by Midhun HP News | Aug 14, 2026 | Latest News, കേരളം
തിരുവനന്തപുരം: ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ജാര്‍ഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളില്‍ തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളില്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശക്തി കൂടിയ ന്യൂനമര്‍ദമായി ആയി ദുര്‍ബലപ്പെടാന്‍ സാധ്യത.
തല്‍ഫലമായി കേരളത്തില്‍ 2026 ആഗസ്റ്റ് 14 മുതല്‍ 18 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും, ആഗസ്റ്റ് 14ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Aug 14, 2026 | Latest News, കേരളം
ശബരിമല: ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിയിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പുലർച്ചെ അഞ്ചുമണിക്കാണ് ഭക്തർക്കായി ദർശനം ആരംഭിക്കുന്നത്. ചിങ്ങം ഒന്നിന് രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുന്നതിനുള്ള ‘ഉൾക്കഴകം’ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.

ചിങ്ങം 1 മുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ ഉണ്ടായിരിക്കും. അഞ്ചു ദിവസത്തെ ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് തിരുവോണ പൂജകൾക്കായി ആഗസ്റ്റ് 24-ന് വൈകിട്ട് ശബരിമല നട വീണ്ടും തുറക്കും. ചിങ്ങ മാസ പൂജകൾക്കായി ശബരിമലയിൽ എത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റായ www.sabarimalaonline.org വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.


by Midhun HP News | Aug 14, 2026 | Latest News, കേരളം
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസർവോയറിലേക്ക് ഓഫ്‌റോഡ് ജീപ്പ് ഇറക്കി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. വാഹവും മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഇരുമ്പകച്ചോല മേഖലയിലാണ് ജീപ്പ് റിസർവോയറിലേക്ക് ഇറക്കി വെള്ളത്തിലൂടെ ഓടിച്ചത്.

ജീപ്പ് അപകടകരമായ രീതിയിൽ വെള്ളത്തിലൂടെ പായുന്നതിന്റെയും വാഹനത്തിന്റെ മുകളിൽ കയറിനിന്ന് ഒരു യുവാവ് റിസർവോയറിലേക്ക് എടുത്തുചാടുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജീപ്പ് കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡാമിലേക്കും പരിസരങ്ങളിലേക്കും അതിക്രമിച്ചു കടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം കാറ്റിൽപ്പറത്തിയാണ് ആളുകൾ റിസർവോയറിലേക്ക് എത്തുന്നത്. വിനോദത്തിനും സമൂഹമാധ്യമങ്ങളിലെ റീൽസ് ചിത്രീകരണങ്ങൾക്കുമായി അപകടകരമായ രീതിയിൽ വെള്ളത്തിലിറങ്ങുന്നത് ഈ മേഖലകളിൽ പതിവായിരിക്കുകയാണ്.
ഇരുമ്പകച്ചോല, ചപ്പാത്ത്, വെള്ളത്തോട്, കൊർണ്ണക്കുന്ന് തുടങ്ങിയ മേഖലകളിലേക്കാണ് പ്രധാനമായും ആളുകൾ കൂട്ടത്തോടെ എത്തുന്നത്. ചതിക്കുഴികളും ചെളിയും മണ്ണും അടിഞ്ഞുകൂടിയ റിസർവോയറിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ താഴ്ന്നുപോകാനും ആളുകൾ അപകടത്തിൽപ്പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അപകടസാധ്യത അവഗണിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.


by Midhun HP News | Aug 14, 2026 | Latest News, കേരളം
കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത ഗതാഗതക്കുരുക്ക്. റോഡുകളിൽ വാഹനത്തിരക്ക് ഉയർന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ള വാണിജ്യ വാഹന ഡ്രൈവർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ 75 പുതിയ ട്രാഫിക് വാർഡൻമാരെ സിറ്റി പൊലീസും റോട്ടറി കാലിക്കറ്റ് ഈസ്റ്റും ചേർന്ന് രംഗത്തിറക്കിയെങ്കിലും ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമൊന്നുമുണ്ടായിട്ടില്ല.

