പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോ​ഗ്യത നേടി. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. മാർച്ച് ആറ് മുതൽ 26 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്. ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. 290398 പേർ പരീക്ഷയിൽ യോഗ്യത നേടി. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ വര്‍ധനയുണ്ട്.

സയൻസ് ഗ്രൂപ്പ് – 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് – 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂൾ വിജയശതമാനം 72.66. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82. 78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യൽ സ്കൂൾ വിജയം. സയന്‍സ് വിഭാഗത്തില്‍ 1,58,836 കുട്ടികളും ഹ്യുമാനിറ്റീസില്‍ 50,398 പേരും കൊമേഴ്‌സില്‍ 81,147 കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടി. 30561 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആണിത്.

വിജയശതമാനം ഏറ്റവും കുടുതല്‍ ഇടുക്കിയും കുറവ് കാസര്‍കോടുമാണ്. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് 76 എണ്ണമാണ്. ഇതില്‍ ഒന്‍പത് എണ്ണം സര്‍ക്കാര്‍ സ്‌കൂള്‍ ആണ്. 30 അണ്‍ എയ്ഡഡ് സ്‌കൂളും ഉള്‍പ്പെടുന്നു. 50 പെണ്‍കുട്ടികള്‍ക്കും 10 ആണ്‍കുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200) ലഭിച്ചു.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ വാട്ട്‌സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in

മൊബൈൽആപ്പുകൾ: SAPHALAM 2026, iExaMS-Kerala

സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു, റവന്യൂവകുപ്പിന്റെ അനുമതി; ഒന്‍പത് വര്‍ഷത്തിന് ശേഷം

സംസ്ഥാനത്ത് നദികളില്‍ നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കുന്നു, റവന്യൂവകുപ്പിന്റെ അനുമതി; ഒന്‍പത് വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്നുള്ള മണല്‍വാരലിന് വഴിയൊരുങ്ങുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സമര്‍പ്പിച്ച പ്രവര്‍ത്തന നടപടി ക്രമത്തിന് റവന്യൂ വകുപ്പ് അംഗീകാരം നല്‍കി. സാന്‍ഡ് ഓഡിറ്റിങ്ങില്‍ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളില്‍ നിന്ന് മണല്‍ വാരാനാണ് ശുപാര്‍ശ.

2016 ന് ശേഷം സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍ വാരിയിട്ടില്ല. മണല്‍വാരുന്നതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക അനുമതി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് 2016ലാണ്. തുടര്‍ന്ന് മാറ്റിയ കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് വീണ്ടും സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാനത്തെ 36 നദികളില്‍ സാന്‍ഡ് ഓഡിറ്റ് നടത്തിയതില്‍ 17 നദികളില്‍ വന്‍ തോതില്‍ മണല്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സാന്‍ഡ് ഓഡിറ്റില്‍ 464 ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് നദികളിലുള്ളത്. ഇതില്‍ 141 ലക്ഷം ക്യുബിക് മീറ്റര്‍ ഖനനം ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്. മണല്‍ ഖനനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രവര്‍ത്തന നടപടി ക്രമത്തിനാണ് റവന്യു വകുപ്പ് അംഗീകാരം നല്‍കിയത്. മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം അതത് ജില്ലാ കലക്ടര്‍മാര്‍ പുറപ്പെടുവിക്കും. ജില്ലാ സര്‍വെ റിപ്പോര്‍ട്ടിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് മണല്‍വാരല്‍ പുനരാരംഭിക്കാന്‍ കഴിയും.

‘ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍’; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

‘ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍’; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിച്ച ഹര്‍ഷിന അതേ മെഡിക്കല്‍ കോളജില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. നീതി ലഭിച്ചെന്നും സത്യം വിജയിച്ചെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. മരണം മുന്നില്‍ കണ്ട് ഇനി ജീവിതം ഉണ്ടോ എന്ന് ചിന്തിച്ച സന്ദര്‍ഭത്തില്‍ നിന്നാണ് തിരിച്ചുകയറിയത്. പുതിയ സര്‍ക്കാരിനോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അവര്‍ പറഞ്ഞു.

