ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; ഇന്ത്യൻ കായിക ലോകത്തിന് കനത്ത നഷ്ടം

ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു; ഇന്ത്യൻ കായിക ലോകത്തിന് കനത്ത നഷ്ടം

ഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും ഏഷ്യൻ ​ഗെയിംസ് സ്വർണ മെഡൽ ജേതാവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു (49). വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി അദ്ദേഹത്തിനു ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി അത്‌ലറ്റായും കോച്ചായും ഇന്ത്യൻ ഷൂട്ടിങ് മേഖലയ്ക്ക് കനപ്പെട്ട സംഭാവന നൽകിയ ജസ്പാൽ റാണയുടെ അകാലത്തിലുള്ള വിയോ​ഗം ഇന്ത്യൻ കായിക രം​ഗത്തിനു കനത്ത നഷ്ടമാണ്. കായിക രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ അർജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. 2020ൽ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നൽകി രാജ്യം ആദരിച്ചു.

ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് ആൻജിയോപ്ലാസ്റ്റി വഴി സ്റ്റെണ്ട് സ്ഥാപിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിങ് ഡിയോ ആണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത സ്ഥിരീകരിച്ചത്.

1990കളിൽ അന്താരാഷ്ട്ര ഷൂട്ടിങ് രംഗത്ത് ഇന്ത്യയുടെ കരുത്തായി മാറിയ റാണ, രാജ്യത്ത് ഈ കായിക വിനോദത്തെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ്. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്പ് എന്നിവയിൽ നിരവധി മെഡലുകൾ സ്വന്തമാക്കി.

പിസ്റ്റൾ വിഭാ​ഗത്തിലാണ് ജസ്പാൽ റാണയുടെ നേട്ടങ്ങൾ അത്രയും. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയ അദ്ദേഹം, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ 590 പോയിന്റോടെ ലോക റെക്കോർഡിനൊപ്പമെത്തി. ഏഷ്യൻ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായി നാല് സ്വർണം, 2 വീതം വെള്ളി, വെങ്കലം മെഡലുകൾ. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണം, 4 വെള്ളി, 2 വെങ്കലം മെഡലുകൾ. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു സ്വർണവും ഒരു വെങ്കലവും നേട്ടം.

മത്സര രം​ഗത്തു നിന്നു വിരമിച്ച ശേഷം 2012 മുതൽ അദ്ദേഹം പരിശീലകനായി രം​ഗത്തുണ്ട്. ജൂനിയർ പിസ്റ്റൾ പ്രോഗ്രാമിന്റെ ചുമതലയേറ്റെടുത്താണ് കോച്ചിങിലേക്കുള്ള വരവ്. ഇന്ത്യയ്ക്കായി ഒരുപിടി മികച്ച യുവ ഷൂട്ടർമാരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

റാണയുടെ കോച്ചിങ് കരിയറിലെ ഏറ്റവും തിളക്കമാർന്ന അധ്യായം ഒളിംപ്യൻ മനു ഭാക്കറുമായുള്ള കൂട്ടുകെട്ടാണ്. അദ്ദേഹത്തിന്റെ പരിശീലന തന്ത്രങ്ങളുടെ മികവിലാണ് 2024ലെ പാരിസ് ഒളിംപിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിക്കാൻ മനു ഭാക്കറെ പ്രാപ്തയാക്കിയത്. സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങിയ അന്താരാഷ്ട്ര തലത്തിൽ തിളങ്ങിയ നിരവധി താരങ്ങൾ അദ്ദേഹത്തിന്റെ കീഴിൽ വളർന്നവരാണ്.

2025 ഫെബ്രുവരിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ അദ്ദേഹത്തെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ ഹൈ- പെർഫോമൻസ് കോച്ചായി നിയമിച്ചിരുന്നു. മരണം വരെ അദ്ദേഹം ഈ പദവിയിൽ സജീവമായി തുടർന്നു.

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി വിഡി സതീശൻ സർക്കാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി പി.വിജയനെ നിയമിച്ചു. നിലവിൽ ഇന്റലിജൻസ് മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. പി വിജയൻ ഒഴിയുന്ന ഇന്റലിജൻസ് മേധാവി സ്ഥാനത്തേക്ക് ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. എഡിജിപി എസ് ശ്രീജിത്താണ് പുതിയ ജയിൽ മേധാവി. നിലവിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്നു.

നിലവിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പ്രവർത്തിച്ചിരുന്ന എച്ച് വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ജയിൽ മേധാവിയായിരുന്ന ബൽറാം കുമാർ ഉപാധ്യായയെ ബറ്റാലിയൻ എഡിജിപിയായും മാറ്റി നിയമിച്ചു. ടിപി ചന്ദ്രശേഖരൻ വധക്കേസും, നവകേരള രക്ഷാപ്രവർത്തനത്തിൽ പിണറായി വിജയന്റെ ​ഗൺമാൻ അടക്കമുള്ളവർ യൂത്ത് കോൺ​ഗ്രസുകാരെ മർദ്ദിച്ച കേസും അന്വേഷിച്ച എപി ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാക്കി.

കണ്ണൂർ റേഞ്ച് ഡിഐജി ജി എച്ച് യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജിയായിരുന്ന ഡോ. അരുൾ ആർ.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന കെ കാർത്തികിനെ തൃശൂർ റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റി. തൃശൂർ റേഞ്ച് ഡിഐജിയായ ടി നാരാണയനെ കണ്ണൂർ റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു.

