ശക്തമായ മഴ തുടരും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

ശക്തമായ മഴ തുടരും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

സോമാലിയന്‍ തീരം, ഒമാന്‍ തീരം, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ – വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത.

‘രോഗം സാരമായി ബാധിച്ചിരിക്കുന്നു, ദയവായി പരിഹാസങ്ങള്‍ ഒഴിവാക്കണം’; രേണുവിന് കാന്‍സറാണെന്ന് വെളിപ്പെടുത്തി ഫിറോസ്

‘രോഗം സാരമായി ബാധിച്ചിരിക്കുന്നു, ദയവായി പരിഹാസങ്ങള്‍ ഒഴിവാക്കണം’; രേണുവിന് കാന്‍സറാണെന്ന് വെളിപ്പെടുത്തി ഫിറോസ്

സോഷ്യല്‍ മീഡിയ താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ രേണു സുധിയ്ക്ക് കാന്‍സര്‍ ആണെന്ന് കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഫിറോസ്. നേരത്തെ സുധിയുടെ പേരില്‍ രേണുവിനും കുടുംബത്തിനും വീട് വച്ചു നല്‍കാന്‍ നേതൃത്വം വഹിച്ചത് ഫിറോസായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് രേണവുവിന്റെ രോഗാവസ്ഥയെക്കുറിച്ച് ഫിറോസ് പങ്കുവച്ചത്.

രേണു ചെറുതല്ലാത്ത രോഗത്തോട് പൊരുതുകയാണെന്നാണ് ഫിറോസ് പറയുന്നത്. എന്ത് രോഗമാണെന്ന് കമന്റില്‍ ചോദിച്ചയാള്‍ക്ക് ഫിറോസ് നല്‍കിയ മറുപടി കാന്‍സര്‍ ആണെന്നായിരുന്നു. രേണുവിന് കാന്‍സര്‍ ആണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകളോട് രേണു പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ആശുപത്രിയില്‍ നിന്നുള്ള വിഡിയോയും രേണു പങ്കുവച്ചിരുന്നു. ഫിറോസിന്റെ വാക്കുകളിലേക്ക്:

സുഹൃത്തുക്കളേ, രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവര്‍ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുന്‍കൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ മനസ്സില്‍ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവര്‍.

ഇന്ന് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം രോഗം കൂടുതല്‍ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യര്‍ത്ഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവര്‍ക്ക് സന്തോഷം നല്‍കുന്ന റീലുകളും വിഡിയോകളും അവര്‍ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങള്‍ അവര്‍ ആഘോഷിക്കട്ടെ.

അവരുടെ ചില പ്രതികരണങ്ങള്‍ മൂലം ജീവിതത്തില്‍ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സില്‍ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കില്‍ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.

അവര്‍ക്ക് സഹതാപം ആവശ്യമില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു മനുഷ്യനെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്. ഇഷ്ടമില്ലെങ്കില്‍ അവരുടെ വിഡിയോകള്‍ അവഗണിക്കാം. പക്ഷേ ദയവായി വേദനിപ്പിക്കരുത്. കഴിയുമെങ്കില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തൂ. ചിലപ്പോള്‍ ഒരു നല്ല വാക്കും ഒരു പ്രാര്‍ത്ഥനയും മരുന്നുകളേക്കാള്‍ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ശക്തിയും ധൈര്യവും ലഭിക്കട്ടെ. ഈ പോരാട്ടത്തില്‍ അവര്‍ വിജയിക്കട്ടെ.

ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് ചാടി; കുഞ്ഞ് രക്ഷപെട്ടു, അമ്മ മരിച്ചു

ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് ചാടി; കുഞ്ഞ് രക്ഷപെട്ടു, അമ്മ മരിച്ചു

ഹൈദരാബാദ്: ആറാം നിലയിൽ നിന്ന് കുഞ്ഞിനെയുമെടുത്ത് താഴേക്ക് ചാടിയ 37കാരി മരിച്ചു. ആറു മാസം പ്രായമുള്ള കുഞ്ഞ് ചെറിയ പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. ഹൈദരാബാദിലാണ് സംഭവം. ഐടി കമ്പനി ജീവനക്കാരിയായ ഇഷ സഹുവാണ് മരിച്ചത്. താഴേക്കു വീഴും മുൻപേ സുരക്ഷയ്ക്കായി കെട്ടിയിരുന്ന പാളിയിൽ തട്ടിയതിനാലാണ് കുഞ്ഞ് രക്ഷപെട്ടത്. സമീപവാസികൾ ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. പരിക്കുകളുണ്ടെങ്കിലും കുട്ടി അപകടനില തരണം ചെയ്തതായി ഡോക്റ്റർമാർ പറയുന്നു.

മധ്യപ്രദേശ് സ്വദേശിയായ ഇഷ 11 വർഷം മുൻപാണ് വിവാഹിതയായത്. ഇരുവരും സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിനും രണ്ടു പെൺമക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഹൈദരാബാദിൽ താമസിച്ചിരുന്നത്.

മൂത്ത മകൾക്ക് എട്ടു വയസാണ് പ്രായം. ഇളയ കുട്ടിയെ പ്രസവിച്ചതിനു പിന്നാലെ ഇഷ പ്രസവാനന്തര വിഷാദത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും മാസങ്ങളോളമായി ഉറക്കമില്ലായിരുന്നുവെന്നും ഉത്കണ്ഠ അലട്ടിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 3.45നാണ് യുവതി കുട്ടിയുമായി താഴേക്ക് ചാടിയത്.

മഴയില്‍ വൈകി! ആദ്യ ഏകദിനം 25 ഓവര്‍ മാത്രം; ഹര്‍ഷ് ദുബെയ്ക്കും ഗുര്‍ണൂര്‍ ബ്രാറിനും അരങ്ങേറ്റം

മഴയില്‍ വൈകി! ആദ്യ ഏകദിനം 25 ഓവര്‍ മാത്രം; ഹര്‍ഷ് ദുബെയ്ക്കും ഗുര്‍ണൂര്‍ ബ്രാറിനും അരങ്ങേറ്റം

ധരംശാല: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഏറെ വൈകി ആരംഭിക്കുന്നു. 25 ഓവറാക്കി ചുരുക്കിയാണ് പോരാട്ടം.

ഉച്ചയ്ക്ക് 1.30 മുതലായിരുന്നു മത്സരം ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്നു ടോസടക്കം വൈകി.ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യക്കായി ഹര്‍ഷ് ദുബെ, ഗുര്‍ണൂര്‍ ബ്രാര്‍ എന്നിവര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്ലെയിങ് ഇലവനിലുണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ഗുര്‍ണൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

നഗ്നത പ്രദർശനം നടത്തിയ റിസോർട്ട് ജീവനക്കാരൻ ടൂറിസം പോലീസിന്റെ പിടിയിൽ

നഗ്നത പ്രദർശനം നടത്തിയ റിസോർട്ട് ജീവനക്കാരൻ ടൂറിസം പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം വർക്കലയിൽ വിനോദസഞ്ചാരികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തിയ റിസോർട്ട് ജീവനക്കാരൻ ടൂറിസം പോലീസിന്റെ പിടിയിൽ. വർക്കല പാലച്ചിറ സ്വദേശി വിനീത് (39) ആണ് ഇന്ന് ഉച്ചയ്ക്ക് 1.30ന് ആലിയിറക്കം ബീച്ചിന്റെ സമീപത്ത് വച്ച് ഹൈദരാബാദ് സ്വദേശികളായ യുവതികളുടെ മുന്നിൽ വച്ചാണ് നഗ്നത പ്രദർശനം നടത്തിയത്. സഞ്ചാരികളുടെ പരാതിയെ തുടർന്ന് ടൂറിസം പോലീസ് ബൈജുവും സംഘവും ആണ് പിടികൂടിയത്. ഇയാൾ സ്വകാര്യ റിസോർട്ടിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.