by Midhun HP News | Apr 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്താന്‍ പോലീസ് കിണഞ്ഞു ശ്രമിക്കുമ്പോള്‍, സേനയ്ക്കുള്ളിലെ പുഴുക്കുത്തുകള്‍ ക്രിമിനലുകള്‍ക്ക് പരവതാനി വിരിക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവന് പുത്തന്‍പാലം രാജേഷിന് പോലീസ് സ്റ്റേഷനുള്ളില്‍ ഫോണ്‍ വിളിക്കാന്‍ സൗകര്യമൊരുക്കിയ സി.പി.ഒ ശ്രീകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയിലൂടെ, സേനയിലെ ഗുണ്ടാബന്ധത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തിക്.
അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പുത്തന്‍പാലം രാജേഷിനെ പേട്ട സ്റ്റേഷനിലെത്തിച്ച വിവരം അറിഞ്ഞാണ് സി.പി.ഒ ശ്രീകുമാര്‍ ഓടിയെത്തിയത്. അന്ന് ഇയാള്‍ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ലെന്നതാണ് കമ്മീഷണറുടെ അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പുത്തന്‍പാലം രാജേഷിന്റെ ഉറ്റ സുഹൃത്തായ ഒരു ഗുണ്ടയുടെ നിര്‍ദ്ദേശപ്രകാരമാണ് ശ്രീകുമാര്‍ അതിരാവിലെ തന്നെ സ്റ്റേഷനിലെത്തി പ്രതിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത്.
സ്റ്റേഷനിലെ ജി.ഡി ചാര്‍ജ് ഉള്ള ഉദ്യോഗസ്ഥന്റെ ഫോണ്‍ വാങ്ങിയാണ് രാജേഷിന് ശ്രീകുമാര്‍ നല്‍കിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് തന്നെ പുറംലോകവുമായി ബന്ധപ്പെടാനും കേസ് ഒതുക്കാനുള്ള കരുനീക്കങ്ങള്‍ നടത്താനും രാജേഷിന് ഇതിലൂടെ സാധിച്ചു. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുത്തതോടെ ശ്രീകുമാര്‍ കുടുങ്ങുകയായിരുന്നു.
ആദ്യം നിസ്സാര വകുപ്പുകള്‍ ചുമത്തി രാജേഷിനെ രക്ഷിക്കാന്‍ പേട്ട പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ കമ്മീഷണര്‍ ഇടപെട്ട് വധശ്രമം ഉള്‍പ്പെടെയുള്ള ഗൗരവകരമായ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കുറ്റവാളികളോട് വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാടാണ് കമ്മീഷണര്‍ സ്വീകരിച്ചത്. ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും സ്റ്റേഷനിലെത്തി പ്രതിയെ സഹായിച്ച ശ്രീകുമാറിന്റെ നടപടി സേനയ്ക്ക് തന്നെ അപമാനമാണെന്ന് കമ്മീഷണര്‍ വിലയിരുത്തി.
അമ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പുത്തന്‍പാലം രാജേഷിനെ ‘ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ’ ഭാഗമായി അതിസാഹസികമായാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് പോലീസുകാരന്റെ വഴിവിട്ട സഹായം പുറത്തുവന്നത്. സസ്പെന്‍ഷനിലായ ശ്രീകുമാറിന് ഗുണ്ടാസംഘങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

പോലീസിലെ കള്ളനാണയങ്ങളെ കണ്ടെത്തി പുറത്താക്കാനുള്ള കമ്മീഷണറുടെ ഈ നീക്കം സേനയ്ക്കുള്ളില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്ക് സഹായം നല്കുന്നവര് ആരായാലും കടുത്ത നടപടി നേരിടേണ്ടി വരുമെന്ന സന്ദേശമാണ് സസ്പെന്ഷനിലുള്ളത്.

by Midhun HP News | Apr 14, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാതെ മാറ്റമില്ലാതെ തുടരുന്നതിനാല്‍ പെട്രോള്‍ ലിറ്ററിന് 18 രൂപയായും ഡീസലിന് 35 രൂപയായും നഷ്ടം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് എണ്ണവില ബാരലിന് 120 ഡോളറിലേക്കാണ് കുതിച്ചത്. നിലവില്‍ 100 ഡോളറിനും 95 ഡോളറിനും ഇടയിലാണ് എണ്ണവില.
പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ധനവില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടുനല്‍കിയിരുന്നെങ്കിലും ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ,ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി കമ്പനികള്‍ 2022 ഏപ്രില്‍ മുതല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. റഷ്യ-യുക്രൈന് യുദ്ധത്തെത്തുടര്‍ന്ന് ബാരലിന് 100 ഡോളറിന് മുകളിലെത്തിയ ആഗോള എണ്ണ വില, ഈ വര്‍ഷം ആദ്യം 70 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഇത് വീണ്ടും 120 ഡോളറിലേക്ക് കുതിക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ മാസം എണ്ണ വില ഏറ്റവും പീക്കിലേക്ക് ഉയര്‍ന്ന സമയത്ത് മൂന്ന് കമ്പനികളും പ്രതിദിനം ഏകദേശം 2,400 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. അതിനുശേഷം സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചതിനുശേഷം ഇത് പ്രതിദിനം ഏകദേശം 1,600 കോടി രൂപയായി ചുരുങ്ങി. ഈ കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടില്ല. പക്ഷേ നഷ്ടം ഭാഗികമായി നികത്താന്‍ ഇത് സഹായിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ബാരലിന് ഓരോ യുഎസ് ഡോളറും വര്‍ദ്ധിക്കുമ്പോള്‍ ലിറ്ററിന് ഏകദേശം 6 രൂപ എണ്ണ കമ്പനികള്‍ക്ക് നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഈ മാസം അവസാനം ഇന്ധന വില വര്‍ധന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കോളജ് തല അന്വേഷണം നടക്കുകയാണെന്ന് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍. ആറുപേരടുന്ന സംഘമാണ് അന്വേഷിക്കുന്നത്. ആരോപണം ഉയര്‍ന്ന അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
റാം എന്ന അധ്യാപകനെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താന്‍ ഡിസംബര്‍ 18 നാണ് പ്രിന്‍സിപ്പലായി ചുമതലയേറ്റെടുക്കുന്നതെന്നും, അതിന് മുമ്പ് പരാതി നല്കിയിട്ടുണ്ടെങ്കില് അതേക്കുറിച്ച് അറിയില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. പഴയ ഫയലുകളൊന്നും പരിശോധിച്ചിട്ടില്ല. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപിക ലത നല്കിയ പരാതിയിലാണ് പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയിലേക്ക് നിതിനെ വിളിപ്പിച്ചത്.
നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പ എടുത്തതില്‍ മാഡത്തിന്റെ ഫോണിലേക്ക് നിരന്തരം കോളുകളും ഭീഷണികളും വന്നിരുന്നു. ഇതിലാണ് മാഡം പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. മാഡത്തിന്റെ പേര് കൊടുത്തിട്ടില്ലെന്നാണ് ചോദിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ മൂന്നുപേരുടെ റഫറന്‍സ് നമ്പറാണ് കൊടുത്തതെന്ന് പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും സഹോദരിയുടേയും നമ്പറാണ് കൊടുത്തതെന്നാണ് പറഞ്ഞത്. അമ്മയുടെ പേര് ലത എന്നാണ്, മാഡത്തിന്റെ പേരും അതുതന്നെയാണ്.
നിരന്തരം ഫോണ്‍ വന്നപ്പോള്‍ മാഡം ഇമോഷണലായി. നിതിന്റെ ഫോട്ടോയും സന്ദേശങ്ങളും എല്ലാം തെളിവുകള്‍ മാഡത്തിന്റെ ഫോണില്‍ കാണിച്ചപ്പോള്‍ നിതിന്‍ മാനസികമായി വിഷമം തോന്നിക്കാണും. ചേംബറില്‍ വെച്ചും കോളുകള്‍ വന്നിരുന്നു. ലത മാഡവും അനാട്ടമി സെക്ഷനിലെ മറ്റൊരു മാഡവുമാണ് പ്രിന്‍സിപ്പല്‍ ഓഫീസ് റൂമില്‍ നിതിനുമായി സംസാരിക്കുമ്പോള്‍ ഉണ്ടായിരുന്നത്. പ്രൊഫ. റാമും അധ്യാപിക സംഗീതയും ഉണ്ടായിരുന്നില്ല. റാമുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല. സാധാരണ എന്തു പരാതി വന്നാലും അതു രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാറുള്ളതാണ്.
