വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ശനിയാഴ്ട തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഒക്ടോബർ 25-ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഒക്ടോബർ 26-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗ്ലാദേശ് നിര്‍ദേശിച്ച അര്‍ണബ് എന്നാണ് ചുഴലിക്കാറ്റിന് പേര് നല്‍കിയത്. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. ഒഡിഷ, ആന്ധ്ര സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിലവില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രവും ശക്തവുമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍: കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലും തിങ്കള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 26/10/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

26/10/2026 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ 24/10/2026 രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 24/10/2026 വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

വെറും 11 സെക്കന്റില്‍ അരകിലോമീറ്റര്‍, മണിക്കൂറില്‍ 160 കി.മീ; മദ്യലഹരിയില്‍ സുഹൈലിന്റെ പറക്കല്‍

വെറും 11 സെക്കന്റില്‍ അരകിലോമീറ്റര്‍, മണിക്കൂറില്‍ 160 കി.മീ; മദ്യലഹരിയില്‍ സുഹൈലിന്റെ പറക്കല്‍

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി സുഹൈല്‍ സജീവ് കാറോടിച്ചിരുന്നത് 160 കിലോമീറ്റര്‍വരെ വേഗതയിലായിരുന്നു എന്ന് കണ്ടെത്തല്‍. അപകടത്തിനു ശേഷം പൊലീസിനോട് താന്‍ 120 കിലോ മീറ്റര്‍ വേഗതയിലായിരുന്നു കാറോടിച്ചത് എന്നാണ് സുഹൈല്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളും കാറിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ അപകട സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് 160 കി.മീ. വേഗതയിലാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമായത്.

എയര്‍പോര്‍ട്ട് റോഡിലെ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും വെറും 11 സെക്കന്റുകൊണ്ടാണ് കാര്‍ അരക്കിലോമീറ്റര്‍ ദൂരം പിന്നിട്ടതെന്നും കണ്ടെത്തി. അതേസമയം, അപകടത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തുള്ള അന്‍പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും വാഹനത്തിന്റെ വേഗം കണക്കാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. കാറിന് മറ്റ് സാങ്കേതിക തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കാറിന്റെ കൃത്യമായ വേഗതാ പരിശോധനയ്ക്കായി ‘ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍’ (EDR) ജര്‍മനിയിലെ ബിഎംഡബ്യൂ ആസ്ഥാനത്തേക്ക് പൊലീസ് അയിച്ചിരിക്കുകയാണ്.

ഈ മാസം 11ന് പുലര്‍ച്ചെ 1.41നാണ് കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുന്നത്. 1.40 മുതല്‍ 1.41 വരെയുള്ള 60 സെക്കന്റ് സമയത്ത് വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 140 കിലോമീറ്ററില്‍ നിന്ന് 160 വരെ എത്തിയിട്ടുണ്ടെന്നാണ് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അനുമാനിക്കുന്നത്. കൂട്ടുപ്രതികളായ നിനവ്, ജോയല്‍, അമീര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതിലൊരു ഫോണില്‍ നിന്നാണ് അപകട ദിവസമുണ്ടായ മരണപ്പാച്ചില്‍ ചിത്രീകരിച്ചിരിക്കുന്നത് പൊലീസിന് ലഭിച്ചത്. മാത്രമല്ല, അപകടമുണ്ടാകുന്നതിന് മുന്‍പ് ഇതേ റോഡിലൂടെ ഇവര്‍ കാര്‍ അമിതവേഗതയില്‍ ഓടിച്ചിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ, മജിസ്‌ട്രേറ്റാണ് കൃത്യമായ വേഗത എത്രയെന്ന് അന്വേഷണോദ്യഗസ്ഥനോട് ചോദിച്ചത്. തുടര്‍ന്നാണ് ഇഡിആര്‍ പരിശോധിക്കാനായി ജര്‍മനിയിലേക്ക് അയച്ച കാര്യം വ്യക്തമാക്കിയത്. ഇഡിആറിനൊപ്പം മറ്റ് തെളിവുകളും കൂടി സമാഹരിക്കുകയാണ് പൊലീസ്. ജാമ്യാപേക്ഷ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ വാഹനത്തിന്റെ വേഗത സംബന്ധിച്ച കാര്യങ്ങളും പൊലീസ് അറിയിക്കും.

കല്ലമ്പലത്ത് ക്ഷേത്രസാമഗ്രികൾ മോഷണം; പൂജാരി അറസ്റ്റിൽ

കല്ലമ്പലത്ത് ക്ഷേത്രസാമഗ്രികൾ മോഷണം; പൂജാരി അറസ്റ്റിൽ

കല്ലമ്പലം നാവായിക്കുളം ക്ഷേത്രത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ക്ഷേത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ പൂജാരി അറസ്റ്റിലായി. പാരിപ്പള്ളി മീനമ്പലം സ്വദേശിയും അപ്പു എന്ന വിളിപ്പേരിൽ അറിയപ്പെടുന്നതുമായ പ്രിൻസിനെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

നാവായിക്കുളം വലിയകരയിൽകോട് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് ക്ഷേത്രസാമഗ്രികൾ മോഷണം പോയത്. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കല്ലമ്പലം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

