by Midhun HP News | May 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും തിങ്കള്‍ ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

by Midhun HP News | May 2, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: വീണ്ടും താരിഫ് ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി. യൂറോപ്പില്‍നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും ട്രക്കുകള്‍ക്കുമാണ് പുതിയ താരിഫ് ഭീഷണി. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യയിലൂടെയാണ് ട്രംപിന്റെ ഭ്രീഷണി.
അടുത്ത ആഴ്ച മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. യുഎസുമായുള്ള വ്യാപാര കരാര്‍ പാലിക്കാത്തതിനാലാണ് നടപടിയെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ കാറുകളും ട്രക്കുകളും യുഎസിലെ പ്ലാന്റുകളില്‍ നിര്‍മിക്കുകയാണെങ്കില്‍ തിരുവ ചുമത്തില്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ‘യുഎസുമായുള്ള വ്യാപാരക്കരാര്‍ യൂറോപ്യന്‍ യൂണിയന്‍ പാലിക്കുന്നില്ല. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കും അടുത്തയാഴ്ച മുതല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തും. യുഎസിലെ നിര്‍മാണ യൂണിറ്റുകളിലാണ് കാറുകളും ട്രക്കുകളും നിര്‍മിക്കുന്നതെങ്കില്‍ അതിന് തീരുവ ഉണ്ടാകില്ല’, എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഇറക്കുമതി തീരുവ പരമാവധി 15 ശതമാനമായാണ് നിശ്ചയിച്ചിരുന്നത്.

by Midhun HP News | May 1, 2026 | Latest News, കേരളം
കാത്തിരിപ്പിനൊടുവില്‍ പേട്രിയറ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയുടെ ബിഗ് എംസ് ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ പേട്രിയറ്റിനായി കാത്തിരുന്നത്. മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയ വലിയൊരു താരനിര തന്നെ ഉണ്ടെന്നും ആ പ്രതീക്ഷകള്‍ക്ക് ആഴം കൂട്ടി.
ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറുകയാണ് പേട്രിയറ്റ്. ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ മുതല്‍ സമ്മിശ്ര പ്രതികരണങ്ങള്‍ വരെ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമേയവും മേക്കിങും കയ്യടി നേടുന്നത് പോലെ തന്നെ മമ്മൂട്ടിയുടെ ഷോ ആണ് ചിത്രമെന്നും ആരാധകര്‍ പറയുന്നു.
ആദ്യ പകുതിയ്ക്കും ഇന്റര്‍വെല്‍ ബ്ലോക്കിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ എന്‍ട്രിയും പ്രതീക്ഷിച്ചത് ആവേശം നല്‍കുന്നതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തിന്റെ പ്രമേയം ആവശ്യപ്പെടുന്ന സാങ്കേതിക മികവ് ചിത്രത്തിനുണ്ടെന്നും ആരാധകര്‍ പറയുന്നു. അതേസമയം ചില വിമര്‍ശനങ്ങളും ചിത്രം നേരിടുന്നുണ്ട്.
മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോയില്‍ നിന്നും പ്രതീക്ഷിച്ച അത്ര ഉയരാന്‍ ചിത്രത്തിനായില്ലെന്നാണ് ചിലരുടെ വിമര്‍ശനം. ‘കിടിലന്‍ ഫസ്റ്റ് ഹാഫ് തന്ന് എന്തൊക്കെയോ ഉണ്ടെന്ന പ്രതീക്ഷ തന്ന് ഒന്നുമല്ലാതെയാക്കിയ സെക്കന്റ് ഹാഫ്, ക്ലൈമാക്‌സിനോട് അടുക്കും തോറും തെലുങ്ക് പടം ഫീല്‍. ഏട്ടനും ഇക്കയും ഒരുമിച്ചുള്ള സീന്‍സൊക്കെ ചുമ്മാ തീ. മൊത്തത്തില്‍ ആവറേജ് എക്‌സ്പീരിയന്‍സ്.’ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
ഒരുപാട് പ്രതീക്ഷയോടെയാണ് പടത്തിനു കേറിയത്. പക്ഷെ എന്തോ ഒരു മിസിങ് ഉള്ള പടം. ഏട്ടന്‍ ഉണ്ടായിരുന്ന സീന്‍സ് ഒഴിച്ചാല്‍ എടുത്ത് പറയാന്‍ മാത്രം സെക്കന്റ് ഹാഫില്‍ ഒന്നും തോന്നിയില്ല. പക്ഷെ ഫസ്റ്റ് ഹാഫ് ഒരേ പൊളി. എനിക്ക് ശരിക്കും വര്‍ക്കായി. ഇക്ക ഏട്ടന്‍ കോമ്പോ സീന്‍സ് ഒക്കെ കൊള്ളാം. മാസ് പ്രതീക്ഷിച്ചു പോയാല്‍ നിരാശ ആയിരിക്കും ലഭിക്കുക.. Remember it’s a Mahesh Narayanan Film എന്നാണ് മറ്റൊരു പ്രതികരണം.

by Midhun HP News | May 1, 2026 | Latest News, കേരളം
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. വാഴ്‌വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പന്‍ ശ്രീക്കുട്ടന്‍ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സാരമായി പരിക്കേറ്റ ഒന്നാം പാപ്പന്‍ അമല്‍ ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരിങ്ങാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനായി എത്തിച്ചതായിരുന്നു ആനയെ. ഇന്നലെ ആന ക്ഷേത്രവളപ്പില്‍ വച്ച് വിരണ്ടിരുന്നു. ഇതേതുടര്‍ന്ന് ക്ഷേത്ര സമീപത്തെ വളപ്പില്‍ ആനയെ തളയ്ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ പാപ്പാന്‍മാര്‍ ആനയെ നിരീക്ഷിക്കാന്‍ എത്തിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.
തുമ്പിക്കൈക്കൊണ്ട് പാപ്പാന്‍മാരെ എറിഞ്ഞിട്ട ശേഷം രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്. 2006ലും കുടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേരെ ചവിട്ടിക്കൊന്നിരുന്നു.
ഇന്ന് സംസ്ഥാനത്ത് ആന ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
by Midhun HP News | May 1, 2026 | Latest News, കേരളം
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തീരൂരങ്ങാടി ആസ്ഥാനമായി പുതിയ ജില്ല രൂപികരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിലാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
യൂത്ത് ലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്തിരുന്നു. മലപ്പുറം, തിരൂരങ്ങാടി എന്നീ രണ്ട് ജില്ലകള്‍ രൂപികരിക്കണമെന്ന് പ്രമേയിത്തില്‍ പറയുന്നു. തിരൂര്‍, പൊന്നാനി, തിരുരങ്ങാടി, കൊണ്ടോട്ടി താലുക്കുകള്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി ആസ്ഥാനമായിട്ട് ഒരു ജില്ലയും എറനാട്, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ഉള്‍പ്പെടുത്തി മലപ്പുറം എന്ന ജില്ലയും രൂപീകരിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
നിലവില്‍ മലപ്പുറം ജില്ലയ്ക്ക് നഷ്ടമാകുന്ന വികസന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജില്ല വിഭജിക്കണമെന്ന യൂത്ത ലീഗിന്റെ ആവശ്യം. നേരത്തെ സമസ്ത ഉള്‍പ്പടെയുള്ള സംഘടനകള്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. തിരൂര്‍, മലപ്പുറം എന്നിങ്ങനെ വിഭജിക്കണമെന്നായിരുന്നു മുസ്ലീം സംഘനടകളുടെ ആവശ്യം.

Recent Comments