by Midhun HP News | May 17, 2026 | Latest News, കേരളം
ഡല്‍ഹി: ചാറ്റ് ജിപിടിയില്‍ പേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ. വരവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.
പൊതുവായ ബജറ്റിങ് ടിപ്പുകള്‍ നല്‍കുന്നതിനപ്പുറം, ഉപയോക്താവിന്റെ പണം ലാഭിക്കാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടുകള്‍ എന്നിവ നേരിട്ട് ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് പുതിയ പേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചര്‍. ഈ പുതിയ അപ്ഡേറ്റ് വഴി എഐ ചാറ്റ്ബോട്ട് ഒരു വ്യക്തിഗത ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായി മാറും.
ചാറ്റ് ജിപിടിക്കുള്ളില്‍ ‘Finances’ എന്ന പേരില്‍ പുതിയ സെക്ഷന്‍ ആരംഭിച്ചാണ് പുതിയ ഫീച്ചറിന് തുടക്കമിട്ടത്. ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തു കഴിഞ്ഞാല്‍, അവരുടെ ചെലവ് ശീലങ്ങള്‍, സബ്സ്‌ക്രിപ്ഷനുകള്‍, വരാനിരിക്കുന്ന പേയ്മെന്റുകള്‍, സമ്പാദ്യം, പോര്‍ട്ട്ഫോളിയോ പ്രകടനം എന്നിവയെല്ലാം ഒരിടത്ത് കാണിക്കുന്ന ഒരു ഡാഷ്ബോര്‍ഡ് ലഭ്യമാകും. പണം എങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രം വിവിധ ബാങ്കിങ് ആപ്പുകള്‍, സ്പ്രെഡ്ഷീറ്റുകള്‍, മറ്റ് ഫിനാന്‍സ് ടൂളുകള്‍ എന്നിവ മാറി മാറി ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ ഫീച്ചര്‍ ആര്‍ക്കൊക്കെ ലഭ്യമാകും?
നിലവില്‍ ഈ ഫീച്ചര്‍ യുഎസിലുള്ള ചാറ്റ്ജിപിടി പ്രോ ഉപയോക്താക്കള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് വെബിലും ഐഒഎസിലും ലഭ്യമാണ്. ആളുകള്‍ ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് പഠിച്ച ശേഷം, ഇത് പ്ലസ് ഉപയോക്താക്കളിലേക്കും തുടര്‍ന്ന് കൂടുതല്‍ ആളുകളിലേക്കും വ്യാപിപ്പിക്കാനാണ് ഓപ്പണ്‍എഐ പദ്ധതിയിടുന്നത്.
ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടി സൈഡ്ബാറിലുള്ള Finances ടാബ് തുറന്ന് ‘Get started’ എന്നതില്‍ ക്ലിക്ക് ചെയ്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ ചാറ്റില്‍ നേരിട്ട് ‘@Finances, connect my accounts’ എന്ന് ടൈപ്പ് ചെയ്താലും സേവനം ലഭിക്കും. അക്കൗണ്ട് വെരിഫൈ ചെയ്ത് കഴിഞ്ഞാല്‍, ഇടപാടുകളും അക്കൗണ്ട് വിവരങ്ങളും സമന്വയിപ്പിക്കാനും തരംതിരിക്കാനും ചാറ്റ്ജിപിടി തുടങ്ങും. ഇതിന് കുറച്ച് മിനിറ്റുകള്‍ എടുത്തേക്കാം. അക്കൗണ്ടുകള്‍ കണക്റ്റ് ചെയ്തു കഴിഞ്ഞാല്‍, വെറും പൊതുവായ ഉപദേശങ്ങള്‍ക്ക് പകരം യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചാറ്റ്ജിപിടിക്ക് കഴിയുമെന്നാണ് അവകാശവാദം.
അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചതിനുശേഷം ചാറ്റ്ജിപിടിക്ക് ബാലന്‍സുകള്‍, ഇടപാടുകള്‍, നിക്ഷേപങ്ങള്‍, ബാധ്യതകള്‍ എന്നിവ ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് ഓപ്പണ്‍എഐ പറയുന്നു. എന്നാല്‍ പൂര്‍ണ്ണ അക്കൗണ്ട് നമ്പറുകള്‍ കാണാനോ ബാങ്ക് അക്കൗണ്ടുകളില്‍ മാറ്റങ്ങള്‍ വരുത്താനോ കഴിയില്ല. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ അക്കൗണ്ടുകള്‍ വിച്ഛേദിക്കാം. വിച്ഛേദിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ സമന്വയിപ്പിച്ച സാമ്പത്തിക ഡാറ്റ അതിന്റെ സിസ്റ്റങ്ങളില്‍ നിന്ന് ഇല്ലാതാക്കുമെന്നും ഓപ്പണ്‍എഐ അവകാശപ്പെടുന്നു.

