ഗോളെന്നുറപ്പിച്ച അവസരം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റി. സൗദി ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഉയർന്നുവന്ന പന്ത് ഉറു​ഗ്വെ സ്ട്രൈക്കർ ഫെഡറിക്കോ വിനാസ് പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ്ഡ് ചെയ്തെങ്കിലും സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിമാറ്റി.

കളി ആദ്യ പകുതിയുടെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സൗദി ആക്രമണം കടുപ്പിച്ചു. 38ാം മിനിറ്റിൽ അബ്​ദുല്ല അൽ അംരിയുടെ ​ഗോൾ ശ്രമം ഉറു​ഗ്വെ ​ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‍ലേര തട്ടിയകറ്റി. ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുക്കുന്നന്നതിനും സ്റ്റേഡിയം സാക്ഷിയായി. താരങ്ങൾ ഒട്ടേറെ തവണ ഫൗൾ ചെയ്യപ്പെട്ടു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഉറു​​ഗ്വെയെ ഞെട്ടിച്ച് സൗദി ലീഡെടുത്തു. അബ്ദുല്ല അൽ അംരിയാണ് സ്‌കോറർ. ഒരു ​ഗോൾ ലീഡിലാണ് സൗദി ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഉറു​ഗ്വെ ആക്രമണം പുനരാരംഭിച്ചു. പകരക്കാരെ കളത്തിലിറക്കിയാണ് ഉറു​ഗ്വെ രണ്ടാം പകുതി തുടങ്ങിയത്. ഡാർവിൻ നൂനസിനേയും മാത്യാസ് വിനയേയും കോച്ച് മാഴ്സലോ ബിയേൽസ പിൻവലിച്ചു. പിന്നീടങ്ങോട്ട് സൗദി ബോക്‌സിൽ ഉറു​ഗ്വെ താരങ്ങൾ കയറിയിറങ്ങി. മികച്ച അവസരങ്ങളും അവർ സൃഷ്ടിച്ചുകൊണ്ടിരുന്നു. 54ാം മിനിറ്റിൽ മാനുവൽ ഉഗാർത്തെയും 60ാം മിനിറ്റിൽ സനബ്രിയയും ഗോളിനടുത്തെത്തി. എന്നാൽ ഉറു​ഗ്വെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സൗദിക്ക് സാധിച്ചതോടെ ​ഗോൾ അകന്നു തന്നെ നിന്നു.

പന്ത് കൈവശം വെച്ച് അവസരങ്ങൾ സൃഷ്ടിച്ചാണ് ഉറു​ഗ്വെ കടുത്ത രീതിയിൽ തന്നെയാണ് ആക്രമിച്ചത്. എന്നാൽ സൗദി പ്രതിരോധക്കോട്ട ഉറച്ചു നിന്നതോടെ മത്സരം അവർ വിജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ 80ാം മിനിറ്റിൽ ഉറു​ഗ്വെ സമനില ​ഗോൾ കണ്ടെത്തുക തന്നെ ചെയ്തു. മാക്‌സി അരാഹോയാണ് ഗോളടിച്ചത്. ഫെഡറിക്കോ വിനാസിന്റെ ഗോൾ ശ്രമം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റുന്നതിനിടെ റീബൗണ്ട് ചെയ്ത് ലഭിച്ച പന്ത് അരാഹോ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ലീഡ് പിടിക്കാൻ സൗദി ഗോൾ മുഖത്തേക്ക് ഉറു​ഗ്വെ തുടരെ പന്തെത്തിച്ചെങ്കിലും വിജയിച്ചില്ല. അതോടെ പോരാട്ടം 1-1 ന് സമനിലയിലും അവസാനിച്ചു.

ലുകാകു വന്നു, ഈജിപ്റ്റ് ‘സെൽഫ് ​ഗോളും’ അടിച്ചു! ബെൽജിയം സമനില പിടിച്ച് രക്ഷപ്പെട്ടു

ലുകാകു വന്നു, ഈജിപ്റ്റ് ‘സെൽഫ് ​ഗോളും’ അടിച്ചു! ബെൽജിയം സമനില പിടിച്ച് രക്ഷപ്പെട്ടു

വാഷിങ്ടൻ: ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് ജിയിലെ പോരാട്ടത്തിൽ ഈജിപ്റ്റിനെതിരെ 1-1നു സമനിലയുമായി രക്ഷപ്പെട്ട് കരുത്തരായ ബെൽജിയം. ജയത്തോടെ തുടങ്ങാമെന്ന അവരുടെ മോഹത്തിന് ഈജിപ്റ്റ് വിലങ്ങായി നിന്നു. മത്സരത്തിലുടനീളം ബെൽജിയത്തിനൊപ്പം കട്ടയ്ക്കു പൊരുതി ഈജിപ്റ്റും നിന്നു. ബെൽജിയം 15 തവണയും ഈജിപ്റ്റ് 14 തവണയും ആക്രമിച്ചു. ലക്ഷ്യത്തിലേക്ക് 4 ഷോട്ടുകളാണ് ഈജിപ്റ്റ് തൊടുത്തതെങ്കിൽ ബെൽജിയം 3 എണ്ണമാണ് ​തൊടുത്തത്.

