by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചതെന്ന് സഹോദരി. ലോണ്‍ ആപ്പിന്റെ കാര്യം വീട്ടില്‍ അറിയാവുന്നതാണ്. പെയ്‌മെന്റ് അടച്ചതാണ്. റഫറന്‍സായി വെച്ചിരിക്കുന്ന നമ്പറുകള്‍ ചേച്ചിയുടേയും തന്റെയും അച്ഛന്റെയും അമ്മയുടേതുമാണ്. അല്ലാതെ ടീച്ചറിന്റെ നമ്പര്‍ വെച്ചിട്ടില്ല. കോളജില്‍ വെച്ച് എന്തോ നടന്നിട്ടുണ്ട്. അവരെല്ലാം ചേര്‍ന്ന് അവനെ കൊന്നതാണെന്നും സഹോദരി നിഖിത പറയുന്നു.
നിതിന്‍ വളരെ ദേഷ്യത്തില്‍ ഓഫീസിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്ന് ഒരുപാട് കുട്ടികള്‍ പറഞ്ഞിരുന്നു. ലോണ്‍ ആപ്പിന്റെ പേരില്‍ മരണം ചുരുക്കാനാണ് ശ്രമമെങ്കില്‍ അതു സമ്മതിക്കില്ല. അതിനെതിരെ പോകാന്‍ പറ്റുന്ന ഇടം വരെ പോകും. നീതിന് നീതി ലഭിച്ചില്ലെങ്കില്‍ ഞങ്ങളും ഈ ലോകത്ത് കാണില്ലെന്നും സഹോദരി പറയുന്നു. അന്ന് റാമിന്റെ കാര്യവും അവന്‍ വിളിച്ചു പറഞ്ഞതാണ്. എന്തു കാര്യവും നിതിന്‍ തുറന്നു പറയുമായിരുന്നുവെന്നും നിഖിത പറഞ്ഞു.
ആപ്പ് ലോണിന്റെ പേരില്‍ ചുരുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ തന്റെ ഫോണിലും തെളിവുണ്ട്. ലത എന്ന അധ്യാപികയുടെ നമ്പര്‍ റഫറന്‍സായി നല്‍കിയിട്ടില്ല. അങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ അത് ഹാക്ക് ചെയ്തതായിരിക്കും. ബാങ്കുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഒരാളായതിനാല്‍ അതേപ്പറ്റി തനിക്ക് വ്യക്തമായി അറിയാം. അവന്റെ സിബില്‍ സ്‌കോര്‍ അടക്കം പരിശോധിച്ചതാണ്. അവന് വേറെ ലോണ്‍ ഒന്നും തന്നെയില്ല.
മൂന്നുമാസത്തോളം സിക്ക് റൂമില്‍ ഒറ്റയ്ക്ക് ഇട്ടിട്ടുപോലും അത്രയ്ക്കും ബോള്‍ഡായി ജീവിച്ചവനാണ്. പറ്റില്ലായിരുന്നുവെങ്കില്‍ അന്നേ അവന്‍ അതെല്ലാം ഇട്ട് ഓടി വരുമായിരുന്നു. ഇത്രയും പിടിച്ചു നിന്ന അവര്‍ കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുമോയെന്നും നിഖിത ചോദിക്കുന്നു. ലക്ഷങ്ങള്‍ ലോണ്‍ ആപ്പില്‍ നിന്നും തട്ടിയെടുത്തിട്ടൊന്നുമില്ല. ആപ്പ് ലോണിന്റെ പേരില്‍ കേസ് തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഈ ഭൂമിയില്‍ കാണില്ലെന്നും നിഖിത പറയുന്നു.


by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കടുവയിൽ കാട്ടുമ്പുറം കൃഷ്ണവിലാസത്തിൽ കൃഷ്ണൻ കുട്ടി നായർ (83) അന്തരിച്ചു.
മക്കൾ: ബിജുകുമാർ, മഞ്ജു ടി നായർ,
മരുമക്കൾ: അനുസോമൻ, തങ്കകുട്ടൻ നായർ.
മരണനാന്തരചടങ്ങുകൾ ഏപ്രിൽ 24 ന് രാവിലെ 10 മണിക്ക്.
by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പൊലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പൊലീസിന്റെ വാദം.
2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നു. ഇതുപയോഗിച്ചാണ് അവര്‍ ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും എടുത്തത്. ഈ രേഖകളില്‍ 18 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 18 വയസ്സ് പൂര്‍ത്തിയായെന്ന് രേഖപ്പെടുത്തിയുള്ള സാക്ഷ്യപത്രവും പെണ്‍കുട്ടി ഹാജരാക്കി. വിവാഹം നടന്ന ക്ഷേത്രത്തിലെ അധികൃതരും ആധാര്‍ പരിശോധിച്ചിരുന്നു. അതേസമയം, പെണ്‍കുട്ടി ജനിച്ച ആശുപത്രിയിലെ അധികൃതരെ സമീപിച്ച മാതാപിതാക്കള്‍ ജനന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ വിവാഹത്തിനു ശേഷമായിരുന്നു ഇത്.
ആശുപത്രിയിലെ രേഖകളില്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30നാണെന്നാണു രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് നോക്കിയാല്‍ വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസാണ് പ്രായം. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തേത് റദ്ദാക്കി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടാകാമെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം ഇതിലാണുള്ളതെന്നുമാണു പൊലീസിന്റെ വാദം. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു പൂവാര്‍ പഞ്ചായത്തിലും ആദ്യത്തെ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമാണു പെണ്‍കുട്ടി സമര്‍പ്പിച്ചത്. പൊലീസിന്റെയോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണു പൊലീസ്. അതേസമയം, ആദ്യ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയാറാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷണം നടത്തേണ്ടിവരുമെന്നും ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം റൂറല്‍ എസ്പി ജുവ്വനപ്പുഡി മഹേഷ് ചൂണ്ടിക്കാട്ടി.


