by Midhun HP News | May 30, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: 2026 എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ദേവിക ബി.എച്ച്. പ്ലസ് ടു സയൻസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അഭിനവ് ബി.എച്ച്. ഇരുവരും ആറ്റിങ്ങൽ കരിച്ചയിൽ തച്ചൂർ കുന്ന് സുധാമന്ദിരത്തിൽ മാധ്യമപ്രവർത്തകൻ എം കെ ഹരികുമാറിന്റെയും ബിന്ദുവിന്റെയും മക്കളാണ്.

by Midhun HP News | May 30, 2026 | Latest News, ദേശീയ വാർത്ത
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ നേപ്പാളിനെ 15 റൺസിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാൾ 22.3 ഓവറിൽ മൂന്ന് വിക്കറ്റിന് 134 റൺസെടുത്ത് നിൽക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ അഹമ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്.
കേരളം – 50 ഓവറിൽ 331/7, നേപ്പാൾ 22.3 ഓവറിൽ 134/3
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ രോഹൻ കുന്നുമ്മലും അഭിഷേക് പി നായരും ചേർന്ന് രണ്ടാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തു. രോഹൻ 44-ഉം അഭിഷേക് 56-ഉം റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ അഹമ്മദ് ഇമ്രാന്റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഷോൺ റോജർക്കും മുഹമ്മദ് അസറുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ അഹമ്മദ് ഇമ്രാൻ 49-ആം ഓവറിലാണ് പുറത്തായത്.
108 പന്തിൽ 12 ബൗണ്ടറിയും രണ്ട് സിക്സുമടക്കം 122 റൺസാണ് അഹമ്മദ് ഇമ്രാൻ നേടിയത്. അസറുദ്ദീൻ 55 റൺസും ഷോൺ റോജർ 19 റൺസും നേടി പുറത്തായി. നേപ്പാളിന് വേണ്ടി ആകാശ് ചന്ദ് മൂന്നും ബിപിൻ ഖത്രി രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാളിന് തുടക്കത്തിൽ തന്നെ മായൻ യാദവിന്റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ അർജുൻ കുമലും ദേവ് ഖനലും ചേർന്ന് 94 റൺസ് കൂട്ടിച്ചേർത്തു. 41 പന്തുകളിൽ 57 റൺസെടുത്ത ദേവ് ഖനൽ റണ്ണൗട്ടായി. 50 റൺസെടുത്ത അർജുൻ കുമലിനെ ആസിഫ് സലാം എൽബിഡബ്ല്യുവിൽ പുറത്താക്കിയതിന് തൊട്ടുപിറകെ മഴയെ തുടർന്ന് മത്സരം നിർത്തുകയായിരുന്നു.
by Midhun HP News | May 30, 2026 | Latest News, കേരളം
കോട്ടയം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, മാമ്മന്‍ മാപ്പിള ഹാള്‍ എന്നിവയുടെ വ്യോമ പരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും മേയ് 31ന് പുലര്‍ച്ചെ 12 മുതല്‍ 24 മണിക്കൂര്‍ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
വ്യോമ സേനയ്ക്കും എസ്പിജിക്കും സംസ്ഥാന പൊലീസിനും ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

by Midhun HP News | May 30, 2026 | Latest News, കേരളം
നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്‍റെ മകള്‍ അവന്തിക വിവാഹിതയാകുന്നു. ശ്രാവണ്‍ ശ്രീനിവാസനാണ് അവന്തികയുടെ ഭാവി വരന്‍. വിവാഹ ക്ഷണക്കത്ത് താരം കുടുംബസമേതമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. ഖുശ്ബു തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
“ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയിലെത്തി കണ്ടു. മകള്‍ അവന്തികയും ശ്രാവണും തമ്മിലുള്ള വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം ഇരുവരെയും ആശിര്‍വദിക്കുകയും ചെയ്തു. തിരക്കിനിടയിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രിക്ക് നന്ദി” – ചിത്രങ്ങൾക്കൊപ്പം ഖുശ്ബു കുറിച്ചു.
അതേസമയം മലയാള സിനിമയിലൂടെയാണ് അവന്തികയുടെ ബിഗ് സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. ആരംഭം എന്ന ചിത്രത്തിലൂടെയാണ് അവന്തികയുടെ സിനിമയിലേക്കുള്ള വരവ്. സരിത, അൽത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കിടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.സുജേഷ് ആനി ഈപ്പൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയത്തിനൊപ്പം തന്നെ അഭിനയരംഗത്തും ഖുശ്ബു സജീവമാണ്.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും, മധ്യ-പടിഞ്ഞാറന്‍, മധ്യ-കിഴക്കന്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൂടുതല്‍ ഭാഗങ്ങളിലേക്കും, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെയും തെക്കുകിഴക്കന്‍ അറബിക്കടലിന്റെയും കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് ദ്വീപുകള്‍, കന്യാകുമാരി പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവടങ്ങളിലേക്കും, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലവിലുള്ള ചക്രവാതചുഴി തുടരുന്നു.തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതായും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദ പാത്തി
മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴിയില്‍ നിന്നും മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി പ്രദേശം വഴി ലക്ഷദ്വീപ് പ്രദേശം വരെ നീളുന്ന ഒരു ന്യൂനമര്‍ദ്ദ പാത്തി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തിലായി സ്ഥിതി ചെയ്യുന്നു. ജൂണ്‍ 3 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments