by Midhun HP News | Mar 11, 2026 | Latest News, കേരളം
ആലപ്പുഴ: പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് പാചകവാതകത്തിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി. മൂന്ന് ദിവസം മുമ്പ് ഫുഡ് പ്രൊഡക്ട്സ് സ്ഥാപനത്തിലേക്ക് വാങ്ങിയ സിലിണ്ടറിലാണ് ഈ പ്രശ്നം കണ്ടെത്തിയത്. എന്നാൽ സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും ഗ്യാസ് ഏജൻസി വ്യക്തമാക്കി.

പുന്നപ്ര കുറവൻതോട് പ്രദേശത്ത് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനം നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് 19.1 കിലോ പാചകവാതക സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി തയ്യാറാക്കുന്നതിനിടെ സിലിണ്ടർ പെട്ടെന്ന് ഓഫ് ആവുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് സിലിണ്ടർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടതായി കബീർ പറയുന്നു. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ച നിറമുള്ള വെള്ളമാണ് പുറത്തേക്ക് വന്നത്.

by Midhun HP News | Mar 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിയുടേയും കോഴിയുടെയും ചിത്രം പതിച്ച പോസ്റ്ററാണ് ബസുകളില്‍ ഒട്ടിച്ചത്. തുടരണോ ഈ കോഴിമന്ത്രി എന്നാണ് പോസ്റ്ററിലുള്ള വാചകം.
തമ്പാനൂര്‍ പൊലീസ് പോസ്റ്റര്‍ ഇളക്കി മാറ്റാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി. പൊലീസുകാരെ മര്‍ദിച്ച പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മറ്റു പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി.
ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കെഎസ്ആര്‍ടിസി ബസുകളിലെ പിആര്‍ഡി പരസ്യങ്ങള്‍ നശിപ്പിക്കാനും ശ്രമം നടന്നു. പൊലീസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചെന്നും ഇത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഗണേഷിനെ കിടപ്പുമുറിയില്‍ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മന്ത്രിയുടെ സഹായികള്‍ തടഞ്ഞുവച്ചെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തല്‍. ഇതോടെയാണ് മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. രാജിവയ്ക്കില്ലെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. മന്ത്രി മാപ്പപേക്ഷിച്ചെന്നും പരാതിയുമായി മുന്നോട്ടില്ലെന്നും ബിന്ദു മേനോന്‍ മാധ്യമങ്ങളെ പിന്നീട് അറിയിച്ചിരുന്നു.

by Midhun HP News | Mar 11, 2026 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: ഒരാളുടെ ജീവിതം എങ്ങനെയാണ് മാറിമറിയുന്നതെന്ന് പ്രവചിക്കാന്‍ പോലും പറ്റില്ല. മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള ഒരു സ്ത്രീ ജീവിതത്തിലേയ്ക്ക് തിരികെ വന്നത് ‘അത്ഭുതം’ എന്നല്ലാതെ മറ്റൊന്നുമല്ല. മരിച്ചുവെന്ന് കരുതി സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേയ്ക്ക് ആംബുലന്‍സില്‍ പോകുമ്പോഴാണ് അത് സംഭവിച്ചത്. കുഴിയില്‍ വീണതിന്റെ ആഘാതത്തില്‍ സ്ത്രീ പെട്ടെന്ന് സ്വാഭാവിക ശ്വാസം എടുത്തു തുടങ്ങുകയായിരുന്നു.

സംഭവം ഇങ്ങനെ: ബറേലിയിലെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിനീത ശുക്ല മരിച്ചെന്ന് കുടുംബത്തോട് പറഞ്ഞത്. വിനീതയുടെ ഭര്‍ത്താവ് കുല്‍ദീപ് കുമാര്‍ ശുക്ല ഇവരെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കാന്‍ ബന്ധുക്കളോട് നിര്‍ദേശിച്ചിരുന്നു. ദേശീയ പാതയിലെ കുഴി നിറഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ആംബുലന്‍സ് വലിയ കുഴിയില്‍ വീണ് കുലുങ്ങി. ശ്വാസം നിലച്ച വിനീത സാധാരണ ഗതിയില്‍ ശ്വസിക്കാന്‍ തുടങ്ങി. ഉടനെ തിരിച്ച് ആശുപത്രിയില്‍ എത്തിക്കുകയും സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിനീത തിങ്കളാഴ്ച പൂര്‍ണ ആരോഗ്യവതിയായി വീട്ടിലേയ്ക്ക് മടങ്ങി.
പിലിഭിത്തിലെ ജുഡീഷ്യല്‍ കോടതിയില്‍ സീനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന വിനീത ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടിലെ ജോലി ചെയ്യുന്നതിനിടെയാണ് ബോധരഹിതയായി വീണത്. പിലിഭിതിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലേക്ക് മാറ്റുകയായിരുന്നു.

