by Midhun HP News | May 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാന്‍ സിപിഎം നേതാവ് പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ലെന്നും തിരിച്ചുവരവിന് പിണറായി അനിവാര്യമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം പാര്‍ട്ടിയെ നയിച്ചത് പിണറായി വിജയന്‍ ആണ്. ഇതില്‍ പത്തു വര്‍ഷം മുഖ്യമന്ത്രിയായാണ് പാര്‍ട്ടിയെ നയിച്ചത്. ഇപ്പോള്‍ ഒരു തോല്‍വിയുടെ പേരില്‍ പിണറായി വിജയന്‍ മാറി നില്‍ക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അത്തരത്തില്‍ മാറിനിന്നാല്‍ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായിയുടെ മേല്‍ വരും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ജയപരാജയങ്ങളെ സ്വാഭാവികമായി കാണുന്ന രീതിയാണ് ഉള്ളതെന്നും നേതാക്കള്‍ പറയുന്നു. നിലവില്‍ ഭരണപക്ഷം ശക്തമാണ്. ഒട്ടുമിക്ക യുഡിഎഫ് നേതാക്കളും സഭയിലെത്തിയിട്ടുണ്ട്. ഇവരെ നേരിടാന്‍ ശക്തമായ പ്രതിപക്ഷ നേതാവ് ആവശ്യമാണ്. കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനാണ്. എന്നാല്‍ ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയനെ പോലെ കരുത്തുള്ള നേതാവ് തന്നെ വേണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

by Midhun HP News | May 6, 2026 | Latest News, കേരളം
കൊച്ചി: വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും. സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ, റസ്റ്റൊറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറന്റ് അസോസിയേഷൻ അറിയിച്ചു.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3085 രൂപയാണ് നൽകേണ്ടത്. ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമാണ് നിലവിലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
വിലക്കയറ്റവും ഉയർന്ന വാടകയും കൂലി വർധനവുമെല്ലാം കാരണം ഇതിനോടകം തന്നെ ഹോട്ടൽ മേഖല വലിയ സാമ്പത്തിക സമ്മർദം നേരിടുന്നുണ്ട്. നിലവിലെ സിലണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.പണിമുടക്കുന്നവർ പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും.
പാചകവാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറൻ്റ അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയായിരുന്നു എൽപിജി സിലിണ്ടറിൻ്റെ വില കേന്ദ്ര സർക്കാർ കൂട്ടിയത്.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലും സ്‌ഫോടനം. ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം തുടര്‍ച്ചയായുണ്ടായ സ്‌ഫോടനത്തില്‍ സംസ്ഥാനം നടുങ്ങി. എന്നാല്‍ ആര്‍ക്കും ആളപായമില്ല.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപമാണ് ഒരു സ്‌ഫോടനം നടന്നത്. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും പഞ്ചാബ് പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തുടനീളം സുരക്ഷ കര്‍ശനമാക്കുകയും ചെയ്തു.
ആദ്യ സ്‌ഫോടനം ജലന്ധറിലെ തിരക്കേറിയ ബിഎസ്എഫ് ചൗക്കിലുള്ള ആസ്ഥാനത്തിന് സമീപമാണ് നടന്നത്. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂട്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സ്‌കൂട്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.
മണിക്കൂറുകള്‍ക്ക് ശേഷം അമൃത്സറിലെ ഖാസ മേഖലയിലുള്ള ഒരു സൈനിക ക്യാമ്പിന് പുറത്താണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. ഇതും ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് അടുത്താണ്. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി ഗ്രനേഡ് എറിഞ്ഞതാണെന്നാണ് പ്രാഥമിക സംശയം. അട്ടാരി-വാഗ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയാണിത്. അമൃത്സര്‍ റൂറല്‍ പൊലീസ് എസ്പി ആദിത്യ വാരിയര്‍ സ്‌ഫോടനം സ്ഥിരീകരിച്ചു. രാത്രി 10.30-നും 11-നും ഇടയിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫോറന്‍സിക് സംഘവും സൈന്യവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
ജലന്ധറിലെ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 22-കാരനായ ഗുര്‍പ്രീത് സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു ഡെലിവറി ഏജന്റായ ഇയാള്‍ പാര്‍സല്‍ നല്‍കാനായി എത്തിയപ്പോഴാണ് സംഭവം നടന്നത്. സ്‌കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകക്ഷിയായ എഎപി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിലെ ഇത്തരം സംഭവങ്ങള്‍ ഗൗരവകരമായ ദേശീയ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാരിങ് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ ധന്‍പ്രീത് കൗര്‍ അറിയിച്ചു.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയായിരുന്നു. അപകടത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും. അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവന്നതോടെ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രിയ സുഹൃത്തും സൂപ്പര്‍ ഗുഡ് ഫിലിംസ് ഉടമയുമായ ആര്‍ബി ചൗധരി മികച്ചൊരു നിര്‍മ്മാതാവ് എന്നതിലപ്പുറം വലിയ ഒരു മനുഷ്യനുമായിരുന്നെന്ന് രജനികാന്ത് പറഞ്ഞു. ‘അനേകം യുവ സംവിധായകര്‍ക്ക് അദ്ദേഹം അവസരങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.’ രജനീകാന്ത് പറഞ്ഞു.
‘ഇതിഹാസ നിര്‍മാതാവ് ആര്‍ബി. ചൗധരിയുടെ വിയോഗവാര്‍ത്ത കേട്ട് ഹൃദയം തകര്‍ന്നുപോയി. വര്‍ഷങ്ങളായി എനിക്ക് ദ്ദേഹത്തെ അറിയാം. അടുത്തിടെ ‘ഗോഡ് ഫാദര്‍’ എന്ന സിനിമയില്‍ സൂപ്പര്‍ ഗുഡ് ഫിലിംസിലൂടെ സഹകരിക്കാന്‍ സാധിച്ചു. നിരവധി പ്രതിഭകളുടെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം ലിയ പങ്ക് വഹിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ആര്‍ബി ചൗധരി നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണ്.’ ചിരിഞ്ജീവി പറഞ്ഞു.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണു ചൗധരി പ്രവര്‍ത്തിച്ചിരുന്നത്. 1988 ലാണു സൂപ്പര്‍ ഗുഡ് ഫിലിംസ് ബാനറില്‍ ആര്‍.ബി.ചൗധരി സിനിമകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചൗധരിക്ക് ലഭിച്ചു.
കെഎസ്. രവികുമാറിന്റെ ആദ്യ സിനിമയായ ‘പുരിയാത പുതിര്‍’ (1990) എന്ന ചിത്രവും ചൗധരി നിര്‍മിച്ചു. ചേരന്‍ പാണ്ടിയന്‍ (1991), ഊര്‍ മരിയാധൈ (1992), ഗോകുലം 1993), നാട്ടാമൈ (1994), പൂവൈ ഉനക്കാഗെ (1996), സുന്ദര പുരുഷന്‍ (1996), മിസ്റ്റര്‍ റോമിയോ (1996), കീര്‍ത്തിചക്ര (2006), മാരീസന്‍ (2025) തുടങ്ങിയവ ആര്‍ബി ചൗധരി നിര്‍മിച്ച ചിത്രങ്ങളാണ്.

by Midhun HP News | May 6, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 1,10,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയര്‍ന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാര്‍ കൊണ്ടുവരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Recent Comments