by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയില്‍ ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ദക്ഷിണേന്ത്യയില്‍ പൊതുവെ മഴ കുറയും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് എടവപ്പാതി എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പെയ്യുന്നത്. എല്‍നിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂണ്‍-ജൂലായില്‍ത്തന്നെ എല്‍നിനോ പ്രതിഭാസം രൂപപ്പെടാം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും. ഇന്ത്യയിലെ കാലവര്‍ഷത്തെ ഇത് ബാധിക്കും. കേരളത്തിലെ മഴയെയും താപനിലയെയും എല്‍നിനോ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. രാജ്യത്താകെ ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.
90 മുതല്‍ 95 ശതമാനം വരെയുള്ള മഴ ‘സാധാരണയില്‍ കുറഞ്ഞ’ (Below Normal) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. എടവപ്പാതിയുടെ രണ്ടാം പകുതിയില്‍ മഴ കുറവാകാനാണ് സാധ്യത. കേരളത്തില്‍ ഇത്തവണ വേനല്‍മഴയിലും കുറവുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ നിതാ കെ ഗോപാല്‍ അറിയിച്ചു. അതേസമയം കാലവര്‍ഷം എന്നു മുതലാണ് തുടങ്ങുകയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല.
ഇതിനു മുമ്പ് കേരളത്തില്‍ കേരളത്തില്‍ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എല്‍നിനോ വര്‍ഷങ്ങളായിരുന്നു. കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണ തോതിലായിരിക്കുമെന്നാണ് സ്‌കെമെറ്റ് എന്ന സ്വകാര്യ ഏജന്‍സി പ്രവചിച്ചിട്ടുള്ളത്. ചൂടിന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ മുന്നറിയിപ്പ് പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കോഴിക്കോട് മൂഴിക്കലിൽ 16 കാരിയെ കൊലപ്പെടുത്തി ബന്ധുവായ 20കാരൻ ജീവനൊടുക്കി. പെൺകുട്ടിയെയും അടുത്ത ബന്ധുവായ അദിനാനെയും ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മാതാവിന്റെ സഹോദരീ പുത്രനാണ് അദിനാൻ. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഈ സമയം അദിനാൻ വീട്ടിൽ ഉണ്ടായിരുന്നു.
പിന്നീടാണ് വീട്ടിലെ മറ്റൊരു മുറിയിൽ വെച്ച് അദിനാൻ ജീവനൊടുക്കിയതെന്നാണ് വിവരം. മുഖത്തിൽ ടേപ്പ് ചുറ്റിയാണ് അദിനാൻ ജീവനൊടുക്കിയത്. വായിലും മുഖത്തും സെല്ലോടാപ്പ് ചുറ്റിയ നിലയിലായിരുന്നു അദിനാന്റെ മൃതദേഹം.
പെൺകുട്ടിയുടെ വീട്ടിൽ അദിനാൻ ഇടയ്ക്കിടെ താമസിക്കാനായി എത്തുമായിരുന്നു. എന്നാൽ പിന്നീട് അദിനാന് സ്വഭാവദൂഷ്യമുണ്ടെന്ന് വീട്ടുകാർ കണ്ടെത്തുകയും വീട്ടിലേക്ക് വരുന്നത് വിലക്കുകയും ചെയ്തു.
അദീനാൻ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസും പറയുന്നു. അദിനാന്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അദിനാൻ മുൻപ് വീട്ടിൽ നടത്തിയ മോഷണം പെൺകുട്ടി കണ്ടെത്തിയിരുന്നതായും വിവരമുണ്ട്.
അതേസമയം വിവരമറിഞ്ഞ് ചേവായൂർ പൊലീസ് സ്ഥലത്തെത്തി, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


Recent Comments