ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി

ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് സമീപത്തുള്ള കാറിനെ ഇടിച്ചു. തുടർന്ന് ആ കാർ മറ്റൊരു കാറിനെ ഇടിക്കുകയും ആ കാർ മറ്റൊരു സ്കൂട്ടറിനെ ഇടിച്ച് യാത്രികനെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഭാഗ്യത്തിന് സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം ഏറെനേരം സ്തംഭിച്ചു. പോലീസും ഫയർഫോഴ്സും എത്തി മേൽ നടപടികൾ സ്വീകരിച്ചു.

വിലക്കുറവില്‍ സ്വര്‍ണക്കട്ടി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍

വിലക്കുറവില്‍ സ്വര്‍ണക്കട്ടി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍

തൃശ്ശൂര്‍: സ്വര്‍ണഖനികളില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന സ്വര്‍ണം വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എത്തിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ ആള്‍ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ മാധവമംഗലം സ്വദേശിയായ ഷാജി അഥവാ ‘കെജിഎഫ് സ്വാമി’ (61) യെയാണ് വ്യാഴാഴ്ച പൊലീസ് പിടികൂടിയത്. ഏതാനും വര്‍ഷങ്ങളായി കൊടുങ്ങല്ലൂരില്‍ താമസിച്ചുവരികയായിരുന്ന ഷാജി, ആള്‍ദൈവമായി ആളുകള്‍ക്ക് മുന്നില്‍ വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്വര്‍ണഖനി നടത്തിപ്പുകാരുമായി തനിക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്നും, വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭ്യമാക്കാമെന്നും പറഞ്ഞാണ് ഇയാള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നത്. വിലക്കുറവില്‍ സ്വര്‍ണക്കട്ടികള്‍ എത്തിച്ചുനല്‍കാമെന്ന പേരില്‍ നിരവധി പേരില്‍ നിന്ന് പണം കൈപ്പറ്റിയതായാണ് പൊലീസ് കണ്ടെത്തിയത്. പണം നല്‍കുന്നവരുടെ വിശ്വാസം നേടുന്നതിനായി സ്വര്‍ണക്കട്ടിയെന്ന് അവകാശപ്പെട്ട ഒരു വസ്തു ഇയാള്‍ കാണിച്ചിരുന്നുവെന്നും, പരിശോധനയില്‍ അത് സ്റ്റീലില്‍ നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

മാടവന സ്വദേശിയായ ഷജീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കട്ടി വാങ്ങുന്നതിനായി ഷാജീര്‍ 5.05 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഷാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് അറസ്റ്റ് നടന്നത്.പരിശോധനയ്ക്കിടെ വീട്ടില്‍ നിന്ന് മുക്കുപണ്ടങ്ങള്‍, വ്യാജ സ്വര്‍ണക്കട്ടികള്‍, കൃത്രിമ കല്ലുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. വിവിധ വിലാസങ്ങള്‍ രേഖപ്പെടുത്തിയ ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളും പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെത്തിയതായി തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

അന്വേഷണത്തിനിടെ, പാവറട്ടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലും ഷാജി പ്രതിയാണെന്ന് കണ്ടെത്തി. സ്വര്‍ണത്തില്‍ നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ട് ഗണപതി വിഗ്രഹം വിതരണം ചെയ്‌തെങ്കിലും പിന്നീട് അത് വ്യാജമാണെന്ന് തെളിഞ്ഞ സംഭവത്തിലാണ് കേസ്. വിശദമായി ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായ ഷാജിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ആരുഭരിക്കുന്നുവെന്ന് നോക്കിയല്ല പകര്‍ച്ചവ്യാധി വരുന്നത്; ‘നിപ റാണി’യില്‍ മറുപടിയുമായി കെകെ ശൈലജ

ആരുഭരിക്കുന്നുവെന്ന് നോക്കിയല്ല പകര്‍ച്ചവ്യാധി വരുന്നത്; ‘നിപ റാണി’യില്‍ മറുപടിയുമായി കെകെ ശൈലജ

തിരുവനന്തപുരം: ‘എരണംകെട്ടവര്‍ നാടുഭരിച്ചാല്‍ നാടുമുടി’യുമെന്ന് പറഞ്ഞ് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച കെ മുരളീധരന് മറുപടിയുമായി കെകെ ശൈലജ. നിപയും കോവിഡുമൊക്കെ വരുന്നത് ഏത് സര്‍ക്കാരാണെന്ന് നോക്കിയിട്ടല്ല. വൈറസ് സമൂഹത്തില്‍ ഉണ്ട്. പ്രത്യേക സാഹചര്യത്തില്‍ അവയുടെ ആധിക്യം ഉണ്ടാകുകയും അവ മനുഷ്യരിലേക്ക് പകരുകയും അത് മരണകാരണമാകുകയും ചെയ്യും. കക്ഷിരാഷ്ട്രീയം നോക്കാതെ കൂട്ടായി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നോക്കുകയെന്ന രീതിയില്‍ ഇടപെടുകയാണ് വേണ്ടതെന്നും കെകെ ശൈലജ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം പലരും അയച്ചുതന്നെങ്കിലും അതിനെക്കുറിച്ച് ഒന്നും എഴുതുന്നില്ലെന്നും അതിന്റെ ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെയെന്നായിരുന്നു മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീര്‍ക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് ഇടതുപക്ഷസമീപനം.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോബിയോളജി ലാബില്‍ നടത്തിയ RTPCR പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത് . രോഗിക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികള്‍ സ്വീകരിക്കണം . അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്ലൈനും കേരളത്തിനുണ്ട്. NIV പൂനെയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് നിപ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ ഭരണത്തിലുള്ളവരെ പരിഹസിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത് വിമര്‍ശിക്കുന്നത്. ‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും’ എന്ന മുരളീധരന്റെ പഴയ പ്രസംഗമാണ് സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയത്. മുരളീധരന്‍ അന്ന് പറഞ്ഞത് ഇപ്പോള്‍ സത്യമായെന്നും ഇക്കാര്യത്തില്‍ 100 ശതമാനം കെ മുരളീധരന്‍ സാറിനൊപ്പമെന്നും എല്ലാം പരിഹസിച്ച് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.