സംഭവം നടന്നപ്പോള്‍ കാഷ്വാലിറ്റിയില്‍ നിന്നും നിതിന്റെ കുടുംബത്തെ വിളിച്ച് അറിയിച്ചിരുന്നു. മുമ്പും ഫോണ്‍ ചെയ്തിട്ടുണ്ട്. അപ്പോള്‍ അത് സ്വിച്ച് ഓഫ് ആയിരുന്നുവെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മുറിയില്‍ ഫോണ്‍ വെച്ചിട്ടാണ് നിതിന്‍ പുറത്തേക്ക് പോയത്. താന്‍ ഫോണ്‍ പിടിച്ചു വെച്ചിട്ടൊന്നുമില്ല. സംസാരത്തിനിടെ ഫോണ്‍ വെച്ചിട്ട് നിതിന്‍ പുറത്തേക്ക് പോയി. കുറച്ചു നേരം ഓഫീസിന് മുന്നില്‍ നിന്നശേഷമാണ് പോയത്. ലോണ്‍ അടയ്ക്കുമെന്നാണ് നിതിന്‍ പറഞ്ഞതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.


by Midhun HP News | Apr 14, 2026 | Latest News, കേരളം
കണ്ണൂര്‍: ജാതി അധിക്ഷേപത്തിന് പുറമെ ലോണ്‍ ആപ്പ് ഭീഷണിയും അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണമായെന്ന് പൊലീസ്. അധ്യാപിക ലതയെ ലോണ്‍ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന്‍ മാനസിക വിഷമം ഉണ്ടാക്കി. പൊലീസില്‍ പരാതി നല്കാന് കോളജ് അധികൃതര്‍ തീരുമാനിച്ചതും സമ്മര്‍ദം കൂട്ടിയെന്ന് പൊലീസ് പറയുന്നു.
ലോണ്‍ ആപ്പില്‍ നിന്നും 14,000 രൂപയാണ് നിതിന്‍ വായ്പയെടുത്തത്. ഈ മാസം 9ന് നിതിന്റെ ഫോണിലേക്ക് കോളുകളും സന്ദേശങ്ങളും ഉള്‍പ്പെടെ 98 എണ്ണം വന്നു. ടീച്ചര്‍ ലതയ്ക്കും നിരവധി കോളുകള്‍ വന്നു. തുടര്‍ന്ന് ടീച്ചര്‍ പ്രിന്‍സിപ്പലിന് പരാതി നല്കി. പ്രിന്‍സിപ്പലിന്റെയും ടീച്ചറിന്റെയും സാന്നിധ്യത്തില്‍ നിതിന്‍ ലോണ്‍ ആപ്പുകാരെ വിളിച്ചു. ടീച്ചറെ വിളിക്കരുതെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ഒഴിവാക്കാനാകില്ലെന്ന് ലോണ്‍ ആപ്പ് സംഘം മറുപടി നല്കി. ടീച്ചറിന്റെ നമ്പര്‍ ലോണ്‍ ആപ്പുകാര്‍ക്ക് നല്‍കിയത് താന്‍ അല്ലെന്നും നിതിന്‍ പറഞ്ഞു. എന്നാല്‍ നിതിന്‍ തന്നെയാണ് നമ്പര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. പൊലീസില്‍ പരാതി നല്കാന് പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചുവച്ചു.
തുടര്‍ന്ന് നിതിന്‍ ഓഫിസില്‍ നിന്ന് പുറത്തേക്ക് വന്നത് വളരെ വിഷമത്തോടെയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. പണം സംഘടിപ്പിക്കാമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നാണ് പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ പറയുന്നത്. മരിച്ച ദിവസം ഉച്ചക്ക് 1.17നാണ് നിതിന്‍ കരഞ്ഞുകൊണ്ട് പുറത്തുപോകുന്നതെന്നും മൊഴിയില്‍ സൂചിപ്പിക്കുന്നു.
