ട്രംപിന്റെ അവകാശവാദം തള്ളി; ഹോര്‍മൂസ് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലെന്ന് ഇറാന്‍

ട്രംപിന്റെ അവകാശവാദം തള്ളി; ഹോര്‍മൂസ് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍ സൈന്യം. തന്ത്രപ്രധാനമായ ജലപാത പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ സാധാരണ നിലയില്‍ കപ്പലുകള്‍ കടന്നുപോകുന്നുവെന്നത് അമേരിക്കയുടെ തെറ്റായ അവകാശവാദങ്ങളാണെന്നും ഇറാന്റെ കേന്ദ്ര സൈനിക കമാന്‍ഡായ ഖതം-അല്‍ അന്‍ബിയയുടെ വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി പറഞ്ഞു.

ഇറാന്റെ അനുമതിയും മേല്‍നോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായി ഹോര്‍മൂസ് കടലിടുക്ക് കടന്നുപോകാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. മുന്‍കാലങ്ങളിലേത് പോലെ ഹോര്‍മൂസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂര്‍ണ നിയന്ത്രണത്തിലും ഭരണനിര്‍വഹണത്തിലുമാണ് ഇബ്രാഹിം സോള്‍ഫാഗാരിയെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സായുധ സേനയുടെ അനുമതിയും മേല്‍നോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധപ്പെട്ട ബസീജ് അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡര്‍ ഹൊസൈന്‍ തായിബും ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടിരുന്നു.

ഹോര്‍മൂസില്‍ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയ്ക്കുണ്ടെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. പശ്ചിമേഷ്യയില്‍ ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇറാന്‍ ഹോര്‍മൂസിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തിരുന്നു.കടലിടുക്ക് ഉപയോഗിക്കുന്നതിന് മുമ്പ് കപ്പലുകള്‍ക്ക് അനുമതി നേടാനും ഗതാഗത ഫീസ് നല്‍കാനും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇനി പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാര്‍ ഭരിക്കും; ഇന്ന് മുതല്‍ സമഗ്രമാറ്റം

ഇനി പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാര്‍ ഭരിക്കും; ഇന്ന് മുതല്‍ സമഗ്രമാറ്റം

തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ ഏറ്റെടുക്കും. പൊലീസിനെ ജനകീയമാക്കാനുള്ള എന്റെ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായാണ് മാറ്റം. പദ്ധതി മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.സംസഥാനത്തെ പ്രധാനപ്പെട്ട 64 സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെയായിരുക്കും എസ്എച്ച്ഒമാരായി തുടരുക.

ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പൊലീസ് പരിഷ്‌കരണത്തിന് ഇത്തരത്തില്‍ നേതൃത്വം കൊടുക്കുന്നതെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കസ്റ്റഡി മര്‍ദ്ദനങ്ങളും അനധികൃത തടവുകളും പൂര്‍ണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികള്‍ നടപ്പിലാക്കുന്നതിനാണ് നീക്കം. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കും. 20 വര്‍ഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതല്‍ ആധുനികവല്‍ക്കരിക്കാനും തീരുമാനമുണ്ട്. പൊതുജനങ്ങളില്‍ നിന്ന് പ്രതിമാസ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായി ഡിഐജിമാരുടെ നേതൃത്വത്തില്‍ സ്വതന്ത്ര സംവിധാനം വരും. പരാതികളുടെ എണ്ണം, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യല്‍ എന്നിവ ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഡിജിറ്റലായി നിരീക്ഷിക്കുക തുടങ്ങിയവയാണ് നടപ്പാക്കുന്ന പ്രധാന മാറ്റങ്ങള്‍.

കൊല്ലത്ത് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

കൊല്ലത്ത് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കൊല്ലം പുത്തൂർ മൂഴിക്കോട് ആണ് സംഭവം. മൂഴിക്കോട് സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽകുമാറിനെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.

ആദർശും പ്രതിയായ സുനിൽകുമാറും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പെട്ടെന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽകലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. തർക്കം രൂക്ഷമായതോടെ സുനിൽകുമാർ മൂർച്ചയേറിയ ആയുധമെടുത്ത് ആദർശിനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്ന് പോലീസ്പറയുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആദർശ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുത്തൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ് കളരി സംഘത്തിൽ നിന്നുള്ള പാർവതി സന്തോഷ്,
ആനന്ദ ലക്ഷ്മി, സീനിയർ ഗേൾസ് ഒന്നാം സ്ഥാനവും അഭിനവ്, അക്ഷയ് ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനവും ശിഖ വിഷ്ണു, അനിജ എ ജൂനിയർ ഗേൾസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പേയ്സ്‌ കപ്പ് 2026നു നാളെ തുടക്കമാകും

പേയ്സ്‌ കപ്പ് 2026നു നാളെ തുടക്കമാകും

പേയ്സ്‌ ആർട്സ് & സ്പോർട്സ് ക്ലബ് ആറ്റിങ്ങലും സ്വയംവര സിൽക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ വിനീത് മെമ്മോറിയൽ സോഫ്റ്റ് ബോൾ ടെന്നീസ് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് – പേയ്സ്‌ കപ്പ് 2026നു നാളെ തുടക്കമാകും.

കേരളത്തിലെ ശ്രദ്ധേയമായ ഫ്ളഡ് ലൈറ്റ് സോഫ്റ്റ് ബോൾ ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒന്നായ PACE CUP ഈ വർഷവും 2026 ആഗസ്റ്റ് 14, 15, 16 തീയതികളിൽ നടക്കും. ആറ്റിങ്ങൽ വലിയകുന്ന്, ഗവ. പോളിടെക്‌നിക് കോളേജ് ഗ്രൗണ്ട് വച്ചാണ് ടൂർണമെന്റ് നടക്കുക. നാളെ രാത്രി 7 മണിയ്ക് എം പി എ എ റഹിം ഉദ്ഘാടനം നിർവഹിക്കും.ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക അധ്യക്ഷയാകും.ചടങ്ങിൽ മറ്റു വിശിഷ്ട അതിഥികളും പങ്കെടുക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഈ അഖിലേന്ത്യാ ടൂർണമെന്റിൽ പങ്കെടുക്കും.

വിജയികൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. റണ്ണെഴ്സ് പ്രൈസ് 50,000, സെമിഫൈനലിൽ എത്തുന്നവർക്ക് 20,000 രൂപ, ക്വാർട്ടർ ഫൈനലിൽ എത്തുന്നവർക്ക് 10,000 രൂപയും സമ്മാനമായി ലഭിക്കും.