by Midhun HP News | Jun 5, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഭാര്യയോട് ദിവസങ്ങളോളം സംസാരിച്ചില്ലെന്ന ഒറ്റക്കാരണത്താല്‍ ഭര്‍ത്താവിനെ ശിക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവാഹജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അത് പങ്കാളികള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാതാകുന്നതിന് കാരണമായേക്കാമെന്നും നിരീക്ഷിച്ച കോടതി ഭര്‍ത്താവിനെതിരെയുള്ള ആത്മഹത്യാ പ്രേരണകുറ്റം ഒഴിവാക്കി.
ദിവസങ്ങളോളം സംസാരിക്കാതെ ഭാര്യയോട് ക്രൂരത കാണിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് പ്രകാരം ഭര്‍ത്താവിന് വിചാരണക്കോടതിയും മദ്രാസ് ഹൈക്കോടതിയും വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അതുല്‍ എസ് ചന്ദ്പൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ഭര്‍ത്താവ് 13 ദിവസമായി സംസാരിക്കാത്തതിനെത്തുടര്‍ന്നാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്.
13 ദിവസത്തേയ്ക്ക് ആശയവിനിമയം നടത്താതിരുന്നതില്‍ വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഈ കേസ് ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് ഒരിക്കലും കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടായ കേസ് പോലുമല്ല ഇതെന്നും ഭര്‍ത്താവിനെതിരെയുള്ള ക്രൂരതയുടെ ആരോപണം തെളിയിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ ഒരു സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാനോ, പരിക്കേല്‍പ്പിക്കാനോ, മാനസികാരോഗ്യത്തിന് അപകടമുണ്ടാക്കാനോ തക്ക ഗൗരവമുള്ളതാണോ ആ പ്രവൃത്തിയെന്ന് നിരീക്ഷിത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്വന്തം വീട്ടില്‍ വെച്ചാണ് യുവതി തൂങ്ങിമരിച്ചത്. വിവാഹസമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 3 ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണാഭരണങ്ങളും മറ്റ് സാധനങ്ങളും നല്‍കിയിരുന്നതായി ആരോപണമുണ്ട്. ഭര്‍ത്താവ് പലപ്പോഴും മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതായും, ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
ഭര്‍തൃവീട്ടുകാരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി സ്വന്തം വീട്ടിലേക്ക് പോയതിന് ഭര്‍ത്താവ് യുവതിയെ ശകാരിച്ചതായും ഫോണില്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പ്രൊസിക്യൂഷന്‍ ആരോപിച്ചു. സംസാരിക്കാതിരിക്കുന്നത് യുവതിക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നുമായിരുന്നു കേസ്. ഈ ആരോപണങ്ങളെത്തുടര്‍ന്ന് ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ, രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ഐപിസി 498-എ (ഭാരതീയ ന്യായ് സംഹിത സെക്ഷൻ 85), 304- എ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ആളും ഉണ്ട്.
ഹൈക്കോടതി വിചാരണക്കോടതിയുടെ വിധി ശരിവെക്കുകയും 498(എ) വകുപ്പ് പ്രകാരമുള്ള ശിക്ഷ നിലനിര്‍ത്തുകയും ചെയ്തു. ഭര്‍ത്താവ് സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഭര്‍ത്താവ് ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതും, ഭര്‍തൃവീട്ടുകാരെ അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോയതിലുള്ള അതൃപ്തിയുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദമാണ് 498-എ പ്രകാരമുള്ള ശിക്ഷയ്ക്ക് കാരണമായതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ആരോപണങ്ങള്‍ സംശയരഹിതമായി തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് ആവര്‍ത്തിച്ചു. പ്രത്യേകിച്ച് ഐപിസി 498-എ വകുപ്പ് ഉള്‍പ്പെടുന്ന കേസുകളില്‍, നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പ്രതിക്കല്ല. വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും കണ്ടെത്തലുകള്‍ പ്രകാരം, പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലും വിസ ലഭിക്കാത്തതിനാലും യുവതിക്ക് ഭര്‍ത്താവിനൊപ്പം മസ്‌കറ്റിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. സാഹചര്യ തെളിവുകളുടെ അഭാവത്തില്‍, മരിച്ചയാളോട് പതിമൂന്ന് ദിവസത്തേക്ക് ആശയവിനിമയം നടത്താതിരുന്നത് കൊണ്ടുമാത്രം ഈ കേസില്‍ ക്രൂരതയുടെ പരിധിയില്‍ പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

