by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്തും. മെയ് 26ഓടേ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുകയാണ്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ തെക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.മത്സ്യബന്ധനം പാടില്ല
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്യാന്‍ പൊലീസ് ഫണ്ടില്‍ നിന്നും വാങ്ങി നല്‍കിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തിരികെ എടുത്തു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഇനി ഈ കറുത്ത കാറുകള്‍ ഉപയോഗിക്കില്ല. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസത്തിനോട് ആവശ്യപ്പെട്ടത്.
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാല്‍ കറുത്ത കാര്‍ വീണ്ടും വിട്ട് നല്‍കും. അതിനിടെ യാത്രയില്‍ കൂടുതല്‍ സുരക്ഷ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ പൊലീസിന് നിര്‍ദേശം നല്‍കി. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം.
യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എസ്‌കോര്‍ട്ടും വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത് നിര്‍ബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്‌സൈറ്റില്‍ ലഭ്യമാകും.99.07%മാണ് വിജയശതമാനം.
മുന്‍ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ വര്‍ധനയുണ്ടായി. എപ്ലസ് നേടിയവരുടെ എണ്ണം 30540 ആണ്. 20771 പെണ്‍കുട്ടികള്‍ എ പ്ലസ് നേടി. എപ്ലസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 9743 അണ്. വിജയം കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കൂടുതല്‍ വിജയംനേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാട്. ഏറ്റവും കൂടുതല്‍ എപ്ലസ് കൊല്ലം ജില്ലയിലാണ്.
4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്.സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിവരങ്ങള്‍ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കക്കും. കഴിഞ്ഞവര്‍ഷം 99.5 ശതമാനമായിരുന്നു വിജയം.
എസ്എസ്എൽസി ഫലം അറിയാൻ വെബ്സൈറ്റുകൾ
https://kbpe.kerala.gov.in/
https://results.digilocker.gov.in/
https://thslcexam.kerala.gov.in/thslc/
https://sslchiexam.kerala.gov.in/
https://thslchiexam.kerala.gov.in/
https://ahslcexam.kerala.gov.in/
https://results.kite.kerala.gov.in
എസ്എസ്എൽസി ഫലം അറിയാൻ മൊബൈൽ ആപ്പുകൾ
PRD LIVE
SAPHALAM 2025
വാട്സ്ആപ്പിലും എസ്എസ്എൽസി ഫലം
സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും ഫലമറിയാം. ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും.
മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഏപ്രിൽ 14 മുതൽ മെയ് 2 വരെയായിരുന്നു മൂല്യനിർണയം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.
by Midhun HP News | May 15, 2026 | Latest News, കേരളം
നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകള്‍ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ അത് സതീശനില്‍ മാത്രമേ ഇന്ന് കാണുന്നുള്ളുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
‘സന്ദേശ’ ത്തിന്റെ സന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുന്നതില്‍ സന്തോഷമുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സത്യന്‍ അന്തിക്കാട് വിഡി സതീശനെ പ്രശംസിച്ചത്. ആ വാക്കുകളിലേക്ക്:
സതീശന്‍ എന്ന സന്ദേശം. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുന്നതില്‍ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാന്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരന്‍ അഭിഭാഷകനാണ്. പക്ഷെ കോടതിയില്‍ പോകാറില്ല. രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരന്‍, കഥയുടെ ക്ലൈമാക്‌സില്‍ ജീവിതയാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാന്‍ പോകുന്ന രംഗമുണ്ട്. അതു കണ്ടതിന്റെ പിറ്റേ ദിവസം താന്‍ പ്രശസ്തനായ ഒരു അഭിഭാഷകന്റെ ജൂനിയറായി ചേര്‍ന്നുവെന്ന് സതീശന്‍ പറഞ്ഞു. പക്ഷെ സതീശന്‍ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിന്റെ അവസാനഭാഗത്ത് തിലകന്‍ പറയുന്നുണ്ട് ‘രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകള്‍ കൈകാര്യം ചെയ്യുമ്പോള്‍’എന്ന്. സതീശന്‍ ആ നല്ല ആളുകളില്‍പെട്ട ഒരാളാണ്.

by Midhun HP News | May 15, 2026 | Latest News, കേരളം
ഭര്‍ത്താവ് അശ്വിന്റെ അമ്മയെ താന്‍ ആന്റിയെന്നാണ് വിളിക്കാറുള്ളതെന്ന ദിയ കൃഷ്ണയുടെ വാക്കുകള്‍ വിവാദമായി മാറിയിരുന്നു. വഴിയില്‍ കാണുന്നവരെയൊന്നും അമ്മ എന്ന് വിളിക്കാനാകില്ലെന്നും അതിന് തന്റെ അമ്മയുണ്ടെന്നുമുള്ള ദിയയുടെ വിശദീകരണം വിവാദമാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദിയയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്.
