by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. ആറ് ജില്ലകളില്‍ ഹിയറിങ്ങ് നടപടികള്‍ 100 ശതമാനം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസര്‍കോട്, പാലക്കാട് ജില്ലകളാണ് ഹിയറിങ്ങ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ ജില്ലകള്‍ക്കൊപ്പം 101 നിയോജക മണ്ഡലങ്ങളിലും ഹിയറിങ്ങ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തൃശ്ശൂര്‍ (0.01%), പത്തനംതിട്ട (0.01%), വയനാട് (0.11%), കൊല്ലം (0.15%), മലപ്പുറം (0.17%), കോഴിക്കോട് (0.23%), ഇടുക്കി ( (0.74%), കണ്ണൂര്‍ (0.75%) എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ ശേഷിക്കുന്ന ഹിയറിങ്ങിന്റെ ശതമാനക്കണക്ക്. ഈ ജില്ലകളും തൊട്ടടുത്ത ദിവസത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കും.
ബിഎല്‍ഒമാര്‍, ബിഎല്‍എ സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങി എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണ് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിപ്രായപ്പെട്ടു.


by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും കൗണ്‍സിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ മാനശാസ്ത്രത്തില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഘട്ടംഘട്ടമായി പരിശീലനം നല്‍കി ബോധവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ അംഗങ്ങളായ ഷാജേഷ് ഭാസ്‌കര്‍ പി, മോഹന്‍കുമാര്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തേതുടര്‍ന്ന് താമരശ്ശേരിയിലെ എംജെഎച്ച്എസ്എസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ച സംബന്ധിച്ച മാധ്യമവാര്‍ത്തയെതുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ കൗമാരക്കാരുടെ സംഘര്‍ഷ പ്രശ്‌നങ്ങളെക്കുറിച്ച് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
സ്‌കൂള്‍ കേവലം അക്കാഡമിക പഠനകേന്ദ്രങ്ങള്‍ എന്നതിലുപരി കുട്ടികളുടെ മാനസിക സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുന്ന സംവിധാനമായാലെ കൗമാരക്കാരിലെ കുറ്റവാസന തടയാന്‍ സാധിക്കു. കുട്ടികളുടെ മനസ്സ് ശക്തിപ്പെടുത്തുന്നതും മൂല്യബോധം വളര്‍ത്തുന്നതും ജീവിതനൈപുണ്യ പദ്ധതികള്‍, പാഠ്യപദ്ധതിയോടൊപ്പം നടപ്പാക്കുമ്പോള്‍ സുരക്ഷിതവും അര്‍ത്ഥപൂര്‍ണ്ണവുമായ സമൂഹത്തെ വാര്‍ത്തെടുക്കാനാകും എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
സ്‌കൂളുകളില്‍ അധ്യാപകരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണം. ഒപ്പം ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ തക്ക പദ്ധതികള്‍ നടപ്പിലാക്കണം. രക്ഷാകര്‍ത്താക്കള്‍ക്കായി സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും സാങ്കേതിക വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും വേണം.
കൗമാരക്കാരെ കലാ കായിക സാഹിത്യ സംഗീത നാടക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ഇടപെടുത്തണം. ഇവരെ സാമൂഹിക സേവനത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ ക്ലബ്ബുകളും, പ്രത്യേക പദ്ധതികളും രൂപീകരിക്കുകയും നിലവിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ജുവനൈല്‍ പോലീസ് യൂണിറ്റ്, ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതാണ്. നിയമബോധം, ലിംഗ സെന്‍സിറ്റിവിറ്റി, ഭരണഘടനാമൂല്യങ്ങള്‍, സാമൂഹിക ഉത്തരവാദിത്തങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം. ഇതിനുള്ള പദ്ധതികള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍,ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമായി ചേര്‍ന്ന് ആവിഷ്‌കരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ 2026-27 അധ്യയനവര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും, ഡയറക്ടറും പദ്ധതികള്‍ക്ക് രൂപം നല്‍കേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

by Midhun HP News | Feb 12, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വീണ്ടും എസ്‌ഐടി പരിശോധന. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലുള്ള സാംപിള്‍ ശേഖരണമാണ് എസ്‌ഐടി നടത്തുന്നത്. സ്വര്‍ണപ്പാളികളില്‍ വ്യക്തത വരുത്താന്‍ സ്വര്‍ണത്തിന്റെ സാംപിള്‍ ശേഖരിച്ച് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശോധനക്ക് അയക്കുന്നതിന്റെ സാധ്യത തേടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനായാണ് ഇന്ന് സാംപിള്‍ ശേഖരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

ദ്വാര പാലക പാളികള്‍ ഉള്‍പ്പെടെ അഴിച്ചാണ് സാംപിള്‍ ശേഖരിക്കുന്നത്. ശ്രീകോവിലിന് ചുറ്റുമുള്ള ഭിത്തിയുടെ ഭാഗമുള്‍പ്പെടെയാണ് സംഘം പരിശോധിക്കുന്നത്. ശ്രീകോവിലിലെ നാലു തൂണുകള്‍ ഇളക്കി. പ്രത്യേകം തയാറാക്കിയ മുറിയിലാണ് പരിശോധന നടക്കുന്നത്.
അതിനിടെ, ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജുവിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ബൈജുവിന് സ്വാഭാവിക ജാമ്യം നല്‍കിയത്. 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. ദ്വാരപാലക കേസില്‍ റിമാന്‍ഡില്‍ തുടരുന്നതിനാല്‍കെഎസ് ബൈജുവിന് പുറത്തിറങ്ങാനാകില്ല. ഈ മാസം 25 ന് ദ്വാരപാലകയില്‍ സ്വാഭാവിക ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. സ്വര്‍ണ്ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും എന്‍ വാസുവും ഉള്‍പ്പടെ ഇതുവരെ അഞ്ച് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. നാല് പേര്‍ക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ദവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിനെ 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു.

by Midhun HP News | Feb 12, 2026 | Latest News, കായികം, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്‍. താരം 20 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന്‍ 14 പന്തില്‍ 22 റണ്‍സായിരുന്നു.
സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന്‍ 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്‌സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന്‍ ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്.
പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം ഇഷാന്‍ 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തുകയും ചെയ്തു. നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസിനാണ് വിക്കറ്റ്.
ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. ഇഷാനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഇത്തവണ കളിക്കാനിറങ്ങിയത്. താരത്തിന്റെ കന്നി ലോകകപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിനു പക്ഷേ അധികം മുന്നോട്ടോ പോകാനായില്ല.
ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളിപ്പോയി.
കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്.


by Midhun HP News | Feb 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന 35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. എൻ കെ ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോ അക്കാദമി ഇന്റർനാഷണൽ അഫയേഴ്സ് ഡയറക്ടർ പ്രൊഫ. കെ സി സണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. അനിൽ കുമാർ, അസോസിയേറ്റ് പ്രൊഫ. ദക്ഷിണ. സരസ്വതി, അസോസിയേറ്റ് പ്രൊഫ. പ്രജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രാഥമിക മത്സരങ്ങൾ 11 ഉം 12 ഉം നടക്കും. ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. രണ്ടും സമ്മാനമായി 50,000 രൂപയും ട്രോഫിയും നൽകും.


Recent Comments