‘രക്ഷാപ്രവര്‍ത്തനത്തില്‍’ പുനരന്വേഷണം; ആശാവര്‍ക്കര്‍മാര്‍ക്ക് 3,000 കൂട്ടി; ധവളപത്രം പുറത്തിറക്കും

‘രക്ഷാപ്രവര്‍ത്തനത്തില്‍’ പുനരന്വേഷണം; ആശാവര്‍ക്കര്‍മാര്‍ക്ക് 3,000 കൂട്ടി; ധവളപത്രം പുറത്തിറക്കും

തിരുവനന്തപുരം: 2023ല്‍ നവകേരള സദസിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ റോഡരികില്‍ പ്രതിഷേധിച്ച രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ കോടതി ഉത്തരവ് പ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ആദ്യമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു വിഡി സതീശന്‍. കോടതി പുനരനേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ നടത്തിയിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനം മേയ് 22 മുതല്‍ വിളിച്ചു ചേര്‍ക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും. മേയ് 29ന് നയപ്രഖ്യാപന പ്രസംഗം നടക്കും. ജി സുധാകരനെ പ്രോടേം സ്പീക്കറായി നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കും. അഡ്വ. ജനറല്‍ ആയി ജാജു ബാബുവിനെ നിയമിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി ആസഫലിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് പ്രഖ്യാപിച്ച അഞ്ചു ഗ്യാരന്റികളില്‍ രണ്ടെണ്ണമാണു നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര നടപ്പാക്കും. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പു രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്നും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം ആദ്യഘട്ടമെന്ന നിലയില്‍ 3000 രൂപ വര്‍ധിപ്പിച്ചു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ചുള്ള തീരുമാനം ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കും. അംഗന്‍വാടി ജീവനക്കാരുടെ വേതനം 1000 രൂപ വര്‍ധിപ്പിക്കും. പാചകത്തൊഴിലാളികളുടെയും പ്രീപൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 1000 രൂപ വേതനം വര്‍ധിപ്പിച്ചു.

12 കളി 43 സിക്സുകൾ! ചരിത്രമെഴുതി വൈഭവ് സൂര്യവംശി, റെക്കോർഡ്

12 കളി 43 സിക്സുകൾ! ചരിത്രമെഴുതി വൈഭവ് സൂര്യവംശി, റെക്കോർഡ്

ജയ്പുർ: ഐപിഎല്ലിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തം പേരിലാക്കി രാജസ്ഥാൻ റോയൽസ് വണ്ടർ കിഡ് വൈഭവ് സൂര്യവംശി. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് 15കാരൻ ഓപ്പണർ സ്വന്തം പേരിലാക്കിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിലാണ് നേട്ടം. ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന മൊത്തം താരങ്ങളുടെ പട്ടികയിൽ വൈഭവ് ആറാം സ്ഥാനക്കാരനുമായി. ഇന്ത്യൻ താരത്തിന്റെ റെക്കോർഡിൽ വൈഭവ് സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമയെയാണ് പന്നിലാക്കിയത്.

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഇറങ്ങുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയുടെ 42 സിക്സുകളെന്ന റെക്കോർഡ് മറികടക്കാൻ വൈഭവിന് മൂന്ന് സിക്സറുകൾ കൂടി വേണമായിരുന്നു. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ലുങ്കി എന്‍ഗിഡിയെ സിക്സർ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാവെ മിച്ചല്‍ സ്റ്റാര്‍ക്കിനെ സിക്സർ പറത്തി വൈഭവ് അഭിഷേകിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. അഞ്ചാം ഓവറിലെ അവസാന പന്തിൽ തൃപുരാന വിജയ്‌യെ സിക്സറിന് പറത്തി വൈഭവ് ചരിത്ര നേട്ടത്തിലുമെത്തി.

2024ലെ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നാണ് അഭിഷേക് ശർമ്മ 42 സിക്സ് പറത്തി റെക്കോര്‍ഡിട്ടത്. റെക്കോർഡ് മറികടക്കാന്‍ വൈഭവിന് വേണ്ടി വന്നത് വെറും 12 മത്സരങ്ങൾ മാത്രം. 39 സിക്സുകള്‍ പറത്തിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ മൂന്നാമത്തെ ഇന്ത്യൻ താരം. വിരാട് കോഹ്‍ലി 2016ലും 2024ലും 38 സിക്സുകള്‍ വീതം പറത്തി നാലാം സ്ഥാനത്ത്. സൂര്യകുമാര്‍ യാദവും 2025ല്‍ 38 സിക്സുകള്‍ പറത്തിയിട്ടുണ്ട്.

