by Midhun HP News | Apr 30, 2026 | Latest News, കേരളം
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് എല്ലാ കാലത്തും ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും, ഭരണകാര്യത്തിലും അടക്കം ജനവികാരത്തിന് അനുകൂലമായിട്ടാരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിക്കാര്യത്തില്‍ അടക്കം. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ എക്സിറ്റ് പോളായിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ വിശ്വസിക്കേണ്ട. എന്നാല്‍ യുഡിഎഫിന് അനുകൂലമെന്നാണ് എല്ലാ ഫലങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലേ കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ത്രിതല പഞ്ചായത്തിലും ഈ ഭരണവിരുദ്ധ വികാരം വ്യക്തമായി. അതിന്റെ ഫൈനല്‍ എന്ന നിലയില്‍ നിയമസഭ തെരഞ്ഞെടുപ്പിലും ആളുകള്‍ അങ്ങനെ തന്നെയാണ് വിധിയെഴുതിയതെന്ന് മനസ്സിലാക്കുന്നു. മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് വിജയിക്കും. അത്തരത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. കേവല ഭൂരിപക്ഷത്തിനും അപ്പുറത്ത് മികച്ച വിജയം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചിരുന്നു. ആ പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
ആ നിലയിലേക്ക് ഇപ്പോഴത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഇതിലും കൂടുതല്‍ മെച്ചപ്പെട്ട വിജയം യുഡിഎഫിന് അവകാശപ്പെട്ടതാണ്. അത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗ് 27 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 22 സീറ്റുകളെങ്കിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ തവണത്തേതുപോലെ, യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് നല്ല തീരുമാനത്തിലെത്തും. ലീഗിന് അവകാശപ്പെട്ടത് എല്ലാക്കാലത്തും യുഡിഎഫ് അനുവദിച്ചു തന്നിട്ടുണ്ട്. ഇത്തവണയും അതുണ്ടാകുമെന്ന് സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും വിലയിരുത്തുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസാണ് യുഡിഎഫിനെ നിലനിര്‍ത്തുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കേണ്ടത്. യുഡിഎഫിനെ നിലനിര്‍ത്തുന്ന കാര്യത്തിലും, ഭരണം മെച്ചപ്പെടുത്തുന്ന കാര്യത്തിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും നല്ല തീരുമാനങ്ങളുണ്ടാകും. മുസ്ലിം ലീഗ് അതിനോടൊപ്പം എപ്പോഴും ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച തന്നെ ഉണ്ടായിട്ടില്ല. നല്ല മന്ത്രിസഭ രൂപീകരിക്കണം, നല്ല ഭരണം കാഴ്ചവെക്കണം എന്നു മാത്രമേ ലീഗിനുള്ളൂ. അര്‍ഹതപ്പെട്ടത് ലീഗിന് കിട്ടും. അവകാശവാദം ഉന്നയിക്കാനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
by Midhun HP News | Apr 30, 2026 | Latest News, കേരളം
കാസര്‍കോട്: ചൂട് കൂടിയതോടെ, സംസ്ഥാനത്ത് നിരവധി പാമ്പ് കടിയേറ്റ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതോടെ ആശങ്കയിലാണ് കേരള സമൂഹം. ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പാമ്പുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു വാര്‍ത്തയാണ് കാസര്‍കോട് അടൂരില്‍ നിന്ന് വരുന്നത്.
സ്വര്‍ണമോതിരം ശരീരത്തില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടെത്തിയതാണ് കൗതുകം ഉണര്‍ത്തുന്നത്. അടൂര്‍ പതിക്കാലില്‍ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മേശവലിപ്പിലാണ് പാമ്പിനെ കണ്ടത്. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികള്‍ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാര്‍ ഭയപ്പെട്ടെങ്കിലും ഉടന്‍ തന്നെ വനംവകുപ്പിന്റെ റെസ്ക്യൂ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് ചേരയാണെന്ന് മനസ്സിലായത്. അടുത്തിടെ മരിച്ച ഒരു കുടുംബാംഗത്തിന്റെ സ്വര്‍ണമോതിരം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഇത് ചേരയുടെ ശരീരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു. ദിവസങ്ങളായി മോതിരത്തില്‍ കുടുങ്ങിക്കിടന്നതിനാല്‍ ചേര അവശനിലയിലായിരുന്നു. തുടര്‍ന്ന് സ്വര്‍ണമോതിരം മുറിച്ചുമാറ്റിയാണ് ചേരയെ രക്ഷപ്പെടുത്തിയത്.

