‘സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു’; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

‘സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചു’; ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിക്കുന്നതായി സൂചന. ഇറാനുമായി സമാധാന കരാറിലേക്ക് അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതിയിൽ ധാരണയ്ക്ക് ഇറാൻ സമ്മതിച്ചു. തങ്ങളുടെ പക്കലുള്ള സമ്പുഷ്ട യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

‘അവർ ന്യൂക്ലിയർ ഡസ്റ്റ് തിരികെ നൽകാൻ സമ്മതിച്ചിട്ടുണ്ട്’ എന്നാണ് ട്രംപ് പറഞ്ഞത്. ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനും സൗജന്യമായി എണ്ണ നൽകാനുമുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സമാധാന കരാർ യാഥാർത്ഥ്യമായാൽ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും, താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ യുദ്ധം തുടരും. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനുള്ളിൽ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

കൊടും ചൂട് തുടരുന്നു, 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

കൊടും ചൂട് തുടരുന്നു, 3 ഡിഗ്രി വരെ ഉയര്‍ന്നേക്കും; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെ, കേരളത്തിലെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും.

തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കുമെന്നാണ് മുന്നറിയിപ്പ്.

രണ്ടു ജില്ലകളിലൊഴികെ ഉയര്‍ന്ന താപനിലയില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.അതിനിടെ, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81) അന്തരിച്ചു

റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ തോട്ടവാരം പടിഞ്ഞാറ്റതിൽ വീട്ടിൽ (വി.എസ്.ആർ.എ:287) റിട്ടേഡ് പോലീസ് കെ.ഗോപാലൻ (മണിയൻ 81)അന്തരിച്ചു.

ഭാര്യ: പ്രസന്നകുമാരി
മക്കൾ: ബിന്ദു പി.ജി, ബിന്ധ്യ. പി.ജി, ബിജു പി.ജി
മരുമക്കൾ: വിജയകുമാർ.വി, മണിക്കുട്ടൻ.വി, ഷിജാമോൾ.
സഞ്ചയനം ചൊവ്വാഴ്ച (21-04-2026) രാവിലെ 8 മണിക്ക്.

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

തിരുവനന്തപുരം: ആ​ഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാൻ കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വമാണ്, രാജ്യത്ത് പുതിയൊരു മാരിടൈം ഹബ്ബ് സ്ഥാപിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാണ് വിഴിഞ്ഞം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങൾക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ സംസ്ഥാന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ‘വിസിലു’മായി (വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്) പ്രാഥമിക ചർച്ചകൾ നടത്തി. രാജ്യത്ത് തുറമുഖങ്ങൾ വികസിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച മാരിടൈം അമൃത്കാൽ വിഷൻ 2047-ന്റെ ഭാഗമായാണ് പദ്ധതി വരുന്നത്. നിലവിലുള്ള ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിനെ ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബ് ആക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞം രണ്ടാംഘട്ടം പൂർത്തിയാക്കുമ്പോൾ ബെർത്തിന്റെ നീളം രണ്ട് കിലോമീറ്ററാകും. ആഗോളതലത്തിൽ മികവ് വേണമെങ്കിൽ കുറഞ്ഞത് അഞ്ച് കിലോമീറ്റർ വേണം. ബെർത്ത് നിർമിക്കാൻ സ്വകാര്യസംരംഭകർ വരുമെന്നാണ് വിലയിരുത്തൽ. ആഗോള ചരക്കുനീക്കത്തിന്റെ 40 ശതമാനവും കടന്നുപോകുന്നത് വിഴിഞ്ഞത്തിന് സമീപത്തുകൂടെയാണ്.

ഇതുവഴി പോകുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാവുന്ന ബങ്കറിങ് സംവിധാനവും ആരംഭിക്കണം. വമ്പൻ തുറമുഖങ്ങളുടെ മാതൃകയിൽ ഫ്രീ ട്രേഡ് ഉൾപ്പെടെ സാധ്യമാക്കണം. പ്രതിരോധസേനകളുടെ സാന്നിധ്യവും ഇടപെടലും ഉറപ്പാക്കണം. നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പിന് പുറമേ നിക്ഷേപതാത്‌പര്യമുള്ള സ്വകാര്യമേഖലയിലുള്ളവർക്കും അവസരമൊരുക്കും. ഇതിനുള്ള വിഷൻ ഡോക്യുമെന്റ് തയ്യാറാക്കാൻ കേന്ദ്രം നടപടി തുടങ്ങി.

2023ലെ വനിതാ സംവരണം പ്രാബല്യത്തില്‍; വിചിത്ര നടപടിയെന്ന് കോണ്‍ഗ്രസ്

2023ലെ വനിതാ സംവരണം പ്രാബല്യത്തില്‍; വിചിത്ര നടപടിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2023-ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം (നാരിശക്തി വന്ദന്‍ അധിനിയം) പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കെയാണ് വിചിത്ര നടപടി. 2023ല്‍ പാസാക്കിയ ബില്‍ രാഷ്ട്രപതി നേരത്തെ ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എങ്കിലും, അത് നടപ്പിലാക്കുന്ന തീയതി പിന്നീടെന്നായിരുന്നു അറിയിച്ചിരുന്നത്. സര്‍ക്കാരിന്റെ നീക്കം പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കാനാണെന്നാണ് വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ നീക്കം വിചിത്രമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഇന്നലെ രാത്രി വൈകീട്ടാണ് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. നിയമത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ചുകൊണ്ടുള്ള ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വിജ്ഞാപനം. തികച്ചും വിചിത്രമായ നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സില്‍ കുറിച്ചു. രാവിലെ പത്തുമണിക്ക് പ്രതിപക്ഷ അംഗങ്ങളുടെ യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ബില്ലിന്‍മേലുള്ള വോട്ടെടുപ്പില്‍ നിലപാട് തിരുമാനിക്കാനാണ് യോഗം.

നിയമം പ്രാബല്യത്തില്‍ വന്നുവെങ്കിലും ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് ചില സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിയമം പൂര്‍ണ്ണതോതില്‍ നടപ്പിലാക്കണമെങ്കില്‍ ആദ്യം രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ മാത്രമേ വനിതാ സംവരണം പ്രായോഗികമാക്കാന്‍ സാധിക്കൂ. ഈ പ്രായോഗിക പരിമിതികള്‍ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്. കോണ്‍ഗ്രസ്, സമാജവാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ തുടങ്ങിയ പ്രധാന പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ ബില്ല് പാസാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും.ഈ സാഹചര്യത്തിലാണ് 2023ലെ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.