എരഞ്ഞിപ്പാലം, കോഴിക്കോട് ബീച്ച്, സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയ്ക്ക് സമീപം രാവിലെയും വൈകുന്നേരവും ട്രാഫിക് വാർഡൻമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് പ്രധാന വില്ലനാകുന്നത്. എരഞ്ഞിപ്പാലം ജങ്ഷനിലെയും സിഎച്ച് ഫ്ലൈഓവറിലെയും ഇടുങ്ങിയ റോഡുകൾ, കൃത്യമായ ലെയ്ൻ മാർക്കിംഗുകളുടെ കുറവ്, അനിയന്ത്രിതമായ ഫ്രീ-ലെഫ്റ്റുകൾ എന്നിവയാണ് കുരുക്കിന് ആക്കം കൂട്ടുന്നതെന്ന് എൻഐടി കാലിക്കറ്റിന്റെ പഠനവും വ്യക്തമാക്കുന്നു.
തുടർച്ചയായ ഗതാഗതക്കുരുക്ക് കാരണം ഓട്ടോ ഡ്രൈവർമാർ നേരിടുന്ന നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഓട്ടോ ഡ്രൈവർ നാസർ പെരുമണ്ണ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പും ചർച്ചയായിട്ടുണ്ട്. 30 രൂപയുടെ ചെറിയ ട്രിപ്പുകൾക്ക് പോലും വാഹനം എഞ്ചിൻ ഓഫ് ചെയ്യാതെ കുരുക്കിൽ കിടക്കുന്നതിലൂടെ 20 രൂപയോളം ഇന്ധനച്ചെലവ് വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നഗരത്തിൽ എത്തുന്നവരിൽ 70 ശതമാനവും സ്വന്തം കാറുകളിലാണ് വരുന്നത്. കൂടാതെ പെർമിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം 4,337-ൽ നിന്ന് 7,500 ഓളമായി ഉയർന്നതും കുരുക്ക് കൂട്ടുന്നു.

ഓണക്കാലത്ത് ഒറ്റ യാത്രക്കാറുള്ള സ്വകാര്യ കാറുകൾക്ക് നഗരത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തണമെന്നും എലത്തൂർ, കല്ലായി തുടങ്ങിയ എൻട്രി പോയിന്റുകളിൽ ട്രാഫിക് നിയന്ത്രണം കർശനമാക്കണമെന്നും ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെടുന്നു. നഗരത്തിലെ വാഹനസാന്ദ്രത വളരെ ഉയർന്നതാണെന്ന് സമ്മതിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എപി ഷൗക്കത്തലി, ഓണം തിരക്ക് നിയന്ത്രിക്കാൻ പൊതുജനങ്ങൾ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ഒരളുടെ സഞ്ചാരത്തിന് മാത്രമായി കാറുമായി നഗരത്തിലേക്കുള്ള യാത്ര കുറയ്ക്കണമെന്നും അഭ്യർത്ഥിച്ചു.

by Midhun HP News | Aug 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പതിവായി പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിച്ചില്ല. മെഡലിന് അർഹരായവരുടെ പട്ടികയിൽ കൃത്യസമയത്ത് പരിശോധന പൂർത്തിയാക്കാത്തതാണ് പ്രഖ്യാപനം മുടങ്ങാൻ കാരണം. സംഭവത്തിൽ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് സൂചന.
മാർച്ച് മാസത്തിൽ തന്നെ പൊലീസ് ആസ്ഥാനത്തുനിന്ന് മെഡലുകൾക്ക് അർഹരായ ഉദ്യോഗസ്ഥരുടെ ശുപാർശ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ സമയബന്ധിതമായി പട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് നടപടി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. പട്ടികയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിനെ തുടർന്ന് ഇത് തിരിച്ചയച്ചെങ്കിലും പിന്നീട് തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പട്ടിക അന്തിമമായി പരിശോധിച്ച് അംഗീകാരം നൽകുന്നതിനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം ഓഗസ്റ്റ് 20-നാണ് ചേരുന്നത്. കേരളപ്പിറവി ദിനമായ നവംബർ 1-ന് മെഡലുകൾ വിതരണം ചെയ്യും.



Recent Comments