by Midhun HP News | Oct 27, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഡേറ്റാ സ്വകാര്യതാ നിയമത്തിനെതിരെ (ഡിപിഡിപി ആക്ട്) എന്‍ഡിടിവി, സിഎന്‍എന്‍-ന്യൂസ് 18 ഉള്‍പ്പെടെയുള്ള 21 പ്രമുഖ വാര്‍ത്താ സ്ഥാപനങ്ങളുടെ കൂട്ടായ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിയമം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് മുമ്പ് വ്യക്തികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടാന്‍ ഈ നിയമം മാധ്യമപ്രവര്‍ത്തകരെ നിര്‍ബന്ധിതരാക്കുമെന്നും, സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ രഹസ്യ വിവരങ്ങളുടെ ഉറവിടങ്ങള്‍ വെളിപ്പെടുത്താന്‍ ഇത് ഇടയാക്കുമെന്നും ഹര്‍ജിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
ഉപയോക്താക്കളുടെ ഡിജിറ്റല്‍ വ്യക്തിഗത ഡേറ്റ സംരക്ഷിക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഡേറ്റാ സ്വകാര്യതാ നിയമത്തിന്റെ വ്യവസ്ഥകളെയാണ് ഹര്‍ജി ചോദ്യം ചെയ്യുന്നത്. മെറ്റ, ഗൂഗിള്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ ഈ നിയമം ഏര്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ ഇളവുകള്‍ നല്‍കാത്തത് പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്റെ (ഡിഎന്‍പിഎ) നേതൃത്വത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നിയമം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ഉചിതമായ ഉത്തരവുകളും നിര്‍ദേശങ്ങളും പുറപ്പെടുവിക്കണമെന്ന് അസോസിയേഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
ഡിപിഡിപി നിയമത്തിലെ സെക്ഷന്‍ 7, 17(2), 18, 19, 27, 29, 36, 37, 44(3) എന്നിവയും, സെക്ഷന്‍ 40 പ്രകാരം രൂപീകരിച്ച ചട്ടങ്ങളിലെ റൂള്‍ 16, 17, 23 എന്നിവ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 14, 19(1)(a) എന്നിവ നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തനം, ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്, പൗരന്മാര്‍, വിസില്‍ബ്ലോവര്‍മാര്‍, ആര്‍ടിഐ ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കും.
പ്രസാധകര്‍, എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍മാര്‍ എന്നിവരെല്ലാം കര്‍ശനമായ നോട്ടീസ്, മുന്‍കൂര്‍ സമ്മതം, ഡേറ്റ നിര്‍ബന്ധിതമായി നീക്കം ചെയ്യല്‍ തുടങ്ങിയ ചട്ടക്കൂടുകള്‍ക്ക് കീഴിലാകും. ഇത് മാധ്യമങ്ങളുടെ സാധാരണ പ്രവര്‍ത്തനരീതിയുമായി പൊരുത്തപ്പെടുന്നതല്ല. പൊതുതാത്പര്യമുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലും വെളിപ്പെടുത്തുന്നതില്‍ നിന്ന് തടയുന്ന സെക്ഷന്‍ 44(3) നിയമപരമായി നിലനില്‍ക്കില്ല. സ്വകാര്യതയ്ക്കുള്ള അവകാശവും വിവരങ്ങളറിയാനുള്ള അവകാശവും തമ്മില്‍ നിലനിന്നിരുന്ന സന്തുലിതാവസ്ഥയെയാണ് ഈ വ്യവസ്ഥകള്‍ തകിടം മറിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
by Midhun HP News | Oct 27, 2026 | Latest News, കേരളം
കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ സ്ഫോടക വസ്തു പരിശോധനാ വിഭാഗത്തിലെ വിശ്വസ്ത അംഗമായിരുന്ന ‘ചേതക്’ ഇനി ഓർമ്മ. സേനയ്ക്ക് പത്തുവർഷത്തോളം സ്തുത്യർഹവും നിസ്തുലവുമായ സേവനം നൽകിയ ചേതക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിടവാങ്ങി. സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥരുടെയും സേനാംഗങ്ങളുടെയും സാന്നിധ്യത്തിൽ കണ്ണീരോടെയാണ് സേന ചേതക്കിന് അന്ത്യോപചാരം അർപ്പിച്ചത്.
