by Midhun HP News | May 12, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും. കെപിസിസി മുന്‍ അധ്യക്ഷന്‍മാരുടെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തേടും. ചര്‍ച്ചകള്‍ക്കായി മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, കെ സുധാകരന്‍ തുടങ്ങിയവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാവിലെ പത്തര മുതല്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കുമെന്നാണ് സൂചന.
മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ തുടങ്ങിയവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. നേതാക്കളെ വെവ്വേറെ കണ്ടാവും അഭിപ്രായം തേടുക. ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് വീണ്ടും തേടിയേക്കും. മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ ഘടകകക്ഷികള്‍ കടുത്ത അതൃപ്തിയിലാണ്.
ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ ഇപ്പോഴും കെ സി വേണുഗോപാലിനാണ് മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശാല ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച നേതാക്കളില്‍ ബഹുഭൂരിപക്ഷവും വേണുഗോപാലിനെ അനുകൂലിക്കുമെന്നാണ് കെസി പക്ഷത്തിന്റെ വിലയിരുത്തല്‍. അതേസമയം, കേരളത്തിലെ പൊതുജന വികാരവും, ഘടകകക്ഷികളുടെ നിലപാടും തനിക്ക് അനുകൂലമാകുമെന്ന് വിഡി സതീശന്‍ വിചാരിക്കുന്നു. തര്‍ക്കങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് എന്ന പരിഗണന ലഭിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു വൈകീട്ടോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന. എംഎല്‍എമാരിലും എംപിമാരിലും, ബഹുഭൂരിപക്ഷവും കെസി വേണുഗോപാലിനൊപ്പമാണെന്നാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. പൊതുജനവികാരം സതീശന് അനുകൂലമാണ് എന്നതാണ് ഒറ്റയടിക്ക് പ്രഖ്യാപനം നടത്തുന്നതില്‍ ഹൈക്കമാന്‍ഡിനെ വലയ്ക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടേയും, പ്രിയങ്കാ ഗാന്ധിയുടേയും മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടേയും നിലപാട് നിര്‍ണായകമായേക്കും.
by Midhun HP News | May 11, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് ഫലം നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫലം ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് സജീവമായാല്‍ ഉടന്‍ സ്‌കോര്‍കാര്‍ഡുകള്‍ പരിശോധിക്കുന്നതിനായി ലോഗിന്‍ വിവരങ്ങള്‍ തയ്യാറാക്കി വെക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിജിലോക്കര്‍ തങ്ങളുടെ ഔദ്യോഗിക പോര്‍ട്ടലില്‍ സിബിഎസ്ഇ 12-ാം ക്ലാസ് ഡിജിറ്റല്‍ മാര്‍ക്ക് ഷീറ്റുകള്‍ക്കായി ‘Coming Soon’ (ഉടന്‍ വരുന്നു) എന്ന സന്ദേശം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഫലം വരുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന 12-ാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം മെയ് 13-നായിരുന്നു ബോര്‍ഡ് ഫലം പ്രസിദ്ധീകരിച്ചത്. 88.39 ശതമാനമായിരുന്നു അന്നത്തെ മൊത്തം വിജയം. cbse.gov.in, results.cbse.nic.in, cbseresults.nic.in digilocker.gov.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാന്‍ സാധിക്കും.
by Midhun HP News | May 11, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പതിനാറാമത് മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ചായമൻസ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി. സംവിധായകരായ ടി. എസ് .സുരേഷ് ബാബു, തുളസീ ദാസ്, മോഹൻ കുപ്ലേരി എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് പുരസ്കാര നിർണയം നടത്തിയത്. ആറ്റുകാൽ ഭഗവതി ക്ഷേത്രം അംബ ഓഡിറ്റോറിയത്തിൽ വച്ച് മേയ് 21ന് പുരസ്കാര വിതരണം നടക്കും.

by Midhun HP News | May 11, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 118 പോയിന്റുകളുമായാണ് ടീം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്.
113 പോയിന്റുമായാണ് ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. 109 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത്.
102 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്ത്. പാകിസ്ഥാനെ പിന്തള്ളിയാണ് പ്രോട്ടീസ് നാലാമതായി എത്തിയത്. 98 പോയിന്റുമായി പാകിസ്ഥാന്‍ അഞ്ചാം റാങ്കില്‍.
ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ആറ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്. ഒരു സ്ഥാനം മെച്ചപ്പെടുത്തി അയര്‍ലന്‍ഡ് 11ാം സ്ഥാനത്തേക്ക് കയറി. സിംബാബ്‌വെയെ 12ാം സ്ഥാനത്തേക്ക് ഇറക്കിയാണ് അവര്‍ നില മെച്ചപ്പെടുത്തിയത്.

by Midhun HP News | May 11, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനെ സന്ദര്‍ശിച്ചു. ആല്‍വാര്‍പേട്ടിലെ വസതിയിലെത്തിയാണ് വിജയ് സ്റ്റാലിനെ കണ്ടത്. ആദ്യ നിയമസഭാ സമ്മേളനത്തിന് ശേഷം മുതിര്‍ന്ന നേതാക്കളെ നേരില്‍ കാണുക എന്ന കീഴ്വഴക്കത്തിന്റെ ഭാഗമായാണ് ഈ സൗഹൃദ സന്ദര്‍ശനം.
ഭരണമാറ്റത്തിന് ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണിത്. വീട്ടിലെത്തിയ വിജയിനെ ആദ്യം ആലിംഗനം ചെയ്ത് വരവേറ്റത് ഉദയനിധിയാണ്. പിന്നാലെ സ്റ്റാലിന്‍ വിജയിനെ ഹസ്തദാനം നല്‍കിയ ശേഷം കെട്ടിപ്പിടിച്ച് സ്വീകരിച്ചു. പരസ്പരം പൊന്നാട അണിയിക്കുകയും പൂച്ചെണ്ടുകള്‍ കൈമാറുകയും ചെയ്തു. ഡിഎംകെയുടെ കഴിഞ്ഞ 75 വര്‍ഷത്തെ ഡിഎംകെയുടെ രാഷ്ടീയചരിത്രം രേഖപ്പെടുത്തുന്ന കാലത്തിന്റെ നിറം കറുപ്പ് ചുവപ്പ് എന്ന പുസ്തകം ഉദയനിധി വിജയിന് കൈമാറുകയും ചെയ്തു. സംസ്ഥാനത്തെ 10 ലക്ഷം കോടി രൂപയുടെ കടബാധ്യതയ്ക്ക് കാരണം കഴിഞ്ഞ ഡിഎംകെ സര്‍ക്കാരാണെന്ന് വിജയ് വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച. ഇതിന് സ്റ്റാലിന്‍ മറുപടിയും നല്‍കിയിരുന്നു.നിലവില്‍ ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തില്‍, നിയമസഭയ്ക്കുള്ളില്‍ സുഗമമായ ചര്‍ച്ചകള്‍ ഉറപ്പാക്കാനും പൊതുജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയ തടസങ്ങള്‍ ഒഴിവാക്കാനും ഈ സന്ദര്‍ശനം ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഡിഎംകെ അധ്യക്ഷനെ കണ്ടതിന് പിന്നാലെ എംഡിഎംകെ അധ്യക്ഷന്‍ വൈക്കോയെയും വിജയ് സന്ദര്‍ശിച്ചു. നാളെ വിസികെ അധ്യക്ഷന്‍ തിരുമാവളവനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ദ്രാവിഡ കഴകം നേതാക്കളെയും അദ്ദേഹം നേരില്‍ കണ്ടിരുന്നു.

Recent Comments