ലൈംഗികാതിക്രമത്തിന് ഇരയായി, 16കാരിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

ലൈംഗികാതിക്രമത്തിന് ഇരയായി, 16കാരിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ മാനസികാവസ്ഥയും ഗര്‍ഭം അലസിപ്പിക്കല്‍ നിയമത്തിലെ വ്യവസ്ഥകളും ചൂണ്ടിക്കാട്ടിയാണ് പതിനാറുകാരിയുടെ അമ്മ ഹര്‍ജി സമര്‍പ്പിച്ചത്. പെണ്‍കുട്ടിക്കും അമ്മയ്ക്കും ഗര്‍ഭം തുടരാന്‍ താത്പര്യമില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമായ നടപടികള്‍ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഗര്‍ഭം അലസിപ്പിക്കുന്നതിന് മുന്‍പായി പെണ്‍കുട്ടിയുടെയുടെയും അമ്മയുടെ രേഖാമുലമുള്ള സമ്മതപത്രം വാങ്ങണണമെന്നും ഗര്‍ഭം അലസിപ്പിക്കുന്ന നടപടിക്കിടെ കുഞ്ഞ് ജീവനോടെ ജനിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ആവശ്യമായ നവജാത ശിശുപരിചരണവും ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

‘കയാദു ലോഹര്‍ വെള്ളം കുടിച്ച കുപ്പി’ വില്‍പ്പനയ്ക്ക്; വില മൂന്ന് ലക്ഷം! പിന്നില്‍ മലയാളി?

‘കയാദു ലോഹര്‍ വെള്ളം കുടിച്ച കുപ്പി’ വില്‍പ്പനയ്ക്ക്; വില മൂന്ന് ലക്ഷം! പിന്നില്‍ മലയാളി?

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയാണ് കയാദു ലോഹര്‍. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ കയാദുവിന്റേതായി നിരവധി സിനിമകളാണ് ഈയ്യടുത്ത് തിയേറ്ററുകളിലെത്തിയത്. തമിഴ് ചിത്രം ഡ്രാഗണിലൂടെയാണ് കയാദു താരമാകുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാനിയ്‌ക്കൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം ദ പാരഡൈസ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയാണ് കയാദു ലോഹര്‍. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ കയാദുവിന്റേതായി നിരവധി സിനിമകളാണ് ഈയ്യടുത്ത് തിയേറ്ററുകളിലെത്തിയത്. തമിഴ് ചിത്രം ഡ്രാഗണിലൂടെയാണ് കയാദു താരമാകുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാനിയ്‌ക്കൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം ദ പാരഡൈസ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സോഷ്യല്‍ മീഡിയയിലേയും താരമാണ് കയാദു. താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ കയാദുവുമായി ബന്ധപ്പെട്ടൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കയാദു ലോഹര്‍ വെള്ളം കുടിച്ച കുപ്പി ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഒഎല്‍എക്‌സിലൂടെ കയാദു വെള്ളം കുടിച്ച കുപ്പി വില്‍ക്കാന്‍ വച്ചിരിക്കുകയാണ് ഒരു ആരാധകന്‍. കോഴിക്കോട് ആണ് ലൊക്കേഷനായി നല്‍കിയിരിക്കുന്നത്. വെള്ളം കുടിക്കുന്ന കയാദുവിന്റെ ചിത്രവും പങ്കുവച്ചിരിക്കുന്നുണ്ട്. മൂന്ന് ലക്ഷമാണ് വെള്ളക്കുപ്പിയ്ക്ക് വിലയിട്ടിരിക്കുന്നത്. കുപ്പിയില്‍ ഇനിയും കുറച്ച് വെള്ളമുണ്ടെന്നും ഡിസ്‌ക്രിപ്ഷനില്‍ പറയുന്നുണ്ട്.

സംഭവം സോഷ്യല്‍ മീഡിയയാകെ വൈറലായിരിക്കുകയാണ്. എന്താണ് ഇവിടെ നടക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ അമ്പരക്കുന്നത്. ചിലര്‍ ഇതിനെ ആരാധന മൂത്തതാണെന്ന് പറഞ്ഞ് തമാശയായി കാണുമ്പോള്‍ മറ്റ് ചിലര്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അറപ്പും അസ്വസ്ഥതയുമുളവാക്കുന്ന ഫാന്റസിയാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

തങ്ങളുടെ പ്രിയ താരങ്ങള്‍ ഉപയോഗിച്ച വസ്ത്രങ്ങളടക്കം പലതും വന്‍ വിലയ്ക്ക് ആരാധകര്‍ വാങ്ങുന്നതും, ചിലപ്പോള്‍ താരങ്ങള്‍ തന്നെ ലേലത്തിന് വെക്കുന്നതുമെല്ലാം പതിവാണ്. എന്നാല്‍ വെള്ളം കുടിച്ച കുപ്പി വില്‍ക്കാന്‍ വെക്കുന്നതൊക്കെ പരിധി വിട്ട ആരാധനയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം നടിയെ അപമാനിക്കാനുള്ള വ്യാജ പ്രചരണം മാത്രമാകാമെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.