6 മണിക്കൂര്‍ 27 മിനിറ്റ് !ബഹിരാകാശത്ത് മലയാളിക്ക് ചരിത്ര നേട്ടം

6 മണിക്കൂര്‍ 27 മിനിറ്റ് !ബഹിരാകാശത്ത് മലയാളിക്ക് ചരിത്ര നേട്ടം

വാഷിങ്ടണ്‍: ബഹിരാകാശത്ത് ചരിത്ര നേട്ടവുമായി മലയാളിയായ നാസ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍. ആദ്യമായി ബഹരിരാകാശത്ത് നടക്കുന്ന(സ്‌പേസ് വാക്ക്) മലയാളിയെന്ന അപൂര്‍വ നേട്ടമാണ് അനില്‍ മേനോന്‍ സ്വന്തമാക്കിയത്. നാസയുടെ ബഹിരാകാശ യാത്രികരായ അനില്‍ മേനോനും ജെസീക്ക മേയറും ചേര്‍ന്ന് തങ്ങളുടെ ആദ്യ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയാക്കി.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകുന്നേരം 6:05-നാണ് ഇരുവരുടെ സ്‌പേസ് വാക്ക് തുടങ്ങിയത്. ഏകദേശം 6 മണിക്കൂറും 27 മിനിറ്റും നീണ്ടു ഇത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സോളാര്‍ സംവിധാനം ആധുനികവത്കരിക്കുകയായിരുന്നു ലക്ഷ്യം.

പുതിയ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള ഹാര്‍ഡ്വെയര്‍ ഘടിപ്പിക്കാനായി ക്വസ്റ്റ് എയര്‍ലോക്ക് ഗേറ്റ്വേ വഴിയാണ് ഇരുവരും പുറത്തിറങ്ങിയത്. വ്യാഴാഴ്ച രാവിലെ 8.33ന് (വൈകിട്ട് 6.03 ഐഎസ്ടി) ആരംഭിച്ച ദൗത്യം ഇഡിടി സമയം മൂന്നിനാണ് (വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ഐഎസ്ടി) പൂര്‍ത്തീകരിച്ചത്. ഐആര്‍ഒഎസ്എ എന്നറിയപ്പെടുന്ന റോള്‍ ഔട്ട് സോളാര്‍ അറേകളുടെ ഭാവിയിലെ ഇന്‍സ്റ്റലേഷന് ഈ ദൗത്യം സഹായകമാകും. ഇത് അധിക വൈദ്യുതി നല്‍കുന്നതിനും നിര്‍ണായക സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും ബഹിരാകാശ നിലയത്തിന്റെ സുരക്ഷിതവും നിയന്ത്രിതവുമായ ഡിയോര്‍ബിറ്റിനും സഹായിക്കുമെന്ന് നാസ പ്രസ്താവനയില്‍ വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ കെ പി ശങ്കരന്‍ മേനോന്റെയും യുക്രൈയ്ന്‍കാരിയായ എലിസബത്ത് സമോയ്ലെങ്കോയുടെയും മകനാണ് 49കാരനായ അനില്‍. രണ്ടായിരത്തി ഇരുപത്തിനാല് സെപ്റ്റംബറില്‍ സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ ദൗത്യത്തിലൂടെ അഞ്ച് ദിവസം ബഹിരാകാശ യാത്ര നടത്തിയ അന്ന വില്‍ഹെം ആണ് ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വിക്ഷേപണം കാണാന്‍ അന്നയും മക്കളും ബൈക്കനൂരില്‍ എത്തിയിരുന്നു.

​വിഴിഞ്ഞം –  നാവായ്ക്കുളം ഗ്രീൻഫീൽഡ് ഹൈവേ ഔട്ടർ റിംഗ് റോഡ്  പുതുക്കിയ DPR തയ്യാറാക്കിയതായി അടൂർ പ്രകാശ്. എം. പി.

​വിഴിഞ്ഞം – നാവായ്ക്കുളം ഗ്രീൻഫീൽഡ് ഹൈവേ ഔട്ടർ റിംഗ് റോഡ് പുതുക്കിയ DPR തയ്യാറാക്കിയതായി അടൂർ പ്രകാശ്. എം. പി.

വിഴിഞ്ഞം – നാവായ്ക്കുളം ഗ്രീൻഫീൽഡ് ഹൈവേ ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ വികസനത്തിനായി പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കിയിട്ടുണ്ടെന്നു റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി ലോകസഭയിൽ അടൂർ പ്രകാശ് എം. പി യുടെ ചോദ്യത്തിനു മറുപടി നൽകി.

