by Midhun HP News | Jun 1, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് കായ്ക്കരയിലെ ജന്മഗൃഹം നിലനിന്നിരുന്ന തൊമ്മൻവിളാകത്തെ തറവാട് ഭൂമി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ തപസ്യ കലാസാഹിത്യ വേദി തിരുവനന്തപുരം ജില്ല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുമാരനാശാൻ സ്മൃതി യാത്രയുടെ ഭാഗമായാണ് സാഹിത്യ – സാംസ്കാരിക പ്രവർത്തകർ ദൃഡ പ്രതിജ്ഞ ചൊല്ലിയത്. പരിപാടിയിൽ അനുസ്മരണ പ്രഭാഷണം, കവി സദസ്സ്, കാവ്യാലാപനം തുടങ്ങിയവയ്ക്ക് സാഹിത്യ സാംസ്കാരിക പ്രവർത്തകർ നേതൃത്വം നൽകി.
തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിന്നും ആരംഭിച്ച് കവിയുടെ ജന്മസ്ഥലമായ കായിക്കരയിലാണ് സ്മൃതി യാത്ര സംഘടിപ്പിച്ചത്. സമാപന പരിപാടിയുടെ ഉദ്ഘാടനം തപസ്യ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി ജി ഹരിദാസ് നിർവ്വഹിച്ചു. സിനിമ സംഗീത സംവിധായകൻ ദർശൻ രാമൻ ആദ്യക്ഷത വഹിച്ച പരിപാടിയിൽ സാഹിത്യ സാംസ്കാരിക നായകന്മാരായ നെടുവട്ടം ഗോപാലകൃഷ്ണൻ, കാവാലം ശശികുമാർ അജയൻ കല്ലറ, കാര്യവട്ടം ശ്രീകണ്ഠൻ, ഭാവന രാധാകൃഷ്ണൻ, ബാലചന്ദ്രൻ, എ വി രാജേന്ദ്രൻ, ജി എൻ മഹേഷ്, വൃദ്ധവനം പാർത്ഥസാരഥി, കെ വി രാജേന്ദ്രൻ, മുക്കംപാലംമൂട് രാധാകൃഷ്ണൻ, അശോകൻ കായിക്കര, ബാബു കൃഷ്ണൻ, മഹേഷ്, ഭാരതന്നൂർ സോമശേഖരൻ, അരുൺ മണലൂർ, ബിപിൻ ചന്ദ്രപാൽ, കായിക്കര കുമാരനാശാൻ ജന്മഭൂമി സംരക്ഷണ സമിതി ഭാരവാഹികളായ വക്കം അജിത്, കടയ്ക്കാവൂർ അജയബോസ്, അഞ്ചുതെങ്ങ് സജൻ, ബൈജു, സാബു, സുനിൽ എസ് വി, ഷിബു കടയ്ക്കാവൂർ, സരള കായ്ക്കര, ഷീന എസ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു. തപസ്യ ജില്ലാ സെക്രട്ടറി സുജിത് ഭവാനന്ദൻ സ്വാഗതവും, വെള്ളനാട് മണികണ്ഠൻ നന്ദിയും പറഞ്ഞു.
കുമാരനാശാൻ പിറന്ന കായിക്കരയിലെ തൊമ്മൻ വിളാകം തറവാട് അവകാശികൾ ഇല്ലാതെ വർഷങ്ങളായി അനാഥമായി കിടക്കുകയായിരുന്നു. ഇവിടം കയ്യേറി സ്വകാര്യ മത്സ്യലേല ചന്ത നിർമ്മിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനെതിരെ നാട്ടുകാരും സാഹിത്യകാരന്മാരും കുടുംബക്കാരും ചേർന്ന് ഒരു സംരക്ഷണ സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തപസ്യയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി യാത്ര നടത്തിയത്.

by Midhun HP News | Jun 1, 2026 | Latest News, കായികം
ന്യൂഡല്‍ഹി: ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സീസണില്‍ അഞ്ച് പ്രധാന വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യ കളിക്കാരന്‍ എന്ന ബഹുമതി രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവംശിക്ക്. ഈ സീസണില്‍ ഒന്നടങ്കം തകര്‍പ്പന്‍ ഫോമിലായിരുന്നു സൂര്യവംശി.
രാജസ്ഥാന്‍ റോയല്‍സിന് ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും സൂര്യവംശിയുടെ പ്രകടനം ആരും മറക്കില്ല. 15-കാരനായ ഈ താരം എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍, സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍, ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ എന്നീ അവാര്‍ഡുകളാണ് സ്വന്തം പേരിലാക്കിയത്.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത് സൂര്യവംശിയാണ്. 776 റണ്‍സ് ആണ് സൂര്യവംശി അടിച്ചുകൂട്ടിയത്. 237.30 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റ് ആണ് മറ്റൊരു പ്രത്യേകത.
ഒരു ഐപിഎല്‍ സീസണില്‍ 59 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയ്ലിന്റെ ദീര്‍ഘകാലത്തെ റെക്കോര്‍ഡ് സൂര്യവംശി മറികടക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. 72 സിക്‌സുകളാണ് പറത്തിയത്.
ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിനാണ് ഓറഞ്ച് ക്യാപ് ലഭിച്ചത്. 237.30 എന്ന അസാധാരണമായ സ്‌ട്രൈക്ക് റേറ്റിനാണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അവാര്‍ഡ്. സീസണിലുടനീളം 72 തവണ പന്ത് അതിര്‍ത്തി കടത്തിയതിന് സൂപ്പര്‍ സിക്‌സസ് അവാര്‍ഡും കൗമാര താരം നേടി. ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യത്തെ അണ്‍ക്യാപ്പ്ഡ് (ദേശീയ ടീമില്‍ കളിക്കാത്ത) ബാറ്ററായി സൂര്യവംശി മാറി. കൂടാതെ ഒരു സീസണില്‍ ഒരു അണ്‍ക്യാപ്പ്ഡ് പ്ലെയര്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന യശസ്വി ജയ്സ്വാളിന്റെ റെക്കോര്‍ഡ് വലിയ മാര്‍ജിനില്‍ സൂര്യവംശി തകര്‍ത്തു.
എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 16 പന്തില്‍ നേടിയ മിന്നല്‍ അര്‍ധസെഞ്ച്വറി അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു. ഇത് ഒരു ഐപിഎല്‍ പ്ലേഓഫ് മത്സരത്തില്‍ നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമെത്തി. സീസണിന്റെ തുടക്കത്തില്‍ ഇതേ ടീമിനെതിരെ അദ്ദേഹം 36 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു, ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറിയാണ്.
നേരിട്ട പന്തുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 ഐപിഎല്‍ റണ്‍സ് തികയ്ക്കുന്ന കളിക്കാരനായും സൂര്യവംശി മാറി. വെറും 440 പന്തുകളില്‍ നിന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. ആന്ദ്രെ റസ്സലിന്റെ മുന്‍ റെക്കോര്‍ഡ് 105 പന്തുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹം മറികടന്നത്.