ഐപിഎല്‍ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്. 2012ല്‍ ആര്‍സിബിക്കായി 59 സിക്സുകളാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. 2019ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി 52 സിക്സുകള്‍ പറത്തിയ ആന്ദ്രെ റസ്സലാണ് രണ്ടാം സ്ഥാനത്ത്. 2013ല്‍ ആര്‍സിബിക്കായി 51 സിക്സുകൾ തൂക്കി ക്രിസ് ഗെയ്ൽ തന്നെ മൂന്നാം സ്ഥാനത്തുണ്ട്. 2022ല്‍ രാജസ്ഥാനായി 45 സിക്സുകള്‍ പറത്തിയ ജോസ് ബട്‌ലറാണ് നാലാം സ്ഥാനത്ത്. 2011ല്‍ ആര്‍സിബിക്കായി 44 സിക്സുകളുമായി ഗെയ്ല്‍ വീണ്ടും അഞ്ചാം സ്ഥാനത്തും ഉണ്ട്.

‘മധുരം ഇംഗ്ലീഷ്’; മലയാളം ഒഴിവാക്കി മുരളീധരന്‍; ‘ദൈവനാമത്തില്‍’ ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ

‘മധുരം ഇംഗ്ലീഷ്’; മലയാളം ഒഴിവാക്കി മുരളീധരന്‍; ‘ദൈവനാമത്തില്‍’ ലീഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: വിഡി സതീശന്‍ മന്ത്രിസഭയിലെ അംഗമായ കെ മുരളീധരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ഇംഗ്ലീഷില്‍. ഹര്‍ഷാരവത്തോടെയാണ് സദസ് മുരളിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയും മറ്റ് എല്ലാ അംഗങ്ങളും മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുരളീധരന്‍ മാത്രമാണ് ഇംഗ്ലീഷ് ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണ ലീഗ് മന്ത്രിമാര്‍ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ സര്‍വ ശക്തനായ അള്ളാഹുവിന്റെ നാമത്തിലായിരുന്നു ലീഗ് നേതാക്കളുടെ സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സിഎംപി നേതാവ് സിപി ജോണും സൗഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്ക് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടിയും ഏറ്റവും അവസാനമായി സത്യപ്രതിജ്ഞ ചെയതത് ഒജെ ജനീഷുമായിരുന്നു.മുഖ്യമന്ത്രി വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എപി അനില്‍കുമാര്‍, എന്‍ ഷംസുദ്ദീന്‍, പിസി വിഷ്ണുനാഥ്, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, എം ലിജു, കെഎം ഷാജി, പികെ ബഷീര്‍, വിഇ അബ്ദുള്‍ ഗഫൂര്‍, ടി സിദ്ദിഖ്. കെഎ തുളസി, ഒജെ ജനീഷ് എന്നിവരുടെ സത്യപ്രതിജ്ഞ ദൈവനാമത്തിലായിരുന്നു.

കാലവര്‍ഷത്തിന് മുന്‍പെ പെരുമഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ഇടത്ത് യെല്ലോ

കാലവര്‍ഷത്തിന് മുന്‍പെ പെരുമഴ; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ഇടത്ത് യെല്ലോ

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദപാത്തി എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും കന്യാകുമാരി പ്രദേശത്തിന്റെ ചില ഭാഗങ്ങളിലേക്കും കൂടി വ്യാപിച്ചിട്ടുണ്ട്. കൂടാതെ തെക്കു പടിഞ്ഞാറന്‍ – തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലും ആന്‍ഡമാന്‍ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകളിലുടനീളവും കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലും കാലവര്‍ഷം വ്യാപിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 26 ഓടെ എത്താന്‍ സാധ്യതയെന്നും (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം) കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഈ ചക്രവാതച്ചുഴിയില്‍ നിന്ന്, തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍ വരെ കേരളം, കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങള്‍, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂർത്തിയായി

മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകള്‍ സംബന്ധിച്ച ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂർത്തിയായി

മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം, പുതിയ മന്ത്രിസഭയിലെ ശക്തനായ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാർ എന്നിവർ മുൻപ് മന്ത്രിമാരായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസുകള്‍ തന്നെ ഇത്തവണയും തെരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്.