ദേശീയപാത 66 (NH 66) വീതികൂട്ടൽ പദ്ധതി നടപ്പിലാക്കിയതിലെ പരിചയസമ്പത്ത് മുൻനിർത്തി, കുന്നുകൾ ഇടിച്ചുനിരത്തുന്നത് പരമാവധി കുറയ്ക്കുന്നതിനായി ടണലുകളും വയാഡക്റ്റുകളും (Viaducts) ഉൾപ്പെടുത്തി DPR പുനഃപരിശോധിച്ചിട്ടുണ്ട്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ എൻവയോൺമെന്റ് അപ്രൈസൽ കമ്മിറ്റി 2026 ജൂലൈ 15-16 തീയതികളിൽ ചേർന്ന യോഗത്തിൽ വിഷയം പരിഗണിക്കുകയും, ചില വിവരങ്ങൾ കൂടി ലഭ്യമാകേണ്ടതിനാൽ നിർദ്ദേശം മാറ്റിവെക്കുകയുമാണ് (deferred) ചെയ്തത്.
​ദേശീയപാതയ്ക്ക് (NH) വേണ്ടിയുള്ള ഭൂമി 1956-ലെ നാഷണൽ ഹൈവേ ആക്ട് പ്രകാരമാണ്

ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം (RFCTLARR Act, 2013) എന്നിവയിലെ ബാധകമായ വ്യവസ്ഥകൾ അനുസരിച്ചാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്. പദ്ധതിക്ക് യോഗ്യതയുള്ള അതോറിറ്റി (Competent Authority) അംഗീകാരം നൽകിയ ശേഷമായിരിക്കും തുക വിതരണം ചെയ്യുന്നതെന്നും മന്ത്രി മറുപടി നൽകി.

അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; മലയാലപ്പുഴ പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

അച്ഛന്‍ പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; മലയാലപ്പുഴ പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പെരുനാട് സ്വദേശി അജികുമാര്‍ (52) ആണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍ മൂന്നു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കുട്ടിയുടെ അച്ഛനും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കേസില്‍ ആകെ ഏഴുപേരാണ് പ്രതികളായിട്ടുള്ളത്. പീഡനക്കേസിലെ പ്രതികളായ അച്ഛനും മറ്റൊരാളും വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.

ഏഴാം ക്ലാസിലെ അവധിക്കാലത്താണ് പിതാവ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് പലവട്ടം പീഡനം തുടര്‍ന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. സഹപാഠികളോടാണ് പെണ്‍കുട്ടി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ വിവരം ലഭിക്കുകയായിരുന്നു. വ്യത്യസ്ത കാലയളവില്‍ നടന്ന കേസുകളായതുകൊണ്ട് പ്രത്യേകം എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നീറ്റ് ചോദ്യങ്ങള്‍ കടത്തിയത് ആസൂത്രിതമായി, എന്‍ടിഎയിലെ മൂന്ന് സബ്ജക്ട് വിദഗ്ധര്‍ക്ക് പങ്ക്, നിര്‍ണായക കണ്ടെത്തലുമായി സിബിഐ

നീറ്റ് ചോദ്യങ്ങള്‍ കടത്തിയത് ആസൂത്രിതമായി, എന്‍ടിഎയിലെ മൂന്ന് സബ്ജക്ട് വിദഗ്ധര്‍ക്ക് പങ്ക്, നിര്‍ണായക കണ്ടെത്തലുമായി സിബിഐ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടായെന്ന് സിബിഐ കണ്ടെത്തല്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വിദഗ്ധര്‍ക്കും ചോര്‍ച്ചയില്‍ നിര്‍ണായ പങ്കുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. അവസാന നിമിഷം ചോദ്യപേപ്പര്‍ ചോര്‍ന്നതല്ല, പകരം കൃത്യമായ ആസൂത്രണം ചോര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം വിശദീകരിക്കുന്നത്.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഓഫീസില്‍ നിന്ന് മൂന്ന് സബ്ജക്ട് വിദഗ്ധര്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ പരീക്ഷാ ചോദ്യങ്ങള്‍ പുറത്തെത്തിച്ചതായാണ് കണ്ടെത്തിയത്. ഒരാള്‍ ചോദ്യങ്ങള്‍ ചെറിയ കടലാസ് കഷണങ്ങളില്‍ എഴുതി ഒളിപ്പിച്ചാണ് പുറത്തെത്തിച്ചത്. മറ്റ് രണ്ടുപേര്‍ ചോദ്യങ്ങള്‍ കാണാതെ പഠിച്ച് ഹോട്ടല്‍ മുറികളിലെത്തി കടലാസില്‍ എഴുതുകയോ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ അടയാളപ്പെടുത്തുകയോ ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

എന്‍ടിഎ നിയോഗിച്ച ബയോളജി വിദഗ്ധന്‍ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധന്‍ പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി, ഫിസിക്‌സ് വിദഗ്ധ മനീഷ സഞ്ജയ് ഹവാല്‍ദര്‍ എന്നിവരാണ് ഗൂഢാലോചനയില്‍ പങ്കാളികളായത്. ഇവര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ പുറത്തു കടത്തുകയായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കുന്നു.