by Midhun HP News | Jun 5, 2026 | Latest News, കേരളം
കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോടു നടത്തിയ പരിശോധനയില്‍ മയക്കു മരുന്നുമായി രണ്ടുപേര്‍ പിടിയിലായി. കോഴിക്കോട് നൈനാം വളപ്പില്‍ അബ്ബാസ് (44), കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി സക്കീര്‍ (31) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 50.990 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
അരക്കിണര്‍ ഭാഗത്ത് കാറില്‍ കടത്തുമ്പോഴായിരുന്നു ഇവര്‍ പിടിയിലാകുന്നത്. ബംഗളൂരുവില്‍നിന്നും കാറില്‍ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരുവിലെ ലഹരിമരുന്നിന്റെ ഉറവിടവും കോഴിക്കോട് ഇത് ആര്‍ക്കെല്ലാമാണ് വില്‍പന നടത്തുന്നത് എന്നും അന്വേ,ിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം നഗരത്തില്‍ കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്. വിദ്യാലയങ്ങള്‍ തുറന്നതിനു പിന്നാലെ, രാത്രി- പകല്‍ വ്യത്യാസമില്ലാതെ പരിശോധന ഊര്‍ജ്ജിതമാക്കിയതോടെ, സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

by Midhun HP News | Jun 5, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ മഴ അതിതീവ്രമാകും. വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

by Midhun HP News | Jun 5, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ജീവനൊടുക്കിയ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത 19 വയസ്സുകാരിയായ വിദ്യാർഥിനിയുടെ കുറിപ്പാണ് കണ്ടെടുത്തത്. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലെ ആകാംക്ഷ ചതുർവേദി മെയ് 20 നാണ് ജീവനൊടുക്കിയത്. വീണ്ടും പരീക്ഷ എഴുതാനുള്ള ധൈര്യം തനിക്കില്ലെന്ന് വ്യക്തമാക്കിയാണ് കുട്ടി ജീവനൊടുക്കിയത്.
‘അമ്മേ, അച്ഛാ.. നിങ്ങളുടെ മകൾ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാനുള്ള ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു. വീണ്ടും പരീക്ഷ എഴുതിയാൽ എനിക്ക് നന്നായി എഴുതാൻ പറ്റുമെന്ന് ഒരു ഉറപ്പുമില്ല. വീണ്ടും എഴുതിയാൽ വിജയിക്കുമെന്നും ഉറപ്പില്ല. എന്നോട് ക്ഷമിക്കൂ’’ – കത്തിൽ ആകാംക്ഷ കുറിച്ചു.
മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളായിരുന്നു ആകാംക്ഷയും. എന്നാൽ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് മേയ് 12ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കി. ജൂൺ 21ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പരീക്ഷ റദ്ദാക്കിയതോടെ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത വിഷാദത്തിലായിരുന്നു. ഭക്ഷണം പോലും കഴിക്കാതായെന്ന് ബന്ധുക്കൾ പറഞ്ഞു.
പരീക്ഷയിൽ ഏകദേശം 650 മാർക്ക് വരെ ആകാംക്ഷ പ്രതീക്ഷിച്ചിരുന്നതായി വീട്ടുകാർ വ്യക്തമാക്കി. രണ്ടു വർഷമായി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്കുള്ള കഠിന പരിശീലനത്തിലായിരുന്നു കുട്ടി. മധ്യപ്രദേശിലെ മൗഗഞ്ച് സ്വദേശികളാണെങ്കിലും കുടുംബം മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് താമസിച്ചിരുന്നത്. കർഷകനായ പിതാവ് കൃഷ്ണകുമാർ ചൗബെ മകളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനായി പാചകത്തൊഴിലാളിയായും ജോലി ചെയ്തിരുന്നു.
മകളുടെ എൻട്രൻസ് തയ്യാറെടുപ്പുകൾക്കായി കൃഷ്ണകുമാർ ചൗബെ കിസാൻ ക്രെഡിറ്റ് കാർഡ് വഴി മൂന്നു ലക്ഷം രൂപ വായ്പയും എടുത്തിരുന്നു. മെയ് 20 ന് നാഗ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആകാംക്ഷയുടെ ആത്മഹതായക്കുറിപ്പ് കഴിഞ്ഞദിവസമാണ് മാതാപിതാക്കൾ കണ്ടെടുത്തത്. ഇത്തവണ മകൾക്ക് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കുടുംബം. നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്താകെ ആറു കുട്ടികളാണ് ജീവനൊടുക്കിയത്. ആകാംക്ഷയുടേത് ആത്മഹത്യയല്ല, മോദിയുടെ കീഴിൽ തകർന്ന, അഴിമതി നിറഞ്ഞ സംവിധാനങ്ങളുടെ പ്രത്യാഘാതമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
by Midhun HP News | Jun 5, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി ബിജെപി ദേശീയ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് അണ്ണാമലൈ വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, അതിന് തൊട്ടുമുമ്പാണ് ബിജെപിയുടെ നിര്‍ണായകനീക്കം ഉണ്ടായത്.
നാല്പത്തിയൊന്നുകാരനായ അണ്ണാമലൈ ഡല്‍ഹിയിലെത്തി ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ നിതിന്‍ നവിനുമായി കൂടിക്കാഴ്ച നടത്തുകയും, പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമിത് ഷാ, ബി.എല്‍. സന്തോഷ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

തമിഴ്‌നാട്ടിലെ ബിജെപിയുടെ ശ്രദ്ധേയമുഖമായിരുന്നു അണ്ണാമലൈ. ബിജെപിക്കായി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
Recent Comments