കളിയുടെ 20ാം മിനിറ്റിൽ ഈമാം അഷൂറിന്റെ സൂപ്പർ ​ഗോളിൽ മുന്നിലെത്തിയ ഈജിപ്റ്റിനെതിരെ സെൽഫ് ​ഗോളിന്റെ ബലത്തിൽ ബെൽജിയം സമനില പിടിച്ച് തോൽവിയിൽ നിന്നു കടന്നുകൂടുകയായിരുന്നു. 66ാം മിനിറ്റിൽ ഈജിപ്റ്റ് തന്നെ ദാനമായി നൽകിയ ഓൺ ​ഗോളിന്റെ ബലത്തിലാണ് സമനില വന്നത്.

മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ ബെൽജിയത്തിനു കിട്ടിയിരുന്നു. എന്നാൽ താരങ്ങൾ മത്സരിച്ച് അവസരം പാഴക്കുന്നതാണ് കണ്ടത്. ഒപ്പം നിർഭാ​ഗ്യവും ബെൽജിയത്തെ വേട്ടയാടി. പല അവസരങ്ങളും ബാറിൽ തട്ടി മടങ്ങി. ഈജിപ്റ്റകാട്ടെ അവരുടെ ഇതിഹാസ താരം മുഹമ്മദ് സലയുടെ നേതൃത്വത്തിൽ കടുത്ത വെല്ലുവിളിയാണ് ബെൽജിയത്തിനു ഉയർത്തിയത്. ഈമാം അഷൂറും മുസ്തഫ സിക്കോയുമടക്കമുള്ള താരങ്ങൾ ബെൽജിയം ബോക്സിൽ വട്ടമിട്ട് പറന്ന് നിരന്തരം അപകടം വിതയ്ക്കുന്നുണ്ടായിരുന്നു. ഒമർ മർമോഷിന്റെ ഫിനിഷിങ് പോരായ്മയാണ് ഈജിപ്റ്റിനെ ജയത്തിൽ നിന്നു അകറ്റിയത്.

സമാനമായിരുന്നു ബെൽജിയത്തിന്റെ അവസ്ഥയും. കെവിൻ ഡിബ്രുയ്നെയും ജെറെമി ഡോക്കുവും ലിയാൻഡ്രോ ട്രൊസ്സാർഡുമെല്ലാം നിറഞ്ഞു കളിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി.

ഇരു ടീമും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നേറുന്നതിനിടെ 20ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. മുഹമ്മദ് സല നൽകിയ പാസ് സ്വീകരിച്ച ഈമാം അഷൂർ ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് തൊടുത്ത വലംകാലനടി ബുള്ളറ്റ് കണക്കെയാണ് ബെൽജിയം വലയിൽ കയറിയത്. ഗോളി തിബോട്ട് കോർട്വ ഒരു മുഴുനീളൻ ഡൈവ് നടത്തിയിട്ടും പന്തിലൊന്ന് തൊടാൻ പോലുമായില്ല. ഈജിപ്റ്റ് ജേഴ്‌സിയിൽ അഷൂർ നേടുന്ന ആദ്യ രാജ്യാന്തര ​ഗോളായിരുന്നു ഇത്. അതും ലോകകപ്പ് വേദിയിലായത് 28കാരനായ താരത്തിന് ഇരട്ടി മധുരമായി.

ഗോൾ വീണതോടെ ബെൽജിയം ഈജിപ്റ്റ് ബോക്സിലേക്ക് തുടരൻ ആക്രമണങ്ങളുമായി എത്തി. അവർ ഉണർന്നു കളിച്ചെങ്കിലും പലപ്പോഴും നിർഭാഗ്യം വിനയായി. ആക്രമണം തുടരെ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഓൺ ടാർജറ്റ് ​ഷോട്ടുകൾ ബെൽജിയം ഭാ​ഗത്തു നിന്നു വരാഞ്ഞതും അവർക്ക് തിരിച്ചടിയായി.

ബെൽജിയം സമനിലയ്ക്കും ഈജിപ്റ്റ് ലീഡുയർത്താനും ശ്രമം നടത്തുന്നതാണ് രണ്ടാം പകുതിയിലും കണ്ടത്. 53ാം മിനിറ്റിൽ കെവിൻ ഡിബ്രുയ്നെ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഈജിപ്റ്റിനും കിട്ടി രണ്ട് മികച്ച അവസരങ്ങൾ. എന്നാൽ മുതലാക്കാൻ സലയ്ക്കും മർമോഷിനുമായില്ല. 60ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച മർമൗഷ് രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചതാണ്. എന്നാൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ മർമൗഷിന്റെ ഷോട്ട് വൈഡായി പുറത്തു പോയി. തിബോട്ട് കോർട്വ ​ബാറിനു കീഴിൽ മികച്ച സേവുകളുമായി കളം വാണതും ഈജിപ്റ്റിനെ വലച്ചു.

