by Midhun HP News | Jun 5, 2026 | Latest News, കേരളം
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ അവധിയില്‍ സ്വകാര്യത സൂക്ഷിക്കാന്‍ കര്‍ശന മാനദണ്ഡവും സര്‍ക്കാര്‍ ആശുപത്രികളുടെ വര്‍ഷം തോറുമുള്ള സാക്ഷിപത്രവും അവധിക്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസറായ കെ പ്രതിഭ കത്ത് നല്‍കി.
ആര്‍ത്തവ സമയത്ത് കടുത്ത മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഓരോ വര്‍ഷവും സര്‍ക്കാര്‍ വനിത ഡോക്ടറുടെ സാക്ഷിപത്രത്തിന്റെ അടിസ്ഥാനത്തില്‍ അവധി നല്‍കണം, അവധി വിഷയത്തില്‍ സ്‌കൂളില്‍ നടപടി സ്വീകരിക്കേണ്ടത് വനിത അധ്യാപികയാണെന്ന് ഉറപ്പാക്കണം.
ക്ലാസിലെ പ്രഥമ അധ്യാപകനും സ്‌കൂള്‍ പ്രിന്‍സിപ്പലോ പുരുഷനാണെങ്കില്‍ ഓരോ ക്ലാസിലെയും സാങ്കേതികത്വം കണക്കിലെടുത്ത് സ്ഥാപനത്തിലെ ആര്‍ത്തവ അവധിയില്‍ തീരുമാനമെടുക്കാന്‍ ഒരുവനിത അധ്യാപികയെ സ്‌കൂളില്‍ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തണം. അവധി ദുരൂപയോഗം ചെയ്യപ്പെടാതെ നോക്കേണ്ടത് പ്രധാന ഉത്തരവാദിത്വമാണ്. ആര്‍ത്തവ സമയത്ത് സ്‌കൂളില്‍ എത്തി ശാരീരിക മാനസിക ബുദ്ധിമുട്ട് ഇല്ലാതെ പഠിക്കുവാന്‍ കഴിയുന്നവര്‍ക്ക് അവധിയുടെ ആവശ്യമില്ല.
അവധി ആവശ്യമായി വരാത്ത പെണ്‍കുട്ടികള്‍ക്കും അവധി സ്വാതന്ത്ര്യം നല്‍കിയാല്‍ അവധി ദുരുപയോഗപ്പെടുകയും അതുമായി ബന്ധപ്പെട്ട് മറ്റ് പല പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ആര്‍ത്തവ അവധി എടുക്കുന്ന കുട്ടികള്‍ പ്രസ്തുത സമയത്ത് രക്ഷാകര്‍ത്താക്കളുടെ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ സംരക്ഷണയില്‍ ഉണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണമെന്നുള്ള ആവശ്യവും ഡോ. പ്രതിഭയുടെ കത്തിലുണ്ട്.

by Midhun HP News | Jun 5, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. 1,14,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 14,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 114480 രൂപയായിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയിലാണ് ലോകം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവില ഗണ്യമായി വര്‍ധിച്ചിരുന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 97 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jun 4, 2026 | Latest News, കേരളം
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 4 മുതല്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ 8 വരെ തീയതികളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (04/06/2026) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ 05/06/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.
മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ വരെ, കൊങ്കണ്‍-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തി (Trough) രൂപപ്പെട്ടിരിക്കുന്നു.
തെക്കന്‍ തെലങ്കാനയ്ക്കും അതിനോട് ചേര്‍ന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.

