by Midhun HP News | Jun 1, 2026 | Latest News, കേരളം
തിരുവനന്തപുരം: വി സീറാം സാബശിവറാവു ഐഎഎസിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. നിലവില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സീറാം സാബശിവറാവുവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കുറേക്കാലമായി ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു എക്‌സൈസ് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ ഐഎഎസ് കേഡറായ എക്‌സൈസ് കമ്മീഷണര്‍ പദവിയില്‍, ഐഎഎസുകാരായ ഉദ്യോഗസ്ഥരെ തന്നെ നിയമിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എഡിജിപി എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മീഷണറായിരിക്കെയാണ്, നിയമനം ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചത്.
ഐഎംജി ഡയറക്ടര്‍, കില ഡയറക്ടര്‍ തുടങ്ങിയവയും ഐഎഎസ് കേഡറാണ്. ഇത്തരം പദവികളില്‍ ഐഎഎസ് ഉദ്യോഗസ്ഥരല്ലാതെ, മറ്റു കേഡർ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് മുന്‍ കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

by Midhun HP News | Jun 1, 2026 | Latest News, കേരളം
തിരുവനന്തപുരം: മില്‍മ പാലിന്റെ വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുന്നത്. ഇതില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും.
ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ നിലനിര്‍ത്തുന്നതിന് വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. നിലവിലുള്ള പാല്‍ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പഴയ വില അതില്‍ അച്ചടിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. പാലിന് മാത്രമല്ല തൈരിനും വില കൂട്ടിയിട്ടുണ്ട്.

by Midhun HP News | Jun 1, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ഇന്നത്തെ ഉയര്‍ന്ന നിലയില്‍ നിന്ന് ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.
അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് തുടരുന്നതും എണ്ണവിലയുടെ വര്‍ധനയുമാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ 21,106 കോടിയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചത് പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയില്‍ എണ്ണവില വര്‍ധിച്ചിട്ടുണ്ട്. ഇന്ന് 2.50 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 93 ഡോളറിന് മുകളിലാണ്.
എണ്ണവിലയിലുണ്ടായ വര്‍ധന ഇന്ത്യന്‍ രൂപയിലും പ്രതിഫലിച്ചിട്ടുണ്ട്. ഡോളറിനെതിരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 94.94 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്. പ്രധാനമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഓഹരികളാണ് നഷ്ടം നേരിടുന്നത്.

by Midhun HP News | Jun 1, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ അടങ്ങുകയും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തതോടെ, മുന്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി. തെരഞ്ഞെടുപ്പിന് മുമ്പും ഇത്തരം അഭ്യൂഹങ്ങള്‍ അങ്ങിങ്ങായി ഉയര്‍ന്ന് കേട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലാണ് പുതിയ പാര്‍ട്ടി സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നിട്ടുള്ളത്.
എക്‌സ് പ്ലാറ്റ്ഫോമില്‍ അണ്ണാമലൈയുടെ നിരവധി അനുയായികള്‍ പാര്‍ട്ടിയുടെ പേരും കൊടിയുടെ ഡിസൈനും ഒക്കെ പങ്കുവെക്കുന്നുണ്ട്. ജൂണ്‍ മാസത്തില്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ചിലരുടെ അവകാശവാദം.
അണ്ണാമലൈയുടെ അടുത്തകാലത്തെ ചില പരസ്യ നിലപാടുകളും ഈ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈ അധ്യയന വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ത്രിഭാഷാ നയം നടപ്പാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്’ പരിപാടിയെക്കുറിച്ച് കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതിരുന്നതും രാഷ്ട്രീയ നിരീക്ഷകരും അനുയായികളും ചൂണ്ടിക്കാണിക്കുന്നു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി എഐഎഡിഎംകെയുമായി സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബിജെപി തീരുമാനത്തില്‍ അണ്ണാമലൈ അതൃപ്തനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും പിന്നീട് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുകയും എന്‍ഡിഎയ്ക്ക് വേണ്ടി ശക്തമായി പ്രചാരണം നടത്തുകയും ചെയ്തു.
മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അണ്ണാമലൈ, 2021 ജൂലൈയിൽ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളിൽ ഒരാളായിരുന്നു; അന്ന് 37 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായംനിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയുമായുള്ള സഖ്യം ബി.ജെ.പി. ഔദ്യോഗികമായി പുനരുജ്ജീവിപ്പിച്ച 2025 വരെ അദ്ദേഹം ആ പദവിയിൽ വിജയകരമായി തുടർന്നു. നേരത്തെ 2023 സെപ്റ്റംബറിൽ ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം തകർന്നതിനുശേഷം എഐഎഡിഎംകെ നേതൃത്വത്തെ ഏറ്റവും ശക്തമായ ഭാഷയിൽ വിമർശിച്ച ബിജെപി നേതാക്കളിൽ ഒരാളായിരുന്നു അണ്ണാമലൈ എന്ന രാഷ്ട്രീയ വിലയിരുത്തലുകൾക്കിടയിലായിരുന്നു തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത പുറത്തുപോകൽ.
എന്നാൽ, രാഷ്ട്രീയ കേന്ദ്രങ്ങളിൽ പ്രചരിക്കുന്ന വിവിധ തരത്തിലുള്ള ഊഹാപോഹങ്ങളെ മുതിർന്ന ബിജെപി നേതാക്കളിലൊരാൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. അണ്ണാമലൈ ബിജെപി വിടുന്നതിനെക്കുറിച്ചോ പുതിയ പ്രാദേശിക പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള വാർത്തകളിൽ യാതൊരുവിധ വസ്തുതയുമില്ലെന്നും, പാർട്ടി ദേശീയ നേതൃത്വത്തിൽ അദ്ദേഹത്തിന് ഉടൻ തന്നെ ഒരു പ്രധാന ചുമതല നൽകാൻ സാധ്യതയുണ്ടെന്നുമാണ് ബിജെപി വൃത്തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കുന്നത്.

by Midhun HP News | Jun 1, 2026 | Latest News, കേരളം
കൊച്ചി: സിഎംആര്‍ എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസിലെ ഇഡി അന്വേഷണത്തില്‍ സ്റ്റേ ഇല്ല. ഇഡി അന്വേഷണത്തില്‍ സ്റ്റേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇഡിക്ക് അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അടിസ്ഥാനമായ കേസ് ഇല്ലാതെയാണ് ഇഡി സമന്‍സ് അയക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോയതെന്ന് സിഎംആര്‍എല്ലിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്ര പറഞ്ഞു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിച്ചു. രണ്ടു വര്‍ഷത്തോളം നീണ്ട കേസായതിനാല്‍ ഇനി വൈകിപ്പിക്കേണ്ടതില്ലെന്നും, ഇന്നു തന്നെ വിശദമായ വാദം കേള്‍ക്കാമെന്നും ഹൈക്കോടതി ഇരു കൂട്ടരെയും അറിയിച്ചു.
ഇന്നു തന്നെ വിശദമായ വാദം കേള്‍ക്കാമെന്ന് രണ്ടു കൂട്ടരും കോടതിയില്‍ സമ്മതിച്ചു. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരായത്. കേസിന്റെ വാദം പൂര്‍ത്തിയാകുന്നതു വരെ ഇഡി അന്വേഷണത്തില്‍ താല്‍ക്കാലിക സ്റ്റേ വേണമെന്ന സിഎംആര്‍എല്ലിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. നിലവിലെ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടുപോകാവുന്നതാണെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവനും, കെ വി ജയകുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Recent Comments