by Midhun HP News | May 17, 2026 | Latest News, കേരളം
തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ, സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവന്‍. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്നും ഗവര്‍ണറുടെ ഓഫീസ് നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ക്ഷണിക്കപ്പെട്ട മറ്റു മുഖ്യമന്ത്രിമാരും അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ ലോക്ഭവനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേദിയില്‍ ആരെല്ലാം ആകാമെന്നുള്ള ലോക്ഭവന്റെ നിര്‍ദേശം വന്നത്. വേദിയില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് ലോക്ഭവന്‍ ആണ്.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാന്‍ രാഹുല്‍ ഗാന്ധി, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖരെ യുഡിഎഫ് ക്ഷണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വേദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ലോക്ഭവന്റെ നിര്‍ദേശം വന്നത്.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ടിവികെയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടന്ന ചില കാര്യങ്ങളില്‍ ലോക്ഭവന്‍ അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ കേരളത്തെ മാതൃകയാക്കാനും ലോക്ഭവന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പശ്ചിമബംഗാളിലും അസമിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്മാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തിരുന്നു. കൂടാതെ പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു. ഇവിടെയെല്ലാം അനുവദിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ മാത്രം നിയന്ത്രണം കൊണ്ടുവന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

by Midhun HP News | May 17, 2026 | Latest News, കേരളം
തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ നേരില്‍ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒമ്പത് പേര്‍ ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതില്‍ യോഗ്യരായ മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പിന്നാക്കക്ഷേമ വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് എന്നിവ മഠവുമായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. കൂടാതെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയന്ത്രിക്കുന്നതിലും നിയമിക്കുന്നതിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകണമെന്നും സച്ചിദാനന്ദ സ്വാമി ആവശ്യപ്പെട്ടു.ആറ് പേരെ മന്ത്രിമാരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, കുറഞ്ഞത് മൂന്ന് -നാല് പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തില്‍ മഠത്തിന് വലിയ പ്രതീക്ഷയുണ്ട്. മുഖ്യമന്ത്രി ഇത് നടപ്പിലാക്കുമെന്ന് വിശ്വസിക്കുന്നതായും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.

by Midhun HP News | May 17, 2026 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. കാറില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സോന (27) മരിച്ചു. സംഭവത്തിന്റെ യഥാര്‍ഥ കാരണം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
തീപിടിത്തത്തിന് കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നതാണ് പ്രാഥമിക പരിശോധനയില്‍ ലഭിച്ച സൂചന. കാറിന്റെ വൈദ്യുത വയറിങ്ങിലോ ഇന്ധന ടാങ്കിലോ തകരാറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്നും അന്വേഷണസംഘം അറിയിച്ചു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സോനയുടെ അമ്മാവന്‍ എ.കെ. സത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള തീപിടിത്തമെങ്കില്‍ കാര്‍ ഇത്രയും വേഗത്തില്‍ പൂര്‍ണമായി കത്തിനശിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കാറിനുള്ളില്‍ അപകടകരമായ എന്തെങ്കിലും വസ്തു ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ പിന്നിലിരുത്തിയതും സംശയം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. രജിന്‍ ലാലിനെതിരെ സംശയമുണ്ടെന്നും പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണെന്നും സത്യന്‍ വ്യക്തമാക്കി.
സോനയും രജിന്‍ ലാലും പ്രണയവിവാഹം ചെയ്തവരാണെന്നും സത്യന്‍ പറഞ്ഞു. രജിന്‍ വിദേശത്തായിരിക്കെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ രജിന്‍ മറ്റൊരു യുവതിയുമായി ബന്ധത്തിലായതായും പിന്നീട് ആ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം ആരോപിച്ചു. ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് രജിന്‍ സോനയെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളുടെ എതിർപ്പിനെ മറികടന്ന് 2023-ലാണ് ഇരുവരും വിവാഹിതരായത്.
സോനയുടെ ആശുപത്രി പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കക്കറമുക്ക് റോഡിലെ എടോളിത്താഴെ രാത്രി 9.15ഓടെ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വാഹനം നിര്‍ത്തിയതായി പറയുന്നു. കാര്‍ ഓടിച്ചിരുന്നത് സോനയുടെ ഭര്‍ത്താവ് രജിന്‍ ലാലായിരുന്നു. സോന പിന്‍സീറ്റിലായിരുന്നു ഇരുന്നത്. വാഹനം നിര്‍ത്തിയതിന് പിന്നാലെ തീ പടരുകയും രജിന്‍ ലാല്‍ രക്ഷപ്പെടാന്‍ സമീപത്തെ തോട്ടിലേക്ക് ചാടുകയുമായിരുന്നു.
നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും തീ അതിവേഗം പടര്‍ന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അതിനുമുമ്പേ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ സോനയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടസമയത്ത് വലിയ പൊട്ടിത്തെറി ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു. “ശക്തമായ പൊട്ടിത്തെറിയോടെയാണ് തീ ആളിപ്പടര്‍ന്നത്. ഉടന്‍ തന്നെ രജിന്‍ ലാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി സമീപത്തെ തോട്ടിലേക്ക് ചാടി. ഞങ്ങള്‍ വെള്ളം കോരി ഒഴിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ വേഗത്തില്‍ പടരുകയായിരുന്നു. പിന്നിലെ വാതില്‍ ലോക്കായിരുന്നതിനാല്‍ സോനയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല,” സമീപവാസിയായ ഒതയോത്ത് മുഹമ്മദ് പറഞ്ഞു.
വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയിരിക്കെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ അപകടം ഉടന്‍ ശ്രദ്ധയില്‍പെടാന്‍ വൈകിയതായും മുഹമ്മദ് കൂട്ടിച്ചേർത്തു
കാറിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നെങ്കില്‍ തീ മുന്‍ഭാഗത്തുനിന്നാകുമായിരുന്നു പടരുകയെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ രജിന്‍ ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമായതിനാല്‍ അദ്ദേഹത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | May 17, 2026 | Latest News, കേരളം
കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് നടി മീര വാസുദേവ്. തന്റെ ട്യൂഷന്‍ അധ്യാപകനില്‍ നിന്നാണ് മീരയ്ക്ക് ദുരനുഭവമുണ്ടായത്. അതിക്രമം നേരിടുമ്പോള്‍ തനിക്ക് ഏഴ് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പുറത്തു പറയാതിരിക്കാന്‍ അയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മീര പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീര വാസുദേവന്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്;
ട്യൂഷന്‍ ടീച്ചറായിരുന്നു. തമിഴ് പഠിപ്പിച്ചിരുന്നയാളായിരുന്നു. ഞാന്‍ തമിഴില്‍ വീക്കായിരുന്നു. മുത്തശ്ശിയുടെ റഫറന്‍സായിരുന്നു അയാള്‍. വീട്ടിലെ ആരും അറിഞ്ഞിരുന്നില്ല. അയാള്‍ എന്നെ തുടര്‍ച്ചയായി ലൈംഗിക ഉപദ്രവിച്ചു. അവിടെ വരുന്ന മറ്റ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും അയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. വര്‍ഷങ്ങളോളം ഞാന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. കാരണം അയാള്‍ നിരന്തരം എന്നെ ഭീഷണിപ്പെടുത്തുമായിരുന്നു. സംഭവം തുടങ്ങുമ്പോള്‍ എനിക്ക് ഏഴോ എട്ടോ വയസ് മാത്രമേയുള്ളൂ. അപ്പോഴത്തെ കാലത്ത് ലൈംഗിക വിദ്യാഭ്യാസമില്ലായിരുന്നു.
അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ഞാന്‍ ചെറുതായിരുന്നതിനാല്‍ അതില്‍ വീണുപോയി. ഞാനൊരു മോശം പെണ്‍കുട്ടിയാണെന്ന് സ്‌കൂളിലെ അധ്യാപകരോടും അച്ഛനോടും അമ്മയോടുമൊക്കെ പറഞ്ഞു കൊടുക്കുമെന്ന് അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. അതോടെ വീട്ടില്‍ നിന്നും പുറത്താക്കുമെന്നും അവര്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ആകെ പേടിച്ചു പോയി.
ചൂഷണം നേരിട്ടൊരാളാണെങ്കില്‍ നമ്മുടെ ശരീരഭാഷ തന്നെ മാറിപ്പോകും. അക്രമികള്‍ ഇരകളെ പ്രൊഫൈല്‍ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. അതിക്രമികളുടെ മുന്നില്‍ ഇരകളുടെ സ്വഭാവം തന്നെ മാറും. ലൈംഗിക അതിക്രമം നേരിടാത്ത ഒരാളാണെങ്കില്‍ എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പ്രതികരിക്കും. മറിച്ച് ദുരനുഭവം നേരിട്ടവരാണെങ്കില്‍ പ്രതികരിക്കുന്ന രീതി മാറും. ശരീരഭാഷ മാറും. പേടി കാണിക്കും. സബ് മിസീവ് ആകും. അത് അവര്‍ മുതലെടുക്കും. അതില്‍ നിന്നുമാണ് പുറത്ത് കടക്കേണ്ടത്.
പതിനേഴ് വയസ് വരെ എനിക്ക് ദുരനുഭവം നേരിടേണ്ടി വന്നു. അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ നിലവിളിക്കുകയും, കരയുകയും സ്വയം മുറിവേല്‍പ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നീട് ഞാന്‍ പറയുന്നത് ആരും കേള്‍ക്കുകയോ മനസിലാക്കുകയോ ചെയ്യില്ലെന്ന് തോന്നിയതോടെ മിണ്ടാതായി. എനിക്ക് സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല. ഇതേ അധ്യാപകന്‍ തന്നെ സഹോദരിയ്ക്കും ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി. പക്ഷെ എനിക്ക് ലൈംഗികതയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എനിക്ക് സംഭവിക്കുന്നത് എന്തെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതിനാല്‍ അച്ഛനോടും അമ്മയോടും എങ്ങനെ വിശദീകരിക്കണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

Recent Comments