‘നഷ്ടത്തിൽ ഓടാൻ വയ്യ’; എയർ ഇന്ത്യ സർവീസ് വെട്ടിച്ചുരുക്കുന്നു, പ്രവാസികൾ ആശങ്കയിൽ

‘നഷ്ടത്തിൽ ഓടാൻ വയ്യ’; എയർ ഇന്ത്യ സർവീസ് വെട്ടിച്ചുരുക്കുന്നു, പ്രവാസികൾ ആശങ്കയിൽ

ഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില വൻ തോതിൽ വർധിച്ചതോടെ എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. ഇന്ധന പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബാധ്യതയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് സർവീസുകൾ കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

ജൂൺ മുതൽ മൂന്ന് മാസക്കാലയളവിൽ നൂറോളം സർവീസുകൾ റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്യാനാണ് കമ്പനിയുടെ നീക്കം. ഡൽഹിയിൽ നിന്ന് ഷിക്കാഗോ, നെവാർക്ക്, സിംഗപ്പൂർ, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ പൂർണ്ണമായും നിർത്തിവെച്ചതായാണ് വിവരം. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണത്തിലും കുറവ് എയർ ഇന്ത്യ വരുത്തിയിട്ടുണ്ട്.കുറഞ്ഞ ചെലവിൽ നാട്ടിൽ എത്താൻ കഴിയുന്ന തരത്തിലുള്ള എയർ ഇന്ത്യയുടെ സർവീസ് ഗൾഫ് അടക്കമുള്ള രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ യാത്രകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ തീരുമാനം എടുത്തതോടെ ആശങ്കയിലാണ് പ്രവാസികൾ.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിൽ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മെയ് 8 ആയപ്പോഴേക്കും 162.89 ഡോളറായി ഉയർന്നു.

പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പല സർവീസുകളും റദ്ദാക്കാൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ തീരുമാനിച്ചത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് രംഗത്തെത്തിയിട്ടുണ്ട്.

‘മുഖ്യമന്ത്രിക്കും മുന്‍പ് മിന്നല്‍ മാജിക്ക് എത്തുമോ?’; സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലേക്ക്, വില 400 രൂപ

‘മുഖ്യമന്ത്രിക്കും മുന്‍പ് മിന്നല്‍ മാജിക്ക് എത്തുമോ?’; സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലേക്ക്, വില 400 രൂപ

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഏറ്റവും പുതിയ മദ്യബ്രാന്റായ ‘മിന്നല്‍ മാജിക്ക്’ ഈ മാസം വിപണിയിലെത്തും. ബിവറേജസ് കോര്‍പ്പറേഷന്റെ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയാകും വിതരണം.

കുറഞ്ഞ വിലയ്ക്ക് സര്‍ക്കാരിന്റെ തന്നെ മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാന്റി ഉല്‍പാദിപ്പിക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയാണ് വില. പാലക്കാട്ടെ മലബാര്‍ ഡിസ്ലറിയിലാണ് ‘മിന്നല്‍ മാജിക്ക്’ ഉല്‍പാദിപ്പിക്കുന്നത്. പ്രതിദിനം 900 കെയിസ് മദ്യമുണ്ടാക്കാനാണ് ബെവ്‌കോയുടെ ലക്ഷ്യം.കേരളസര്‍ക്കാരിന്റെ പുതിയ മദ്യ ബ്രാന്റിന് പേരു നിര്‍ദേശിക്കാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം ‘മലബാര്‍ മിസ്റ്ററി’ എന്നു പേരു നല്‍കിയിരുന്നെങ്കിലും പിന്നീടത് ‘മിന്നല്‍ മാജിക്ക്’ എന്നു മാറ്റുകയായിരുന്നു. എംഎം എന്ന ചുരുക്കപ്പേരിലാണ് ബ്രാന്റ് അറിയപ്പെടുന്നത്.

ഈ മാസം അവസാനത്തോടെ മിന്നല്‍ മാജിക് ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ വിതരണം ആരംഭിക്കുന്ന കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല.

എസ്എസ്എൽസി ഫലം 15 ന് ? ഇന്ന് നിർണായക യോഗം

എസ്എസ്എൽസി ഫലം 15 ന് ? ഇന്ന് നിർണായക യോഗം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം വരിക. ഈ മാസം 15ന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. ഇതേ തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കാൻ ആണ് സാധ്യത.

ഫലം പരിശോധിക്കാൻ പരീക്ഷാബോർഡ് ചേർന്ന ശേഷം ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസം കൂടി വേണ്ടി വരും. ഇത് അനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാബോർഡിന്റെ യോഗം നിശ്ചയിച്ചത്. തുടർ നടപടി പൂർത്തിയാക്കി വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവനും പൂർത്തിയാക്കിയിട്ടുണ്ട്. സാധാരണ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തുന്നത്. എന്നാൽ കേരളത്തിൽ അധികാരത്തിലെത്തിയ കോൺഗ്രസിന് ഇതുവരെ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഈ സഹചര്യത്തിൽ ചീഫ് സെക്രട്ടറിയോ, പൊതു വിദ്യാഭ്യാസ ഡയറക്ടറോ ആയിരിക്കും ഫലം പ്രഖ്യാപിക്കുക. 2021-ലെ തെരഞ്ഞെടുപ്പുകാലത്ത് ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ ഷാജഹാനായിരുന്നു. അതുപോലെ, ഇത്തവണയും ഉദ്യോഗസ്ഥർ തന്നെ ഫലം പ്രഖ്യാപിക്കാൻ ആണ് സാധ്യത.