‘നാലുവര്‍ഷത്തെ പോരാട്ടമാണ് നടന്നത്. പോരാട്ടത്തിന്റെ വിജയമാണ്. മനസിന് ഒരുപാട് സന്തോഷവും മനസിന് ഒരുപാട് സമാധാനവും ഉള്ള ദിവസമാണ്. ഇതുവരെ കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള ശക്തമായ മറുപടിയാണിത്. എന്റെ കൂടെനിന്ന് പൊരുതിയ ഒരുപാട് നല്ല മനുഷ്യരുടെ സപ്പോര്‍ട്ടിന്റെ കൂടി വിജയമാണിത്. രാഷ്ട്രീയഭേദമന്യേ എല്ലാവരും സപ്പോര്‍ട്ട് ചെയ്തു. മതവും ജാതിയും ഒന്നും നോക്കാതെ വേദനിക്കുന്ന ഒരു സഹോദരിയുടെ കൂടെ നിന്നു. മനുഷ്യത്വത്തിന്റെ ഭാഗമായി കൂടെനിന്നു. പോരാട്ടത്തിന്റെ വിജയമാണ്. നന്ദിയും കടപ്പാടും ഉണ്ട്’- ഹര്‍ഷിന തുടര്‍ന്നു.

പരാതി നല്‍കിയ ആശുപത്രിയില്‍ തന്നെ ജോലിക്ക് കയറുന്നതില്‍ ആശങ്കയില്ല. ആര്‍ക്കെതിരെയും വ്യക്തിപരമായി നിന്നിട്ടില്ല. നീതികേടിന് പരിഹാരം എന്നത് മാത്രമായിരുന്നു ആവശ്യം. ആരെയും ഉപദ്രവിക്കാന്‍ തുനിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിഡി സതീശന്‍ അന്ന് വിഷയം ഏറ്റെടുത്തു എന്നാണ് പറഞ്ഞത്.

ഇന്നലെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു ഇനി ഒരു തീരുമാനം ഉണ്ടാകില്ലേ എന്ന്. ഇനി എന്തു തീരുമാനിക്കാനാണ്. അതെല്ലാം തീരുമാനിച്ച് കഴിഞ്ഞതല്ലേ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാനല്ലേ ഏറ്റെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ അത്രയൊന്നും പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിയായി കഴിഞ്ഞാല്‍ മറുപടി എങ്ങനെയാണ് വരിക എന്ന് അറിയില്ലായിരുന്നു. കേരളത്തിലെ ഓരോ ആളുകളും ആഗ്രഹിച്ച നല്ലൊരു മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ കൂടെ നില്‍ക്കുന്ന മുഖ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി എന്ന് ചിന്തിക്കുമ്പോള്‍ മനസില്‍ ഒരു ചിത്രം ഉണ്ടായിരുന്നു.

ഇത്രയും നാള്‍ അവഗണനയായിരുന്നല്ലോ. കൂടെയുണ്ട് കൂടെയുണ്ട് എന്ന് കുറെക്കാലം പറഞ്ഞു. കൂടെയുണ്ട് എന്ന് പറയാതെ കൂടെ നിന്നതാണ് പുതിയ ആരോഗ്യമന്ത്രി മുരളീധരന്‍. അപ്പോള്‍ തന്നെ ജോലി ഓര്‍ഡര്‍ അടിച്ച് തന്നു. ആവശ്യം പറയുന്നതിന് മുന്‍പ് തന്നെ ജോലി കണ്ടറിഞ്ഞ് തന്നു. സര്‍ക്കാരിനോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല. തുടര്‍ചികിത്സ മുഖ്യമന്ത്രി പേഴ്‌സണലായി ഏറ്റെടുത്തിട്ടുണ്ട്. അത് ഞാന്‍ ഏറ്റെടുത്തതാണ് എന്നാണ് ഇന്നലെ പറഞ്ഞത്. സര്‍ക്കാരിന്റെ ഒന്നും വേണ്ട. നഷ്ടപരിഹാരത്തില്‍ നിന്ന് ഒരു രൂപ പോലും ചികിത്സയ്ക്ക് ചെലവാക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്’- ഹര്‍ഷിന പറഞ്ഞു.

