ഇനി 15 വയസ് കഴിഞ്ഞാല്‍ ബിസിനസ് തുടങ്ങാം, പുതിയ വാണിജ്യ നിയമവുമായി സൗദി അറേബ്യ

ഇനി 15 വയസ് കഴിഞ്ഞാല്‍ ബിസിനസ് തുടങ്ങാം, പുതിയ വാണിജ്യ നിയമവുമായി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയില്‍ ഇനി 15 വയസ് കഴിഞ്ഞ സ്വദേശികള്‍ക്ക് ബിസിനസ് ചെയ്യാം. പുതിയ വാണിജ്യ നിയമത്തിലെ ഈ ഇളവുകള്‍ മന്ത്രിസഭാ അംഗീകരിച്ചു. രക്ഷിതാവിന്റെയോ ലീഗല്‍ കസ്റ്റോഡിയന്റെയോ മുന്‍കൂര്‍ അനുമതിയോടെ ബിസിനസിലേക്ക് കടക്കാം. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസങ്ങള്‍ക്ക് ശേഷം ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബിയാണ് പുതിയ മാറ്റങ്ങള്‍ വിശദീകരിച്ചത്.

വാണിജ്യ വില്‍പ്പന, വിതരണ വില്‍പ്പന, ബ്രോക്കറേജ്, വാണിജ്യ ഏജന്‍സി എന്നിവയുള്‍പ്പെടെയുള്ള വാണിജ്യ കരാറുകളുടെ വിവിധ വശങ്ങളെ ഈ നിയമം നിയന്ത്രിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സിവില്‍ ട്രാസാക്ഷന്‍ നിയമത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഈ നിയമം, വാണിജ്യത്തിനും നിക്ഷേപത്തിനും കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് നിലവിലുള്ള മൂന്ന് പഴയ വാണിജ്യ നിയമങ്ങള്‍ റദ്ദാക്കിയാണ് 271 വകുപ്പുകളുള്ള പുതിയ നിയമം കൊണ്ടുവരുന്നത്. സൗദിയിലെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ പരിഷ്‌കാരം സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കച്ചവട കരാറുകള്‍, സപ്ലൈ, ഏജന്‍സി ഇടപാടുകള്‍, ചെക്കുകള്‍ തുടങ്ങി വാണിജ്യ രംഗത്തെ ഒട്ടുമിക്ക മേഖലകളും പുതിയ നിയമത്തിന്റെ പരിധിയില്‍ വരും.

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും. രാവിലെ 10 നാണ് ബുക്കിങ്ങ് ആരംഭിക്കുന്നത്. വെബ്‌സൈറ്റ് www.sabarimalaonline.org.

സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂവിലും 14,000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദിവസവും ദര്‍ശനം നടത്താം. ഹൈക്കോടതി നിര്‍ദേശം ഉള്ളതിനാല്‍ പമ്പയില്‍ സ്‌പോട്ട് ബുക്കിങ് ഇല്ല.

വെര്‍ച്വല്‍ ബുക്കിങ് സൗജന്യമാണ്. ഭക്തര്‍ക്ക് പില്‍ഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വപരിപാലനത്തിന് ജനറല്‍ ഫണ്ടിലേക്കും 5 രൂപ മുതല്‍ എത്ര തുകയും സംഭാവന നല്‍കാം. എന്നാല്‍ ഇതു നിര്‍ബന്ധമല്ല.

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 480 രൂപയാണ് കൂടിയത്. 1,05,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് വര്‍ധിച്ചത്. 13,195 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപ ഇടിഞ്ഞ ശേഷം കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില കൂടുന്നത് പണപ്പെരുപ്പനിരക്ക് ഉയരാന്‍ ഇടയാക്കും. അങ്ങനെയെങ്കില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സ്വീകരിക്കാന്‍ പോകുന്ന നടപടിയാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് ഉടന്‍ തന്നെ പലിശനിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത, അര്‍ണബ് കരതൊട്ടു, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി, അതീവ ജാഗ്രത

മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത, അര്‍ണബ് കരതൊട്ടു, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി, അതീവ ജാഗ്രത

ഭുവനേശ്വര്‍: അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതായും ഇത് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

യാനത്തിന് തെക്ക് ഭാഗത്തായി, ബാപറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാ തീരത്ത് അതിതീവ്ര അര്‍ണബ കരതൊട്ടത്. മണിക്കൂറില്‍ 125-135 കിലോമീറ്റര്‍ വേഗതയില്‍ സ്ഥിരമായി വീശിയടിച്ച കാറ്റിന്, 150 കിലോമീറ്റര്‍ വരെ വേഗതയില്‍ ആഞ്ഞടിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ പൂര്‍ത്തിയായത്.

കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശ ആന്ധ്രാ, യാനം, തെക്കന്‍ ഒഡീഷയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്. മേഖലയില്‍ കനത്ത ജാഗ്രത മുന്നറിയിപ്പുണ്ട്. ആന്ധ്രയില്‍ 2199 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഇതിനകം 1351 ഗര്‍ഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 12 എന്‍ഡിആര്‍എഫ് സംഘങ്ങളെയും 10 എസ്ഡിആര്‍എഫ് സംഘങ്ങളെയും വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി. അന്‍പതിലധികം ട്രെയിനുകള്‍ റദ്ദാക്കി. സൗത്ത് കോസ്റ്റ് റെയില്‍വേ 24 ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 22 ട്രെയിനുകളുമാണ് റദ്ദാക്കിയത്. 600 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. വിജയവാഡ, വിശാഖപട്ടണം വിമാനത്താവളങ്ങളില്‍ നിന്നുള്ള 21 വിമാനങ്ങള്‍ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ബുധനാഴ്ച വിജയവാഡയില്‍ നിന്നുള്ള 15 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

ഒഡിഷയിലെ 30 ജില്ലകളില്‍ 16 ഇടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. 48000 പേരെ മാറ്റിപ്പാര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ മുപ്പതിനായിരത്തിലധികം പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 135 സ്ഥിരം ക്യാംപുകളും 1600 താത്കാലിക ക്യാപുകളും സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ്.

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; ജാമ്യത്തെ എതിർത്ത് പൊലീസ്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; ജാമ്യത്തെ എതിർത്ത് പൊലീസ്

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാന്‍ഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. സാക്ഷി മൊഴി ഇനിയും രേഖപ്പെടുത്താനുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാ​ഗം ആവശ്യപ്പെട്ടത്. എന്നാൽ പുതിയ സിസിടിവി ദൃശ്യങ്ങളും പുതിയ തെളിവുകളും ലഭ്യമായ സാഹചര്യത്തിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. പ്രതികൾ സാമ്പത്തികശേഷി ഉള്ളവരായതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചേക്കും.

മുഖ്യപ്രതിയായ 19 കാരന്‍ സുഹൈല്‍ സജീവിനെ വെട്ടിലാക്കി, കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദ സന്ദേശം ലഭിച്ചതും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അപകടം നടന്നശേഷം രാവിലെ 9.25 ന് ജോയല്‍ സുഹൃത്തിന് അയച്ച ശബ്ദസന്ദേശമാണ് പുറത്തു വന്നത്. മദ്യപിച്ച് വാഹനം ഓടിച്ചത് വ്യക്തമാക്കുന്നതാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം

‘ബാറില്‍ പോയി മദ്യപിച്ചു. നേരത്തെ മദ്യപിച്ചതിന് പുറത്താണ് കഴിച്ചത്. ഞാനും അടിച്ചു ഒരു ബിയര്‍. തിരിച്ചുവരുന്ന വഴി ഭയങ്കര സ്പീഡിനാണ് വണ്ടി ഓടിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ചു, മൂന്നുപേരും തെറിച്ചുവീണു. നിനവ് ആണ് എന്നോടും അമീനോടും വിട്ടോളാന്‍ പറഞ്ഞത്. മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു. ഓ.. ആ വിറയല്‍ മാറിയിട്ടില്ല. ആ സുഹൈല്‍ പറയുകയാണ് ബാപ്പ നോക്കിക്കോളുമെന്ന്. നാട്ടുകാര്‍ അതു കേട്ടിട്ട് ഇടി കൊടുത്തു. നിനവിനും കിട്ടി ഇടി’ എന്നാണ് ജോയല്‍ ശബ്ദസന്ദേശത്തില്‍ പറയുന്നത്.

കേസില്‍ സുഹൈല്‍ സജീവ്, നിനവ്, അമീന്‍ എന്നിവരാണ് പ്രതികളായിട്ടുള്ളത്. ഒക്ടോബര്‍ 11 ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി അത്താണി സിഗ്‌നലിനു സമീപം അപകടമുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന്‍ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴി പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്.