ഇപ്പോഴിതാ ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കല്‍. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുക , അവരെ പരിചരിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരിക , സ്വന്തം വീടും അഡ്രസ്സും ഉപേക്ഷിച്ചു അവള്‍ ഭര്‍തൃ ഗൃഹത്തില്‍ താമസിക്കുക , ഇതൊക്കെ പുരുഷാധിപത്യ സമൂഹം സ്ത്രീകളോട് ചെയ്ത ക്രൂരതയാണെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ആ വാക്കുകളിലേക്ക്:ഞങ്ങള്‍ക്ക് പണ്ട് ഒരു സാര്‍ ഉണ്ടായിരുന്നു. അയാള്‍ വരുമ്പോള്‍ എണീറ്റ് നില്‍ക്കാത്തവരെ പുള്ളി വിരട്ടും. ‘ഇതുപോലെ ആണോ നിങ്ങള് പെരുമാറുന്നത് ? നിങ്ങള്‍ക്ക് ബഹുമാനം എന്നൊരു സാധനം ഉണ്ടോ ? നാളെ നിങ്ങള്‍ പഠിപ്പിക്കാന്‍ പോകുന്ന സ്ഥലത്തും ഇതുപോലെ നിങ്ങളെ കാണുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റില്ല എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷം ആകുമായിരിക്കും. ‘
ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും പുള്ളി ആജ്ഞാപിക്കും . അതുകൊണ്ട് തന്നെ പുള്ളിക്കാരനോട് ആര്‍ക്കും ഉള്ളില്‍ ബഹുമാനം ഇല്ല. ചുമ്മാ അയാളെ കാണിക്കാന്‍ വേണ്ടി മാത്രം എണീറ്റ് നില്‍ക്കും. പക്ഷെ ഉള്ളില്‍ തെറി വിളിക്കും. ഇനി ഇതേ കോളേജില്‍ പഠിപ്പിച്ച മറ്റൊരു സാര്‍ ഉണ്ട്. സാര്‍ ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും സ്വമേധയാ എണീറ്റ് നില്‍ക്കും. എല്ലാവര്‍ക്കും പുള്ളിയെ ഇഷ്ടമാണ്. അങ്ങനെ കോളേജ് തുടങ്ങി കുറച്ച് കാലം കഴിഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു ‘ നിങ്ങള് ഞാന്‍ വരുമ്പോള്‍ എപ്പോഴും എണീറ്റ് നില്‍ക്കണ്ട ആവശ്യം ഇല്ല , ബഹുമാനം ഒക്കെ മനസ്സില്‍ ഉണ്ടായി വരേണ്ടത് ആണ്. അല്ലാതെ അത് പ്രകടിപ്പിച്ച് കാണിക്കേണ്ടതില്ല ‘ . എനിക്ക് ഇത് കേട്ട് വളരെ അധികം സന്തോഷമായി. ഈ കോളേജില്‍ ബോധമുള്ള ആള്‍ക്കാരും ഉണ്ട് എന്ന് തോന്നി.
ഇത്രയും പറഞ്ഞു വന്നത് സോഷ്യല്‍ മീഡിയയില്‍ ഇന്ന് കറങ്ങി തിരിഞ്ഞു നടക്കുന്ന അമ്മ മാഹാത്മ്യം കണ്ടത് കൊണ്ടാണ്. ഇവിടുത്തെ നായിക പതിവുപോലെ ഒരു സെലിബ്രിറ്റി ആണ്. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ വലിച്ച് കീറിയാണല്ലോ കേരളത്തിലെ കുറെ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ വീട്ടിലേക്ക് ഉള്ള അരി മേടിക്കുന്നത്. ദിയ കൃഷ്ണ അവരുടെ ഭര്‍ത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കുന്നില്ല എന്നതാണ് സോഷ്യല്‍ മീഡിയ സദാചാര ടീമുകളുടെ അടുത്ത പരാതി.
ദിയ കൃഷ്ണയുടെ പല വാക്കുകളോട് , അവരുടെ അച്ഛന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് എനിക്ക് ശക്തമായ എതിര്‍പ്പ് ഉണ്ടെങ്കിലും ഇത്തരം സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ പുരോഗമനപരമായ ചിന്തകള്‍ കൊണ്ട് നടക്കുന്നവര്‍ ആണ് അവരുടെ കുടുംബക്കാര്‍. പെണ്‍ മക്കള്‍ക്ക് ഇഷ്ടമുള്ള ആളുകളെ തിരഞ്ഞെടുക്കാന്‍ സര്‍വ സ്വാതന്ത്രം കൊടുക്കുക , അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഡ്രസ്സ് ഇടാനും പ്രവര്‍ത്തിക്കാനും തടസ്സം നില്‍ക്കാതെ ഇരിക്കുക എന്നതൊക്കെ ആ കുടുംബത്തിന്റെ പുരോഗമനപരമായ നിലപാട് ആണ്.