പവര്‍പ്ലേ ഓവറുകളായിരുന്നു സൂര്യവംശി ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ 776 റണ്‍സില്‍ 521 റണ്‍സും ആദ്യ ആറ് ഓവറുകളിലാണ് പിറന്നത്. ഒരു ഐപിഎല്‍ സീസണില്‍ ഈ ഘട്ടത്തില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. സൂര്യവംശിയുടെ സിക്‌സര്‍ കണക്കുകളിലും ചില പ്രത്യേകതകള്‍ ഉണ്ട്. 2012-ല്‍ ക്രിസ് ഗെയ്ലിന്റെ ഐതിഹാസികമായ 59 സിക്‌സുകളുടെ സീസണ്‍ 456 പന്തുകളില്‍ നിന്നാണ് വന്നത്. അതായത് ഓരോ 7.7 പന്തിലും ഒരു സിക്‌സ്. എന്നാല്‍ സൂര്യവംശി 327 പന്തുകളില്‍ നിന്നാണ് 72 സിക്‌സുകള്‍ പറത്തിയത്. അതായത് ഓരോ 4.5 പന്തിലും ഒരു തവണ വീതം അദ്ദേഹം പന്ത് അതിര്‍ത്തി കടത്തി.
by Midhun HP News | Jun 1, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചത് പശ്ചിമേഷ്യയിലെ എണ്ണ വിതരണത്തെ ബാധിച്ചേക്കുമെന്ന ഭീതിയില്‍ എണ്ണവില വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 93 ഡോളറിന് മുകളിലാണ്. ഇതടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jun 1, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പോര്‍ട്ടലില്‍ വീണ്ടും സാങ്കേതിക തകരാര്‍. ഇന്നുമുതല്‍ പുനര്‍മൂല്യനിര്‍ണയത്തിനുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്നാണ് സിബിഎസ്ഇ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതനുസരിച്ച് അപേക്ഷ നല്‍കാനായി ശ്രമിച്ചപ്പോള്‍ പോര്‍ട്ടല്‍ തുറക്കാന്‍ കഴിയുന്നില്ല എന്ന തരത്തില്‍ നിരവധി പരാതികളാണ് ഉയര്‍ന്നത്.
നേരത്തെയും സമാനമായ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിട്ടിരുന്നു. പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ലഭിക്കാനും അപേക്ഷിച്ചപ്പോഴാണ് വിദ്യാര്‍ഥികള്‍ സാങ്കേതിക തകരാര്‍ നേരിട്ടത്. പരീക്ഷയെഴുതിയ 17.68 ലക്ഷം പേരില്‍ നാലു ലക്ഷത്തിലേറെപ്പേര്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പ് പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ 11.31 ലക്ഷം ഉത്തരക്കടലാസുകളാണ് കൈമാറിയത്. പുനര്‍മൂല്യനിര്‍ണയം നടത്താന്‍ കൂട്ടത്തോടെ അപേക്ഷ വന്നാല്‍ പോര്‍ട്ടലിലെ പിഴവ് ആവര്‍ത്തിക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് പോര്‍ട്ടലിലെ ഇന്നത്തെ സാങ്കേതിക തകരാര്‍.
അതിനിടെ 12-ാം ക്ലാസ് പരീക്ഷ ഫല പ്രഖ്യാപനത്തില്‍ പിഴവ് സംഭവിച്ചതായി സിബിഎസ്ഇ ഒടുവില്‍ സമ്മതിച്ചു. ഉത്തരക്കടലാസുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി മൂല്യനിര്‍ണയം നടത്തിയ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് രീതിയില്‍ പാളിച്ച ഉണ്ടായെന്നാണ് വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

by Midhun HP News | Jun 1, 2026 | Latest News, കേരളം
തിരുവനന്തപുരം: മധ്യവേനല്‍ അവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് ഇന്ന് സ്‌കൂളുകള്‍ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഇക്കുറി ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് പ്രവേശനോത്സവം.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ അധ്യക്ഷത വഹിക്കും.
കുട്ടികളില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച ബോധവല്‍ക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബര്‍ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി ഇന്ന് എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബര്‍ സുരക്ഷാ പ്രതിജ്ഞയെടുക്കും. പാഠപുസ്തക വിതരണം ഇന്നു പൂര്‍ത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ടുവരെ 95 ശതമാനം പുസ്തകവിതരണം നടന്നു.

Recent Comments