ലാഭമെടുപ്പ് വില്ലനായി, കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 1,11,000ന് മുകളില്‍ തന്നെ

ലാഭമെടുപ്പ് വില്ലനായി, കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 1,11,000ന് മുകളില്‍ തന്നെ

കൊച്ചി: ദിവസങ്ങള്‍ നീണ്ട കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,440 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടര്‍ച്ചയായ ദിവസങ്ങളിലുള്ള കുതിപ്പിന് ശേഷം നിക്ഷേപകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ലാഭമെടുപ്പാണ് ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അഞ്ചുദിവസത്തിനിടെ ആറായിരത്തില്‍പ്പരം രൂപ വര്‍ധിച്ച് ഏഴ് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതും പലിശനിരക്കില്‍ മാറ്റം വരുത്താതെ യുഎസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയ പ്രഖ്യാപനവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

നെയ്മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനും നിരോധനം, ഒമാനില്‍ മുന്നറിയിപ്പ്

നെയ്മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനും നിരോധനം, ഒമാനില്‍ മുന്നറിയിപ്പ്

മസ്‌കത്ത്: ഒമാന്‍ തീരങ്ങളില്‍ നെയ്മീന്‍ പിടിക്കുന്നതിനും വിപണനം നടത്തുന്നതിനും നിരോധനം. ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ രണ്ടു മാസത്തേക്കാണ് വിലക്കെന്ന് ഒമാന്‍ കൃഷി, ജലവിഭവ മന്ത്രാലയം അറിയിച്ചു. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണവും നെയ്മീനുകളുടെ സ്വാഭാവിക പ്രജനനവും ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണം.

നെയ്മീന്‍ സമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് നടപടി. അക്വാട്ടിക് റിസോഴ്‌സ് നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ (178) അനുസരിച്ചാണ് മന്ത്രാലയം ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഒമാന്റെ മത്സ്യബന്ധന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക മൂല്യമുള്ള മല്‍സ്യങ്ങളിലൊന്നാണ് നെയ്മീന്‍.

19,743 ടണ്‍ നെയ്മീന്‍ മത്സ്യമാണ് കഴിഞ്ഞ വര്‍ഷം ഒമാനില്‍ ഉല്‍പ്പാദിപ്പിച്ചത്. ഇതിന്റെ ആകെ വിപണി മൂല്യം 4.44 കോടി ഒമാനി റിയാലാണ് (ഏകദേശം 4.4422 കോടി ഒമാനി റിയാല്‍). കിലോഗ്രാമിന് ശരാശരി 2.25 റിയാല്‍ നിരക്കിലായിരുന്നു വില്‍പ്പന. ഒമാന്റെ ആകെ നെയ്മീന്‍ ഉല്‍പ്പാദനത്തിന്റെ 83.47 ശതമാനവും അല്‍ വുസ്ത, സൗത്ത് ശര്‍ഖിയ എന്നീ രണ്ട് പ്രവിശ്യകളില്‍ നിന്നാണ്. ഇതില്‍ 41% വും അല്‍ വുസ്തയില്‍ നിന്നും 41% സൗത്ത് ശര്‍ക്കിയയില്‍ നിന്നും ലഭിക്കുന്നു.

നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍, വിതരണക്കാര്‍, കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവര്‍ നെയ്മീന്‍ പിടിക്കാനോ വില്‍ക്കാനോ സൂക്ഷിച്ചു വെക്കാനോ പാടില്ല. നിലവില്‍ നെയ്മീന്‍ ശേഖരമുള്ള വ്യാപാരികളും വ്യക്തികളും നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട മന്ത്രാലയ അധികൃതര്‍ക്ക് മുമ്പാകെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ജില്ലാ നേതൃത്വ പഠന ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു

ജില്ലാ നേതൃത്വ പഠന ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു

പ്രളയവും, മഴക്കെടുതിയും കൊണ്ട് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസ നടപടികൾ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു റ്റി.തോമസ് അഭിപ്രായപ്പെട്ടു.

