by Midhun HP News | Apr 27, 2026 | Latest News, കേരളം
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് പൂരത്തിന് ഇന്ന് സമാപനമാകും. പൂരത്തിന് സമാപനം കുറിച്ച് പകൽ 12:30ന് ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് -തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ് ഉപചാരം ചൊല്ലുക. രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എഴുന്നള്ളിപ്പ് നടത്തി.
ഇനി അടുത്തപൂരത്തിന് കാണാമെന്ന് ജനാവലി പ്രഖ്യാപിക്കും. ഉപചാരം ചൊല്ലലിനുശേഷം അടുത്ത വർഷത്തെ പൂരം തീയതി പ്രഖ്യാപിക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ, കരിമരുന്നിൽ കത്തിയമർന്ന 16 മനുഷ്യജീവനുകളുടെ ഓർമയിൽ വെടിക്കെട്ട് ഉപേക്ഷിച്ചതിനാൽ ഉപചാരം ചൊല്ലലിന് ശേഷമുള്ള വെടിക്കെട്ട് ഉണ്ടാവില്ല. രാത്രി ഉത്രം വിളക്കോടെ കൊടിയിറക്കും.
വെടിക്കെട്ട് ഒഴിവാക്കിയെങ്കിലും തൃശൂര്‍ പൂരത്തിന് മാറ്റുകുറഞ്ഞില്ല. ഇന്നു പുലര്‍ച്ചെനടക്കേണ്ടിയിരുന്ന വെടിക്കെട്ടിനു പകരം ആചാരപരമായി കതിനകള്‍ പൊട്ടിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി. പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങള്‍. വടക്കുന്നാഥനിലെ നേമവെടിപൊട്ടിയ ശേഷം, വെടിക്കെട്ടിന് ഇക്കുറി ആദ്യം തിരികൊളുത്താന്‍ അവകാശമുള്ള പാറമേക്കാവ് വിഭാഗം മൂന്നു കതിനകള്‍ പൊട്ടിച്ചു. പിറകേ തിരുവമ്പാടിയും ആചാരമനുസരിച്ച് ഒരു കതിന പൊട്ടിച്ചു.
സാധാരണയായി ദിഗന്തങ്ങള്‍ വിറപ്പിക്കുന്ന വെടിക്കെട്ടാണ് തൃശൂര്‍ പൂരത്തിന്റേത്. വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ പുലര്‍ച്ചെ മൂന്നുമുതല്‍ നാലുമണിക്കൂര്‍ വരെ നീളും വെടിക്കെട്ട്. ഇത്തവണ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിമരുന്ന് പ്രയോഗം പൂര്‍ണ്ണമായും ഒഴിവാക്കി. അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു. ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്ന ബാബുവാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിനാറായി ഉയര്‍ന്നു.

by Midhun HP News | Apr 27, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്ന് പിതാവ്. 30 കാരനായ അജിത് കുമാറാണ് കൊല്ലപ്പെട്ടത്. തഞ്ചാവൂരിലെ മേലകലകുടിയിലാണ് സംഭവം. കൊലക്കേസില്‍ അകത്തായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയപ്പോഴായിരുന്നു പിതാവും സുഹൃത്തുക്കളും വീട്ടില്‍ കയറി അജിത് കുമാറിനെ വെട്ടിക്കൊല്ലുന്നത്.
യുവതിയുടെ പിതാവായ പുണ്യമൂര്‍ത്തിയും (53) സുഹൃത്തുക്കളായ എം ലോകേഷ്, ഡി രാമലിംഗം, എ കറുപ്പയ്യ എന്നിവരും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിക്ക് ഉറങ്ങിക്കിടക്കുകയായിരുന്ന അജിത് കുമാറിനെ സംഘം വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പുണ്യമൂര്‍ത്തിയും സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പെയ്ന്റിങ് തൊഴിലാളിയായിരുന്നു അജിത് കുമാര്‍. ഇയാളും പുണ്യമൂര്‍ത്തിയുടെ മകള്‍ കാവ്യയും പ്രണയത്തിലായിരുന്നു. അധ്യാപികയായിരുന്നു കാവ്യ. അജിത്തുമായുള്ള കാവ്യയുടെ പ്രണയം വീട്ടുകാര്‍ അംഗീകരിച്ചില്ല. തുടർന്ന്, ബന്ധുവായ യുവാവുമായി കാവ്യയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതോടെ പ്രണയബന്ധം തകര്‍ന്നു.
2025 നവംബര്‍ 23 ന് സ്‌കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ അജിത് തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലുകയായിരുന്നു. കേസില്‍ അകത്തായ അജിത് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങുന്നത്. വിവരമറിഞ്ഞ പുണ്യമൂര്‍ത്തി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പകരം വീട്ടാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്ക് അജിത് കുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുന്നത്. കൊലപാതകത്തിന് ശേഷം ആയുധങ്ങളോടെ പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

