ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു

ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, പ്രദേശത്തെ ബേക്കറിയിലെ ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താത്കാലികമായി അടപ്പിച്ചു.

കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്. വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഭുവനചന്ദ്രൻ നായർ (61) അന്തരിച്ചു

ഭുവനചന്ദ്രൻ നായർ (61) അന്തരിച്ചു

ചാത്തൻപാറ ശൈലം ഭവനിൽ (മുട്ടുക്കോണം മാവുവിള വീട്ടിൽ) ഭുവനചന്ദ്രൻ നായർ (61) അന്തരിച്ചു. വർഷങ്ങളായി കോളേജ് അധ്യാപന രംഗത്ത് മികച്ച
വ്യക്തിത്വത്തിനുടമയായിരുന്നു ഇദ്ദേഹം. വൻ ശിഷ്യ സമ്പത്തുള്ള അധ്യാപകനായിരുന്നു ഭുവനചന്ദ്രൻ നായർ.

ഭാര്യ : ബീന
മകൻ : അഭിമന്യു

‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണം; ഉത്തരവിട്ട് ഡിജിപി

‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണം; ഉത്തരവിട്ട് ഡിജിപി

കോഴിക്കോട്: തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന്റേതാണ് ഉത്തരവ്.

പോക്‌സോ കേസുകള്‍, നര്‍കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്‍, അശ്ലീല പ്രചാരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിലാണ് ‘തൊപ്പി ഗ്യാങ്ങി’നെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചത്. കേരള സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.പരസ്യമായി അശ്ലീല പ്രദര്‍ശനവും സ്ത്രീവിരുദ്ധതയും ക്രിമിനല്‍ കുറ്റങ്ങളും വിളിച്ചുപറയുന്നതായും വരുംതലമുറയുടെ ഭാവി തകര്‍ക്കുന്ന ഈ ക്രിമിനലുകള്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ ഉണ്ടായേ തീരൂവെന്നും ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു.

കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിയെ സര്‍ക്കാര്‍ മറന്നോ?, നാല് മാസമായി ധനസഹായമില്ല; കേസും ഇഴഞ്ഞുനീങ്ങുന്നു

കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിയെ സര്‍ക്കാര്‍ മറന്നോ?, നാല് മാസമായി ധനസഹായമില്ല; കേസും ഇഴഞ്ഞുനീങ്ങുന്നു

പാലക്കാട്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ത്ഥിനി വിനോദിനി (9) ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി മുടങ്ങിയതായി കുടുംബം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുക ലഭിച്ചതിന് ശേഷം പിന്നീട് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കളായ വിനോദ് ഡി.യും പ്രസീതയും പറയുന്നു.

വനിതാ-ശിശു വികസന വകുപ്പാണ് വിനോദിനിയുടെയും മാതാവ് പ്രസീതയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ചിരുന്നത്. ആദ്യ രണ്ട് മാസങ്ങളിലെ തുക മാത്രമാണ് അക്കൗണ്ടിലെത്തിയത്. മാര്‍ച്ച് മുതല്‍ ധനസഹായം മുടങ്ങിയതോടെ കുട്ടിയുടെ പഠനച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.

അതേസമയം, സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും മുന്നോട്ടുപോകുന്നില്ലെന്ന പരാതിയും കുടുംബം ഉന്നയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിനോദിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും, ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകളെ തുടര്‍ന്ന് സെപ്റ്റംബര്‍ 30-ന് കൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന് വിനോദ് പറയുന്നു. നിരവധി പരാതികള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് നവംബര്‍ 11-ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

”കേസെടുത്തെങ്കിലും ആശുപത്രി അധികൃതര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ വളരെ ചെറിയ ശിക്ഷ മാത്രം ഉറപ്പാക്കുന്നതാണെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. ഇതുവരെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല,” വിനോദ് സമകാലിക മലയാളത്തോട് പറഞ്ഞു.

പാലക്കാട് പല്ലശ്ശനയിലെ ഒഴിവുപാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിനോദിനി. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒരു കൈ നഷ്ടമായ കുട്ടിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പോലും സമയത്ത് ലഭിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു.