by Midhun HP News | Mar 21, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.
എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന യുവതി കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെ മാതാപിതാക്കള്‍ എതിര്‍ത്തു. തുടര്‍ന്നാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു സംഭവത്തില്‍ വളര്‍ത്തുപൂച്ച മരിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ മീര്പേട്ടില് ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.


by Midhun HP News | Mar 21, 2026 | Latest News, ദേശീയ വാർത്ത
വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഈ വർഷം നടി രശ്മിക മന്ദാനയ്ക്ക് വളരെ മികച്ചതാണ്. ഫെബ്രുവരിയിൽ ഉദയ്പൂരിൽ വച്ചായിരുന്നു രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ‘ദ് ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്സിൽ മികച്ച നടിക്കുള്ള പുരസ്കാരം രശ്മികയെ തേടിയെത്തിയിരിക്കുകയാണ്.
വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയ്ക്ക് ഒപ്പമാണ് രശ്മിക അവാർഡ് വാങ്ങിക്കാനെത്തിയത്. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ഉഗാദി പൂജയ്ക്ക് ശേഷമാണ് രശ്മിക മന്ദാന പുരസ്കാരം സ്വീകരിക്കാൻ എത്തിച്ചേർന്നത്. പുരസ്കാരം സ്വീകരിച്ച ശേഷം രശ്മിക പറഞ്ഞ വാക്കുകൾ കേട്ട് കണ്ണുനിറയുന്ന അമ്മായിയമ്മയുടെ വിഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്.
“എന്റെ പ്രകടനത്തിന്റെ പേരിൽ ഞാൻ ട്രോൾ ചെയ്യപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ, നോക്കൂ, ഇപ്പോൾ ഞാൻ എന്റെ പ്രകടനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ അംഗീകാരം നേടിയിരിക്കുന്നു. ഞാൻ ഏറെ ദൂരം വന്നതുപോലെ തോന്നുന്നു…’ദ് ഗേൾഫ്രണ്ട് പോലൊരു സിനിമയ്ക്ക് പുരസ്കാരം നേടുക എന്നത് വളരെ സ്പെഷലാണ്.
ഇതുപോലുള്ള അംഗീകാരങ്ങൾ ഇത്തരം സിനിമകൾ നിർമിക്കാൻ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു,” രശ്മിക പറഞ്ഞു. “വിവാഹിതയായ ശേഷമുള്ള ആദ്യത്തെ ഉത്സവമായിരുന്നു ഇത്. ഞാൻ പൂജ പൂർത്തിയാക്കിയ ശേഷമാണ് പുരസ്കാര ചടങ്ങിലേക്ക് എത്തിയത്. ഇത് വളരെ മനോഹരമാണ്. എന്റെ മനസ് നിറഞ്ഞു,” രശ്മിക പറഞ്ഞു.
“മരുമകൾ ആകുന്നതിനും മുൻപേ, നിങ്ങൾ എന്നെ മകളെപ്പോലെ സ്നേഹിച്ചു. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി മരുമകളായി നിൽക്കുന്നു. ഇതെനിക്ക് ഏറെ അഭിമാനകരമാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എക്കാലവും കടപ്പെട്ടവളാണ്.
ആ സ്നേഹം എന്റെ കുടുംബത്തിനും കൂടി നിങ്ങൾ പങ്കിട്ടു നൽകണം എന്നാണ് എന്റെ ഒരേയൊരാഗ്രഹം”.- രശ്മിക കൂട്ടിച്ചേർത്തു. മരുമകളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച മാധവിയുടെ നേർക്ക് തിരിഞ്ഞു നിന്നുകൊണ്ട് രശ്മിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. “പാപലു, ഞാൻ ഇത് നേടിയിരിക്കുന്നു. ഇനി നമുക്ക് വീട്ടിൽ പോയി ആഘോഷിക്കാം. രശ്മിക കൂട്ടിച്ചേർത്തു.


by Midhun HP News | Mar 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പ്രവർത്തിക്കുന്ന ബിഎൽഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടികുറച്ചതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ സംസ്ഥാനത്ത് കൃത്യവും സൂക്ഷ്മവുമായി പൂർത്തീകരിച്ചിട്ടുള്ളതാണ്. ഇതിനായി ജോലി ചെയ്ത ബി എൽ ഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടിക്കുറച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനു മുന്നോടിയായി വോട്ടർ പട്ടികയുടെ പരിഷ്ക്കരണം പൂർത്തിയാക്കാൻ സാധിച്ചു. ഇതിൽ പങ്കെടുത്ത ബി എൽ ഒ മാർക്ക് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശാനുസരണം സ്പെഷ്യൽ ഡ്രൈവ് എന്ന വിഭാഗത്തിൽ അർഹമായ ഇൻസെന്റീവ് 2,000 രൂപ ആയി നിശ്ചയിച്ചു കൊണ്ട് 24/07/2025 ലെ no23/BLO/2025-ERS നമ്പർ നിർദേശമുണ്ട്. ബി എൽ ഒ മാർക്ക് വാർഷിക വേതനം എന്ന വിഭാഗത്തിൽ പന്ത്രണ്ടായിരം രൂപയും ബി എൽ ഒ സൂപ്പർവൈസർക്ക് വാർഷിക വേതനം പതിനെണ്ണായിരം രൂപയും ആയി നിജപ്പെടുത്തി ആണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്. ഈ ഉത്തരവിനെ തെറ്റായി വ്യാഖാനിച്ചാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നു പോകുന്ന വേളയിൽ ഇത്തരം തെറ്റായ സന്ദേശങ്ങൾ പരത്തി ആശയകുഴപ്പം സൃഷ്ടിക്കരുത് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.


by Midhun HP News | Mar 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെ 97 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആയി.
നടന് വിവേക് ഗോപന് അരുവിക്കരയില്‍ നിന്നാണ് ജനവിധി തേടുന്നത്. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോന്, അടൂര്‍ പന്തളം പ്രതാപന്, ചവറ കെ ആര് രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയന്‍കീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയന്, അരുവിക്കര വിവേക് ഗോപന്, കോവളം ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര രാജശേഖരന് നായര്‍ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
ബി എസ് അനൂപ്, ആര് എസ് അരുണ്‍ രാജ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയില്‍ എത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2021ല്‍ ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു ബി എസ് അനൂപ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്നു ആര് എസ് അരുണ്‍ രാജ്.
ഇരുവര്‍ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്കി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി എസ് അനൂപ്. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു അരുണ്‍ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി എസ് അനൂപ് കോണ്‍ഗ്രസ് വിട്ടത്. പ്രാദേശിക എതിര്‍പ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി.
ആര്‍ജെഡി വിട്ട് ഐഎസ്ജെഡിയില്‍ ചേര്‍ന്ന ടി എന്‍ സുരേഷ് കോവളത്ത് മത്സരിക്കും. ഇടത് സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയായിരുന്നു സുരേഷ് ആര് ജെ ഡി വിട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രന് പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്.


by Midhun HP News | Mar 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാര്‍ച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്ഷന് വിതരണം ഈ മാസം 31നും തുടങ്ങും. വിഷു പ്രമാണിച്ചാണ് പെന്ഷന് നേരത്തെ നല്‍കുന്നത്. പ്രതിമാസ പെന്ഷന് 2000 രൂപ വീതം അനുവദിക്കുന്നതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
62 ലക്ഷത്തോളം പേര്‍ക്കാണ് പെന്ഷന് അര്‍ഹതയുള്ളത്. 26.62 ലക്ഷം പേരുടെ പെന്ഷന് തുക ബാങ്ക് അക്കൗണ്ടുകളിലേക്കും, മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ടും തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്ഷന് അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും. പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നത്.


Recent Comments