ഇന്‍സ്റ്റഗ്രാം ആപ്പ് വഴിയാണ് നിതിന്‍ ലോണ്‍ എടുത്തത്. 14,000 രൂപയാണ് വായ്പയെടുത്തത്. 13,500 രൂപയാണ് നിതിന്‍ വായ്പക്കാര്‍ നല്‍കിയത്. ഏപ്രില്‍ 6ന് 1000 രൂപ തിരിച്ചടച്ചു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ 18,000 തിരിച്ചടക്കണമെന്നായിരുന്നു വായ്പക്കാര്‍ ആവശ്യപ്പെട്ടത്. നിതിന്റെ ഫോണിലുള്ളത് ഏതാനും നമ്പറുകള്‍ മാത്രമാണ്. നിതീനെ ജാതീയമായി അധിക്ഷേപിച്ചു എന്ന കുറ്റത്തിന് പ്രതിയാക്കിയ പ്രൊഫ. റാം, സംഗീത എന്നീ അധ്യാപകര്‍ ഒളിവില്‍ തുടരുകയാണ്.


by Midhun HP News | Apr 14, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ആദ്യമായി ബോണസ് ഷെയര്‍ ഇഷ്യു പ്രഖ്യാപിച്ചു. 1:1 എന്ന അനുപാതത്തില്‍ ബോണസ് ഓഹരി നല്കാന് എല്‍ഐസി ബോര്‍ഡ് അനുമതി നല്കി. അതായത് എല്‍ഐസിയുടെ ഒരു ഓഹരി കൈവശം ഉള്ള ഓഹരി ഉടമയ്ക്ക് ഒരു ഓഹരി ബോണസ് ഷെയറായി ലഭിക്കും.
2022 മെയ് മാസത്തില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് എല്‍ഐസി ഇത്തരമൊരു ബോണസ് ഇഷ്യൂ പ്രഖ്യാപിക്കുന്നത്. അന്ന് എല്‍ഐസിയില്‍ സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തത്തില്‍ നിന്ന് 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതിലൂടെ 21,003 കോടി രൂപയാണ് സമാഹരിച്ചത്.
ഈ ബോണസ് ഓഹരി പ്രഖ്യാപനം ഒരു ഫോളോ-ഓണ്‍ പബ്ലിക് ഓഫറിന്റെ മുന്നോടിയായാണ് വിപണി നിരീക്ഷകര്‍ കാണുന്നത്. തിങ്കളാഴ്ച വൈകി സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്കിയ അറിയിപ്പില്‍, 2025 ഡിസംബര്‍ വരെയുള്ള കോര്‍പ്പറേഷന്റെ കരുതല്‍ ധനത്തില്‍ നിന്നും 6,325 കോടി രൂപ ഉപയോഗിച്ച് ബോണസ് ഓഹരികള്‍ നല്‍കുമെന്ന് എല്‍ഐസി വ്യക്തമാക്കി.
1:1 ബോണസ് ഓഹരി എന്നാല്‍, റെക്കോര്‍ഡ് ഡേയ്റ്റില്‍ ഒരു ഓഹരി കൈവശമുള്ള നിക്ഷേപകന് അധികമായി ഒരു ഓഹരി കൂടി സൗജന്യമായി ലഭിക്കും. ഇതോടെ ഓരോ ഓഹരിയുടെയും വിപണി മൂല്യം പകുതിയായി കുറയും.
ബോണസ് ഓഹരി പ്രഖ്യാപനം ഉണ്ടാകുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് സെഷനുകളിലായി എല്‍ഐസി ഓഹരികള്‍ 9.32 ശതമാനം മുന്നേറിയിരുന്നു. തിങ്കളാഴ്ച ഒരു ശതമാനം വര്‍ധിച്ച് 809 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോണസ് അനുവദിച്ച ശേഷം ഓരോ ഓഹരിയുടെയും വില 404.50 രൂപയാകും. ഓഹരിക്ക് 10 രൂപയാണ് മുഖവില.


Recent Comments