by Midhun HP News | Apr 27, 2026 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയും സംഘവും ഇസ്ലാമാബാദില്‍ തിരിച്ചെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും, സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം ഇസ്ലാമാബാദിലേക്ക് യാത്ര തിരിക്കും മുമ്പ് മടങ്ങിയിരുന്നു. നേരെ ഒമാനിലേക്ക് പോയ അരാഗ്ചി, ഒമാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അവിടെ നിന്നാണ് ഇസ്ലാമാബാദില്‍ തിരിച്ചെത്തിയത്.
വെള്ളിയാഴ്ച മധ്യസ്ഥശ്രമത്തിന് നേതൃത്വം നല്‍കുന്ന പാകിസ്ഥാനിലെത്തിയ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍, സേനാ മേധാവി അസിം മുനീര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ കാര്യത്തില്‍ ഇറാന്റെ നിലപാട് പാകിസ്ഥാനെ അറിയിച്ചിരുന്നു.
ആണവ പദ്ധതികളുടെ കാര്യത്തിലും ഹോർമുസിലെ ഗതാഗതത്തിലും നിയന്ത്രണങ്ങൾക്ക് വഴങ്ങില്ലെന്നാണ് ഇറാന്‍റെ തീരുമാനം. ഇക്കാര്യം രേഖാമൂലം പാകിസ്ഥാൻ വഴി അമേരിക്കയെ അറിയിച്ചെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ രണ്ട് കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ചർച്ചകൾ വേണമെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഇറാനോട്, ഒമാൻ വിദേശകാര്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
അതിനിടെ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി നയതന്ത്ര ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. ഖത്തർ പ്രധാനമന്ത്രി, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി, ഫ്രാൻസ് വിദേശകാര്യ മന്ത്രി എന്നിവർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണിൽ സംസാരിച്ചു. സൗദി വിദേശകാര്യ മന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎഇ വിദേശകാര്യ മന്ത്രിയുമായി ആശയം വിനിമയം നടത്തി. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിക്കും.
ഇറാൻ ചർച്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടർന്ന് പാകിസ്താനിലേക്കുള്ള യു എസ്. പ്രതിനിധികളുടെ യാത്ര പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാൻ സംഘം ഞായറാഴ്ച തിരിച്ചെത്തിയിരിക്കുന്നത്. യു.എസ്. പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കഷ്‌നർ എന്നിവർ ഇറാൻസംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശനിയാഴ്ച പാകിസ്താനിലേക്കു പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. എന്നാൽ ഇറാൻ സംഘം ഇസ്ലാമാബാദിൽ നിന്നും മടങ്ങിയതോടെ യുഎസ് സംഘത്തിന്റെ യാത്ര ട്രംപ് റദ്ദാക്കുകയായിരുന്നു.

by Midhun HP News | Apr 27, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 °C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
അതിനിടെ, കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തി. ഇന്നു മുതല്‍ മഴ കൂടുതല്‍ സജീവമാകുമെന്നും, കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വേനല്‍മഴ ശക്തമാകുന്നതിന്റെ ഭാഗമായി, ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച ഇടുക്കിയിലും കോട്ടയത്തും മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
by Midhun HP News | Apr 26, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നീതി ആയോഗ് ഉപാധ്യക്ഷനായി ബിജെപി എംഎല്‍എ അശോക് ലാഹിരിയെ നിയമിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന അശോക് ലാഹിരി, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 15-ാം ധനകാര്യ കമ്മീഷനില്‍ അംഗവുമായിരുന്നു.
നിലവിലെ വൈസ് ചെയര്‍മാന്‍ സുമന്‍ ബെറിയുടെ പിന്‍ഗാമിയായിട്ടാണ് അശോക് ലാഹിരി ചുമതലയേല്‍ക്കുന്നത്. പ്രധാനമന്ത്രിയാണ് നീതി ആയോഗിന്റെ ചെയര്‍മാന്‍. പശ്ചിമ ബംഗാളിലെ ബിജെപിയുടെ സജീവ അംഗമായ ലാഹിരി നിലവില്‍ ബാലുര്‍ഘട്ടില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ്. നിലവില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.
മുന്‍ പ്രധാനമന്ത്രിമാരായ എ ബി വാജ്പേയി, മന്‍മോഹന്‍ സിങ് എന്നിവരുടെ ഭരണകാലത്ത് 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയുടെ ഡയറക്ടറായും ലോകബാങ്കില്‍ കണ്‍സള്‍ട്ടന്റായും അന്താരാഷ്ട്ര നാണയ നിധിയില്‍ സാമ്പത്തിക വിദഗ്ദ്ധനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നീതി ആയോഗിന്റെ മുഴുവന്‍ സമയ അംഗങ്ങളായി കെ വി രാജു, ഗോബര്‍ധന്‍ ദാസ്, അഭയ് കരണ്ടിക്കര്‍, എം ശ്രീനിവാസ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. ബംഗാളുകാരനും ഭോപ്പാല്‍ ഐഐഎസ്ഇആര്‍ ഡയറക്ടറുമാണ് ഗോബര്‍ധന്‍ ദാസ്. കെ വി രാജു നിലവില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമാണ്. അഭയ് കരണ്ടിക്കര്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും മുന്‍ ഐഐടി ഡയറക്ടറുമാണ്. ശ്രീനിവാസ് ഡല്‍ഹി എയിംസിന്റെ ഡയറക്ടറാണ്.

Recent Comments