‘പണ്ടൊരു ചൊല്ലുണ്ട്. എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. നിപ, വവ്വാല്‍ ആണത്രേ നിപ പരത്തുന്നത്. കെ കരുണാകരനും എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചിരുന്ന കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ നമ്മുടെ നാട്ടില്‍. ഇപ്പോ എന്താണ് നിപ ഉണ്ടാവാന്‍ കാരണം. ഭരിക്കുന്നവന്‍ ശരിയല്ല. അതുകൊണ്ട് തന്നെയാണ്’- കെ മുരളീധരന്റെ പഴയ പ്രസംഗത്തിലെ വിവാദ പരാമര്‍ശം. നേരത്തെ ‘നിപ റാണി’യെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കെകെ ശൈലജയെ പരിഹസിച്ചിരുന്നു.

ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ഒമാൻ തീരത്ത് വീണ്ടും ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

ഒമാൻ മാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം. ഷിനാസ് തുറമുഖത്തിന് സമീപം ‘എംടി ജൽവീർ’ എന്ന കപ്പലിന് നേരെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. ഗൾഫ് മേഖലയിൽ കപ്പൽ ഗതാഗത സുരക്ഷയെ കടുത്ത പ്രതിസന്ധിയിലാക്കി മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണമുണ്ടാകുന്നത്. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ അധികൃതരുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയോ നാവികർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യങ്ങളോ അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം മറ്റൊരു കപ്പലിന് നേരെയുണ്ടായ യുഎസ് സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവം പുറത്തുവരുന്നത്.

ഗൾഫ് ഓഫ് ഒമാനിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തുടർച്ചയായുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്.

ആദ്യ സംഭവം (ജൂൺ 8): ‘എംടി മാരിവെക്സ്’ എന്ന കപ്പലിന് നേരെ സംശയാസ്പദമായ രീതിയിൽ ആക്രമണമുണ്ടാകുകയും കപ്പലിൽ തീപിടുത്തമുണ്ടാകുകയും ചെയ്തു. എന്നാൽ ഇതിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരായിരുന്നു.

രണ്ടാം സംഭവം (ജൂൺ 10): ‘എംടി സെറ്റെബെല്ലോ’ (MT Settebello) എന്ന ടാങ്കർ കപ്പലിന് നേരെ അമേരിക്കൻ സൈന്യം കടുത്ത ആക്രമണം നടത്തി. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.

ഇന്ത്യയുടെ പ്രതിഷേധം; ആക്രമണം നടത്തിയത് യുഎസ്

ഇന്ത്യൻ നാവികരുടെ മരണത്തിനിടയാക്കിയ ‘സെറ്റെബെല്ലോ’ കപ്പൽ ആക്രമണത്തിൽ ന്യൂഡൽഹി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിപ്പിച്ചാണ് ശക്തമായ പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ ശക്തമായി അപലപിച്ചു.

ഇറാനിൽ നിന്നുള്ള എണ്ണക്കടത്തുകളെ ലക്ഷ്യമിട്ട് നടത്തുന്ന സൈനിക നീക്കങ്ങളുടെ ഭാഗമായാണ് ടാങ്കറിന് നേരെ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പിന്നീട് സമ്മതിച്ചു. അമേരിക്കൻ സൈന്യത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കപ്പൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ‘കൃത്യതയാർന്ന’ സൈനികാക്രമണം നടത്തിയതെന്നാണ് യുഎസിന്റെ വിശദീകരണം.

ഒടുവില്‍ പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

ഒടുവില്‍ പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമാനം. നടപടി തീരുമാനിക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പത്മകുമാറിനെതിരെ എന്തു നടപടിയെടുക്കണമെന്ന് ചര്‍ച്ച ചെയ്യാനായി ഈ മാസം 15 ന് ജില്ലാ കമ്മിറ്റി ചേരും.

ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണം സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാല്‍, നടപടി പരാമര്‍ശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചു. ഇതോടെയാണ് നടപടിക്കാര്യത്തില്‍ തിരുത്തലിന് സിപിഎം തയാറായത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും, മുന്‍ എംഎല്‍എയുമാണ് എ പത്മകുമാര്‍. 2017-18 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്നു. പിന്നീട് സ്വാഭാവിക ജാമ്യം നേടിയാണ് പത്മകുമാര്‍ ജയിലില്‍ നിന്നും ഇറങ്ങിയത്.എന്നാല്‍ പത്മകുമാറിനെതിരെ കടുത്ത നടപടിയെടുക്കാതെ സിപിഎം സംസ്ഥാന നേതൃത്വം മടിച്ചു നില്‍ക്കുകയായിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു ഇതുവരെയുള്ള നിര്‍ദേശം. സിപിഎം ജില്ലാ നേതൃത്വവുമായി അകല്‍ച്ചയിലുള്ള പത്മകുമാര്‍ കഴിഞ്ഞ ആഴ്ചയാണ് പാര്‍ട്ടി അംഗത്വം പുതുക്കിയത്.