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി വിഷം കഴിച്ചു

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി വിഷം കഴിച്ചു

കൊല്ലം: പൊലീസുകാരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശി വിവേകിന്റെ ബൈക്കാണ് കത്തിച്ചത്.

വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ കാരണങ്ങളാണ് ബൈക്ക് കത്തിക്കുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അഞ്ചല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ, ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ആരതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ആര്‍ച്ചല്‍ പാലവിള വീട്ടില്‍ വിവേക്. ശനിയാഴ്ച രാത്രിയാണ് വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ചത്. വീടിന്റെ പടികളില്‍ കരിഓയിലും ഒഴിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു തുടക്കത്തില്‍ സംശയിച്ചത്. കത്തിയ ബൈക്കിന് സമീപത്തു നിന്നും ലഭിച്ച ഭീഷണിക്കത്താണ് ഇത്തരത്തില്‍ സംശയത്തിന് ഇടയാക്കിയത്.

കത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പേര് എഴുതിയിരുന്നത്, കേസ് വഴിതിരിച്ചു വിടാനായിരുന്നുവെന്ന് പൊലീസ് പറയുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഓട്ടോയിലെത്തിയവരിലേക്ക് അന്വേഷണം നീണ്ടു. ആ ഓട്ടോയ്ക്ക് പണം നല്‍കിയത് ഗുഗിള്‍പേ വഴിയായിരുന്നു. ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് പ്രതികളായ യുവതികളെ കണ്ടെത്തുന്നത്.

പൊലീസ് തയ്യാറാക്കിയ ചിത്രം ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞതോടെയാണ്, ആരതിയേയും സുഹൃത്ത് ഗായത്രിയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ആരതിയും വിവേകുമായുള്ള വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം മുടങ്ങി. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതികള്‍ ബൈക്ക് കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

ടിനി ടോമിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി അന്‍സിബ; ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കും

ടിനി ടോമിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി അന്‍സിബ; ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കും

ടിനി ടോമിനെതിരെ നടപടിയ്‌ക്കൊരുങ്ങി അന്‍സബി. മലയാള സിനിമയിലെ താരസംഘടന അമ്മയിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ അറിയിച്ചു. ഇനി അമ്മയില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല. അതിനാല്‍ പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും അന്‍സിബ പറഞ്ഞു. നാട്ടില്‍ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും അന്‍സിബ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അന്‍സിബയുടെ പ്രതികരണം. തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചു. അതിനാല്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് വനിത സെല്‍ സി ഐക്കെതിരെയും പരാതി നല്‍കുമെന്നും അന്‍സിബ അറിയിച്ചു.നേരത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ നടന്‍ ടിനി ടോമിനെതിരെ അന്‍സിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നായിരുന്നു അന്‍സിബയുടെ ആരോപണം.

തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന്പ്രചരിപ്പിച്ചുവെന്നും അന്‍സിബയുടെ ആരോപിച്ചിരുന്നു. എന്നാല്‍ അന്‍സിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. ഇതിനിടെ അന്‍സിബ നടത്തിയ ആരോപണങ്ങള്‍ ശരി വച്ച് നടി നീന കുറിപ്പ് രംഗത്തെത്തി.

അന്‍സിബയുടെ ഡിഎന്‍എ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞുവെന്നാണ് നീന കുറിപ്പിന്റെ വെളിപ്പെടുത്തല്‍. ജിഹാദിയെന്ന് വിളിച്ചതായും നീന കുറുപ്പ് പറയുന്നു. പ്രശ്‌നമുണ്ടാക്കുന്നവരെ മാറ്റി നിര്‍ത്തണം. ഈ ടീമിനെ വച്ച് മുന്നോട്ട് പോകാനാകില്ലെന്നും നീന കുറുപ്പ് പറഞ്ഞു.