by Midhun HP News | Aug 12, 2026 | Latest News, കേരളം
മാല മോഷ്‌ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി യുവതി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലപ്പുഴ കൃഷ്‌ണപുരം പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിനുള്ളിൽ അതിക്രമിച്ചുകയറിയ മോഷ്‌ടാവ് ജീവനക്കാരിയായ രജനിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് സ്‌കൂട്ടറിൽ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ ഓടിയ രജനി സ്‌കൂട്ടറിന്റെ പിന്നിൽ പിടിച്ചുനിർത്തി കള്ളനെ പിടികൂടുകയായിരുന്നു. ഭരണിക്കാവ് സ്വദേശി നെൽസണാണ് പിടിയിലായത്.
ആർആർ ബിൽഡിംഗ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ പ്ലാൻ വരയ്‌ക്കുന്നതുമായി ബന്ധപ്പെട്ട സംശയം ചോദിക്കാനെന്ന പേരിലാണ് നെൽസൺ സ്ഥാപനത്തിലെത്തിയത്. സംസാരത്തിനിടെ കയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവർ എടുത്ത് ഇയാൾ രജനിക്ക് നേരെ വീശുകയായിരുന്നു.
സ്‌ക്രൂഡ്രൈവർ പിടിച്ചുവാങ്ങുന്നതിനിടെ രജനിയുടെ കഴുത്തിൽ കിടന്ന രണ്ട് പവന്റെ മാല പൊട്ടിച്ച ശേഷം ഇയാൾ ഓടി സ്‌കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പുറകേ ഓടിയ രജനി സ്റ്റാർട്ടായ സ്‌കൂട്ടറിന്റെ പുറകിൽ പിടിച്ചുതൂങ്ങി.തുടർന്ന് രജനിയെ വലിച്ചുകൊണ്ട് സ്‌കൂട്ടർ മുന്നോട്ടുപോയി. രജനിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി സ്‌കൂട്ടർ തടയുകയായിരുന്നു. പരിശോധിച്ചപ്പോൾ നെൽസൺന്റെ കൈവശം മറ്റൊരു മാലയും ഉണ്ടായിരുന്നു. ഇത് ഇയാൾ കൊല്ലത്ത് നിന്നും മോഷ്‌ടിച്ചതാണെന്ന് സമ്മതിച്ചു. കായംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് റിമാൻഡ് ചെയ്യുമെന്നാണ് വിവരം.


by Midhun HP News | Aug 12, 2026 | Latest News, കേരളം
കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അച്ഛനെതിരെ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ അമ്മയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റവിചാരണ തടസ്സപ്പെടുത്താൻ മാതാപിതാക്കൾ നടത്തുന്ന യാതൊരുവിധ ഒത്തുതീർപ്പുകൾക്കും നിയമപരമായ അംഗീകാരം നൽകാനാകില്ല. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും നടത്താനുള്ള സർക്കാരിന്റെ ബാധ്യതയെ മറികടക്കാൻ ഇത്തരം സ്വകാര്യ കരാറുകൾക്ക് സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൃശൂർ ചാലക്കുടി സ്വദേശിയായ അമ്പതുകാരൻ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ പ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. മകൾ നൽകിയ മൊഴിയിൽ അച്ഛൻ നടത്തിയത് അതിക്രൂരമായ കുറ്റകൃത്യമാണെന്ന് വ്യക്തമാകുന്നുണ്ട്. മുൻപ് സമർപ്പിച്ച ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം, കേസിന് ആസ്പദമായ പരാതി നൽകിയ അമ്മ തന്നെ കേസ് ഒത്തുതീർപ്പാക്കാൻ മുന്നോട്ടുവരികയായിരുന്നു. മകളുടെ താല്പര്യങ്ങളും ഭാവി ജീവിതവും പൂർണ്ണമായി വിസ്മരിച്ചാണ് മാതാവ് ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
പതിനേഴുകാരിയായ മകളെ പ്രതി പലതവണ അനാവശ്യമായി സ്പർശിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ ഏപ്രിൽ 17-നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അച്ഛനും അമ്മയും തമ്മിൽ വിഷയം ഒത്തുതീർപ്പാക്കിയെന്നും പ്രതിക്ക് ജാമ്യം നൽകുന്നതിൽ വിരോധമില്ലെന്ന് അമ്മ വ്യക്തമാക്കിയെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വിചാരണയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നും അച്ഛന് ജാമ്യം നൽകുന്നതിൽ മകൾക്ക് എതിർപ്പില്ലെന്നും വ്യക്തമാക്കി അമ്മ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.