by Midhun HP News | Jun 4, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം മണ്ണന്തല ഹസീന കൊലപാതകത്തിൽ ഭർത്താവ് സുരേഷ് മരിച്ച നിലയിൽ. തമിഴ്നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. മൃതദേഹം ചിദംബരം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. തന്റെ ഫോൺ കിള്ളിപ്പാലത്ത് കൊടുത്ത ശേഷം കാർ ബാലരാമപുരത്ത് ഇട്ടു, ശേഷം ട്രെയിൻ കയറി തമിഴ്‌നാട്ടിലേക്ക് കടന്നതാകാമെന്ന് പൊലീസ് അറിയിച്ചു. മകളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സുരേഷ് കാറിൽ രക്ഷപ്പെടുകയായിരുന്നു.
നാലാഞ്ചിറ മഠത്തുനട കെ.ആർ.എ. 158 തിരുപ്പതി ഭവനിൽ വാടകയ്ക്കു താമസിക്കുന്ന ഹസീന(36)യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട ഇവരുടെ ഭർത്താവ് സുരേഷി(46)നുവേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെ 5.45-നാണ് സംഭവം. ഹസീനയും സുരേഷും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായി.
ഒരാഴ്ചയായി ഹസീനയെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച് സുരേഷ് മണ്ണന്തല പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച തിരികെയെത്തിയ ഹസീന സുഹൃത്തിന്റെ വീട്ടിലായിരുന്നെന്നാണ് പറഞ്ഞത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. മണ്ണന്തല പോലീസ് ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുനയിപ്പിച്ച് വിട്ടു. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ഇരുവരും വഴക്ക് തുടർന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊലപാതകം നേരിൽക്കണ്ട ഇവരുടെ മൂത്തമകൾ അമൃതാ സുരേഷാണ് ഫോണിൽ വിളിച്ച് മണ്ണന്തല പോലീസിനെ വിവരം അറിയിച്ചത്. കൊലപാതകത്തിനുശേഷം കത്തി കുളിമുറിയിൽ കൊണ്ടുപോയി കഴുകിയശേഷം സുരേഷ് കാറിൽ കടന്നുകളയുകയായിരുന്നു. ഹസീനയും സുരേഷും ഇവരുടെ നാലു മക്കളും ബന്ധുവായ സ്ത്രീയ്ക്കൊപ്പം അഞ്ചുമാസം മുൻപാണ് ഈ വീട്ടിൽ താമസിക്കാൻ എത്തിയത്.
കൊലപാതകശേഷം ഒളിവിൽപ്പോയ സുരേഷിനെ കണ്ടെത്തുന്നതിനായി സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽഫോൺ കിള്ളിപ്പാലം ഭാഗത്തുനിന്നു കണ്ടെത്തിയിരുന്നു. മകളോട് ഫോണിൽ ബന്ധപ്പെട്ട് താനും ആത്മഹത്യചെയ്യുമെന്ന് സുരേഷ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

by Midhun HP News | Jun 4, 2026 | Latest News, കേരളം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അവഗണനയാണ് രോഗിയുടെ മുറിവിൽ പുഴുവരിക്കാൻ കാരണമായതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനോ, വീണ്ടും ഡ്രസ് ചെയ്യാനോ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അടിയന്തിര നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി വീണ്ടും ഒരു ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിന് കഴിഞ്ഞ മാസം 28-നാണ് ബൈക്ക് അപകടത്തിൽ പരിക്കേൽക്കുന്നത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ കാലിൽ കമ്പിയിടാൻ ശസ്ത്രക്രിയ നടത്തിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് ദിവസത്തോളം ഐസിയുവിലായിരുന്ന രാജേന്ദ്ര പ്രസാദിനെ പിന്നീട് ജനറൽ വാർഡിലേക്ക് മാറ്റി. വാർഡിലേക്ക് മാറ്റിയ ശേഷമാണ് കാലിലെ മുറിവിൽ പുഴുവരിക്കുന്നത് ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. രോഗി വേദന കൊണ്ട് പുളഞ്ഞിട്ടും വാർഡിലെ ജീവനക്കാർ അത് കാര്യമാക്കിയില്ലെന്നും രാത്രി ഏഴുമണി വരെ ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു. ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വെച്ചതിനെ തുടർന്ന് മാത്രമാണ് രോഗിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായത്.
സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ വിഷയത്തിൽ നേരിട്ട് ഇടപെടുകയും അടിയന്തിരമായി അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, ഓർത്തോ-സർജിക്കൽ വിഭാഗം മേധാവികൾ (HOD) എന്നിവരടങ്ങിയ കമ്മിറ്റിയോടാണ് 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടത്. ഈ സമിതി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ ഡ്യൂട്ടി ഡോക്ടർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

Recent Comments