പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്ക് 40 വയസ് വരെ അപേക്ഷിക്കാം.

പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് 36 വയസ് വരെ മാത്രമാണ് അപേക്ഷിക്കാനാവുക. ഇതാണ് നാലുവര്‍ഷം കൂട്ടി 40 വയസാക്കിയത്. ആനുപാതികമായി ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളുടെയും പ്രായപരിധിയും വർധിപ്പിച്ചു.

നിലവില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് വരെ അപേക്ഷിക്കാം. പ്രായപരിധി വര്‍ധിപ്പിച്ചതോടെ ഇനി 43 വയസ് വരെ പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാവും. മന്ത്രിസഭായോഗ തീരുമാനം അനുസരിച്ച് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാനാവും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലുള്ള സുപ്രധാന തീരുമാനം സംസ്ഥാനത്ത് യുവജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും.

റാപ്പര്‍ വേടനും നവമിലതയും വിവാഹിതരായി

റാപ്പര്‍ വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂര്‍: റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശ്ശൂരില്‍ ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മുളങ്കുന്നത്തുകാവിലെ വേടന്റെ പേള്‍ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരന്‍ ഹരി, ഭാര്യ സഹോദരന്‍ നവീന്‍, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാര്‍ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്.

നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് വേടന്‍ ധരിച്ചത്. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍. മലപ്പുറം മഞ്ചേരിയാണ് നവമിയുടെ വീട്. നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികള്‍ക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.

മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ‘പൊണ്ടാട്ടി’ എന്നാണ് നവമി ലത കുറിച്ചത്.

സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കുന്നു; ആരോപണവുമായി മന്ത്രി വീണാ ജോര്‍ജ്

സ്വകാര്യ ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കുന്നു; ആരോപണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചില സ്വകാര്യ ആശുപത്രികളില്‍ രാത്രിയില്‍ രോഗികളെ എത്തിച്ചാല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കുന്നുണ്ടെന്ന ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊച്ചിയിലെ ചില ആശുപത്രികളില്‍ രോഗികളെ എത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ വരെ നല്‍കും. തിരുവനന്തപുരത്ത് ഇത്തരത്തില്‍ 5000 രൂപ വരെ സ്വകാര്യ ആശുപത്രികള്‍ നല്‍കുന്നുണ്ട്. ചിലര്‍ക്ക് വൗച്ചര്‍ നല്‍കുന്നുണ്ടന്നും വീണാ ജോര്‍ജ് ആരോപിച്ചു.

കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും നവീകരിച്ച സോഫ്റ്റ്വേര്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യങ്ങളുണ്ടാകുന്നത് സ്വകാര്യ മേഖലയ്ക്ക് നഷ്ടവും ജനങ്ങള്‍ക്ക് നേട്ടവുമാണ്. സര്‍ക്കാര്‍ ആശുപത്രികളെ ആക്രമിക്കുന്നതിന്റെ ലക്ഷ്യമിതാണെന്നും മന്ത്രി പറഞ്ഞു.

അടുത്തകാലത്ത് സര്‍ക്കാര്‍ ആശുപത്രികളെ സംബന്ധിച്ച് 47 പരാതികളാണ് ലഭിച്ചത്. എന്നാല്‍ സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച് 600ലധികം പരാതികളാണ് ലഭിച്ചത്. അതില്‍ ഒന്നിലും നടപടിയെടുക്കാതെ ഒത്തുതീര്‍പ്പുണ്ടാക്കുകയാണവര്‍ എന്നും മന്ത്രി ആരോപിച്ചു.

അപ്പൂപ്പൻകാവ് ക്ഷേത്രത്തിൽ മോഷണം; നിരവധി വിളക്കുകളും പൂജാ സാമഗ്രികളും മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ

അപ്പൂപ്പൻകാവ് ക്ഷേത്രത്തിൽ മോഷണം; നിരവധി വിളക്കുകളും പൂജാ സാമഗ്രികളും മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ

വർക്കല മുട്ടപ്പലം വയലിൽ അപ്പൂപ്പൻകാവ് ക്ഷേത്രത്തിൽ മോഷണം നടന്നു. നിരവധി വിളക്കുകളും പൂജ സാമഗ്രികളും മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകി.

വൈകുന്നേരം 4. 30 മണിക്ക് പൂജാരി ക്ഷേത്ര പൂജയ്ക്കായി ക്ഷേത്രത്തിൽ എത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. 6 വിളക്കുകൾ, പൂജയ്ക്കായി ഉപയോഗിക്കുന്ന മറ്റ് സാധനങ്ങൾ, സമീപത്തെ മേശ കുത്തിത്തുറന്ന നിലയിലായിരുന്നു കാണപ്പെട്ടത്.
ക്ഷേത്ര പുനരുദ്ധാരണനിർമ്മാണം നടക്കുന്നത് കൊണ്ട് ക്ഷേത്ര പ്രതിഷ്ഠ മറ്റൊരു ഭാഗത്തേക്ക്മാറ്റി സ്ഥാപിച്ചാണ് പൂജകൾ നടത്തിവരുന്നത്.

ദർശനത്തിനായി നിരവധി ഭക്തരാണ് എത്താറുള്ളത്. പ്രദേശത്ത സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും പറയുന്നു. ക്ഷേത്രഭാരവാഹികൾ പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണം ആരംഭിച്ചു.

കൗണ്‍സലിങ്ങിനിടെ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കൗണ്‍സലിങ്ങിനിടെ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കണ്ണൂര്‍: കൗണ്‍സലിങ്ങിനെത്തിയ പതിനേഴുകാരിയെ വീട്ടില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കര്‍കൂടിയായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെസി ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രിന്‍സിപ്പലായി വിരമിച്ച ശേഷം ഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സംസ്ഥാന ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവല്‍ക്കരണ ക്ലാസുകളും എടുത്തിരുന്നു. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കെതിരെ മുന്‍പും ഇത്തരം പരാതി ഉയര്‍ന്നുവെന്ന് വിവരമുണ്ട്.

പതിനേഴുകാരിയുടെ രക്ഷിതാക്കളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. അതിജീവിതിയുടെ മൊഴി എടുത്തതിന് ശേഷമായിരുന്നു അറസ്റ്റ്. സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി മോട്ടിവേഷനല്‍ വിഡിയോകള്‍ ചെയ്തിരുന്നു. മാസ്റ്റര്‍ ട്രെയിനര്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ലൈഫ് സ്‌കില്‍ ട്രെയ്‌നര്‍ എന്നി നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഷാജുവിനെ റിമാന്‍ഡ് ചെയ്തു.