സംസ്ഥാനത്ത് വ്യാഴാഴ്ച വരെ എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചതോടെ താപനിലയിൽ അൽപ്പം ശമനം ഉണ്ടായിരുന്നു. ഇന്നുമുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കായുള്ള പ്രത്യേക ജാഗ്രത നിർദേശം:

സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട്‌ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആയതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എപ്പോഴും കൈയ്യിൽ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പാദരക്ഷകൾ ധരിക്കുക.

വലിയ പൊതുയോഗങ്ങൾ, റാലികൾ, പ്രകടനങ്ങൾ, റോഡ്ഷോകൾ, സ്ഥാനാർഥി പര്യടനങ്ങൾ എന്നിവ പരമാവധി വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതം.

പകൽ സമയത്തെ പൊതുയോഗങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനും, ആവശ്യമായ തണൽ, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സംഘാടകർ ശ്രദ്ധിക്കണം.

വലിയ ജനക്കൂട്ടം ഉണ്ടാകുകയും കൂടുതൽ സമയം നീണ്ടുപോകുകയും ചെയ്യുന്ന പൊതുയോഗങ്ങളിൽ ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനുള്ള പ്രഥമ ശുശ്രൂഷ സൗകര്യങ്ങളും ആംബുലൻസും ഒരുക്കേണ്ടതാണ്.

പൊതുപരിപാടികളിൽ തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.

പ്രായമായവർ, ഹൃദ്രോഗം, പ്രമേഹം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ, ചർമരോഗമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചൂട് മൂലമുള്ള പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.

സ്ഥാനാർത്ഥികൾ, മാധ്യമ പ്രവർത്തകർ, സുരക്ഷാ ചുമതലകളിലുള്ള പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ കൂടുതൽ സമയം ചൂടിൽ നിൽക്കേണ്ടി വരുന്നവർ നിർബന്ധമായും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

നിർജലീകരണത്തിനു കാരണമാകുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയം പരമാവധി ഒഴിവാക്കുക.

ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം, മോര് എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.

കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

സാധ്യമായവർ സൺ ഗ്ലാസുകളും സൺസ്‌ക്രീനുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

പ്രവർത്തനങ്ങൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുക.

അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.

വേനൽമഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നലുകളും അപകടകാരികളാണ്. ഇടിമിന്നലുള്ള സമയത്ത് പൊതുപരിപാടികൾ തുടരുകയോ മൈക്ക് ഉപയോഗിക്കുകയോ ചെയ്യരുത്. തുറസായ സ്ഥലത്ത് നിന്ന് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് എത്രയും പെട്ടെന്ന് മാറുക.

തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണം.

ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ മേൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.

‘അഞ്ച് വര്‍ഷമായി സ്‌റ്റേജില്‍ പാടിയിട്ട്, ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായി’; വെളിപ്പെടുത്തി സുജാത

‘അഞ്ച് വര്‍ഷമായി സ്‌റ്റേജില്‍ പാടിയിട്ട്, ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായി’; വെളിപ്പെടുത്തി സുജാത

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും മലയാളി അതിവേഗം തിരിച്ചറിയുന്ന ശബ്ദമാണ് സുജാതയുടേത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം കൂട്ടിരിക്കുന്ന ശബ്ദം. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം സുജാത പാടി ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്.

പാട്ടുകള്‍ക്കൊപ്പം തന്റെ ഓഫ് സ്‌ക്രീനിലെ ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിലൂടേയും സുജാത ആരാധകരെ നേടിയിട്ടുണ്ട്. സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു സുജാത മോഹന്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സുജാത. ഇതിന് പിന്നിലെ കാരണം സുജാത തന്നെ വെളിപ്പെടുത്തുകയാണ്.

കഴിഞ്ഞ ദിവസം നടന്നൊരു തമിഴ് അവാര്‍ഡ് പരിപാടിയിലാണ് സുജാത മനസ് തുറന്നത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ വേദിയില്‍ ലൈവ് പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായതിനാലാണത്. പക്ഷേ, ഞാന്‍ ജീവിതത്തില്‍ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശീലനം തുടരുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ അതിനായി എല്ലാ ദിവസവും മാറ്റിവയ്ക്കും. ഇനിയും ശക്തമായി പരിശീലനം തുടരണം എന്നാണ് വിചാരിക്കുന്നത്.’ എന്നാണ് സുജാത പറഞ്ഞത്. അഞ്ച് പതിറ്റാണ്ട് നീണ്ടു കിടക്കുന്ന കരിയറില്‍ 20000 ലധികം പാട്ടുകള്‍ പാടിയിട്ടുണ്ട് സുജാത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളത്തില്‍ സുജാത ഒടുവിലായി പാടിയത് 2023 ല്‍ പുറത്തിറങ്ങിയ പാപ്പചന്‍ ഒളുവിലാണ് എന്ന ചിത്രത്തിന് വേണ്ടിയാണ്.

ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം

ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം

ഡല്‍ഹി: ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 10 മുതലായിരിക്കും പുതുക്കിയ സര്‍ചാര്‍ജ് ബാധകമാകുക.

വിമാന ഇന്ധന വില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയ പെട്രോളിയം മന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും നടപടിക്ക് പിന്നാലെയാണ് ഈ പരിഷ്‌കരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഫ്‌ലാറ്റ് സര്‍ചാര്‍ജിന് പകരം ദൂരത്തിനനുസരിച്ചുള്ള പ്രത്യേക നിരക്കാണ് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 500 കിലോമീറ്റര്‍ വരെയുള്ള ചെറിയ ദൂരങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഒരു സെക്ടറിന് 299 രൂപ അധികമായി നല്‍കണം. അതേസമയം 2,000 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവര്‍ 899 രൂപ വരെ അധികമായി നല്‍കേണ്ടി വരും.

അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇതിന്റെ ആഘാതം കൂടുതല്‍ പ്രകടമാകുന്നത്. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ ഒരു സെക്ടറിന് 205 ഡോളര്‍ നല്‍കണം. വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പോകുന്നവര്‍ 280 ഡോളര്‍ സര്‍ചാര്‍ജ് ആയി നല്‍കേണ്ടി വരും.ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് 50 ഡോളറും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 100 ഡോളറുമാണ് സര്‍ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വര്‍ധന.

‘എന്റെ ദൈവമേ, സമനില ഒന്നുംകൂടി തെറ്റിയാല്‍ ആ ഡാഷും കൂടി പൂരിപ്പിച്ചേനേ..’

‘എന്റെ ദൈവമേ, സമനില ഒന്നുംകൂടി തെറ്റിയാല്‍ ആ ഡാഷും കൂടി പൂരിപ്പിച്ചേനേ..’

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ഡാഷ് മോനേ എന്നു വിളിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡാഷ് മോനേ എന്നു പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനേ എന്നാല്‍ എന്താണ് അര്‍ത്ഥം. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്. ഒന്നുംകൂടി തെറ്റിയാല്‍ ആ ഡാഷും കൂടി പൂരിപ്പിച്ചേനേ. അങ്ങനെയെങ്കില്‍ കേരളത്തിന് മുഴുവന്‍ നാണക്കേടായേനെയെന്ന് വിഡി സതീശന്‍ പറഞ്ഞു.

എന്റെ ദൈവമേ, കേരളത്തിന് എന്തു നാണക്കേടായേനെ, രാജ്യം മുഴുവന്‍ ഈ കേരളം അപമാനത്തോടുകൂടി തല കുനിച്ച് നില്‍ക്കേണ്ടി വന്നേനേയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയനെക്കുറിച്ച് ഒന്നും പറയരുതെന്ന് രേവന്ത് റെഡ്ഡിയോട് പറയണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ തിരക്കിനിടയില്‍ അതിനു സാധിച്ചില്ല. മലയാളത്തില്‍ ഏറ്റവും മോശമായ വാക്കുകള്‍ പറയുന്ന ആളാണ്. അദ്ദേഹത്തോട് സൂക്ഷിച്ചു സംസാരിക്കണം. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചയാളാണ് പിണറായി വിജയന്‍.

52 വെട്ടു വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരനെ കുലംകുത്തി എന്നു വിളിച്ചു. പാര്‍ലമെന്റിലെ മികച്ച പാര്‍ലമെന്റേറിയനായ എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്നു വിളിച്ച, 50 വര്‍ഷം കൂടെ നടന്ന കമ്യൂണിസ്റ്റിനെ പരമ ചെറ്റ എന്നു വിളിച്ച് മലയാള ഭാഷയ്ക്ക് ഒരുപാടു വാക്കുകള്‍ സംഭാവന ചെയ്ത ആളാണ് പിണറായി വിജയന്‍.

ഒരിക്കലും പിണറായി വിജയനെക്കുറിച്ച് ഒന്നും പറയരുത്, പറഞ്ഞാല്‍ തിരിച്ച് ഭൂമിയില്‍ കേള്‍ക്കാത്ത തരത്തിലുള്ള ഭാഷ ആ വായില്‍ നിന്നും വരുമെന്ന് രേവന്ത് റെഡ്ഡിയെ ഉപദേശിക്കണമെന്ന് കരുതിയിരുന്നു. പിണറായിയോട് തമാശയ്ക്ക് പോലും പറയരുതെന്ന് പറയാന്‍ വിചാരിച്ചിരുന്നതാണ്. എന്നാല്‍ പറ്റിയില്ലെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാഷ് മോനേ രേവന്താ…. മറുപടി വരുന്നുണ്ട് എന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് നടത്തിയ ജനവിധി 2626 മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രിയെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മില്‍ വാക്‌പോര് മുറുകുന്ന സാഹചര്യത്തിലാണ് പരാമര്‍ശം.

തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചിരുന്നു ഏപ്രില്‍ മൂന്നിന് എക്‌സ് സന്ദേശത്തിലൂടെ പിണറായി നടത്തിയ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കിയായിരുന്നു കത്ത്. ആരോപണങ്ങള്‍ തികച്ചും കഴമ്പില്ലാത്തതാണെന്നും തെറ്റായ വിവരങ്ങളാണെന്നും രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. ‘നരസിംഹം’ സിനിമയിലെ ‘നീ പോ മോനേ ദിനേശാ’ എന്ന മോഹന്‍ലാല്‍ ഡയലോഗ് അനുകരിച്ച് ‘നീ പോ മോനെ വിജയാ’ എന്ന പരാമര്‍ശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്.

ഇതിനെതിരെയാണ് ഡാഷ് മോനേ രേവന്താ നിനക്കുള്ള മറുപടി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. രേവന്ത് റെഡ്ഡി തെലങ്കാനയുടെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാള്‍ പാലിക്കേണ്ട മര്യാദകളുണ്ട്. അതനുസരിച്ചാണോ ഈ ഇടപെടലുകളെന്ന് അദ്ദേഹം സ്വയമേവ ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ അതില്‍ പരസ്യമായി തന്നെ മറുപടി പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.