അതുപോലെ തന്നെ ആണ് ദിയ ഈ ഇടക്ക് പുറത്ത് വിട്ട വിഡിയോ. അവര്‍ക്ക് അമ്മ എന്ന് വിളിക്കാന്‍ സിന്ധു കൃഷ്ണകുമാര്‍ മരുതങ്കുഴിയില്‍ ഉണ്ടെന്നും അശ്വിന്‍ കൃഷ്ണയുടെ അമ്മയെ അവര്‍ അമ്മ എന്ന് വിളിക്കാറില്ല എന്നും പറഞ്ഞാണ് സദാചാര സമൂഹത്തെ ഇളക്കി വിട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുക , അവരെ പരിചരിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരിക , സ്വന്തം വീടും അഡ്രസ്സും ഉപേക്ഷിച്ചു അവള്‍ ഭര്‍തൃ ഗൃഹത്തില്‍ താമസിക്കുക , ഇതൊക്കെ പുരുഷാധിപത്യ സമൂഹം സ്ത്രീകളോട് ചെയ്ത ക്രൂരത ആണ്.
ഈ സമ്പ്രദായം ഒക്കെ സ്ത്രീകളുടെ സ്വാതന്ത്ര്യം , വ്യക്തി താല്പര്യം എന്നിവ തകര്‍ക്കുന്നു. അതുകൊണ്ടാണ് പല പ്രതിഭകളായ സ്ത്രീകളും അടുക്കളയും അമ്മായിയമ്മയും ആയി ഒതുങ്ങി പോകേണ്ടി വന്നത്. എന്നാല്‍ ഇന്ന് സ്വാതന്ത്ര്യം നേടിയ സ്ത്രീകള്‍ ഭര്‍തൃ ഗൃഹം ഉപേക്ഷിച്ച് ഭര്‍ത്താവുമായി മാറി താമസിച്ച് അവരുടെ സമാധാനം തിരിച്ചു പിടിക്കുന്നു , അതിന്റെ ഉദാഹരണം ആണ് ബ്യൂട്ടി ബ്ലോഗര്‍ ഗംഗയും ദിയ കൃഷ്ണയും ഒക്കെ.
നോക്കൂ സുഹൃത്തുക്കളെ , നമ്മളെ പ്രസവിച്ചു വളര്‍ത്തി വലുതാക്കിയ അമ്മയെ പോലെ മറ്റൊരാളുടെ അമ്മയെ കാണാന്‍ ഭൂരിഭാഗം പേര്‍ക്കും ഒരിക്കലും കഴിയില്ല. അതുകൊണ്ട് തന്നെ മറ്റൊരാളുടെ അമ്മയെ അമ്മ എന്ന് വിളിക്കാനും നമുക്ക് തോന്നണം എന്നില്ല. കല്യാണം കഴിഞ്ഞ പുരുഷന്മാര്‍ സ്ത്രീകളുടെ വീട്ടില്‍ പോയി 5 മിനുട്ട് നില്‍ക്കാന്‍ വരെ മടിയാണ്. അവരുടെ അമ്മേ വിളി കേള്‍ക്കുമ്പോള്‍ തന്നെ അറിയാം നാട്ടുകാരെ പേടിച്ചു വിളിക്കുന്നത് ആണെന്ന്.
ഇതൊന്നും അല്ല , ഇനി അമ്മയെ അമ്മ എന്ന് വിളിക്കേണ്ട ആവശ്യവും ഇല്ല. കനി കുസൃതി ഒക്കെ അവരുടെ അമ്മയെ ജയശ്രീ ചേച്ചി എന്നാണ് വിളിക്കാറുള്ളത്. നമ്മള്‍ ഒരാളെ എങ്ങനെ വിളിച്ചാലും നമുക്ക് അയാളോട് ഉള്ള സ്‌നേഹം മനസ്സിലാണ് ഉള്ളത്. നമ്മള്‍ ഓരോരോ മനുഷ്യരെയും വ്യത്യസ്ത കണ്ണുകളിലൂടെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ആണ് കാണുന്നത്. അതുകൊണ്ട് ആര് ആരെ എന്തു വിളിക്കണം എന്ന് അവര്‍ തമ്മില്‍ തീരുമാനിക്കും. വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇല്ലാത്ത പ്രശ്‌നം ആണ് നാട്ടുകാര്‍ക്ക്.
സോ ഭര്‍ത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിച്ചില്ല എന്ന് പറഞ്ഞു രോദനം ഉയര്‍ത്തുന്നവര്‍ പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന ഊളകളാണ്. എന്റെ സാര്‍ പറഞ്ഞത് പോലെ ‘ ബഹുമാനം മനസ്സില്‍ ഉണ്ടായി വരേണ്ടതാണ്. അല്ലാതെ അത് സമൂഹം നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക രീതിയില്‍ കാണിക്കേണ്ട ഒരു ആവശ്യവുമില്ല’.

Recent Comments