‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

‘സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായും ആലപിക്കണം’; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

വന്ദേമാതരം ആലപിക്കുന്ന കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും പിന്നെ ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. ആദ്യം സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.

വന്ദേമാതരത്തില്‍ യഥാര്‍ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്റുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്ന നിര്‍ദേശവുമുണ്ട്.

ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കേണ്ടത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.

‘പഴയ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം’; ധനസഹായവുമായി നടന്‍ ബാല

‘പഴയ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം’; ധനസഹായവുമായി നടന്‍ ബാല

നടന്‍ ഉല്ലാസ് പന്തളത്തിന് സഹായവുമായി നടന്‍ ബാല. പക്ഷാഘാതത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന താരത്തിനും കുടുംബത്തിനും ഓണക്കാലത്ത് ധനസഹായം നല്‍കിയാണ് ബാല സഹായവുമായി മുന്നോട്ട് വന്നത്. ഉല്ലാസിന് പണം കൈമാറുന്നതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട് ബാല.

”ഇദ്ദേഹത്തിന് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ജീവിതത്തില്‍ വലിയൊരു അടിയേറ്റു. അതില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ സ്‌ട്രോക്ക് വന്നു. ഒരാള്‍ തളര്‍ന്നു പോയാല്‍ നാല് പേര്‍ ചേര്‍ന്ന് കൈ കൊടുക്കണം. അതാണ് ഏറ്റവും വലിയ ദൈവ തുണ. ഇതുപോലെയുള്ള കലാകാരന്മാര്‍ക്ക് കലയല്ലാതെ വേറെ ജോലി അറിയില്ല. ഇവര്‍ക്ക് ചെയ്യാനാകുന്നത് നമുക്ക് ചെയ്യണം. എത്രോ മിമിക്രി കലാകാരന്മാരുണ്ട്, ഇത് കാണുന്ന സാധാരണക്കാരുണ്ട്, ബാലയെ ഇഷ്ടപ്പെടുന്നവരുണ്ട്.’ ബാല പറയുന്നു.

”ഞാന്‍ നിങ്ങളോട് സഹായം ചോദിക്കുകയാണ്. ഞാന്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നത് മനസു കൊണ്ട് ചെയ്യുന്നു. ഇത് കാശിന്റെ കണക്കല്ല ഇത്. ഈ കുട്ടികള്‍ വലിയ സ്വപ്നങ്ങളോടെയാണ് നില്‍ക്കുന്നത്. മികച്ച കലാകാരനായ ഉല്ലാസ് പന്തളത്തെ എനിക്ക് തിരിച്ചു വേണം. മലയാളത്തിന് തിരിച്ചു വേണം. ഞങ്ങള്‍ ഒരുപാട് ഷോകള്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്. തിരിച്ചു വരും. സിനിമയില്‍ കയറണം. ഈ വിഡിയോ പോലും എനിക്ക് വേണ്ടിയല്ല എടുക്കുന്നത്. മരണത്തെ മുഖാമുഖം കണ്ട് വന്ന എനിക്ക് പബ്ലിസിറ്റി വേണ്ട. ഇദ്ദേഹത്തിനും കുടുംബത്തിന് നന്മയുണ്ടാകണം” എന്നും ബാല പറയുന്നു.

ഓണക്കാലത്ത് കുടുംബത്തിനുള്ളതെന്ന് പറഞ്ഞ് പണം കൈമാറിയ ബാല ആരോഗ്യം ശരിയാകുന്നത് വരെ ഞാന്‍ നോക്കിക്കോളാം എന്നും പറയുന്നുണ്ട്. ആരോഗ്യം എല്ലാം ശരിയായി കഴിഞ്ഞ് മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളെ മറക്കരുതെന്നും ബാല പറയുന്നുണ്ട്.

മിമിക്രി വേദികളിലൂടെയാണ് ഉല്ലാസ് പന്തളം താരമാകുന്നത്. റിയാലിറ്റി ഷോകളിലൂടെ ചിരിപ്പിച്ച് മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു ഉല്ലാസ്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരത്തിന് പക്ഷാഘാതം ഉണ്ടാകുന്നത്. ശരീരത്തിന്റെ ഇടതുഭാഗം ഭാഗികമായി തളര്‍ന്നുപോയി. വേദികള്‍ നഷ്ടമായതോടെ ഹോട്ടല്‍ തുടങ്ങിയിരുന്നു. വീണ്ടും വേദികളിലേക്ക് തിരികെ വരാനുള്ള ശ്രമത്തിലാണ് ഉല്ലാസ്.

വരുന്നു… കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ഭൂമി തരം മാറ്റാൻ സർക്കാർ അനുമതി

വരുന്നു… കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; ഭൂമി തരം മാറ്റാൻ സർക്കാർ അനുമതി

തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിൽ 10.1312 ഹെക്ടർ ഭൂമി തരം മാറ്റാനാണ് കൃഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത് (G.O NO. 61/2026/AGRI). 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഈ നടപടി.

കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് തരംമാറ്റത്തിന് ശുപാർശ ചെയ്തിരുന്നു. എങ്കിലും നിയമപരമായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം അപേക്ഷ അംഗീകരിക്കപ്പെട്ടിരുന്നില്ല.

തുടർന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി കെ. രാജൻ, സ്പോർട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, കൃഷി മന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിക്കായി നിയമഭേദഗതി കൊണ്ടുവരികയും എൽ.ഡി.എഫ് സർക്കാരിന്റെ അവസാന ക്യാബിനറ്റിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയുമായിരുന്നു. അതോടൊപ്പം കെ.സി.എയ്ക്ക് ഭൂപരിഷ്കരണ നിയമത്തിലും ഇളവ് അനുവദിക്കുകയും ചെയ്തു.

തുടർന്ന് പദ്ധതി എത്രയും വേഗത്തിൽ പൂർത്തിയാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നേരിട്ട് ഇടപെടുകയും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, കായിക വകുപ്പ് മന്ത്രി ഒ.കെ. ജനീഷ് എന്നിവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് കെ.സി.എ സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വീണ്ടും പരിശോധിച്ച് അന്താരാഷ്ട്ര പദ്ധതിക്കായി
തരംമാറ്റത്തിന് ശുപാർശ നൽകുകയും ചെയ്തു. ആ ശുപാർശ സംസ്ഥാന സർക്കാർ പൂർണ്ണമായി അംഗീകരിക്കുകയായിരുന്നു.

കേരളത്തിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിൽ നാഴികക്കല്ലായ തീരുമാനമാണിതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. നിർദ്ദിഷ്ട അന്താരാഷ്ട്ര സ്റ്റേഡിയം ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും ലോകോത്തര സൗകര്യങ്ങൾ ഒരുക്കും.

ദേശീയ-അന്തർദേശീയ മത്സരങ്ങൾക്ക് വേദിയാകുന്നതോടെ കായിക ടൂറിസവും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയും കുതിച്ചുയരും. പദ്ധതിക്കായി ബി.സി.സി.ഐയുടെ അനുമതി നേടിയതിനും സർക്കാരുകളുമായി ഫലപ്രദമായി ഏകോപനം നടത്തിയതിനും മുൻ കെ.സി.എ പ്രസിഡന്റും നിലവിലെ ഡബ്ല്യു.പി.എൽ ചെയർമാനുമായ ജയേഷ് ജോർജിന് കെ.സി.എയുടെ പ്രത്യേക നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

ബി.സി.സി.ഐ ഭാരവാഹികളും ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയും പദ്ധതി പ്രദേശം ഉടൻ സന്ദർശിക്കുമെന്ന് ബി.സി.സി.ഐ ഡബ്ല്യു.പി.എൽ ചെയർമാനും കെസിഎ മുൻ പ്രസിഡന്റുമായ ജയേഷ് ജോർജ് വ്യക്തമാക്കി. മുൻപ് കേരളത്തിൽ നടന്ന ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കാൻ എത്തിയ ഐ.സി.സി ചെയർമാൻ ജയ് ഷാ പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കുകയും തുടർനടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി അനുമതി നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരിനും ഹൃദയം നിറഞ്ഞ നന്ദിയും അ​ദ്ദേഹം രേഖപ്പെടുത്തി.

എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും പൂർണ്ണമായി പാലിച്ച് സുസ്ഥിരവും ലോകോത്തരവുമായ സ്റ്റേഡിയം കേരളത്തിന് സമ്മാനിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി. പദ്ധതിയിൽ ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തുമെന്ന് അറിയിച്ച അദ്ദേഹം സ്റ്റേഡിയം നിർമ്മാണം വിജയകരമായി പൂർത്തീകരിക്കാൻ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.

പ്ലസ് വൺ അന്തർജില്ലാ ട്രാൻസ്ഫർ ലിസ്റ്റ് 10ന്; പ്രവേശനം 11 വരെ

പ്ലസ് വൺ അന്തർജില്ലാ ട്രാൻസ്ഫർ ലിസ്റ്റ് 10ന്; പ്രവേശനം 11 വരെ

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിൽ ജില്ല / ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായി അപേക്ഷിക്കാനുള്ള അവസരം നൽകിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി 20,199 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ കൺഫർമേഷൻ പൂർത്തിയാക്കിയ 19,896 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ആഗസ്റ്റ് 10 ന് രാവിലെ 11 മണി മുതൽ വിദ്യാർഥിക്ക് പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

ക്യാൻഡിഡേറ്റ് ലോഗിനിലെ ‘TRANSFER ALLOT RESULTS’ എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂൾ പ്രിൻസിപ്പൽമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രിന്റൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേ സ്‌കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്.

വിദ്യാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ ഓഗസ്റ്റ് 10 രാവിലെ 11 മണി മുതൽ ഓഗസ്റ്റ് 11 ന് വൈകിട്ട് 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.

നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പടെ ഓഗസ്റ്റ് 13ന് പ്രസിദ്ധീകരിക്കും.

