വില വര്‍ധന തടയാന്‍ കേന്ദ്ര ഇടപെടല്‍; പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി

വില വര്‍ധന തടയാന്‍ കേന്ദ്ര ഇടപെടല്‍; പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി

ഡല്‍ഹി: പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടഞ്ഞും ലഭ്യത ഉറപ്പാക്കിയും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായാണ് നിര്‍ണായക പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്. ജൂണ്‍ 30 വരെയാണ് തീരുവ ഇളവ് നിലനില്‍ക്കുക.

പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളെ മുഖ്യമായി ആശ്രയിക്കുന്ന മേഖലകള്‍ക്കും പ്ലാസ്റ്റിക്, പാക്കേജിങ്, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, മറ്റ് നിര്‍മ്മാണ വിഭാഗങ്ങള്‍ തുടങ്ങിയ മറ്റു മേഖലകള്‍ക്കും സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യും. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും അതിന്റെ ഫലമായി ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെയും പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ കസ്റ്റംസ് തീരുവ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.

ആഭ്യന്തര വ്യവസായത്തിന് പെട്രോകെമിക്കല്‍ ഘടക ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ചെലവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രാജ്യത്ത് വിതരണ സ്ഥിരത സംരക്ഷിക്കുന്നതിനുമായി താല്‍ക്കാലിക ആശ്വാസമായിട്ടാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.തീരുവ ഒഴിവാക്കിയതില്‍ മെഥനോള്‍, അണ്‍ഹൈഡ്രസ് അമോണിയ, ടോലുയിന്‍, സ്‌റ്റൈറൈന്‍, ഡൈക്ലോറോമീഥെയ്ന്‍ (മെത്തിലീന്‍ ക്ലോറൈഡ്), വിനൈല്‍ ക്ലോറൈഡ് മോണോമര്‍, പോളി ബ്യൂട്ടാഡീന്‍, സ്‌റ്റൈറൈന്‍ ബ്യൂട്ടാഡീന്‍, അണ്‍സാച്ചുറേറ്റഡ് പോളിസ്റ്റര്‍ റെസിനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. വളം, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിയെ കുറിച്ച് ആശങ്ക ഉയരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. വളത്തിന്റെയും പെട്രോളിയത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. എണ്ണവില വര്‍ധനവിന്റെ ആഘാതത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചിരുന്നു.

‘അതുവരെ ഡയറ്റ് നോക്കിയിരുന്ന ഞാൻ പള്ളിച്ചട്ടമ്പിക്കായി ശരീരഭാരം കൂട്ടി; ഹെയർ സ്റ്റൈലും മീശയും വരെ മാറ്റി’

‘അതുവരെ ഡയറ്റ് നോക്കിയിരുന്ന ഞാൻ പള്ളിച്ചട്ടമ്പിക്കായി ശരീരഭാരം കൂട്ടി; ഹെയർ സ്റ്റൈലും മീശയും വരെ മാറ്റി’

‘പള്ളിച്ചട്ടമ്പി’യിലെ കഥാപാത്രത്തിനായി താൻ ശരീരഭാരം കൂട്ടിയെന്ന് നടൻ ടൊവിനോ. ശാരീരികമായി വളരെ കരുത്തുറ്റ ഒരു കഥാപാത്രമാണ് ചിത്രത്തിൽ തന്റേതെന്നും നടൻ പറഞ്ഞു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായി ഏപ്രിൽ 10 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

“കഥാപാത്രത്തിനായി ഭാരം കൂട്ടണമെന്ന് ഡിജോ എന്നോട് പറഞ്ഞു. അതുവരെ ഞാൻ കർശനമായ ഭക്ഷണക്രമം പാലിച്ചിരുന്ന ആളാണ്. പക്ഷേ ഈ സിനിമക്കായി ഞാൻ അത് നിർത്തി. കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ എന്റെ ഹെയർ സ്റ്റൈലും മീശയും ഞാൻ മാറ്റി”.- ടൊവിനോ പറഞ്ഞു.

