by Midhun HP News | Apr 27, 2026 | Latest News, ജില്ലാ വാർത്ത
ആലപ്പുഴ: ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡ് പ്രതിയായ ശരത് പ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ടാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.
ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ പ്രതിയാണ് ശരത്. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് ശരത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Apr 27, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് എയര്‍ (SWISS) വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായി തീപിടിച്ചു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെ ടേക്ക് ഓഫ് നിര്‍ത്തിവെച്ച് വിമാനത്തില്‍ നിന്നും അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു. പരിക്കേറ്റഴരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX147 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ വെച്ച് തന്നെ എമര്‍ജന്‍സി സ്ലൈഡുകള്‍ ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
പുലര്‍ച്ചെ 1.08നാണ് സംഭവം. എയര്‍ബസ് A330 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിനായി റണ്‍വേയിലൂടെ കുതിക്കുമ്പോഴാണ് വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നില്‍ തകരാര്‍ സംഭവിക്കുകയും തീപിടിക്കുകയും ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ 228 യാത്രക്കാരും നാല് ശിശുക്കളുമാണ് ഉണ്ടായിരുന്നത്. ക്രൂ അംഗങ്ങള്‍ക്ക് പരിക്കില്ല.
വിമാനത്തിന്റെ പൈലറ്റുമാര്‍ സമയോചിതമായി ടേക്ക് ഓഫ് വേണ്ടെന്ന് വെക്കുകയും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യാത്രക്കാരെ ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു എന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസസൗകര്യവും തുടര്‍യാത്രയ്ക്കുള്ള ക്രമീകരണങ്ങളും എയര്‍ലൈന്‍ അധികൃതര്‍ ചെയ്തുവരികയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സാങ്കേതിക വിദഗ്ധര്‍ ഡല്‍ഹിയിലെത്തി വിമാനം പരിശോധിക്കും.
by Midhun HP News | Apr 27, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കുറഞ്ഞത്. 1,13,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,155 രൂപയാണ്.
എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണുണ്ടായത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഹോര്‍മൂസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Apr 27, 2026 | Latest News, കേരളം
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രാകേഷ് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു.
വെടിക്കെട്ടു പുര സ്‌ഫോടനത്തില്‍ രാകേഷിന് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ രാകേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ചികിത്സയിലിരുന്ന ഒരാള്‍ മരിച്ചിരുന്നു. എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് ഇന്നലെ മരിച്ചത്. വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞദിവസം മരിച്ചു.
ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടിയുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ കാണാതായ നാലു പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായാണ് സൂചന. അപകട സ്ഥലത്തുനിന്ന് ശേഖരിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധനയിൽ നാലു പേരേയും തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.
by Midhun HP News | Apr 27, 2026 | Latest News, കേരളം
കോഴിക്കോട് : കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കിളിമാനൂരില്‍ യുവതിക്ക് പാമ്പു കടിയേറ്റു. തൂളിക്കുഴി സ്വദേശി സരിതയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്. സരിതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ വൈദഗ്ധ്യം ഉള്ളവരാണ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൂടാതെ സമീപത്ത് എവിടെയൊക്കെ ആന്റിവെനം ലഭ്യമാകും എന്നതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്. അതുമൂലം കാലതാമസമില്ലാതെ ചികിത്സ ഉറപ്പു വരുത്താനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.
ഇന്നലെ മാത്രം സംസ്ഥാനത്ത് 8 ജില്ലകളിലായി 23 പാമ്പുകടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്തതായി 108 ആംബുലന്‍സ് സംഘത്തിന്റെ ഡാറ്റയില്‍ വ്യക്തമാക്കുന്നു. പാമ്പുകടിയാണെന്ന് സംശയിച്ച് 108 ആംബുലന്‍സിന്റെ സഹായം തേടിയ ഒമ്പതു കേസുകള്‍ ഉണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി.

Recent Comments