പാർട്ടി തിരുവനന്തപുരം ജില്ലാ പഠന ക്യാമ്പ് വാഴമുട്ടം പി.വിശ്വംഭരൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൽസ്യ ബന്ധനത്തിന് പോയി കടലിൽ കാണാതായ മൽസ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. അഡ്വ: ജോസ് തെറ്റയിൽ .അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ. പ്രൊഫ. വി കാർത്തികേയൻ നായർ.പി. ശാർങ്ങ ധരൻ , കോളിയൂർ സുരേഷ്, വല്ലൂർ രാജീവ്, കരുംകുളം വിജയകുമാർ , എം. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല ‘സമരത്തില്‍

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനിശ്ചിതകാല ‘സമരത്തില്‍

തിരുവനന്തപുരം: മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ ‘അനിശ്ചിതകാല സമരം’ ഇന്നുമുതല്‍. സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഇന്ന് പിഴ ഈടാക്കാതെ വാഹന പരിശോധന നടത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ആറന്മുളയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് എത്തിയ വാഹനത്തിലെ അനധികൃത ലൈറ്റിനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 5000 രൂപ പിഴയിട്ടത്. സംഭവം വിവാദമായതോടെ രണ്ടു ഉദ്യോഗസ്ഥരെ ഗതാഗത മന്ത്രി സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ അമിതാധികാരം ഉപയോഗിച്ചെന്നാണ് ഗതാഗതമന്ത്രി സി പി ജോണിന്റെ പ്രതികരണം. എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ഗതാഗത നിയമലംഘനമുള്ള എല്ലാ വാഹനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് വന്ന സര്‍ക്കുലര്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. അതിനാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. തൊട്ടടുത്ത ദിവസമായ അഞ്ചാം തീയതിയാണ് അടൂരില്‍ വാഹനത്തിന് പിഴയിടുന്നത്. അടൂരില്‍ രക്ഷാപ്രവര്‍ത്തനമില്ലെന്നും പിഴയിടുന്ന സമയം രക്ഷാപ്രവര്‍ത്തകരാണെന്ന് പറഞ്ഞില്ലെന്നുമാണ് മോട്ടോര്‍വാഹന ഉദ്യോഗസ്ഥരുടെ വിശദീകരണം.

എന്നാല്‍ സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിച്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഉദ്യോഗസ്ഥര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഗതാഗത നിയമലംഘനം കണ്ടാല്‍ ഉപദേശിച്ച് വിടുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ ഇനിയും നടപടിയുണ്ടാകുമെന്നാണ് ഗതാഗത മന്ത്രി സി പി ജോണ്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനെന്നറിഞ്ഞാല്‍ വെറുതെ വിടുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും സി പി ജോണ്‍ പറഞ്ഞു.

ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

അധിക്ഷേപ പരാമർശത്തിൽ പിടിയിലായ ആര്‍എസ്എസ് ആശയ പ്രചാരകൻ ടി.ജി മോഹൻദാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ മട്ടാഞ്ചേരിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ പുലര്‍ച്ചെ 1.20ന് തിരുവനന്തപുരത്ത് എത്തിച്ചു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവാക്കളെ അധിക്ഷേപിച്ച യൂട്യൂബ് വിഡിയോക്കെതിരെ ആയിരുന്നു കേസെടുത്തിരുന്നത്.

ഉച്ചയോടെ തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെടാനുമാണ് പോലീസിന്റെ തീരുമാനം. സമൂഹത്തിൽ സ്പർദ്ധയും കലാപവും ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് മോഹൻദാസ് സ്വന്തം യൂട്യൂബ് ചാനലിൽ വിഡിയോ പ്രസിദ്ധീകരിച്ചതെന്നാണ് പൊലീസിന്റെ വാദം. പൊലീസ് ട്രെയിനിങ് കോളജിലാണ് ടി.ജെ മോഹന്‍ദാസ് നിലവിലുള്ളത്. കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടും. ജാമ്യത്തിന് ശ്രമിക്കും 7 വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.

നാല് വകുപ്പുകളാണ് ടി.ജി. മോഹന്‍ദാസിനെതിരെ ചുമത്തിയത്. കലാപാഹ്വാനം, വിവിധ വിഭാഗങ്ങളില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍, ക്രമസമാധാനം തകര്‍ക്കുന്നരീതിയില്‍ പെരുമാറല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ്.