by Midhun HP News | Jun 1, 2026 | Latest News, ജില്ലാ വാർത്ത
യംഗ് മൈൻഡ് ഇൻറ്റർ നാഷണൽ ആറ്റിങ്ങൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ആറ്റിങ്ങൽ എൽ എം എസ് പ്രൈമറി സ്കൂളിന് അലമാര നൽകി.
അന്നേ ദിവസം ആലംകോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിന് പഠനോപകരണങ്ങളും സ്വീറ്റ്സും നൽകി.
ഇതിനോടൊപ്പം ആലംകോട് സ്ക്കൂളിന്റെ മുൻ വശത്തും, മെയിൽ റോഡിലും ട്രാഫിക് സുരക്ഷാ കോൺവെക്സ് മീററുകളും സ്ഥാപിച്ചു. വാർഡ് കൗൺസിലർ സന്തോഷ്, ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ, ഡിസ്ട്രിക്ട് ഗവർണർ സുരേഷ് കുമാർ, പി ടി എ പ്രസിഡന്റ് എസ് ജീവൻ ലാൽ, സ്ക്കൂൾ മാനേജർ Rev. ഫാദർ റോയ് മോൻ, ചെയർമാൻ ആറ്റിങ്ങൽ ഗോപൻ, ക്ലബ് ഭാരവാഹികൾ, വി എച്ച് എസ്സ് സി പ്രിൻസിപ്പൽ നിഷ, മറ്റ് റ്റീച്ചേഴ്സ് എന്നിവർ പങ്കെടുത്തു.

by Midhun HP News | Jun 1, 2026 | Latest News, കേരളം
അതിരപ്പിള്ളി: തൃശ്ശൂർ അതിരപ്പിള്ളിയിലെ മലയോര വനമേഖലയിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ കാട്ടാന വില്ലനായി എത്തിയതോടെ സുരക്ഷാ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ. അതിരപ്പിള്ളി സന്ദർശനത്തിനെത്തിയ മന്ത്രിയുടെ വാഹനം ചാർപ്പ ഭാഗത്തുവെച്ചാണ് അപ്രതീക്ഷിതമായി റോഡിന് നടുവിൽ നിലയുറപ്പിച്ച കാട്ടാനയുടെ മുന്നിൽ പെട്ടത്. കോശേരിയിൽ കാട്ടാനയുടെ അക്രമത്തിൽ ചവിട്ടേറ്റു മരിച്ച മോഹനന്റെ വീട് സന്ദർശിക്കുന്നതിനായി പോകുംവഴിയാണ് വനംവകുപ്പിന്റെ സ്വന്തം മന്ത്രിക്ക് തന്നെ കാട്ടാനയുടെ വക ‘അടിയന്തര പരിശോധന’ നേരിടേണ്ടി വന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെ വാഴച്ചാൽ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെയായിരുന്നു മന്ത്രിയുടെ വാഹനം കാട്ടാനയ്ക്ക് മുൻപിൽ പെട്ട് മിനിറ്റുകളോളം വഴിയിൽ കുടുങ്ങിയത്. കാട്ടിലെ രാജാവ് റോഡിൽ നിന്ന് മാറാൻ കൂട്ടാക്കാതിരുന്നതോടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരും മന്ത്രിയുടെ പൈലറ്റ് വാഹനങ്ങളും അതീവ ജാഗ്രതയിലായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പടക്കം പൊട്ടിച്ചും ഒച്ചവെച്ചും കാട്ടാനയെ തുരത്തിയ ശേഷമാണ് മന്ത്രിയുടെ വാഹനത്തിന് മുന്നോട്ട് പോകാൻ വഴി തെളിഞ്ഞത്.
പ്രധാനപ്പെട്ട ഒരു ആനത്താരയാണ് അതിരപ്പിള്ളി മേഖല. ഇതിലൂടെ ഒറ്റയാനായും കൂട്ടങ്ങളായും കാട്ടാനകൾ സ്ഥിരമായി റോഡ് മുറിച്ചുകടക്കാറുണ്ട്. ഈ റൂട്ടിലൂടെ കടന്നുപോകുന്ന സാധാരണക്കാരായ യാത്രക്കാർ പലപ്പോഴും അത്ഭുതകരമായ രീതിയിലാണ് കാട്ടാനകളുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടാറുള്ളത്. വനമേഖലയോട് ചേർന്നു കിടക്കുന്ന റോഡായതിനാൽ വന്യമൃഗശല്യം തടയുന്നതിനും രാത്രികാല യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പ് ജീവനക്കാരും ട്രാഫിക് പൊലീസും ഈ ഭാഗത്ത് കൂടുതൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