ചരിത്രാലാദ്യമായി പവന് 10,200 രൂപയുടെ വര്‍ധന; വരുംദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരും; കാരണമിതാണ്

ചരിത്രാലാദ്യമായി പവന് 10,200 രൂപയുടെ വര്‍ധന; വരുംദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരും; കാരണമിതാണ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 1275 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 1,23,220 രൂപയാണ്. നിലവില്‍ ഈ മാസത്തെ ഏറ്റവും കൂടിയ സ്വര്‍ണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. അന്ന് 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില.

രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി സ്വര്‍ണ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമായാണ് ഉയര്‍ത്തിയത്.

ഇതിനു പുറമെ അഞ്ചുശതമാനം അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് സെസ് കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ 15 ശതമാനത്തിന്റെ വര്‍ധനവാണ് നിലവില്‍ വന്നിരിക്കുന്നത്. നേരത്തെ ഇത് ആറുശതമാനം ആയിരുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തടയുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.അസംസ്‌കൃത എണ്ണയും സ്വര്‍ണവും വാങ്ങുന്നതിനായി വലിയ തോതില്‍ ഡോളര്‍ ചിലവാകുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്രം അസാധാരണ ഗസറ്റിലൂടെ ഈ നിയന്ത്രണം കൊണ്ടുവന്നത്. സ്വര്‍ണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

വിദേശ നാണ്യ ശേഖരത്തിലെ കുറവ് പരിഹരിക്കാന്‍ ഒരു വര്‍ഷത്തേക്കെങ്കിലും സ്വര്‍ണ ഉപഭോഗം കുറയ്ക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. നിലവില്‍ തന്നെ റെക്കോര്‍ഡ് വിലയില്‍ നില്‍ക്കുന്ന സ്വര്‍ണത്തിന് പുതിയ നികുതി വര്‍ധനവ് വലിയ തിരിച്ചടിയാകും. വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ഉണ്ടാകാനാണ് സാധ്യത.

സതീശനു വേണ്ടി സുധീരനും മുരളീധരനും, നേതാക്കളെ വിശദമായി കേട്ട് രാഹുല്‍; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

സതീശനു വേണ്ടി സുധീരനും മുരളീധരനും, നേതാക്കളെ വിശദമായി കേട്ട് രാഹുല്‍; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അന്തിമ ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഉച്ചയോടെ പുതിയ നേതാവിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കേരളത്തിലെ മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കളെ കണ്ട രാഹുല്‍ഗാന്ധി, അവരുടെ അഭിപ്രായങ്ങള്‍ തേടിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി എന്നിവരുമായി ആശയവിനിമയം നടത്തിയശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ നിലപാടും നിര്‍ണായകമായേക്കും. ഇന്നലെ രാത്രി വൈകിയാണ് കേരള നേതാക്കളുമായുള്ള ചര്‍ച്ച രാഹുല്‍ഗാന്ധി പൂര്‍ത്തിയാക്കിയത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും രാഹുല്‍ സംസാരിച്ചു. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ അഭിപ്രായവും കേട്ടിരുന്നു.

ജനവികാരം പ്രതിപക്ഷനേതാവ് വി ഡിസതീശന് അനുകൂലമാണെന്ന് കെ മുരളീധരന്‍ രാഹുലിനെ അറിയിച്ചെന്നാണ് സൂചന. പരസ്യമായി പറഞ്ഞില്ലെങ്കിലും വി എം സുധീരനും ഇതേ നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഹുലിനോട് പറഞ്ഞത് വെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. പുറമേ സമാന നിലപാട് പറഞ്ഞെങ്കിലും, കെ സുധാകരന്‍ കൂടിക്കാഴ്ചയില്‍ കെസിയെ പിന്തുണച്ചാണ് സംസാരിച്ചതെന്നാണ് സൂചന. മുരളീധരനും സുധീരനും ഒഴികെ എല്ലാവരും കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനോട് യോജിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരി തിരിഞ്ഞ് നടന്ന ശക്തിപ്രകടനങ്ങളെ കുറിച്ച് രാഹുല്‍ നേതാക്കളോട് ചോദിച്ചു. ആരായിരുന്നു പ്രതിഷേധക്കാരുടെ പിന്നില്‍, നടപടികള്‍ ആസൂത്രിതമായിരുന്നോ, ആര്‍ക്കൊക്കെ വേണ്ടിയാണ് മത്സരം നടന്നത് തുടങ്ങിയ കാര്യങ്ങള്‍ രാഹുല്‍ ചോദിച്ചതായാണ് സൂചന. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്ന ആക്ഷേപം ശരിയാണോയെന്നും രാഹുല്‍ ആരാഞ്ഞു. എംഎല്‍എമാരുടെ പിന്തുണ പരിഗണിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ സംസ്ഥാനത്തെ ജനവികാരം പരിഗണിക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടു. ഘടകകക്ഷികളുമായി കൂടി സംസാരിച്ചശേഷമാകും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.