മധ്യപ്രദേശിലെ ബിഎസ്എഫ് അക്കാദമി തെക്കൻപൂരിൽനിന്ന് കഠിനമായ സ്ഫോടകവസ്തു പരിശോധനാ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ചേതക്ക്, 2017 മുതലാണ് കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിന്റെ ഭാഗമായി ഔദ്യോഗിക സേവനം ആരംഭിച്ചത്. സർവീസ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ആറുമാസത്തെ സേവന കാലാവധി കൂടി നീട്ടിനൽകിയിരുന്നു. എന്നാൽ, ഇതിനിടയിൽ പിടിപെട്ട ഗുരുതരമായ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലാ മൃഗാശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷ ബാധിതവും അതീവ സുരക്ഷ ആവശ്യമുള്ളതുമായ തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് തുടങ്ങിയ വിവിധ മേഖലകളിൽ നടന്ന നിരവധി നിർണായക സ്ഫോടക വസ്തു പരിശോധനകളിൽ ചേതക്ക് മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഒളിപ്പിച്ചുവെച്ച സ്ഫോടകവസ്തുക്കളും ബോംബുകളും മണത്തുപിടിക്കുന്നതിൽ ചേതക്ക് കാട്ടിയ അസാധാരണ വൈദഗ്ധ്യം സേനയ്ക്ക് പലപ്പോഴും വലിയ കരുത്തായി മാറി.
കൂടാതെ, സുരക്ഷാ പരിശോധനകളുടെ ഭാഗമായി ഒരു വർഷത്തോളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ചേതക്കിന്റെ സേവനം വിന്യസിച്ചിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. സരീഷ്, എം.വി. രതീഷ് എന്നിവരായിരുന്നു ചേതക്കിന്റെ പ്രിയപ്പെട്ട ഹാൻഡ്ലർമാർ.
ചേതക്കിന്റെ അപ്രതീക്ഷിത വേർപാടിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ് അഗാധമായ അനുശോചനം രേഖപ്പെടുത്തി. തുടർന്ന് നടന്ന സംസ്കാര ചടങ്ങുകളിൽ കണ്ണൂർ സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് വി.വി. മനോജ്, കെഎപി നാലാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് എ. രാജീവൻ, കണ്ണൂർ സിറ്റി ഡിഎച്ച്ക്യു റിസർവ് ഇൻസ്പെക്ടർ പി.ആർ. ബിജു, കണ്ണൂർ സിറ്റി കെ.9 സ്ക്വാഡ് ഇൻചാർജ് എസ്ഐ ജയ്സൺ ജോർജ്, കണ്ണൂർ റൂറൽ കെ.9 സ്ക്വാഡ് ഇൻചാർജ് എസ്ഐ പി.വി. ബാബുരാജ്, കാസർഗോഡ് കെ.9 സ്ക്വാഡ് ഇൻചാർജ് എസ്‌സിപിഒ കെ. ഷീബു എന്നിവരുൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചേതക്കിന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള പൂർണ്ണ ബഹുമതികളോടെ ഭൗതികശരീരം സംസ്കരിച്ചു.
by Midhun HP News | Oct 27, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 1,05,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. 1,05,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 13,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപ ഇടിഞ്ഞ ശേഷം കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില കൂടുന്നത് പണപ്പെരുപ്പനിരക്ക് ഉയരാന്‍ ഇടയാക്കും. അങ്ങനെയെങ്കില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉടന്‍ തന്നെ വീണ്ടും കൂട്ടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എണ്ണവില കുറഞ്ഞതോടെ പലിശനിരക്ക് കൂട്ടാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റു എന്നുള്ള സൂചനകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Oct 27, 2026 | Latest News, കേരളം
കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച് കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി ആലുവയിലെ ഫ്‌ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്ന് ജഡ്ജി മൊഴി നല്‍കിയതായാണ് സൂചന. അന്വേഷണ പുരോഗതി വിലയിരുത്താനായി എഡിജിപി പി വിജയന്‍ ഇന്ന് ചേരാനെല്ലൂരിലെത്തും.
അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. താനും ഭാര്യയും അറിയാതെയാണ് മകന്‍ കാറിന്റെ താക്കോലുമായി പോയതെന്ന് ജഡ്ജി പറഞ്ഞു. മകന് വാഹനം ഓടിക്കുമെന്ന് അറിയില്ലെന്നും മൊഴി നല്‍കിയതായാണ് സൂചന. പ്രതിയായ 17 കാരനെതിരെ കടുത്ത നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പും ഒരുങ്ങുകയാണ്. പ്രതിക്ക് 25 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ലൈസന്‍സ് ലഭിക്കുന്നത് തടയാനാണ് നീക്കം.
പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിക്കെതിരെ പോര്‍ട്ട്‌ഫോളിയോ ജഡ്ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അഡീഷണല്‍ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് തെറ്റാണ്. ഔദ്യോഗിക ആവശ്യത്തിനല്ലാതെ സ്‌റ്റേഷനില്‍ പോകുമ്പോള്‍ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. ഇതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം ഇന്നുണ്ടായേക്കും.