‘എന്റെ തെറ്റ്, എന്തുപറ്റിയെന്ന് അറിയില്ല’; മോഹന്‍ലാലിന് വിസ കിട്ടിയില്ല, സിഡ്‌നി ഷോ മാറ്റി വച്ചു; ക്ഷമ ചോദിച്ച് താരം

‘എന്റെ തെറ്റ്, എന്തുപറ്റിയെന്ന് അറിയില്ല’; മോഹന്‍ലാലിന് വിസ കിട്ടിയില്ല, സിഡ്‌നി ഷോ മാറ്റി വച്ചു; ക്ഷമ ചോദിച്ച് താരം

മോഹന്‍ലാല്‍ പങ്കെടുക്കാനിരുന്ന സിഡ്‌നി ഷോ മാറ്റി വച്ചു. മോഹന്‍ലാലിന് ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാതിരുന്നതാണ് കാരണം. മോഹന്‍ലാലിനൊപ്പം ഷോയില്‍ പങ്കെടുക്കാനിരുന്ന കെഎസ് ചിത്ര, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ക്ക് വിസ ലഭിക്കുകയും സിഡ്‌നിയിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി മോഹന്‍ലാലിന്റെ വിസയ്ക്കായി ശ്രമം തുടരുന്നുണ്ടായിരുന്നു.

ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ വിഡിയോയിലൂടെ മോഹന്‍ലാല്‍ മാപ്പ് ചോദിച്ചു. ഇതേ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് തിരികെ വരുമെന്നും ഷോ ചെയ്യുമെന്നും മോഹന്‍ലാല്‍ വിഡിയോയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സിഡ്‌നിയിലും ന്യസിലാന്‍ഡിലുമായാണ് ഷോ പ്ലാന്‍ ചെയ്തിരുന്നത്. സിഡ്‌നിയിലെ ഷോ മാറ്റിവച്ചതോടെ അടുത്ത ഷോ നടക്കുക ന്യുസിലാന്‍ഡിലാകും. നിലവില്‍ സിംഗപ്പൂരിലുള്ള താരം ന്യൂസിലാന്‍ഡിലേക്കാകും പോവുക. ആരാധകരോട് മാപ്പ് ചോദിച്ചു കൊണ്ട് പങ്കുവച്ച വിഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്:

”ഞാന്‍ സംസാരിക്കുന്ന് സിംഗപ്പൂരില്‍ നിന്നാണ്. എന്റെ സങ്കടം എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. വളരെ സങ്കടകരമായ അവസ്ഥയിലാണ് ഞാന്‍. കഴിഞ്ഞ 50 വര്‍ഷത്തോളമായി സിനിമയില്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള നടനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഷോ ചെയ്തത് ഒരുപക്ഷെ ഞാനായിരിക്കാം. ഈ വര്‍ഷം തന്നെ യുഎസില്‍ ചെയ്തിട്ടുണ്ട്, ജര്‍മനിയില്‍ ചെയ്തിട്ടുണ്ട്. യുകെയിലും അയര്‍ലണ്ടിലും ചെയ്തിട്ടുണ്ട്. ഏറ്റവും നല്ല ആശയുമായിട്ടാണ് നിങ്ങളുടെ അടുത്തേക്ക് എത്താന്‍ ഞാന്‍ ശ്രമിച്ചത്.

എന്റെ കൂടെയുള്ള എല്ലാവരും, കെഎസ് ചിത്രയടക്കം, അവിടെയുണ്ട്. പക്ഷെ എന്തോ സംഭവിച്ചു. എന്റെ ജീവിതത്തില്‍ ഇതാദ്യമാണ്. എന്റെ വിസ എനിക്ക് കിട്ടിയില്ല. എന്ത് സംഭവിച്ചുവെന്ന് അറിയില്ല. ടെക്‌നിക്കില്‍ എററോ ക്ലെറിക്കല്‍ മിസ്‌റ്റേക്കോ ആകാം. എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. എന്റെ കുറ്റമായിട്ട് തന്നെ ഞാന്‍ നിങ്ങളോട് പറയുന്നു. സോറി, എനിക്ക് വരാന്‍ പറ്റുന്നില്ല. ബാക്കിയെല്ലാവരും അവിടെയുണ്ട്.

മനുഷ്യന്‍ എന്ന നിലയിലും എല്ലാവരും ഇത് സാധ്യമാകാന്‍ പ്രവര്‍ത്തിച്ചു. സംഭവിക്കുന്നില്ല. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഈ ഷോ കാണാനായി ദൂരെ നിന്നടക്കം വന്ന നിങ്ങള്‍ ഓരോരുത്തരോടും എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു. ഇതേ ടീമുമായി തിരികെ വരുമെന്നും, മനോഹരമായൊരു ഷോ ചെയ്യുമെന്നും വാക്ക് തരുന്നു. ഞാന്‍ നിസ്സഹായനാണ്. ദയവ് ചെയ്ത് എന്റെ മാപ്പ് സ്വീകരിക്കണം”.