‘ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല’; സതീശനെതിരെ പിണറായി

‘ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളാണോ?; എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല’; സതീശനെതിരെ പിണറായി

തിരുവനന്തപുരം: ‘ഇപ്പോള്‍ മൂന്ന് പേരെയല്ലേ കാണാതായിട്ടുള്ളു. എല്‍ഡിഎഫിന്റെ കാലത്ത് 148 പേരെ കടലില്‍ കാണാതായില്ലേ’ എന്ന മുഖ്യമന്ത്രി വിഡി സതീശന്‍ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് ഒരു മുഖ്യമന്ത്രി പറയേണ്ട കാര്യമാണോ?. പ്രകൃതിക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയമാനം നല്‍കണോയെന്നും പിണറായി ചോദിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് അത്യന്തം ഹീനമാണെന്നും അങ്ങനെയൊരു നിലപാട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവരുതായിരുന്നെന്നും പിണറായി പറഞ്ഞു.

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ എത്രയും വേഗം പരിഹാരം കാണണം. ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുടുംബങ്ങളെ നിരാലംബരാക്കുന്ന അവസ്ഥ ഉണ്ടാകരുത്. ഇത്തരം കാര്യങ്ങളില്‍ മുന്‍കാല മാതൃകകള്‍ സ്വീകരിക്കണം. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കണം, കടബാധ്യതകള്‍ തീര്‍പ്പാക്കണം, കുടുംബത്തിലുള്ള ഒരാള്‍ക്ക് തൊഴില്‍ നല്‍കണം. കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച രാജേഷിന്റെ ഭാര്യയ്ക്ക് തൊഴില്‍ നല്‍കണം. കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണം. നാശനഷ്ടങ്ങള്‍ കണക്കാക്കി അതിനുള്ള നഷ്ടപരിഹാരം എത്രയുംവേഗം നല്‍കണമെന്നും പിണറായി പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് 127 കോടിയില്‍പരം രൂപയുടെ കാര്‍ഷിക നഷ്ടം ഉണ്ടായി എന്നാണ് പ്രാഥമിക കണക്ക്. 9332 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 45904 കൃഷിക്കാരെ ബാധിച്ചു. എല്ലാ ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായി. റാന്നിയിലും ആറന്മുളയിലും വ്യാപകനാശനഷ്ടമുണ്ടായി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രളയനില അതിരൂക്ഷമായിരുന്നു. വയനാട് ജില്ല തന്നെ ഒറ്റപ്പെടുന്ന അവസ്ഥയായി.കടലില്‍ അപകടത്തില്‍പെട്ടപ്പോള്‍ ആദ്യമണിക്കൂറുകള്‍ ഫലപ്രദമായ രക്ഷാപ്രവര്‍ത്തനം നടക്കേണ്ട സമയമായിരുന്നു. എന്നാല്‍ അതില്‍ വലിയ കൃത്യവിലോപമുണ്ടായെന്നും പിണറായി പറഞ്ഞു.

അപകടമുണ്ടായപ്പോള്‍ എന്തുകൊണ്ടാണ് വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത്? ഈ ദുരന്തഘട്ടത്തില്‍ സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടായോ? രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടര്‍ ഉപയോ?ഗിക്കാന്‍ തയ്യാറായില്ല എന്ന പരാതി കുടുംബങ്ങള്‍ക്കുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനനുസരിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ദുരിതാശ്വാസക്യാമ്പുകളില്‍ സൗകര്യം ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായത് ആശ്ചര്യകരമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നില്ല എന്ന ആരോപണവും ഗൗരവമുള്ളതാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണമായ സഹായം ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

