ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.

പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്. ബുധനാഴ്ച ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ല. ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതം. കേരളം പോളിങ് ബൂത്തിലേക്ക് എത്താന്‍ ഇനി ഒമ്പതു ദിവസം മാത്രമാണ് ശേഷിക്കുന്നത്. പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയര്‍ത്തുകയാണ് മുന്നണികള്‍.

വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് ആവേശമായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ഗാന്ധി സംബന്ധിക്കും. രാവിലെ 10 ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കും. ജില്ലയിലെ 11 യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.

കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുല്‍ഗാന്ധി കോഴിക്കോട്ടേക്ക് പോകും. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. ബാലുശ്ശേരി മുതല്‍ നന്മണ്ട വരെ ഇന്ദിരാ ഗ്യാരണ്ടി ബസ്സില്‍ സഞ്ചരിക്കും. എല്‍ഡിഎഫിന് വോട്ടു തേടി സിപിഎം പി ബി അംഗം മറിയം ധാവ്‌ളെ ഇന്ന് മലബാറിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുതേടി നടി ഖുശ്ബുവും കോഴിക്കോടെത്തുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തും. ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ പിണറായി വിജയന്‍ പ്രചാരണയോഗങ്ങളില്‍ സംബന്ധിക്കും. എസ്ഡിപിഐ ബന്ധത്തില്‍ രാഷ്ട്രീയ വിവാദം നിലനില്‍ക്കവെ, മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

വീട്ടിലിരുന്ന് വോട്ട്; ആദ്യ ദിനത്തിൽ ചെയ്തത് 10,922 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായുള്ള വീടുകളിലെ വോട്ടെടുപ്പിനു തുടക്കമായി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും 85 വയസ് പിന്നിട്ടവരും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവരുമാണ് വോട്ട് ചെയ്തു തുടങ്ങിയത്. ഇന്നലെയായിരുന്നു ആദ്യ വോട്ടെടുപ്പ് ദിനം. ഇന്നലെ 10,922 പേർ വോട്ട് രേഖപ്പെടുത്തി. രാത്രി 8 വരെയുള്ള കണക്കാണിത്.

85 വയസ് പിന്നിട്ട 7561 പേരാണ് ഇന്നലെ വോട്ട് ചെയ്തത്. ഭിന്നശേഷിക്കാരായ 3361 പേരും വോട്ട് രേഖപ്പെടുത്തി. ആകെ 2,07,757 പേരാണ് വോട്ട് ചെയ്യാനുള്ളത്. 85 വയസ് പിന്നിട്ട വോട്ടർമാരിൽ 71.27 ശതമാനം പേരും ഭിന്നശേഷിക്കാരായ വോട്ടർമാരിൽ 25.50 ശതമാനം പേരും വീടുകളിലാണ് വോട്ട് ചെയ്യുന്നത്.

ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകളിലെത്തി മുൻകൂട്ടി തപാല് ബാലറ്റ് അപേക്ഷ വാങ്ങിയവരിൽ നിന്നു ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പരിശോധിച്ച് അം​ഗീകരിച്ചവർക്കാണ് വോട്ടിനുള്ള അവസരം. പോളിങ് ഉദ്യോ​ഗസ്ഥരുടെ സംഘം വീടുകളിലെത്തി വോട്ടറെ കണ്ട് ബാലറ്റിൽ വോട്ട് രേഖപ്പെടുത്തി മടങ്ങും.

ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; അതിവേഗ റെയില്‍ പദ്ധതി ഇടംപിടിച്ചേക്കും

ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; അതിവേഗ റെയില്‍ പദ്ധതി ഇടംപിടിച്ചേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് പത്രിക പുറത്തിറക്കുന്നത്. അതിവേഗ റെയില്‍ പദ്ധതി പ്രകടനപത്രികയില്‍ ഇടംപിടിച്ചേക്കും. യുവാക്കളുടേയും സ്ത്രീകളുടേയും വോട്ടു ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങള്‍ക്കും സാധ്യത.

മോദിക്ക് പിന്നാലെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാനായി ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീനെത്തുന്നു. രാവിലെ ആറ്റിങ്ങലില്‍ റോഡ് ഷോയില്‍ നിതിന്‍ നബീന്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരുവനന്തപുരത്ത് ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച മോദി ഗ്യാരണ്ടി എന്തൊക്കെയാണെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കായും ചില പദ്ധതികള്‍ പ്രകടന പത്രികയില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ബിജെപി ക്യാംപിന് ആവേശമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുത്തേക്കും. ഏപ്രില്‍ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അമിത് ഷാ പ്രചാരണത്തിനെത്തും.

കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, എസ്.ജയശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ നേതാക്കളും പ്രചാരണത്തിനായി അടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തുന്നുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുതേടി നടി ഖുശ്ബുവും കോഴിക്കോടെത്തുന്നുണ്ട്. രാവിലെ മാവൂര്‍ റോഡില്‍ റോഡ് ഷോയിലും തെരഞ്ഞെടുപ്പ് റാലിയിലും ഖുഷ്ബു പങ്കെടുക്കും.

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

ദുബൈ: കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു.

കപ്പലില്‍ 24 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നു കോര്‍പറേഷന്‍ വ്യക്തമാക്കി.

ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായി. കപ്പലിനു കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 12.10ഓടെയാണ് ആക്രമണമുണ്ടായത്.

ആക്രമണം നടക്കുമ്പോള്‍ കപ്പലില്‍ നിറയെ അസംസ്‌കൃത എണ്ണ ശേഖരമുണ്ടായിരുന്നു. എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം തുടര്‍ച്ചയായി എണ്ണ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം തുടരുകയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയതാണ് അല്‍ സാല്‍മിക്ക് നേരെയുള്ള ആക്രമണം.