അതേസമയം, പ്രതിയായ 17 കാരന്‍ മുമ്പ് അമിതവേഗത്തില്‍ കാറോടിച്ച് സമൂഹമാധ്യമത്തില്‍ റീലിട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അപകടം വലിയ ചര്‍ച്ചയായതോടെ പ്രതിയായ 17 കാരന്‍ ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിക്കുന്നു. 17 കാരന്‍ വാഹനം ഓടിച്ചിരുന്ന ചിത്രങ്ങളും 208 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
by Midhun HP News | Oct 27, 2026 | Latest News, കായികം
വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരെയുള്ള മൂന്നാം ടി20 പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍, ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് വെല്ലിങ്ടനിലെ ഹെന്റി സ്റ്റേഡിയത്തിലേക്കാണ്. പരമ്പരയില്‍ ഇതിനകം 2-0 ന് മുന്നിലെത്തിയ ഇന്ത്യ, ഈ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള പോരാട്ടത്തിനൊരുങ്ങുമ്പോള്‍, തങ്ങളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജീവനുവേണ്ടി പൊരുതുകയാണ് കിവീസ് പട. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം ആരംഭിക്കുന്നത്.
ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും സമാനതകളില്ലാത്ത ത്രില്ലര്‍ വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് കളികളിലും വമ്പന്‍ ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിര, അവസാന ഓവറുകളിലെ കരുത്തുറ്റ പ്രകടനത്തിലൂടെ 4 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍, തിലക് വര്‍മ, നമന്‍ ധീര്‍, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങി ഓരോ മത്സരത്തിലും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിച്ച താരങ്ങളുടെ ബാറ്റിങ് മികവാണ് ഇന്ത്യയുടെ വിജയ രഹസ്യം.
മറുവശത്ത്, ന്യൂസിലന്‍ഡിന്റെ അവസ്ഥ അത്രകണ്ട് സുഖകരമല്ല. ഗ്ലെന്‍ ഫിലിപ്‌സും ബെവോന്‍ ജേക്കബ്സും അടക്കമുള്ള ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ഡെത്ത് ഓവറുകളിലെ പാളിച്ചകള്‍ കിവീസിനെ നിരന്തരം വേട്ടയാടുന്നു. പരിക്കുകളുടെ വലിയ തിരിച്ചടിയും ആതിഥേയരെ ഉലയ്ക്കുന്നുണ്ട്. പ്രധാന പേസര്‍ മാറ്റ് ഹെന്റിക്ക് പരമ്പര മുഴുവന്‍ നഷ്ടമായി, ലോക്കി ഫെര്‍ഗൂസനാകട്ടെ നിര്‍ണായക മത്സരത്തില്‍ നിന്നും പുറത്താണ്. നായകന്‍ മിച്ചല്‍ സാന്റ്‌നറും സംഘവും പരമ്പരയില്‍ ജീവശ്വാസം നിലനിര്‍ത്തണമെങ്കില്‍ ഇന്ന് അത്ഭുതങ്ങള്‍ കാണിക്കേണ്ടിവരും.
വെല്ലിങ്ടനിലെ കാറ്റും വ്യത്യസ്തമായ പിച്ച് സ്വഭാവവും ഇരു ടീമുകളുടെയും പേസര്‍മാര്‍ക്കും മുന്‍നിര ബാറ്റര്‍മാര്‍ക്കും കടുത്ത പരീക്ഷണമാകും സമ്മാനിക്കുക. ടോസ് നേടുന്ന നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പരമ്പര തൂത്തുവാരി ചരിത്രമെഴുതാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍, അഭിമാനം കാക്കാനുള്ള മരണപോരാട്ടത്തിലാണ് കിവീസ്. ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു ആവേശരാത്രി കൂടി സമ്മാനിക്കാന്‍ കളിക്കളമൊരുങ്ങി കഴിഞ്ഞു.
ഇഷാന്‍ ഇന്നുമില്ല
പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇന്നത്തെ മത്സരത്തിലും കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. യുവതാരം വൈഭവ് സൂര്യവംശിയെ വീണ്ടും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ വൈഭവിനെ മൂന്നാം നമ്പരില്‍ കളിപ്പിച്ചതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തെ ഓപ്പണിങ് സ്‌പോട്ടില്‍ ഇറക്കണമെന്നും പരിചയ സമ്പന്നനായ സഞ്ജു സാംസണിനെ മൂന്നാം നമ്പരില്‍ കളിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ താരങ്ങളുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. ടീം മാനേജ്‌മെന്റിന്റെ അന്തിമ തീരുമാനമറിയാന്‍ ടോസ് വരെ കാത്തിരിക്കണം.
Recent Comments