1950 കളിൽ കേരളത്തിൽ നടന്ന സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പള്ളിച്ചട്ടമ്പി ഒരുക്കിയിരിക്കുന്നതെന്നും വെറും ആക്ഷൻ മാത്രമല്ല, ശക്തമായ വൈകാരികതലങ്ങളുള്ള ഒരു ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പിയെന്നും ടൊവിനോ കൂട്ടിച്ചേർത്തു.”ഒരിക്കൽ നിങ്ങൾ ഈ സിനിമ കണ്ടുകഴിഞ്ഞാൽ, അതിന്റെ ആത്മാവ് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും. മനുഷ്യത്വം തന്നെയാണ് ചിത്രത്തിന്റെ കാതൽ എന്ന് പറയുന്നത്. ആരും ഉന്നതരുമല്ല, താഴ്ന്നവരുമല്ല. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന മനോഹരമായ ഒരു വൈകാരിക ചിത്രമാണിത്”.- ടൊവിനോ വ്യക്തമാക്കി.

ഡിജോ ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അന്ന് മുതൽ ഈ സിനിമക്കായുള്ള യാത്രയിലായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. വേൾഡ്‌വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ്സിന്റെയും ബാനറുകളിൽ നൗഫേൽ, ബ്രിജേഷ്, ചാണക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കയാദു ലോഹർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനം

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, സിപിഐ നേതാവ് കെ പ്രകാശ് ബാബു, ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വികസനത്തിന് 60 ഇന പദ്ധതി പ്രഖ്യാപിച്ച് ഇടതുമുന്നണിയുടെ പ്രകടന പത്രിക. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് കാംപസ് പ്ലേസ്‌മെന്റ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, നൈപുണ്യ സര്‍വകലാശാല സ്ഥാപിക്കും, സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പാക്കും. അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരും, കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തന ലാഭത്തിലാക്കും.

കേരളത്തെ ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കും, എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കും. അഭ്യസ്തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ സര്‍ക്കാര്‍ പരിരക്ഷ, തൊഴിലുറപ്പിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും, കേവല ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യും, വ്യവസായ ടൗണ്‍ഷിപ്പ് അതോറിറ്റിക്ക് രൂപം നല്‍കും, വിഴിഞ്ഞം ഔട്ടര്‍ ഏരിയാ ഗ്രോത്ത് കോറിഡോര്‍ വികസിപ്പിക്കും, ചവറ – കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ ആരംഭിക്കും, പവര്‍കട്ട് ഇല്ലാത്ത കാലം തുടരും.

ഒരു ലക്ഷം നാനോ മൈക്രോ സംരംഭങ്ങള്‍ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കും. തോട്ടവിളകള്‍ക്ക് പുതിയ കര്‍മപദ്ധതി, പ്രവാസി പ്രൊഫഷണലുകള്‍ക്കായി ലോക കേരള സങ്കല്‍പ്പം, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കും, 5 ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും, ആരോഗ്യകരമായ വാര്‍ധക്യം പദ്ധതി നടപ്പാക്കും, ലൈഫ് മിഷന്‍ 2.0 നടപ്പാക്കും. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കും, 2031 ആകുമ്പോഴേക്കും 5 കോടി ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിടുന്നുവെന്നും എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നു.

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ 38°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്തിയേക്കും. സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് പെസഹ, ക്രിസ്തുവിന്റെ അന്ത്യ അത്താഴസ്മരണ പുതുക്കി വിശ്വാസികൾ

ഇന്ന് പെസഹ, ക്രിസ്തുവിന്റെ അന്ത്യ അത്താഴസ്മരണ പുതുക്കി വിശ്വാസികൾ

കൊച്ചി: യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും.

അൻപതുനോമ്പിലെ അവസാന ആഴ്ചയാണിത്. ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ ദിവസമായി ക്രൈസ്തവർ ആചരിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.പള്ളികളിൽ തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് കാല്‍ കഴുകല്‍ ശുശ്രൂഷ. കുരിശു മരണത്തിന്റെ സ്മരണയില്‍ നാളെ ദുഃഖവെള്ളി ആചരിക്കും.