ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടുമോ?; കാരണമിത്

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടുമോ?; കാരണമിത്

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം. ജൂലൈ 31നാണ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സമയപരിധി കഴിഞ്ഞാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പിഴ അടയ്ക്കേണ്ടതായി വരും.

അതിനിടെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ കാരണം നിരവധിപ്പേര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം നീട്ടുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

നിലവില്‍ ജൂലൈ 31 കഴിഞ്ഞാല്‍ ഡിസംബര്‍ 31 വരെ ഫയല്‍ ചെയ്യാമെങ്കിലും ലേറ്റ് ഫീസ് നല്‍കേണ്ടതായി വരും. വാര്‍ഷിക ആദായം അഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 5000 രൂപയും താഴെയുള്ളവര്‍ക്ക് 1000 രൂപയുമാണ് പിഴ. ഓരോ നികുതിദായകന്റെയും വരുമാനത്തെയും തൊഴിലിനെയും അടിസ്ഥാനമാക്കി വ്യത്യസ്ത ഐടിആര്‍ ഫോമുകളുണ്ട്. ഐടിആര്‍ ഒന്നുമുതല്‍ ഐടിആര്‍ ഏഴുവരെയുള്ള ഫോമുകളില്‍ ഏതാണ് ഫയല്‍ ചെയ്യാന്‍ വേണ്ടത് എന്ന് ഉറപ്പാക്കുക. ഫയല്‍ ചെയ്യുന്നതിന് മുന്‍പ് ഫോം 16, ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, പലിശ രേഖകള്‍, നിക്ഷേപ രേഖകള്‍, മറ്റു പ്രധാനപ്പെട്ട രേഖകള്‍ അടക്കം കൈയില്‍ കരുതണം.

ടാക്സ് ക്രെഡിറ്റ് രേഖ ( ഫോം 26എഎസ്) ക്രോസ് ചെക്ക് ചെയ്യണം. എല്ലാ ടിഡിഎസും നികുതി പേയ്മെന്റുകളും കൃത്യമായി ഇതില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നാണ് ഉറപ്പാക്കേണ്ടത്.വരുമാനത്തിന്റെ കണക്കുകള്‍ കൃത്യമായി കാണിക്കണം. ശമ്പളം, പലിശ, വാടക വരുമാനം, മൂലധന നേട്ടങ്ങള്‍ അടക്കം എല്ലാ വരുമാനങ്ങളും വെളിപ്പെടുത്തണം. ഏതെങ്കിലും വിട്ടുപോയാല്‍ പിഴയ്ക്ക് കാരണമാകാം. 80സി, 80ഡി, 80ജി പ്രകാരം നികുതി ഇളവിന് അര്‍ഹതയുണ്ടെങ്കില്‍ രേഖകള്‍ കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കണം. വിദേശത്ത് ആസ്തികള്‍ ഉണ്ടെങ്കിലും വിദേശത്ത് നിന്ന് വരുമാനം ഉണ്ടെങ്കിലും ബോധിപ്പിക്കണം. ഐടിആര്‍ ഫയല്‍ ചെയ്ത ശേഷം ഇ- വെരിഫൈ ചെയ്യാന്‍ മറക്കരുത്. ആധാര്‍ ഒടിപി അടക്കമുള്ള മാര്‍ഗങ്ങളിലുടെ ഇ- വെരിഫൈ ചെയ്യാവുന്നതാണ്.

വി. ഗോപാലകൃഷ്ണൻ നായർ അനുസ്മരണവും പഠനോപകരണ- പുരസ്കാര വിതരണവും നടന്നു

വി. ഗോപാലകൃഷ്ണൻ നായർ അനുസ്മരണവും പഠനോപകരണ- പുരസ്കാര വിതരണവും നടന്നു

ആറ്റിങ്ങൽ: മുതിർന്ന കോൺഗ്രസ് നേതാവും അയിലം ചാരിറ്റി കോൺഗ്രസ് സ്ഥാപകനുമായ വി.ഗോപാലകൃഷ്ണൻ നായരുടെ ഒന്നാം അനുസ്മരണവും വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ, എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരങ്ങൾ എന്നിവയുടെ വിതരണവും നടന്നു.
അയിലം ചാരിറ്റി കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങ് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അനൂപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അനിൽകുമാർ (എ.കെ. സി.) അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വിജയകുമാരി,
പാർട്ടി അംഗങ്ങളായ സുരേഷ്, തുളസീധരൻ നായർ, ഷിബു, ശശിധരൻ, സുകന്യ, ആശ, സുമ, അൻസി തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 120 രൂപയാണ് പവന് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6340 രൂപ ആയി.

ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 320 രൂപയാണ് വര്‍ധിച്ചത്.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.ബജറ്റിന് പിന്നാലെ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കുറച്ചതോടെ ദുബായുമായുള്ള സ്വര്‍ണവിലയിലെ അന്തരം വലിയ രീതിയില്‍ കുറഞ്ഞിരുന്നു. ഇന്ത്യയുമായി 5 ശതമാനം വ്യത്യാസം മാത്രമാണ് ദുബായില്‍ സ്വര്‍ണത്തിനുണ്ടാവുക. നേരത്തേ യുഎഇയില്‍ നിന്ന് 100 ഡോളര്‍ (8300 രൂപ) വിലമതിക്കുന്ന സ്വര്‍ണം ഇന്ത്യയിലെത്തുമ്പോള്‍ കസ്റ്റംസ് തീരുവ ഉള്‍പ്പെടെ ഏകദേശം 115 ഡോളര്‍ (9,628 രൂപ) നല്‍കേണ്ടിയിരുന്നു.

ഐഎഎസ് കോച്ചിങ് സെന്ററില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായി; നിവിന്റെ മൃതദേഹം ഇന്ന് വിട്ടുനല്‍കും

ഐഎഎസ് കോച്ചിങ് സെന്ററില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായി; നിവിന്റെ മൃതദേഹം ഇന്ന് വിട്ടുനല്‍കും

ന്യൂഡല്‍ഹി: വെള്ളക്കെട്ടില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ച ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടെന്ന് റിപ്പോര്‍ട്ട്. ബേസ്‌മെന്റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്. ഡല്‍ഹി ഫയര്‍ഫോഴ്‌സിന്റെ പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

വിവിധ കോച്ചിങ് സെന്ററുകളില്‍ ഇന്നും പരിശോധന തുടരുമെന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 13 കോച്ചിങ് സെന്ററുകളിലെ ബേസ്‌മെന്റ് സീല്‍ ചെയ്തു. പാര്‍ക്കിങ്ങിനും സ്റ്റോര്‍ റൂമിനുമായിട്ടുള്ള ബേസ്‌മെന്റ് നിരവധി പരിശീലന കേന്ദ്രങ്ങള്‍ അനധികൃതമായി ലൈബ്രറിയും ക്ലാസ് റൂമുമാക്കി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരം രാത്രിയിലും തുടരുകയാണ്. സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ച എറണാകുളം നീലിശ്വരം സ്വദേശി നിവിന്‍ ഡാല്‍വിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നിവിന്റെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ല, തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കുമെന്ന് കാർവാർ എം എൽ എ

അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ല, തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കുമെന്ന് കാർവാർ എം എൽ എ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ലെന്ന് കാർവാർ എം.എൽ.എ സതീഷ്‌കൃഷ്ണ സെയിൽ പറഞ്ഞു ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിച്ച് തെരച്ചിൽ തുടരാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചിരുന്നു. രക്ഷാപ്രവ‌ർത്തനങ്ങൾ തുടരാൻ നിർദേശങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നുവെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരണം. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളുടെ ശ്രമങ്ങൾക്ക് നന്ദി അർപ്പിക്കുന്നതായും പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി.അർജുനായുള്ള രക്ഷാപ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. തിരച്ചിൽ താത്‌കാലികമായി നിർത്തിവച്ചത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കേരള സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.തെരച്ചിൽ നിറുത്തരുതെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിറുത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.