ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു

ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്തിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ചു. താമരശ്ശേരി സ്വദേശി മുരളീധരനാണ് മരിച്ചത്. രാവിലെയാണ് താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്.

പഞ്ചായത്ത് ഓഫീസിന് തൊട്ടു മുമ്പിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ്. ഓട്ടോയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലായിരുന്നു മുരളീധരന്‍ എന്ന് സുഹൃത്തുക്കള്‍ പറയുന്നു.വായ്പാ തിരിച്ചടവ് മുടങ്ങിയതില്‍ ബജാജ് ഫൈനാന്‍സ് ജീവനക്കാര്‍ മുരളീധരനെ തേടി ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. ഉടന്‍ പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും, അവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഇതിന്റെ മനോവിഷമത്തിലാകും മുരളീധരന്‍ ജീവനൊടുക്കിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; തമിഴ്നാട്ടിൽ 717 ടാസ്മാക് ഷോപ്പുകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; തമിഴ്നാട്ടിൽ 717 ടാസ്മാക് ഷോപ്പുകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിറക്കി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ ആണ് പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ബസ് ടെർമിനലുകൾ എന്നിവയ്ക്കു സമീപം പ്രവർത്തിക്കുന്ന മദ്യശാലകൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് ആകെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ തീരുമാനമായത്.

മദ്യശാലകൾ നിയന്ത്രിക്കാനും പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ് തുടക്കം മുതൽ തന്നെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന തീരുമാനങ്ങൾ ആണ് സ്വീകരിക്കുന്നത്.

അധികാരത്തിൽ എത്തിയ ഉടൻ തന്നെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം പ്രത്യേക സേനയെ രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

ജീവൻ കാക്കുന്ന ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ജീവൻ കാക്കുന്ന ഭൂമിയിലെ മാലാഖമാർ; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായ നഴ്സുമാർക്ക് ആദരമർപ്പിക്കുകയാണ് ഈ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ. രോഗിയുടെ ചികിത്സയിലും പരിചരണത്തിലും ഡോക്ടർമാരോടൊപ്പം തുല്യപ്രാധാന്യമുള്ള സേവനമാണ് നഴ്‌സുമാർ നൽകുന്നത്.

എല്ലാ വർഷവും മെയ് 12-ന് ലോകമെമ്പാടും അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നു. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറൻസ്‌ നൈറ്റിങ്‌ഗേലിന്റെ ജന്മവാർഷിക ദിനമാണ് രാജ്യാന്തര നഴ്സസ് ദിനമായി ആചരിക്കുന്നത്.

ഭൂമിയിലെ മാലാഖമാരെന്നാണ് നഴ്സുമാരെ സമൂഹം വിശേഷിപ്പിക്കാറ്. ലോകമെങ്ങുമുള്ള നഴ്‌സുമാരുടെ അക്ഷീണമായ സേവനത്തെയും പ്രതിജ്ഞാബദ്ധതയെയും കൊണ്ടാടാനുള്ള ഓർമ്മപ്പെടുത്തലാണ്‌ ഓരോ നഴ്‌സസ്‌ ദിനവും. 1974 മുതൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ്‌ നഴ്‌സസ്‌ (ICN) ആണ് ലോകമെമ്പാടും നഴ്‌സസ് ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. നഴ്സിങ് മേഖലയിലെ സംഭാവനകളെ അംഗീകരിക്കാനും, സമൂഹത്തിൽ നഴ്‌സുമാരുടെ പ്രാധാന്യം ഉയർത്തിക്കാണിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്.

ഓരോ വർഷവും വ്യത്യസ്ത പ്രമേയങ്ങളോടെയാണ് നഴ്‌സസ് ദിനം ആചരിക്കുന്നത്. നഴ്‌സുമാരുടെ ക്ഷേമം, സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തൽ എന്നിവയാണ് പൊതുവേ പ്രമേയങ്ങളിൽ ഉൾപ്പെടുന്നത്. നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി എന്നതാണ്‌ ഈ വർഷത്തെ രാജ്യാന്തര നഴ്‌സസ്‌ ദിന പ്രമേയം.

ന്യൂനമര്‍ദം, ചക്രവാതച്ചുഴി: ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദം, ചക്രവാതച്ചുഴി: ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. തെക്കുകിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോടു ചേര്‍ന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ കേന്ദ്രം മുതല്‍ തെക്കന്‍ തമിഴ്നാട് വഴി തെക്കന്‍ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി മുതല്‍ തീരദേശ കര്‍ണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്വാഡ വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ന്യൂനമര്‍ദപാത്തിയും നിലനില്‍ക്കുന്നു.

ഇതിന്റെ സ്വാധീനഫലമായി മെയ് 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുഖ്യമന്ത്രി ആര്?, ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍, ഘടകകക്ഷികളുടെ അഭിപ്രായം വീണ്ടും തേടും

മുഖ്യമന്ത്രി ആര്?, ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍, ഘടകകക്ഷികളുടെ അഭിപ്രായം വീണ്ടും തേടും

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. കെപിസിസി മുന്‍ അധ്യക്ഷന്‍മാരുടെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തേടും. ചര്‍ച്ചകള്‍ക്കായി മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, കെ സുധാകരന്‍ തുടങ്ങിയവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ പത്തര മുതല്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്നാണ് സൂചന.

മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ തുടങ്ങിയവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. നേതാക്കളെ വെവ്വേറെ കണ്ടാവും അഭിപ്രായം തേടുക. ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് വീണ്ടും തേടിയേക്കും. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ഘടകകക്ഷികള്‍ കടുത്ത അതൃപ്തിയിലാണ്.

ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ഇപ്പോഴും കെ സി വേണുഗോപാലിനാണ് മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശാല ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച നേതാക്കളില്‍ ബഹുഭൂരിപക്ഷവും വേണുഗോപാലിനെ അനുകൂലിക്കുമെന്നാണ് കെസി പക്ഷത്തിന്റെ വിലയിരുത്തല്‍. അതേസമയം, കേരളത്തിലെ പൊതുജന വികാരവും, ഘടകകക്ഷികളുടെ നിലപാടും തനിക്ക് അനുകൂലമാകുമെന്ന് വിഡി സതീശന്‍ വിചാരിക്കുന്നു. തര്‍ക്കങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് എന്ന പരിഗണന ലഭിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ.

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു വൈകീട്ടോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന. എംഎല്‍എമാരിലും എംപിമാരിലും, ബഹുഭൂരിപക്ഷവും കെസി വേണുഗോപാലിനൊപ്പമാണെന്നാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. പൊതുജനവികാരം സതീശന് അനുകൂലമാണ് എന്നതാണ് ഒറ്റയടിക്ക് പ്രഖ്യാപനം നടത്തുന്നതില്‍ ഹൈക്കമാന്‍ഡിനെ വലയ്ക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടേയും, പ്രിയങ്കാ ഗാന്ധിയുടേയും മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടേയും നിലപാട് നിര്‍ണായകമായേക്കും.