ട്രാഫിക് റോഡ് സേഫ്റ്റി ഐജിയായിരുന്ന ഹർഷിത അട്ടല്ലൂരിയാണ് പൊലീസ് ആസ്ഥാനത്തെ പുതിയ ഐജി. പൊലീസ് ആസ്ഥാനത്തെ ഐജിയായിരുന്ന ആർ നിശാന്തിനിയെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ഇന്റലിജൻസ് ഐജി സ്ഥാനത്ത് നിന്നും എസ് ശ്യാംസുന്ദറിനെ ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റി. കോഴിക്കോട് സിറ്റി കമ്മിഷണറായ മെറിൻ ജോസഫിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി മാറ്റി.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യുവിനെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഡോ. എ.നസീം ആണ് പുതിയ ഇടുക്കി ജില്ലാ പൊലീസ് മേധാവി. ടി.കെ.വിഷ്ണു പ്രദീപ് : കൊല്ലം റൂറൽ എസ്പിയായ ടി കെ വിഷ്ണുപ്രദീപാണ് പുതിയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി. ഷാജി സുഗുണനെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായും, ബി കെ പ്രശാന്തൻ കാണിയെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു.

എ.അബ്ദുൾ റഷീദ് ആണ് പാലക്കാട് ജില്ലയുടെ പുതിയ പൊലീസ് മേധാവി. എസ്. ദേവ മനോഹറിനെ വയനാട് ജില്ലാ പൊലീസ് മേധാവിയായും, ഉമേഷ് ഗോയലിനെ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായും, മുഹമ്മദ് നദീമുദ്ദീനെ റെയിൽവേ എസ്പി സ്ഥാനത്തു നിന്നും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായും മാറ്റി നിയമിച്ചു. പി.നിതിൻരാജിനെ കണ്ണൂർ സിറ്റി കമ്മിഷണർ സ്ഥാനത്ത് നിന്നും കാസർകോട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി.കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ബി വി വിജയ ഭരത് റെഡ്ഡിയാണ് പുതിയ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ.

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

മെക്‌സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാര്‍ഡുകളും പിറന്ന 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോയ്ക്ക് മിന്നും വിജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ ജയം. ഒമ്പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനെസും 67-ാം മിനിറ്റില്‍ റൗള്‍ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മെക്സിക്കോയുടെ ഗോള്‍ നേടാനുള്ള അവസരം ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസ് തട്ടിയകറ്റി. പിന്നീട് മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്‌സിക്കോ പിന്നീട് റൗള്‍ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്‌സിക്കോയ്ക്കായി ആദ്യ ഗോള്‍ നേടിയത്.

തുടര്‍ന്ന് 67-ാം മിനിറ്റില്‍ റൗള്‍ ജിമെനെസ് വലകുലുക്കിയതോടെ മെക്‌സിക്കോയുടെ ലീഡ് ഉയര്‍ത്തി. തുടക്കം മുതല്‍ മെക്‌സിക്കന്‍ തിരമാല സൗത്ത് ആഫ്രിക്കന്‍ ഗോള്‍ മുഖത്തേക്ക് അടിച്ചുകയറി. ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്സിക്കോയുടെ ലക്ഷ്യം. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് ലഭിച്ച തുടര്‍ച്ചയായ രണ്ട് മികച്ച ഗോള്‍ അവസരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു നിര്‍ത്തി.

മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാര്‍ മൊണ്ടെസും റെഡ് കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റില്‍ സ്‌ഫെഫെലോ സിത്തോളിന് റെഡ് കാര്‍ഡ് ലഭിച്ചു. മെക്‌സിക്കോ താരം ബ്രയാന്‍ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി പുറത്താക്കിയത്. 84-ാം മിനിറ്റില്‍ റഫറിക്ക് അടുത്ത ചുവപ്പ് കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കളി അവസാനിക്കാന്‍ പോകുന്നുവെന്ന ഘട്ടത്തിലാണ് മെക്‌സിക്കോ താരം അനാവശ്യമായ ഫൗള്‍ പുറത്തെടുത്തത്. ആശ്വാസ ഗോള്‍ കണ്ടെത്താനായി ആവുംവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തിന് നേര്‍ക്ക് സെസാര്‍ മോണ്ടസ് മാരകമായ ഫൗള്‍ പുറത്തെടുത്തു. മെക്‌സിക്കന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാതെ റഫറി റെഡ് കാര്‍ഡ്

നല്‍കി. 4-1-2-3 ഫോര്‍മേഷനിലായിരുന്നു മെക്‌സിക്കോ കളത്തിലിറങ്ങിയത്. മറുവശത്ത് ദക്ഷിണാഫ്രിക്ക 5-3-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തോല്‍വിയാണ് പതിവ്. മുന്‍പ് ഏഴു തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയപ്പോള്‍ അഞ്ചിലും തോല്‍വി, രണ്ടെണ്ണം സമനിലയിലും. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ടീമിന്റെ വിജയ തുടക്കം.

സ്വര്‍ണ വിലയില്‍ വന്‍വര്‍ധന; പവന് ഒറ്റയടിക്ക് 2160 രൂപ കൂടി

സ്വര്‍ണ വിലയില്‍ വന്‍വര്‍ധന; പവന് ഒറ്റയടിക്ക് 2160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍വര്‍ധന. ഇന്ന് പവന് ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. 1,08,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കൂടിയത്. 13,620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മൂന്ന് ദിവസത്തിനിടെ 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കുടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

കുടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. കൂടുതല്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ തീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. നേരത്തെ രണ്ട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്‌.

ഇന്ന് എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… എന്ന ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.