by Midhun HP News | Aug 12, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒറ്റയടിക്ക് പവന് 760 രൂപയാണ് വര്‍ധിച്ചത്. 1,13,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് വര്‍ധിച്ചത്. 14,195 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 960 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വില തിരിച്ചുകയറുകയായിരുന്നു.
അമേരിക്കന്‍ വിലക്കയറ്റ കണക്കുകള്‍ ഇന്ന് വരാനിരിക്കുകയാണ്. വിലക്കയറ്റ കണക്കുകളുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത കുറവാണ് എന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തിന് തുണയായത്. ഇതിന് പുറമേ അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Aug 12, 2026 | Latest News, ദേശീയ വാർത്ത
അങ്കാറ/വാഷിങ്ടന്‍: ഇറാന്റെ വധഭീഷണിയെത്തുടര്‍ന്ന്, നാറ്റോ ഉച്ചകോടിക്ക് ശേഷം തുര്‍ക്കിയില്‍ നിന്ന് മടങ്ങുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതീവ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറി. സുരക്ഷാ കാരണങ്ങളാല്‍ ട്രംപ് സഞ്ചരിച്ച പ്രധാന വിമാനം ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനുള്ള ഡെക്കോയ് ആയി ഉപയോഗിക്കുകയും, ട്രംപിനെ വിമാനത്താവളത്തിലെ കാറ്ററിങ് ട്രക്കില്‍ ഒളിച്ച് മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. വിമാനം മാറ്റിയെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ട്രംപ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ജൂലൈയില്‍ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ട്രംപ് തുര്‍ക്കിയിലെത്തിയത്. ഖത്തര്‍ സമ്മാനമായി നല്‍കിയ അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് വിമാനത്തിലാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. എന്നാല്‍ അയല്‍രാജ്യമായ ഇറാനുമായി നിലനില്‍ക്കുന്ന യുദ്ധസമാന സാഹചര്യങ്ങള്‍ക്കിടയില്‍, ട്രംപിനെയോ അദ്ദേഹത്തിന്റെ വിമാനത്തെയോ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് അമേരിക്കന്‍-ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ നല്‍കിയ വിമാനത്തിന് പഴയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനങ്ങളേക്കാള്‍ പ്രതിരോധ ശേഷി കുറവാണെന്ന ആശങ്കയും ഇതോടൊപ്പം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ട്രംപിന്റെ മടക്കയാത്രയ്ക്ക് യുഎസ് സീക്രട്ട് സര്‍വീസും സൈന്യവും അടിയന്തര സുരക്ഷാ പദ്ധതി തയ്യാറാക്കി. ക്യാമറകള്‍ക്ക് മുന്നില്‍ വച്ച് ട്രംപ് പഴയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറി. എന്നാല്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷം, വിമാനത്താവളത്തിലെ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്ന കാറ്ററിങ് ട്രക്കിലേക്ക് അതീവ രഹസ്യമായി അദ്ദേഹത്തെ മാറ്റി. ഈ ട്രക്കില്‍ വച്ചാണ് അദ്ദേഹത്തെ ബോയിംഗ് സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് എത്തിച്ചത്.
