by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. അതേസമയം ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശത്തിലെ ചില ഭാഗങ്ങള്‍ സുപ്രീംകോടതി നീക്കി. രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് എംഎം സുന്ദരേശും ജസ്റ്റിസ് എന്‍ കെ സിങ്ങും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എംഎം സുന്ദരേശിന്റെ ബെഞ്ച് അറിയിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കല്‍ നടന്നില്ല.
തുടര്‍ന്ന് രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങള്‍ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും, അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ പി വി ദിനേശനും കെ ആര്‍ സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. അഞ്ചോളം ഖണ്ഡികകളിലെ പരാമര്‍ശങ്ങളാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കി.


by Midhun HP News | Mar 25, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: കൺഫേം ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ. ബോഡിങ് പോയിന്റ് നിയമങ്ങളിലടക്കം മാറ്റം കൊണ്ടുവരാനാണ് റെയിൽവേ തീരുമാനം. ഏപ്രിൽ1നും 15നും ഇടയിൽ ഘട്ടങ്ങളായി പുത്തൻ നിയമങ്ങൾ നടപ്പിലാക്കി തുടങ്ങുമെന്നാണ് അറിയിപ്പ്.
യാത്ര ആരംഭിക്കാൻ 72മണിക്കൂറിലധികം സമയമുള്ളപ്പോഴാണ് യാത്രികൻ കൺഫേമായ ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ മാക്‌സിമം തുക റീഫണ്ടായി ലഭിക്കും. എത്ര യാത്രികരുണ്ട് എന്നതിന് അനുസരിച്ച് ഫ്‌ളാറ്റ് കാൻസലേഷൻ ചാർജ് മാത്രമാകും ഈടാക്കുക. ഇനി 24മണിക്കൂറിനും 72മണിക്കൂറിനും ഇടയിലാണ് കൺഫർമേഷൻ ലഭിച്ച ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിൽ യാത്രാക്കൂലിയുടെ 25ശതമാനം ഈടാക്കും. മിനിമം ചാർജിനെ അടിസ്ഥാനമാക്കിയാകും തുക ഈടാക്കുന്നത്.
ട്രെയിൻ യാത്ര ആരംഭിക്കാൻ 24 മണിക്കൂറിനും എട്ടു മണിക്കൂറിനുമടിയിലുള്ള സമയം മാത്രമേയുള്ളുവെങ്കിൽ 50 ശതമാനമാകും പിഴ. ഇനി എട്ടു മണിക്കൂറിൽ താഴെ മാത്രമാണ് യാത്ര ആരംഭിക്കാനുള്ളതെങ്കിൽ റീഫണ്ട് ഉണ്ടാവുകയുമില്ല. യാത്ര ആരംഭിക്കുന്നതിന് മുമ്പാണ് ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിലും റീഫണ്ട് ഉണ്ടാകില്ലെന്ന് ചുരുക്കം. അതേസമയം യാത്രക്കാർക്ക് ബോർഡിങ് സ്റ്റേഷൻ യാത്ര ആരംഭിക്കുന്നതിന് 30മിനിറ്റ് മുമ്പ് ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനും സജ്ജീകരിച്ചിട്ടുണ്ട്.
പ്രധാന നഗരങ്ങളിൽ ട്രെയിന് വിവിധ സ്റ്റോപ്പുകൾ ഉണ്ടെങ്കിൽ ഈ മാറ്റം വലിയ ഉപകാരമാകും. നിലവിൽ ചാർട്ട് തയ്യാറാകുന്നതിന് മുമ്പ് മാത്രമാണ് സ്റ്റേഷൻ ചെയ്ഞ്ച് ചെയ്യാനുള്ള ഓപ്ഷനുള്ളത്. അതേസമയം ഇടനിലക്കാർ ടിക്കറ്റ് വിൽപ്പന നടത്തുന്ന രീതികളെ കുറിച്ച് നടത്തിയ കണക്കെടുപ്പിൽ ഇത്തരക്കാർ അധികമായി ടിക്കറ്റ് ബുക്ക് ചെയ്യുകയും ട്രെയിൻ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇവ കാൻസൽ ചെയ്ത് വൻ തുക റീഫണ്ടായി കൈക്കലാക്കുന്നതായി മനസിലാക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നു. പുതിയ നിയമങ്ങൾ ഇത്തരക്കാരുടെ പ്രവർത്തനങ്ങളെ തടയാൻ സഹായിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.


by Midhun HP News | Mar 25, 2026 | Latest News, കേരളം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട് വരില്ല. രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി. പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കും.
അമ്മ സോണിയാഗാന്ധി അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ കോഴിക്കോട് യാത്ര റദ്ദാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയാഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ പ്രിയങ്കയും രാഹുലും സോണിയക്കൊപ്പമുണ്ട്.രാഹുല്‍ഗാന്ധി നാലരയ്ക്ക് കോഴിക്കോട് ബീച്ചിലെ പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഗ്യാരണ്ടി വിശദീകരിക്കുന്ന ബസിന്റെ പ്ലാഗ് ഓഫ്, പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായുള്ള സംവാദം തുടങ്ങിയ പരിപാടികളാണ് രാഹുല്‍ പങ്കെടുക്കാനായി നിശ്ചയിച്ചിരുന്നത്.


by Midhun HP News | Mar 25, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെമ്പഴന്തി അണിയൂര്‍ കീരിക്കുഴിയില്‍ ജലീല്‍ മന്‍സിലില്‍ ആസിഫിനെയാണ്(28) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫാ നജുമുദീന്‍(22) ക്രൂര മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സയിലാണ്.
ജനുവരി 25ന് ആയിരുന്നു വിവാഹം. രണ്ടു ആഴ്ച തികയുംമുന്‍പ് അറഫയെ അകാരണമായി മര്‍ദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈല്‍ ഫോണില്‍ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി.
തുടര്‍ന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയില്‍ പറയുന്നു. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാല്‍മുട്ടിനും ഗുരുതര പരിക്കുണ്ട്. ആസിഫിനെ കോടതിയില്‍ ഹാജരാക്കി.
by Midhun HP News | Mar 25, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാനിർദേശങ്ങൾ
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.
പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക.
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Recent Comments