66ാം മിനിറ്റിൽ ബെൽജിയം ലുകാകുവിനെ കളത്തിലിറക്കി. സെക്കൻഡുകൾക്കുള്ളിൽ തന്നെ താരത്തിന്റെ വരവ് ബെൽജിയത്തെ രക്ഷിച്ചെന്നു പറഞ്ഞാലും തെറ്റില്ല. ലുകാകുവിന്റെ മികവാണ് ഈജിപ്റ്റിന്റെ സെൽഫ് ​ഗോളിനു ഇടയാക്കിയത്. മുനിയെർ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് വലയിലെത്തിക്കാനുള്ള ലുകാകുവിന്റെ ശ്രമം തടയുന്നതിനിടെ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.

കളിയുടെ അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും പിന്നീട് ഇരു ഭാഗത്തു നിന്നും തുടരെത്തുടരെ ആക്രമണങ്ങളായിരുന്നു. അവസാന ഘട്ടത്തിൽ ബൽജിയത്തിന്റെ പെനാൽറ്റി ഏരിയയിലേക്ക് ഇരച്ചുകയറാനുള്ള ഈജിപ്റ്റിന്റെ ശ്രമങ്ങൾക്കാണു ഗ്രൗണ്ട് സാക്ഷ്യം നിന്നത്. നിശ്ചിത സമയത്തിനു തൊട്ടുമുൻപ് ഈജിപ്ഷ്യൻ താരം മർമൗഷിനെ ബൽജിയം പ്രതിരോധ താരം പെനാൽറ്റി ഏരിയയ്ക്കുള്ളില്‍ വച്ച് ഫൗൾ ചെയ്തു വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.

അധികസമയമായി അനുവദിച്ച അഞ്ച് മിനിറ്റിലും ലീ‍ഡ് പിടിക്കാൻ ബൽജിയവും ഈജിപ്റ്റും കിണഞ്ഞു ശ്രമിച്ചു. മികച്ച പല മുന്നേറ്റങ്ങളും അവസാന ഘട്ടത്തിൽ വരെ കണ്ടു. എന്നാൽ ഒന്നും നടന്നില്ല. മത്സരം 1-1നു സമനിലയിൽ പിരി‍ഞ്ഞു.

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് ഇന്ന് തുടക്കം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു മുതല്‍ ലഭ്യമാകും. ഈ മാസം 30 വരെ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാം. രണ്ടു ഘട്ടങ്ങളിലായിട്ടാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക.

പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക. പൊതുജനങ്ങള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായി se.census.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിക്കണം. സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം.

തുടര്‍ന്ന് വീടിന്റെ ലൊക്കേഷന്‍ കൃത്യമായി അടയാളപ്പെടുത്തുമ്പോള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റല്‍ ഫോം സ്‌ക്രീനില്‍ തെളിയും. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു റഫറന്‍സ് നമ്പര്‍ സന്ദേശമായി ലഭിക്കും. ഭാവി ആവശ്യങ്ങള്‍ക്കായി ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്.

നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍, അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്. ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തില്‍ പ്രധാനമായും നടക്കുന്നത്.

ഓൺലൈൻ വിവരശേഖരണത്തിന് പിന്നാലെ, ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം, നേരത്തെ സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും കേരളത്തിൽ നടക്കുക.

നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണം; എന്‍ടിഎയ്ക്ക് വിദ്യാര്‍ഥികളുടെ നിവേദനം; ആദ്യപരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണം; എന്‍ടിഎയ്ക്ക് വിദ്യാര്‍ഥികളുടെ നിവേദനം; ആദ്യപരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍. പുനഃപരീക്ഷ ഒരുമാസം കൂടി നീട്ടണമെന്നാണ് ആവശ്യം. പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 1467 വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍ടിഎ)യ്ക്ക് നിവേദനം നല്‍കി.

അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്. പരീക്ഷയുടെ തയ്യാറെടുപ്പിന് ആവശ്യമായ സമയം ലഭിച്ചിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു. പുനഃപരീക്ഷാ തീയതി ഒരുമാസം കൂടി നീട്ടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ജൂണ്‍ 21 ന് പുനഃപരീക്ഷ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇതിനിടെ നീറ്റിന്റെ ആദ്യ പരീക്ഷ റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പുനഃപരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡോ. മംഗള കോഹ് ലിയാണ് ഹര്‍ജി നല്‍കിയത്. മുന്‍ പരീക്ഷ റദ്ദാക്കിയത് നിയമവിരുദ്ധമാണ്. നീറ്റ് ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയാണ്. രാജ്യത്തെ ഏതാനും സെന്ററുകളില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുള്ളത്.

ആ സെന്ററുകളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടേത് മാത്രം റദ്ദാക്കിയാല്‍ മതി. അല്ലാതെ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും പരീക്ഷ റദ്ദാക്കിയത് നീതിയുക്തമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നീറ്റിന്റെ ആദ്യ പരീക്ഷ റദ്ദാക്കിയ വിജ്ഞാപനവും, പുനഃപരീക്ഷ നടത്താനുള്ള നോട്ടിഫിക്കേഷനും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിച്ചേക്കും.