പ്രസിഡന്റ് തങ്ങളോടൊപ്പമുണ്ടെന്ന ധാരണയില്‍ മാധ്യമപ്രവര്‍ത്തകരും ചില വൈറ്റ് ഹൗസ് ജീവനക്കാരും ഡെക്കോയ് ആയി ഉപയോഗിച്ച എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ തന്നെ യാത്ര തുടര്‍ന്നു. ട്രംപിന്റെ യഥാര്‍ഥ ലൊക്കേഷന്‍ ശത്രുക്കള്‍ക്ക് മനസ്സിലാകാതിരിക്കാനാണ് ഈ സുരക്ഷാ തന്ത്രം പ്രയോഗിച്ചത്. ഇരുവിമാനങ്ങളും ബ്രിട്ടനിലെ ആര്‍എഎഫ് മില്‍ഡന്‍ഹാളിലാണ് ഇറങ്ങിയത്. ട്രംപ് സഞ്ചരിച്ച ചെറുവിമാനം രാത്രി 10:20 ഓടെയും, തൊട്ടുപിന്നാലെ എയര്‍ ഫോഴ്‌സ് വണ്ണും അവിടെ ലാന്‍ഡ് ചെയ്തു.
താന്‍ സീക്രട്ട് സര്‍വീസിന്റെയും സൈന്യത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി അനുസരിക്കുകയായിരുന്നു എന്നാണ് വിമാനമാറ്റത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്. ഭീഷണിയുടെ വിശദാംശങ്ങള്‍ ചോദിച്ചില്ലെന്നും, തനിക്ക് ധാരാളം ഭീഷണികള്‍ വരാറുണ്ടെന്നും ട്രംപ് പറഞ്ഞു.
‘പ്രാധാന്യമുള്ള ഏത് പ്രസിഡന്റിനും ഇത്തരം നിരവധി ഭീഷണികള്‍ നേരിടേണ്ടി വരും. പ്രാധാന്യമില്ലാത്ത പ്രസിഡന്റുമാര്‍ക്ക് ഭീഷണികളുണ്ടാകാറില്ല. ഞാന്‍ ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള പ്രസിഡന്റായിരിക്കാം’ ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി താന്‍ സഞ്ചരിച്ച ചെറിയ സൈനിക വിമാനം കൂടുതല്‍ അപകടസാധ്യതയുള്ളതാണെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. ശത്രുക്കള്‍ പ്രധാനമായും ലക്ഷ്യമിടാന്‍ സാധ്യതയുള്ളത് തന്നെയായതുകൊണ്ട് ആ ചെറിയ വിമാനത്തിലായിരുന്നു കൂടുതല്‍ അപകടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, വധഭീഷണിയെക്കുറിച്ച് യാതൊരു വിവരവും നല്‍കാതെ മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാരെയും ഡെക്കോയ് വിമാനത്തില്‍ യാത്ര ചെയ്യിച്ചതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത് അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവ് ച്യുങ്, പ്രസിഡന്റിന്റെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് വ്യക്തമാക്കി.


by Midhun HP News | Aug 12, 2026 | Latest News, കായികം
കേരളത്തിൽ തിയറ്ററുകളിൽ തരംഗം തീർക്കുകയാണ് വിസ്മയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ‘തുടക്കം’. ചിത്രത്തിൽ വിസ്മയ്ക്കൊപ്പം തന്നെ പ്രധാന വേഷത്തിൽ ഒരു നായയും എത്തിയിരുന്നു. മെസി എന്നാണ് നായയുടെ സിനിമയിലെ പേര്. മെസിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണിപ്പോൾ വിസ്മയയും ആശിഷും.
‘മെസി നന്ദി പറയുന്നു’ എന്ന് കുറിച്ചാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ‘ദേ ആ ദുഷ്ടൻ വില്ലന്റെ ഒപ്പം നായിക’, ‘മൂന്നാളും തകർത്ത് അഭിനയിച്ചു’- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
12 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമായി 27 കോടിയോളമാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. വിസ്മയയുടെയും ആശിഷിന്റെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റീവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Recent Comments