by Midhun HP News | Apr 30, 2026 | Latest News, കേരളം
കരിപ്പൂര്‍: വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റ യുവാവ് തളര്‍ന്ന് വീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങല്‍ നെയ്യന് സൈനുല്‍ ആബിദ് (38) ആണ് മരിച്ചത്.
ചൊവ്വാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം. കിഴിശ്ശേരി മേലേപുരക്കല്‍ ആശുപത്രിക്ക് മുന്പില് വെച്ച് വാഹനം ഓടിച്ചുപോകുമ്പോള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച പകല്‍ 3 മണിയോടെ പുളിയംപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ദീര്‍ഘകാലം പ്രവാസിയായിരുന്നു ആബിദ് .ഒരു മാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.

by Midhun HP News | Apr 30, 2026 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് മുതിര്‍ന്ന പൗരര്‍ക്കുള്ള പട്ടികയില്‍ ഇനി മുതല്‍ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ദേവസ്വം തീരുമാനം. നിലവില്‍ 60 വയസ്സുമുതലുള്ളവരേയും മുതിര്‍ന്ന പൗരന്മാരുടെ ദര്‍ശനവരിയില്‍ പരിഗണിച്ചിരുന്നു. ഇനി മുതല്‍ ‘സൂപ്പര്‍ സീനിയേഴ്സ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.
ഭക്തരുടെ സൗകര്യം പരിഗണിച്ച് ഗുരുവായൂരില്‍ വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്ഷേത്രത്തിന്റെ തെക്കേ മതില്‍ക്കെട്ടില്‍ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെനടയില്‍ പ്രസാദം വാങ്ങാനുമായി ഓരോ കൗണ്ടര്‍ വീതമാണ് കൂട്ടിയത്. ശീട്ടാക്കാനുള്ള കൗണ്ടറുകളില്‍ ക്ലാര്‍ക്കുമാര്‍ക്കു പുറമേ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.
വഴിപാട് ശീട്ടാക്കാനും പിന്നീട് പ്രസാദം വാങ്ങാനും ഭക്തര്‍ക്ക് ഏറെ നേരം വരിനില്‍ക്കേണ്ട സ്ഥിതിയായിരുന്നു. പൊതു അവധി ദിവസങ്ങളിലാണെങ്കില്‍ ഒരുമണിക്കൂറോളം നീളും. ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വാര്‍ത്ത ആയതിന് പിന്നാലെയാണ് ദേവസ്വത്തിന്റെ നടപടി.
by Midhun HP News | Apr 30, 2026 | Latest News, മരണം
ബംഗളൂരു: ബംഗളൂരുവില്‍ കനത്തമഴയില്‍ മതില് ഇടിഞ്ഞ് വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കേരളത്തില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബശ്രീ സംഘത്തിലെ രണ്ടു അംഗങ്ങള്‍ക്കാണ് ജീവന് നഷ്ടമായത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. കേരളത്തില്‍ നിന്നെത്തിയ 56 അംഗ സംഘത്തിലെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഴ കനത്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഗതാഗക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്.
ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ശിവാജി നഗറിലാണ് സംഭവം. ഇന്ന് രാവിലെയാണ് കുടുംബശ്രീ സംഘം ഇവിടെയെത്തിയത്. പര്‍ച്ചേയ്സിനാണ് കുടുംബശ്രീ സംഘത്തിലെ അഞ്ചുപേര്‍ ശിവാജി നഗറില്‍ എത്തിയത്. മതിലിന് താഴെ ഒരു ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയിരുന്നു. ഇതിന് താഴെ നിന്നിരുന്ന അഞ്ചുമലയാളികളാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ മൂന്ന് സ്ത്രീകള്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.
അമൃതംപൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ബംഗളൂരുവില്‍ എത്തിയ 56 സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവിധയിടങ്ങളിലേക്ക് പോയത്. കനത്തമഴയില്‍ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Recent Comments