ദുരന്തഘട്ടങ്ങളില്‍ മന്ത്രിമാര്‍ ശ്രദ്ധയോടെ സംസാരിക്കുന്നത് അല്‍പം നല്ലതാണെന്ന് പിണറായി പറഞ്ഞു. ‘കടലില്‍ കാണതായാല്‍ മൃതദേഹം കണ്ടെത്താന്‍ ദിവസങ്ങള്‍ എടുക്കാറുണ്ട്. അത് സര്‍ക്കാര്‍ തെരച്ചില്‍ നടത്താഞ്ഞിട്ടല്ല’- എന്നായിരുന്നു ഒരുമന്ത്രിയുടെ പ്രതികരണം. ഈ പ്രതികരം എത്രകണ്ട് മുറിവ് ഈ ദുരന്തത്തിന് ഇരയാകന്ന കുടുംബത്തിനുണ്ടാകുമെന്ന് ആലോചിക്കണമായിരുന്നു. ദുരന്തഘട്ടങ്ങളില്‍ വല്ലാത്ത വീഴ്ചകള്‍ സംഭവിച്ചപ്പോള്‍ മേലില്‍ ആവര്‍ത്തിക്കരുതല്ലോ എന്ന് കരുതിയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി പറഞ്ഞു.

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം: റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി കൂട്ടുന്നു

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം: റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി കൂട്ടുന്നു

ഡൽഹി: രാജ്യത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ (പെഡസ്ട്രിയൻ ക്രോസിംഗ്) വീതി കൂട്ടാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കാനും റോഡ് മുറിച്ചുകടക്കുന്നവർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നിർദേശങ്ങൾ തയാറാക്കുന്നത്.

​നിലവിലെ സീബ്രാ ക്രോസിംഗുകളിൽ പലയിടത്തും കാൽനടയാത്രക്കാരുടെ തിരക്കിന് അനുസരിച്ചുള്ള വീതി ലഭ്യമല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ ഡ്രൈവർമാർക്ക് ദൂരത്തുനിന്നുതന്നെ സീബ്രാ ലൈനുകൾ വ്യക്തമായി കാണാനും വേഗത കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

​പ്രധാന വിവരങ്ങൾ:
സുരക്ഷ വർധിപ്പിക്കൽ: കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കൂടുതൽ സ്ഥലസൗകര്യം ലഭ്യമാക്കും.

ദൃശ്യപരത (Visibility): സീബ്രാ വരകൾക്ക് കൂടുതൽ വീതി നൽകുന്നതിലൂടെ ദൂരക്കാഴ്ച കൂട്ടാനും ഡ്രൈവർമാർക്ക് പെട്ടെന്ന് മുൻകരുതലുകൾ എടുക്കാനും സാധിക്കും.

മൾട്ടിലൈൻ പാതകളിൽ പ്രത്യേക ശ്രദ്ധ: നഗരങ്ങളിലെയും ദേശീയപാതകളിലെയും പ്രധാന ജംഗ്ഷനുകളിലും മൾട്ടിലൈൻ റോഡുകളിലും പുതിയ മാനദണ്ഡങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പിലാക്കും.

​പുതുക്കിയ ഗൈഡ്‌ലൈനുകൾ ഉടൻ തന്നെ രാജ്യത്തുടനീളം നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്കും ബന്ധപ്പെട്ട റോഡ് നിർമാണ ഏജൻസികൾക്കും കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശം നൽകും.

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം അറസ്റ്റിൽ

വിതുര: ലഹരി കേസിൽപെട്ടതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കമ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് അംഗസംഘം അറസ്റ്റിൽ വിതുര കല്ലാർ മാമൂട്ടിൽ ജയകൃഷ്ണൻ, മേമല തള്ളച്ചിറ റോഡരികത്ത് ഭവനിൽ സന്ദീപ്, കോട്ടയത്തറ ജിനേഷ് ഭവനിൽ ജിനേഷ്, കല്ലാർ നജീബ് മനസിലിൽ നിജാസ്, ഇഞ്ച് പൊരി പൂവത്താനത്തിൽ വീട്ടിൽ ജിജു എന്നിവരാണ് അറസ്റ്റിൽ ആയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മേമല നിരപ്പിൽ അരുൺ ഭവനിൽ അരുണിൺ (27), സംഭവത്തിൽ ഗുരുതരപരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 30ന് ആയിരുന്നു സംഭവം. അപകടമകരമായ വേഗത്തിൽ വിതുര ടൗണിലൂടെ അമിത വേഗത്തിൽ പാഞ്ഞ കാർ ശിവൻ കോവിൽ ജംഗ്ഷനിൽ നാട്ടുകാർ തടഞ്ഞ് വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ചംഗ സംഘത്തെ പോലീസിൽ ഏൽപ്പിച്ചിരുന്നു.

