എണ്ണവില 105 ഡോളറിന് മുകളില്‍; സ്വര്‍ണവിലയില്‍ മാറ്റമില്ല, 1,13,000ല്‍ താഴെ തന്നെ

എണ്ണവില 105 ഡോളറിന് മുകളില്‍; സ്വര്‍ണവിലയില്‍ മാറ്റമില്ല, 1,13,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,12,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 14,120 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ വില ഇനിയും ഉയരും.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറിന് മുകളില്‍ തന്നെയാണ്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

ചെന്നൈ: കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തില്‍ രണ്ടുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

ഇന്ന് രാവിലെയാണ് സംഭവം. തേനി ജില്ലയിലെ കുംഭനഗരത്തിലെ കാട്ടുപിള്ളി വാസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. തൊഴിലാളികള്‍ പതിവുപോലെ ഫാക്ടറി തുറക്കുന്നതിന് എത്തിയ സമയത്താണ് അപകടം ഉണ്ടായത്.

അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ ഷട്ടര്‍ തുറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായത്. നാലുപേരാണ് ഷട്ടര്‍ തുറക്കാന്‍ എത്തിയത്. ഇതില്‍ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവര്‍ഷം മുന്‍പാണ് സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

തെരഞ്ഞെടുപ്പ് കാരണം പടക്കനിര്‍മ്മാണശാലയ്ക്ക് രണ്ടു ദിവസം അവധിയായിരുന്നു. ഇന്ന് പതിവ് പോലെ പടക്കനിര്‍മ്മാണ ശാല തുറക്കാന്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചൂട് കാരണമോ ഷട്ടര്‍ തുറന്നപ്പോള്‍ ഉണ്ടായ സ്പാര്‍ക്ക് കാരണമോ ആകാം അപകടമെന്നാണ് പ്രാഥമിക നിഗമനം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പാണ് മറ്റൊരു ദുരന്തം കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഭവിച്ചത്.

പാമ്പ് കടിച്ചത് പാന്റ്‌സില്‍; 11 കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാമ്പ് കടിച്ചത് പാന്റ്‌സില്‍; 11 കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വീട്ടുമുറ്റത്തുവെച്ച് പതിനൊന്നു വയസ്സുകാരനെ പാമ്പ് കൊത്തി. പാന്റ്‌സില്‍ കൊത്തിയതുകൊണ്ട് വിദ്യാര്‍ഥി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. നാദാപുരത്ത് കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകന്‍ അബ്ദുല്‍ റാനിഷിനെ(11)യാണ് പാമ്പ് കൊത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് സാധനമെടുക്കുന്നതിനിടെയാണ് പാമ്പ് കൊത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പൂച്ച പാമ്പിനെ ഓടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി.

പൂച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ പാമ്പ് കാറിനടിയിലേക്ക് ആദ്യം ഇഴഞ്ഞെത്തി. തുടര്‍ന്ന് സ്‌കൂട്ടറിന് പിന്നിലേയ്ക്കും എത്തി. ഇതിനിടയില്‍ സ്‌കൂട്ടറില്‍നിന്ന് സാധനങ്ങള്‍ എടുക്കാന്‍വേണ്ടി പോകുന്നതിനിടയിലാണ് പാമ്പ് കടിയ്ക്കാന്‍ ശ്രമിച്ചത്.

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്

കോട്ടയം: കടുത്തുരുത്തിയില്‍ പുലര്‍ച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി മാല കവര്‍ന്നു. മോഷ്ടാക്കളുടെ കൈയില്‍നിന്നു വീണുപോയ കത്തിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാല്‍ ഭയന്നുപോയെങ്കിലും നഷ്ടപ്പെട്ടത് ഇമിറ്റേഷന്‍ ഗോള്‍ഡ് മാലയായതിനാല്‍ ആശ്വസിക്കുകയാണു മാഞ്ഞൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ഹരിതകര്‍മസേനാംഗം കൂടിയായ ഇരവിമംഗലം നടുപ്പറമ്പില്‍ മിനി ചന്ദ്രന്‍. മാലയ്ക്ക് 150 രൂപയാണു വില

ഇന്നലെ പുലര്‍ച്ചെ 5.30നു മുട്ടുചിറ മഠത്തിക്കുന്നേല്‍ റെയില്‍വേ ലൈന്‍ റോഡില്‍ കടപ്പൂരാന്‍ ഭാഗത്തായിരുന്നു സംഭവം. മിനിയുടെ ചുരിദാറിന്റെ പോക്കറ്റില്‍ ഹരിതകര്‍മസേനയില്‍ അടയ്ക്കാനുള്ള 25,000 രൂപ ഉണ്ടായിരുന്നു. ഇത് നഷ്ടമായില്ലെന്നതില്‍ സന്തോഷിക്കുക കൂടിയാണ് മിനി.

അയല്‍വാസിയുടെ ബന്ധു മരിച്ചതറിഞ്ഞ് ഇലഞ്ഞിയിലെ അവരുടെ വീട്ടിലേക്കു പോകാനായി പുലര്‍ച്ചെ ഇറങ്ങിയതായിരുന്നു മിനി. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ നടക്കുമ്പോള്‍ പിന്നില്‍ നിന്നാണു മോഷ്ടാക്കള്‍ വന്നത്. വാക്കത്തി കഴുത്തിലും കത്തി വയറിലുംവച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണു മാല ഊരിയെടുത്തത്. മിനി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മാല പൊട്ടിച്ച് സ്‌കൂട്ടറില്‍ കടന്നുകളഞ്ഞ മോഷ്ടാക്കളുടെ കൈയില്‍നിന്നു കത്തി താഴെവീഴുകയായിരുന്നു. പൊലീസ് സംഘം റോഡിലും പരിസരത്തും പരിശോധന നടത്തി.

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം

തിരുവനന്തപുരം: പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം കണക്ഷൻ (പിഎൻജി) ലഭിച്ചവർ പുതിയ എൽപിജി കണക്ഷൻ എടുക്കാനോ നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ. പിഎൻജി കണക്ഷൻ ഉള്ളവർ കൈവശമുള്ള എൽപിജി കണക്ഷനുകൾ 15 ദിവസത്തിനകം തിരികെ നൽകണമെന്നും അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ രാജ്യ വ്യാപകമായി എൽപിജി വിതരണത്തിന് ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. എൽപിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് https://mypngd.in എന്ന വെബ് പോർട്ടർ ഉപയോ​ഗിക്കുകയോ ബന്ധപ്പെട്ട എൽപിജി ഡിസ്ട്രിബ്യൂട്ടറെ നേരിട്ട് അറിയിക്കുകയോ ചെയ്യാമെന്ന് കമ്മിഷണർ അറിച്ചു.