by Midhun HP News | Mar 11, 2026 | Latest News, കേരളം
കൊച്ചി: കേരള എന്ന പേര് കേരളം എന്നാക്കിയത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റണമെന്ന വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ് നിറവേറ്റിയത്. ഭാരതത്തിന്റെ സുന്ദരമായ സംസ്ഥാനത്തിന് ഇന്ന് അനുയോജ്യമായ പേര് ലഭിച്ചിരിക്കുന്നുവെന്ന് മോദി പറഞ്ഞു. സമുദ്രത്തെയും നദികളെയും വെള്ളത്തെയും മറ്റുള്ളവര്‍ വെറും വിഭവങ്ങളായി കാണുമ്പോള്‍ ധീവരസമൂഹം അമ്മയായാണ് കാണുന്നത്. മത്സ്യത്തൊഴിലാളികള്‍ സമുദ്രം കാക്കുന്നവരാണ്. പ്രളയസമയത്ത് ഈ സമുദായത്തിന്റെ സേവന പ്രവര്‍ത്തനം ലോകം മുഴുവന്‍ കണ്ടതാണ്. അതാര്‍ക്കും വിസ്മരിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കിയത് എന്‍ഡിഎ സര്‍ക്കാരാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടണം. അതിനായി വിവിധ പദ്ധതികളാണ് മത്സ്യത്തൊഴിലാളി സമുദായത്തിനായി നടപ്പാക്കിയത്. പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. പ്രധാനമന്ത്രി മത്സ്യയോജനാ പദ്ധതി പ്രകാരം 1400 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. ഇതുമൂലമാണ് കേരളത്തിന്റെ മത്സ്യമേഖല വേഗത്തില്‍ വളരുന്നത്. മത്സ്യത്തൊഴിലാളികളെ ശാക്തികരിക്കാനായി വിവിധ സൊസൈറ്റികള്‍ വഴി ലക്ഷക്കണക്കിന് രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കടലില്‍ പോകുന്നവരുടെ സുരക്ഷയ്ക്കായും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തു.
മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവാക്കള്‍ ബ്ലൂ ഇക്കോണമിയെ നയിച്ച് മത്സ്യത്തൊഴിലാളി കയറ്റുമതിയെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ കൊച്ചി സാമൂഹ്യപരിഷ്‌കരണത്തിന്റെ മണ്ണായാണ് കണക്കാക്കപ്പെടുന്നത്. ഈ മണ്ണില്‍ നിന്നാണ് പണ്ഡിറ്റ് കറുപ്പന്‍ സ്വാഭിമാന പോരാട്ടത്തിന്റെ ശബ്ദമുയര്‍ത്തിയത്. അമൃതാനന്ദമയിയെയും പ്രധാനമന്ത്രി സ്മരിച്ചു. മാതാ അമൃതാനന്ദമയിയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ അത്ഭുതകരമായ ഉദാഹരണമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അഖിലകേരള ധീവരസഭ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷമായി കേരളത്തിലെ മത്സ്യത്തൊളിലാളി സഹോദരങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സംഘടന. 50 വര്‍ഷത്തെ നിങ്ങളുടെ പ്രയത്‌നത്തില്‍ നിങ്ങളുടെ സേവനമനോഭാവവും ഉള്‍പ്പെട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ മുഴുവന്‍ ധീവരസഭാംഗങ്ങള്‍ക്കും നന്മകള്‍ നേരുന്നു. താനിവിടെ വന്നത് അനുഗ്രഹം നല്‍കാനല്ല, നിങ്ങളില്‍ നിന്നും അനുഗ്രഹം തേടാനാണ് വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

by Midhun HP News | Mar 11, 2026 | Latest News, കേരളം
കോഴിക്കോട്: ദേശീയ പാത ഉദ്ഘാടനച്ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, സമാന്തര ഉദ്ഘാടനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. രാമനാട്ടുകര- വെങ്ങളം റീച്ചില്‍ സമാന്തര ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഉദ്ഘാടനത്തിനൊപ്പം രാമനാട്ടുകര- വെങ്ങളം വരെ ദേശീയപാതയില്‍ മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയും നടത്തും.

പ്രധാനമന്ത്രിയുടെ പരിപാടി നടക്കുമ്പോള്‍ ഉച്ചയ്ക്ക് 12 മണിക്ക് തന്നെ മന്ത്രി റിയാസിന്റെ റോഡ് ഷോ സംഘടിപ്പിക്കാനാണ് നീക്കം. തലപ്പാടി- ചെങ്കള റീച്ച് സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ജനകീയമായി തുറന്നുകൊടുക്കും. ദേശീയപാത 66 പദ്ധതിയുടെ പ്രധാനമന്ത്രി നടത്തുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിവാദമായത്.
മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവരും ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കിയത് എന്തിനെന്ന് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ ഇന്നേവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിട്ടില്ല. കേന്ദ്രനടപടി കേരളത്തിന് അപമാനമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

Recent Comments