നാട്ടുകാരുടെ കൂട്ടത്തിൽ അരുണും ഉണ്ടായിരുന്നു. പോലീസിൻറെ പരിശോധനയിൽ നിന്നും ചെറിയ പാക്കറ്റിൽ കഞ്ചാവും ലഹരി സ്റ്റാമ്പും കാറിൽ നിന്നും കണ്ടെത്തി പിന്നാലെ ഇവർക്കെതിരെ കേസെടുത്തു. പ്രതികൾക്ക് അന്നുതന്നെ സ്റ്റേഷൻ ജാമ്യം കിട്ടിയെങ്കിലും കാർ 10 ദിവസത്തിനുശേഷം ശനിയാഴ്ചയാണ് വിട്ടുകൊടുത്തത്.

ഇന്നലെ ഇതേ കാറിൽ പെട്രോൾ പമ്പിൽ വന്ന പ്രതികൾ അരുണിയേയും സുഹൃത്തിനെയും കാണുകയും കേസിൽപ്പെട്ടതിന്റെ വൈരാഗ്യത്തിൽ അസഭ്യം പറയുകയും ചെയ്തു. പിന്നാലെ ഇവർ ഈഞ്ചപ്പുലി ജംഗ്ഷനിൽ കണ്ടുമുട്ടുകയും അരുണിനെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. കാറിൽ കയറി രക്ഷപ്പെട്ട സംഘത്തെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജയകൃഷ്ണനും ആനന്ദിനും എതിരെ വിതുര പോലീസ് സ്റ്റേഷനിൽ കേസുകൾ ഉണ്ട്.

ഇരട്ട ന്യൂനമർദ്ദം, മഴ ശക്തിപ്പെടും

ഇരട്ട ന്യൂനമർദ്ദം, മഴ ശക്തിപ്പെടും

ബംഗാൾ ഉൾക്കടലിന് മുകളിലും ജാർഖണ്ഡിന് മുകളിലും ന്യൂനമർദ്ദം രൂപപ്പെട്ടതിൻ്റെ ഫലമായി സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത. 14, 15 തീയതികളിൽ കേരളത്തിൽ പരക്കെയും, ഇടുക്കി ഉൾപ്പെടെയുള്ള കിഴക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാം.

പൊലീസ് യൂണിഫോം വാങ്ങാനുള്ള 7 ലക്ഷം ഓൺലൈൻ ​ഗെയിം കളിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ

പൊലീസ് യൂണിഫോം വാങ്ങാനുള്ള 7 ലക്ഷം ഓൺലൈൻ ​ഗെയിം കളിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ

പൊലീസ് റിക്രൂട്ട് ട്രെയ്നികളിൽ നിന്ന് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ച സംഭവത്തിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നിയായ കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. കൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

പേരൂർക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് യൂണിഫോമിനായി പിരിച്ച തുക ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

എസ്എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ റിക്രൂട്ട് ട്രെയ്നികൾക്കായി രൂപീകരിച്ച ഏഴംഗ യൂണിഫോം കമ്മിറ്റിയിൽ അംഗമായിരുന്നു ശംഭു. എന്നാൽ പിരിച്ചെടുത്ത തുക ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടയ്ക്കാതിരുന്നതോടെ സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. നേരത്തെ ഐആർബിയിൽ ജോലി ചെയ്തിരുന്നപ്പോഴും ശംഭു സമാന രീതിയിൽ പണം തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി. തുടർന്ന് അവിടെനിന്ന് രാജിവെച്ച ശേഷമാണ് ഇയാൾ കെഎപി 3 ബറ്റാലിയനിൽ പ്രവേശിച്ചത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.