by Midhun HP News | Jun 1, 2026 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് തുടക്കമായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകളിലാണ് സ്ത്രീകള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.
സ്ത്രീ ശാക്തീകരണം വര്‍ദ്ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കും. പദ്ധതി 2026 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തിലാകുമെന്നും ഗതാഗത വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂ ആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

by Midhun HP News | Jun 1, 2026 | Latest News, ജില്ലാ വാർത്ത
അർജന്റീന – ബ്രസീൽ ആരാധകർ അഞ്ചുതെങ്ങ് ജെൻക്ഷനിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷനിലെ ഒരു കൂട്ടം യുവാക്കൾ സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.
ഇന്നലെ രാത്രിയോടെയായിരുന്നു ആരാധകരായ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ മുതലപ്പൊഴി – വർക്കല റോഡിൽ അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം എണ്ണായിരത്തോളം രൂപ ചിലവഴിച്ച് മെസ്സി, മറഡോണ, ഡീമരിയ, ദിബാല തുടങ്ങിയ താരങ്ങളുടെ ചിത്രം ഉൾപ്പെടുത്തി പടുകൂറ്റൻ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. ഇതാണ് രാവിലെയോടെ നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഇതിനടുത്തായി ബ്രസീൽ ആരാധകർ 2000 ത്തോളം രൂപ ചിലവഴിച്ചു സ്ഥാപിച്ച ബോർഡും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ ഉൾപ്പെട്ട യുവാക്കൾ കടൽപ്പണിക്ക് പോയി സ്വരൂപിച്ച പണമുപയോഗിച്ചായിരുന്നു ഫ്ലെക്സ് ബോർഡുകൾ തയ്യാറാക്കി സ്ഥാപിച്ചിരുന്നത്. സ്ഥലത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ബോർഡുകൾ തകർത്തതെന്ന് ആരോപിച്ചുകൊണ്ട് ജാക്സൻ, ആനോക്ക്, റ്റിജു, അലൻ, ജോയൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

by Midhun HP News | Jun 1, 2026 | Latest News, ദേശീയ വാർത്ത
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ മന്‍സി ഭര്‍തൃവീട്ടില്‍ നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിട്ടിരുന്നതായും മതിയായ സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. കാര്‍ വേണമെന്ന ആവശ്യത്തെച്ചൊല്ലി ഭര്‍ത്താവ് സാഗര്‍ രജ്പുതും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് മന്‍സിയെ കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്നും മന്‍സിയുടെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.
കാന്‍പൂര്‍ സ്വദേശിയായ മന്‍സിയും രജ്പുതും തമ്മിലുള്ള വിവാഹം 2024ലായിരുന്നു. രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. രജ്പുതിന് ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. വിവാഹസമയത്ത് തങ്ങള്‍ 7 ലക്ഷം രൂപയും മറ്റ് നിരവധി വീട്ടുപകരണങ്ങളും ‘സമ്മാനമായി’ നല്‍കിയിരുന്നതായി മന്‍സിയുടെ കുടുംബം അവകാശപ്പെട്ടു. എന്നാല്‍ രജ്പുതിന്റെ കുടുംബം ഇതില്‍ തൃപ്തരായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അവര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും പ്രത്യേകിച്ച് ഒരു കാര്‍ വേണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യമെന്നും മന്‍സിയുടെ കുടുംബം ആരോപിച്ചു. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് മന്‍സിയെ മാനസികമായ പീഡിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാതെ വന്നതോടെ മന്‍സി ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കിരയായതായും കുടുംബം ആരോപിക്കുന്നു. പീഡനവിവരങ്ങള്‍ മന്‍സി വീട്ടുകാരെ അറിയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുടുംബാംഗങ്ങള്‍ പലതവണ ലഖ്നൗവില്‍ എത്തി മധ്യസ്ഥത വഹിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രജ്പുതിനും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് അഞ്ച് അംഗങ്ങള്‍ക്കുമെതിരെ സ്ത്രീധന പീഡന മരണത്തിന് കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രജ്പുത് നിലവില്‍ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Recent Comments