എന്‍ടിഎ ഓഫീസിന്റെ ‘കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍’ നിന്ന് പുറത്തുകടക്കുമ്പോള്‍ ഇവരെ ശരീരപരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്നതാണ് ചോദ്യങ്ങള്‍ പുറത്തെത്തിക്കാന്‍ ഇവരെ സഹായിച്ചതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. ഇവിടെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമും ഉണ്ടായിരുന്നില്ല. അനദികൃത സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ചോദ്യപേപ്പര്‍ കടത്തിയതെന്നും സിബിഐ സൂചിപ്പിക്കുന്നു.

പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി ചെറിയ കടലാസ് കഷണങ്ങളില്‍ കെമിസ്ട്രിയിലെ 135 ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ചുരുക്ക രൂപത്തില്‍ എഴുതിയെടുത്തു. മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്തു. ബയോഝലി വിഷയങ്ങള്‍ കൈകാര്യം ചെയ്ത മനീഷ മന്ധാരെ, തന്റെ ഹോട്ടല്‍ മുറിയിലെത്തി മനഃപാഠമാക്കിയ ചോദ്യങ്ങള്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ കുറിച്ചുവെന്നും സിബിഐ വ്യക്തമാക്കുന്നു.

പരീക്ഷാ പ്രക്രിയകള്‍ക്ക് മുമ്പേ തന്നെ ഈ മൂന്ന് സബ്ജക്ട് വിദഗ്ധരുമായും കോച്ചിങ് ഓപ്പറേറ്റര്‍മാരും ഇടനിലക്കാരും ബന്ധം സ്ഥാപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി സിബിഐ കണ്ടെത്തി. അവര്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തിയിരുന്നതായും, കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചിരുന്നതായും, ചോദ്യങ്ങള്‍ കൈമാറുന്നതിന് പ്രതിഫലമായി പണം സുരക്ഷിതമായി ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

പൂനെ ഡോ. അഭാങ് പ്രഭു മെഡിക്കല്‍ അക്കാദമി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തേജസ് ഹര്‍ഷദ്കുമാര്‍ ഷാ, രേണുകായ് കരിയര്‍ സെന്റര്‍ മാനേജിംഗ് പാര്‍ട്ണര്‍ ശിവരാജ് മോട്ടെഗാവോങ്കര്‍, സിദ്ധിവിനായക് ആശുപത്രി ഉടമ ഡോ. മനോജ് ഭഗവന്റാവു ഷിരുരെ എന്നിവരും ഈ ഓപ്പറേഷനില്‍ പങ്കാളികളാണെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയ ശേഷം, പ്രതികളില്‍ ഒരാള്‍ തന്റെ ഒറിജിനല്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കും ഈടായി കൈമാറിയിരുന്നതായും സിബിഐ വ്യക്തമാക്കുന്നു.

‘സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം; സമൂഹത്തിന്റെ കരുതൽ വേണ്ടവർക്കെല്ലാം വലിയ തിരിച്ചടി’

‘സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം; സമൂഹത്തിന്റെ കരുതൽ വേണ്ടവർക്കെല്ലാം വലിയ തിരിച്ചടി’

തിരുവനന്തപുരം: സഹകരണബാങ്ക് വഴി ​ഗുണഭോക്താക്കളുടെ കൈവശം ക്ഷേമപെൻഷൻ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞ സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്.

സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്. ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ കുറിപ്പിന്റെ പൂർണരൂപം:

രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്. പത്ത് വർഷക്കാലമായി ഡി.ബി.ടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.

കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡി.ബി.ടി വഴി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്.

തൊടു സാങ്കേതിക ന്യായങ്ങൾക്കൊപ്പം ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സർക്കാർ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്. കേരളത്തിൽ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ തുകയുടെ കേവലം 1% മാത്രമാണ് കേന്ദ്രവിഹിതം. ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെൻഷൻ ലഭിക്കുന്നവരുടെ 13.5% ആളുകൾക്ക് മാത്രവും. 86% പേർക്കും മുഴുവൻ തുകയും നൽകുന്നത് സംസ്ഥാനമാണ്. അതിനാൽ തന്നെ, പെൻഷൻ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയിരുന്നത്. എന്നാൽ കേന്ദ്രനിർദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സർക്കാർ പെൻഷൻ പദ്ധതിയെ തന്നെ ദുർബലമാക്കാൻ ശ്രമിക്കുകയാണ്.

ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്.